പെൺകുട്ടികളുടെ വിവാഹപ്രായവും ചില യാഥാർഥ്യങ്ങളും
text_fieldsവിവാഹം, ജീവിതം, ലൈംഗികത, അധികാരം, തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ സമൂഹത്തിന്റെ ചിന്താഗതി ഇപ്പോഴും സ്ത്രീകൾക്ക് അനുകൂലമല്ല എന്നതാണ് അടിസ്ഥാനപ്രശ്നം. അതുകൊണ്ടുതന്നെ വിവിധ സാമൂഹിക മേഖലകളിൽ കൃത്യമായ തയാറെടുപ്പുകളോ മുന്നൊരുക്കങ്ങളോ സർക്കാർ നടത്തേണ്ടതുണ്ട്. പുരുഷ അധികാരപരിധിയിലുള്ള, അവെൻറ മാനാഭിമാന സങ്കൽപങ്ങളുടെ ഉപഭോഗ വസ്തു എന്ന കാഴ്ചപ്പാടിൽ നിന്ന് സ്ത്രീയുടെ സ്ഥാനം സെമിനാറുകളും സൈബർ ഇടങ്ങളും കവച്ചുവെച്ച് യാഥാർഥ്യത്തിലേക്ക് ഇപ്പോഴും എത്തിച്ചേർന്നിട്ടില്ല. - സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതു സംബന്ധിച്ച ബിൽ പഠനവിധേയമാക്കുന്ന പാർലമെൻററി സമിതിയിൽ അംഗം കൂടിയായ ലേഖകൻ കാഴ്ചപ്പാട് വിശദമാക്കുന്നു
പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കുന്ന നിയമ നിർമാണം നല്ല ഒരാശയത്തിെൻറ ഭാഗമാണ് എന്ന അഭിപ്രായമാണ് വ്യക്തിപരമായി എനിക്കുള്ളത്. പാർട്ടിക്കും മുന്നണിക്കും ഇക്കാര്യത്തിൽ വേറെ നിരീക്ഷണങ്ങളുണ്ടാകാം. പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, അതുവഴിയുള്ള അവരുടെ സ്വയംപര്യാപ്തത തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തിയാണ് വിവാഹപ്രായത്തിൽ പുനരാലോചനകൾ നടക്കുന്നതെന്ന വാദം സ്വീകാര്യവുമാണ്. എന്നാൽ ഇതിന് പിന്നിൽ വേറെ താൽപര്യങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക ഉയർന്നുവരുന്നത് ഈ സർക്കാറിെൻറ കഴിഞ്ഞകാല നിയമനിർമാണങ്ങളും നിലപാടുകളും നമ്മുടെ മുന്നിലുള്ളതുകൊണ്ടാണ്. ആ അർഥത്തിലുള്ള രാഷ്ട്രീയ സംവാദങ്ങൾ തുടർന്നേക്കും. എന്നാൽ ഈ വിഷയത്തിൽ അതീവ ഗൗരവമുള്ള ചില കാര്യങ്ങൾ സർക്കാറുകൾ വലിയ താൽപര്യത്തോടെ സമീപിക്കേണ്ടതുണ്ട്.
വിവാഹപ്രായം 18 ൽ നിന്നുയർത്തണം എന്നുപറയുമ്പോൾ തന്നെ അത് ഇരുപത്തിയൊന്ന് 21 എന്ന സംഖ്യയിലേക്ക് എങ്ങനെ എത്തി എന്നത് സംബന്ധിച്ച് ശാസ്ത്രീയപഠനങ്ങൾ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്. ഇപ്പോൾ ഈ ബിൽ പാർലമെൻറിെൻറ സ്ഥിരസമിതിക്ക് വിട്ടിരിക്കുകയാണ്. സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന സ്ഥിരസമിതിയിൽ കേരളത്തിൽ നിന്ന് ഞാൻ മാത്രമാണുള്ളത്. ഒറ്റ വനിത അംഗം പോലുമില്ലാത്ത ഒരു സമിതി ഈ വിഷയം പഠിക്കുന്നു എന്നത് മുതൽ തുടങ്ങുന്ന വിരോധാഭാസം നിറഞ്ഞ യാഥാർഥ്യങ്ങളിലേക്കാണ് ഈ നിയമനിർമാണം ഇനി എടുത്തുവെക്കപ്പെടുന്നത്.
