തൃക്കാക്കര പറഞ്ഞത് കേരളത്തിന്റെ രാഷ്ട്രീയം
text_fieldsധാരാളം സന്ദേശങ്ങൾ നൽകുന്നുണ്ട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. കുടുംബയോഗങ്ങളിലും ഭവനസന്ദർശന വേളകളിലും, പ്രകടമായി നേരിൽ കാണാൻ കഴിഞ്ഞ ജനാഭിപ്രായം പൂർണമായ അളവിൽ പ്രതിഫലിക്കപ്പെട്ടിരിക്കുന്നു എന്ന് കരുതലോടെ പറയാം. പി.ടി. തോമസിന്റെ ഓർമകൾ ജനവിധിയെ സ്വാധീനിച്ചു എന്ന കാര്യത്തിൽ തർക്കമില്ല. അതിനൊപ്പം തൃക്കാക്കരയുടെ രാഷ്ട്രീയ മനസ്സിന്റെ പക്വത എക്കാലത്തും പ്രകീർത്തിക്കപ്പെടും. ജാതിമത ഭേദങ്ങൾ ജനകീയ ഐക്യം തകരാൻ ഇടയാക്കരുതെന്നും പാരസ്പര്യവും സഹവർത്തിത്വവും ഒരു പരിഷ്കൃത ജനതയുടെ പുരോഗതിയുടെ താക്കോലാണെന്നും അവർ നമ്മെ ഓർമപ്പെടുത്തി. വർഗീയതക്കും വിഭാഗീയതക്കും വാതിലുകൾ തുറന്നിടുന്ന പ്രവണത കേവലമായ അവസരവാദം മാത്രമല്ലെന്നും, മറിച്ച് ഒന്നിച്ചുനിന്ന് പ്രതിരോധിക്കപ്പെടേണ്ട ജനദ്രോഹമാണെന്നും അന്നാട്ടിലെ ജനങ്ങൾ ഓരോ ഇന്ത്യക്കാരോടും വിളിച്ചു പറയുന്നു.
വർത്തമാനകാല രാഷ്ട്രീയത്തിന്റെ ദിശയേതെന്ന് ആശങ്കപ്പെടുന്ന കേന്ദ്രങ്ങൾ കാതോർത്ത് കേൾക്കേണ്ട ആഹ്വാനമാണത്. ഇത് ചെറുപ്പക്കാരുടെ വിജയമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉടനീളം അനിതരസാധാരണമായ യുവജന പങ്കാളിത്തം ഒരു കുത്തൊഴുക്കായി മാറിയിരുന്നു. ആവേശകരവും ശ്രദ്ധേയവുമായിരുന്നു ആ കാഴ്ച. ഐക്യജനാധിപത്യ മുന്നണി സംഘടിപ്പിച്ച യുവജന സമ്മേളനം ഒരാൾക്കൂട്ടം മാത്രമായിരുന്നില്ല. ജനായത്തത്തിന്റെയും മതനിരപേക്ഷതയുടെയും അപ്രതിരോധ്യമായ കന്മതിലുകൾ പണിയാൻ വെമ്പുന്ന ഇച്ഛാശക്തിയുടെ ഇരമ്പം അവിടെ കേൾക്കാമായിരുന്നു. യുവജനങ്ങളുടെ കണ്ണുകളിൽ വർഗീയതക്കും വിഭാഗീയതക്കുമെതിരിലുള്ള രോഷം ജ്വലിക്കുന്നത് കാണാമായിരുന്നു.
കേരളത്തിന് വരദാനമായി ലഭിച്ച മുന്നണി സംവിധാനത്തിന്റെ പ്രസക്തിക്ക് ലഭിച്ച പ്രസാദാത്മകമായ ജനാംഗീകാരം കൂടിയാണിത്. നാടിന്റെ സന്തുലിതവും പ്രബുദ്ധവുമായ പുരോഗതിക്ക് ശക്തമായ ഭരണപക്ഷവും ശക്തമായ പ്രതിപക്ഷവും അനുപേക്ഷണീയമാണെന്ന് ഓർമപ്പെടുത്തിയ മലയാളിയുടെ പ്രഭാവിതമായ രാഷ്ട്രീയ നിരീക്ഷണത്തിന്റെ ഉള്ളടക്കം ദേശീയരംഗത്തും ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കരുതണം.
പ്രാപ്യമായ വിഭവങ്ങൾ മുഴുവൻ ശേഖരിച്ച് വിജയലക്ഷ്യം സുസാധ്യമാക്കുക എന്നതായിരുന്നു ജനാധിപത്യ മുന്നണിയുടെ ഒരേ ഒരു പരിപാടി. സംസ്ഥാന നേതൃത്വം സമചിത്തതയോടെ സകല മുന്നൊരുക്കവും നടത്തിയത് സമ്മതിദായകരിലും പ്രവർത്തകരിലും ആവേശവും താൽപര്യവും ജനിപ്പിച്ചു. ജില്ലാ നേതൃത്വം സന്ദർഭത്തിനൊത്തുയർന്ന് പ്രവർത്തിക്കുകയും ചെയ്തു. ഒരുമയും ഉണർവും ഒരു പോലെ സ്വാധീനം ചെലുത്തിയതിന്റെ ചടുലമായ പര്യവസാനമായി ഈ വിജയത്തെ വിലയിരുത്തിയേ മതിയാവൂ. മുൻവിധികളും ശാഠ്യങ്ങളും ഉപേക്ഷിച്ച് ജനാഭിപ്രായം മാനിക്കാൻ ജനായത്ത ഭരണകൂടങ്ങൾക്ക് ബാധ്യതയുണ്ടെന്നും അക്കാര്യം മറക്കരുതെന്നുമുള്ള ഓർമപ്പെടുത്തൽ അവഗണിക്കാനാകുമെന്ന് ആരും കരുതേണ്ടതില്ല. നിയമനിർമാണ സഭകളിലെ ഭൂരിപക്ഷം തൻപ്രമാണിത്തം കാണിക്കാനുള്ള അവസരമായി കണക്കാക്കരുതെന്നും ജനവിധി മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.