റോഡുകൾ കുരുതിക്കളം ആകാതിരിക്കാൻ
text_fieldsനാട്ടിൽ വാഹനാപകടങ്ങൾ വീണ്ടും കുത്തനെ ഉയരുകയാണ്. ഭീകരവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ ആളുകൾക്ക് രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത് റോഡപകടങ്ങൾ വഴിയാണെന്ന് ഒരിക്കൽ തുറന്നുപറഞ്ഞത് കേന്ദ്ര ഗതാഗതമന്ത്രിതന്നെയാണ്. ഒമ്പതു മാസം മാത്രം പ്രായമുള്ള കുരുന്നുകൾക്ക് ഹെൽമറ്റും ബെൽറ്റും ഇല്ലെങ്കിൽ പിഴ ഈടാക്കുന്നതിനു മുമ്പ് റോഡപകടങ്ങൾ കുറക്കാൻ സർക്കാറിന് ചെയ്യാവുന്ന ചില നിർദേശങ്ങൾ പരിഗണനക്കായി സമർപ്പിക്കുന്നു. സർക്കാറിൽനിന്ന് ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന ഉദ്യോഗസ്ഥരെ അവരുടെ പിഴവുകൾക്ക് അക്കൗണ്ടബ്ൾ ആക്കുക. അവർ വരുത്തുന്ന വലിയ പിഴവുകൾക്ക് ചെറിയ ഒരു പിഴയെങ്കിലും ഈടാക്കുക.
ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന, റോഡുകളിൽ അപകടം വരുത്തിവെക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിശ്ചിത സമയപരിധി നിശ്ചയിക്കുക. ആ സമയപരിധിക്കുള്ളിൽ തകരാർ പരിഹരിച്ചില്ലെങ്കിൽ നേരിട്ട് ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനുംമേൽ കൂടുതൽ വരുന്ന ഓരോ ദിവസത്തേക്കും 1000 രൂപ വീതം പിഴ ചുമത്തുക.
റോഡിൽ കുഴി രൂപപ്പെട്ട് 10 ദിവസത്തിനുള്ളിൽ മൂടിയില്ലെങ്കിൽ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥനും പിന്നീട് വരുന്ന ഒാരോ ദിവസവും 1000 രൂപ പിഴ.
പൈപ്പ് ഇടാനോ മറ്റോ റോഡിൽ കുഴിയെടുത്ത് രണ്ടാഴ്ചക്കുള്ളിൽ പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ, കൂടുതൽ വരുന്ന ഓരോ ദിവസത്തിനും 1000 രൂപ.
സീബ്രലൈൻ മാഞ്ഞുപോയാൽ രണ്ടാഴ്ചക്കുള്ളിൽ തെളിച്ചു വരച്ചില്ലെങ്കിൽ പിന്നീട് വരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം.
റോഡിലെ കേടായ സി.സി.ടി.വി കാമറകൾ 20 ദിവസത്തിനുള്ളിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ അധികം വരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം.
(കോടികൾ ചെലവഴിച്ച് റോഡിൽ സ്ഥാപിച്ചിട്ടുള്ള ഇത്തരം കാമറകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. അപകടങ്ങളിലും കുറ്റകൃത്യങ്ങളിലും നിർണായക തെളിവുകളാണ് ഇതുമൂലം തേഞ്ഞുമാഞ്ഞുപോകുന്നത്).
റോഡിലെ സിഗ്നൽ ലൈറ്റ് കേടായാൽ രണ്ടാഴ്ചക്കകം ശരിയാക്കില്ലെങ്കിലും കാഴ്ച മറയ്ക്കുന്ന പരസ്യബോർഡുകൾ യഥാസമയം മാറ്റിയില്ലെങ്കിലും ഇത്തരത്തിൽ പിഴ ഈടാക്കുക.
വലിയ വാഹനങ്ങളിൽ നിർബന്ധമായും സ്പീഡ് ഗേവണറും ഡാഷ് കാമറകളും സ്ഥാപിക്കുക (നിയമം ഉണ്ടെങ്കിലും നടപ്പാക്കുന്നില്ല).
90 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ കഴിയുന്ന ടൂവീലറുകൾക്കു സാധാരണ രജിസ്ട്രേഷൻ നിരോധിക്കുക.
അമിത വേഗത്തിൽ/അശ്രദ്ധമായി/മദ്യപിച്ചു/ലഹരിമരുന്ന് ഉപയോഗിച്ച്/മൊബൈൽ വിളിച്ചു വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഒരു മാസത്തേക്ക് കാൻസൽ ചെയ്യുകയും, മൂന്നു തവണ തെറ്റ് ആവർത്തിച്ചാൽ അവരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുകയും ചെയ്യുക.
ഇത്രയും ചെയ്താൽ വാഹനാപകടനിരക്ക് തീർച്ചയായും കുറക്കാനാവും.
ടൂവീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാനാണ് ലേഖകൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.