പ്രായപൂർത്തിയായ, രാജ്യത്ത് ആര് ഭരിക്കണമെന്നതിനെക്കുറിച്ച് ഭാഗധേയത്വം നിർണയിക്കാൻ പ്രാപ്തിയുള്ള ഒരു പെൺകുട്ടിക്ക് സ്വന്തം ഇണയെ കണ്ടെത്തി വിവാഹബന്ധം ആരംഭിക്കാൻ കഴിയാതെ പോകുന്ന വൈരുധ്യത്തെ എങ്ങനെ സമീപിക്കും എന്നതാണ് പ്രധാനപ്പെട്ട ഒരു ചോദ്യം. വ്യക്തിപരമായ താൽപര്യങ്ങളെയും തിരഞ്ഞെടുപ്പുകളെയും നിഷേധിക്കാൻ ഈ നിയമം വഴിവെക്കുമെന്ന് ഇതിനകം ആശങ്ക ഉയർന്നു കഴിഞ്ഞു. ഇപ്പോൾ തന്നെ പുരുഷാധിപത്യ മനഃസ്ഥിതിയുള്ള നമ്മുടെ സമൂഹം ഇപ്പോഴുള്ളതിനേക്കാൾ ഒരു മൂന്നു വർഷം കൂടി പെൺകുട്ടികളുടെ ലൈംഗിക ജീവിതത്തെയും വൈവാഹിക തിരഞ്ഞെടുപ്പുകളെയും അടിച്ചമർത്തും എന്നതാണ് അത്തരം ആശങ്കകളുടെ അടിസ്ഥാനം.
ഈ നിയമവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സംവാദങ്ങൾ നിരീക്ഷിക്കുന്ന ഒരാൾ കൃത്യമായി മനസ്സിലാക്കേണ്ട വസ്തുത, ഈ നിയമത്തെ പാർലമെൻറിലും മറ്റു പൊതുഇടങ്ങളിലും എതിർത്ത ബഹുഭൂരിപക്ഷം ആളുകളും അവരുടെ പെൺകുട്ടികളെയോ സഹോദരിമാരെയോ 18 വയസ്സിൽ തന്നെ കല്യാണം കഴിപ്പിക്കണം എന്ന അഭിപ്രായക്കാരല്ല എന്നതാണ്. പെൺകുട്ടികൾ പഠിച്ച്, ജോലി നേടി, കരുത്താർജ്ജിച്ച ശേഷം വിവാഹം മതിയെന്ന് ചിന്തിക്കുന്നവരാണ് കൂടുതലും ആളുകൾ. പക്ഷേ, ഒരു നിയമനിർമാണം വരുമ്പോൾ, പ്രത്യേകിച്ച് ഏത് വിഷയത്തിലും ദുരുദ്ദേശ്യം കൊണ്ടുനടക്കുന്ന ഒരു സർക്കാർ അത് ചെയ്യുമ്പോൾ, ഉണ്ടാകുന്ന ആശങ്കൾ സ്വാഭാവികമാണ്.
ആശങ്കകൾ പരിഹരിച്ചാൽ തന്നെ വിവാഹപ്രായം ഉയർത്തുന്ന വിഷയം ആദ്യം നിയമനിർമാണത്തിലൂടെയാണോ നടപ്പാക്കേണ്ടത് എന്നത് ഗൗരവമുള്ള ചോദ്യമാണ്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് ചുറ്റുമുള്ള, എെൻറ മകൾ, ഭാര്യ, സുഹൃത്തുക്കളുടെ ഭാര്യമാർ, സൗഹൃദമുള്ള വിദ്യാർഥിനികൾ, ഗവേഷകർ, സ്ത്രീപക്ഷ വാദക്കാർ തുടങ്ങിയ സ്ത്രീകളോട് സംസാരിക്കുമ്പോൾ വിവാഹം സംബന്ധിച്ച നിലവിലെ പല സമീപനങ്ങളും മാറേണ്ടതാണെന്ന അഭിപ്രായമാണ് ലഭിച്ചത്. വിവാഹ പ്രായം ഉയർത്തുന്നു എന്ന നിലക്ക് 21 വയസ്സെങ്കിലും എന്ന കാര്യം സ്വാഗതം ചെയ്യുന്നതായും അവർ അഭിപ്രായപ്പെടുന്നു. അതേസമയം, 18 എന്ന സംഖ്യ 21 എന്നതിലേക്ക് ഉയരുന്നു എന്നല്ലാതെ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് മാറ്റമുണ്ടാകുമോ എന്നതാണ് ഒരു ആശങ്ക.1978ൽ വിവാഹപ്രായം 18 ആയി ഉയർത്തിയ രാജ്യത്ത് 23% ബാലവിവാഹങ്ങൾ നടക്കുന്നു എന്ന കണക്കുകൾ നിസ്സാരമല്ല. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, മാതൃ-ശിശു മരണ നിരക്ക്, പോഷകാഹാരക്കുറവ് തുടങ്ങിയ വിഷയങ്ങളിലും നമുക്ക് വലിയ വെല്ലുവിളികളുണ്ട്.
പെൺകുട്ടികളുടെ വിവാഹം, ജീവിതം, ലൈംഗികത, അധികാരം, തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ സമൂഹത്തിന്റെ ചിന്താഗതി ഇപ്പോഴും സ്ത്രീകൾക്ക് അനുകൂലമല്ല എന്നതാണ് അടിസ്ഥാനപ്രശ്നം. അതുകൊണ്ടുതന്നെ വിവിധ സാമൂഹിക മേഖലകളിൽ കൃത്യമായ തയാറെടുപ്പുകളോ മുന്നൊരുക്കങ്ങളോ സർക്കാർ നടത്തേണ്ടതായുണ്ട്. പുരുഷന്റെ അധികാരപരിധിയിലുള്ള, അവെൻറ മാനാഭിമാന സങ്കൽപങ്ങളുടെ ഒരു ഉപഭോഗവസ്തു എന്ന കാഴ്ചപ്പാടിൽ നിന്ന് സ്ത്രീയുടെ സ്ഥാനം സെമിനാറുകളും സൈബർ ഇടങ്ങളും കവച്ചുവെച്ച് യാഥാർഥ്യത്തിലേക്ക് ഇപ്പോഴും എത്തിച്ചേർന്നിട്ടില്ല.
പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ, കുറഞ്ഞത് 21 വയസ്സെങ്കിലും ആകുന്നതു വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാതെ വരുന്ന പെൺകുട്ടികൾക്ക് സമൂഹം ഉറപ്പുവരുത്തേണ്ട അവസരങ്ങളും ഇടങ്ങളും സ്ഥാനങ്ങളും തിരിച്ചറിയുകയാണ് സർക്കാറിന്റെ മുന്നിലെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യം. പെൺകുട്ടികളുടെ വിദ്യാഭ്യാസം ഡിഗ്രിതലം വരെ സൗജന്യമാക്കണം. അവർക്ക് യൂനിഫോം, പുസ്തകങ്ങൾ, പോഷകാഹാരം തുടങ്ങിയവ കൃത്യമായി വിതരണം ചെയ്യാൻ സാധിക്കണം. കൂടാതെ പ്രതിമാസം അവർക്ക് മത-ജാതി-സാമ്പത്തിക വ്യത്യാസങ്ങൾ പരിഗണിക്കാതെ തന്നെ പ്രതിമാസ സ്റ്റൈപൻഡ് നൽകുകയും വേണം. ഹയർ സെക്കൻഡറി പഠനം കഴിഞ്ഞ് തുടർപഠനം ആഗ്രഹിക്കാത്ത കുട്ടികൾക്ക് ഉപയോഗപ്പെടുന്ന രീതിയിൽ തയ്യൽ, ടെക്സ്റ്റയിൽ വ്യവസായത്തിലെ എംബ്രോയ്ഡറി അടക്കമുള്ള മേഖലകൾ, ഭക്ഷണ വ്യവസായം, കാർഷിക വ്യവസായം, കരകൗശല നിർമാണം തുടങ്ങി സ്കിൽ ഡെവലപ്മെന്റ് മേഖലയിൽ നൂതനമായ കോഴ്സുകളും പരിശീലനങ്ങളുമൊരുക്കാൻ സർക്കാർ മുന്നോട്ടു വരണം.
നിലവിലെ സാഹചര്യത്തിൽ പ്ലസ് വൺ ക്ലാസിലേക്ക് ചേരാൻ പോലും കഴിയാത്തവിധം സീറ്റുകളുടെ അപര്യാപ്തത കേരളത്തിൽവരെയുണ്ട്. സംസ്ഥാനത്ത് ഹയർ സെക്കൻഡറി സ്കൂളുകളേക്കാൾ കുറവാണ് ഡിഗ്രി കോളജുകൾ. തൊഴിൽ പരിശീലനകേന്ദ്രങ്ങളുടെ കാര്യമാകട്ടെ ഇതിലും കഷ്ടമാണ്. ആദ്യം പഠനത്തിനും തൊഴിൽ പരിശീലനത്തിനും വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. 21 വയസ്സുവരെ എങ്കിലും പഠനം, തൊഴിൽ പരിശീലനം തുടങ്ങിയ മേഖലകളിൽ പെൺകുട്ടികൾ സക്രിയരാവാൻ ഇത് സഹായകമാകും. കുടുംബശ്രീ മാതൃകയിൽ രാജ്യവ്യാപകമായി സ്ത്രീ ശാക്തീകരണ പരിപാടികൾ ഇതോടനുബന്ധിച്ച് നടപ്പാക്കാം. വാർഡ് തലങ്ങളിൽ പഞ്ചായത്ത് മേൽനോട്ടത്തിൽ സ്ത്രീകളുടെ കൂട്ടായ്മകളും തൊഴിൽപരിശീലനങ്ങളും ബോധവത്കരണങ്ങളും നിയമസഹായങ്ങളും ഉറപ്പുവരുത്താനും കഴിയണം.
ചുരുങ്ങിയത് 21വയസ്സുവരെ വീട്ടിൽ ചടഞ്ഞിരിക്കുന്ന സാഹചര്യങ്ങൾ പെൺകുട്ടികളെയും നിലവിലെ സാമൂഹിക സാഹചര്യത്തിൽ രക്ഷിതാക്കളെയും വളരെ പ്രതികൂലമായി ബാധിക്കും. അവരുടെ മാനസികസമ്മർദം വളരെ അധികമായിരിക്കും. പെൺകുട്ടികളിലുണ്ടാകുന്ന ശാരീരികവും വൈകാരികവുമായ വളർച്ച, ഹോർമോണുകളുടെ ഭാവഭേദങ്ങൾ തുടങ്ങിയവ വീട്ടിലെ ഒതുങ്ങിക്കൂടൽ കൂടുതൽ സങ്കീർണമാക്കും. പലവിധേനയുള്ള ചൂഷണങ്ങൾക്ക് പെൺകുട്ടികൾ ഇരയാകുന്ന സാഹചര്യവും ഉടലെടുക്കും. കേരളത്തിനു പുറത്ത് ഗ്രാമങ്ങളിലും നഗര പ്രാന്തങ്ങളിലും ചേരികളിലും ഒറ്റമുറി വീട്ടിലാണ് ബഹുഭൂരിപക്ഷം കുടുംബങ്ങളും കഴിഞ്ഞുകൂടുന്നത്.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പെൺകുട്ടികൾക്ക് ആർത്തവകാലങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ശൗചാലയങ്ങളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന പ്രയാസങ്ങൾ എന്നിവ കാണാനും പരിഹരിക്കാനും സർക്കാറുകൾ എന്ത് ചെയ്യുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇത് വിവാഹപ്രായം ഉയർത്തിയാലും താഴ്ത്തിയാലും ബാധകമാകുന്ന ഏറ്റവും ഗൗരവമർഹിക്കുന്ന വിഷയമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീ സമൂഹങ്ങളുടെ ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കും. ഇത് അവരിലേക്കിറങ്ങിച്ചെന്ന് പഠിക്കേണ്ടത് അനിവാര്യമാണ്. പാർലമെന്ററി സ്ഥിരസമിതി ഈ വിഷയം സമയമെടുത്ത് തന്നെ പഠിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. അത് സമിതിക്ക് മുമ്പാകെ വെക്കുന്നുമുണ്ട്. സാമൂഹിക മേഖലകളിൽ കൃത്യമായ തയാറെടുപ്പുകൾ നടത്താതെയും വിവാഹപ്രായം ഉയർത്തുന്നതും കുറക്കുന്നതും എങ്ങനെയൊക്കെ സ്ത്രീകളെ ബാധിക്കും എന്നതും ആഴത്തിൽ പഠിക്കാതെ ഈ നിയമനിർമാണം പൂർത്തിയാക്കുന്നത് സമൂഹത്തിൽ പ്രതികൂലഫലമാണ് സൃഷ്ടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.