ബുൾഡോസർ രാജിന് തടയിടാൻ കോടതിക്ക് ചെയ്യാവുന്നത്...
text_fieldsഇപ്പോൾ നടക്കുന്ന വീട് ഇടിച്ചുനിരപ്പാക്കലിന് ഒരു സമാന സ്വഭാവം കാണാനാവും. ഒരു പ്രദേശത്ത് ഒരു പ്രതിഷേധം ഉടലെടുക്കുന്നു, അത് അക്രമാസക്തമാവുന്നു. തൊട്ടുടനെ ഏതാനും ചിലരെ, അല്ലെങ്കിൽ ഒരു സംഘം ആളുകളെ അക്രമത്തിനുപിന്നിലെ സൂത്രധാരകരായി പൊലീസ് പ്രഖ്യാപിക്കുന്നു. അതിനുപിന്നാലെ, ഈ പറഞ്ഞ ആളുകളുടെ വീടുകൾ അനധികൃതമായി നിർമിച്ചതാണെന്ന അറിയിപ്പുമായി നഗരസഭാധികൃതർ വരുന്നു. (പല സംഭവങ്ങളിലും ഈയിടെ നടന്ന വീടുപൊളിയിലേതു പോലെ മുമ്പ് നൽകിയിരുന്നത് എന്നുപറഞ്ഞ് സംശയാസ്പദമായ ആധികാരികതയുള്ള നോട്ടീസും പൊക്കിപ്പിടിച്ച്). തുടർന്ന് ആ കെട്ടിടങ്ങൾ (വീടുകൾ) ഇടിച്ചു നിരത്തുന്നു.
പൊലീസ് സൂത്രധാരകരെ പ്രഖ്യാപിക്കുകയും നഗരസഭ അനധികൃത കെട്ടിടമെന്ന് വെളിപ്പെടുത്തുകയും വീടുകൾ പൊളിക്കപ്പെടുകയും ചെയ്യുന്നത് 24 മണിക്കൂറുകൾക്കുള്ളിലാണ്.
അനധികൃത നിർമാണം പൊളിച്ചുകളയുക മാത്രമാണ് ലക്ഷ്യമെന്നുവെച്ചാൽപോലും ഈ ചെയ്തി നഗരസഭ ചട്ടങ്ങളുടെയും നിയമവാഴ്ചയുടെയും ഭരണഘടനയുടെയും കടുത്ത ലംഘനമാണ്. പിന്നെ എന്താണ് പരിഹാരം? ജഹാംഗീർപുരിയിലെ കെട്ടിടം പൊളിയിൽ സംഭവിച്ചതു പോലെ ജുഡീഷ്യറിയുടെ ഇടപെടൽ പോലും കാര്യമായ ഫലം ചെയ്യാത്ത രീതിയിൽ അതിവേഗത്തിലാണ് നടപടിക്രമങ്ങൾ മുന്നോട്ടുനീങ്ങുക. ഡൽഹിയിൽനിന്ന് ഏറെ അകലെയുള്ള നാടുകളോ, കോടതികളിലേക്ക് അടിയന്തരമായി എത്തിപ്പെടാൻ കഴിയാത്ത ജനവിഭാഗങ്ങളോ ആണെങ്കിൽ സ്വാഭാവികമായും ഇത് കൂടുതൽ ബുദ്ധിമുട്ടായും മാറും.
ഇത്തരത്തിൽ രാജ്യത്തുടനീളം വീടുകൾ പൊളിച്ച് നിയമവാഴ്ചയെ ഉല്ലംഘിച്ച് എക്സിക്യൂട്ടിവ് നടത്തുന്ന ഗുരുതര വെല്ലുവിളിയെ അഭിമുഖീകരിക്കാനുള്ള ഇച്ഛാശക്തിയും ആഗ്രഹവും നിലവിൽ സുപ്രീംകോടതിക്കുണ്ട് എന്ന സുപ്രധാന അനുമാനത്തിലാണ് ഈ കുറിപ്പ് മുന്നോട്ടുപോകുന്നത്. ആ അനുമാനം ശരിയെങ്കിൽ ഭരണഘടനാ ലംഘനത്തിന് എങ്ങനെ പ്രതിവിധി തയാറാക്കാം എന്നതാണ് ചോദ്യം.
നിലവിൽ, നമ്മുടെ ഭരണഘടനപരമായ നിയമശാസ്ത്രത്തിന് ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ കൃത്യമായ പദാവലി ഇല്ലായിരിക്കാം. ജഹാംഗീർപുരി പൊളിക്കലുകൾ കാണിച്ചുതന്നതുപോലെ, പൊളിക്കലിനെ ഒരു വ്യക്തിഗതമായ ഭരണകൂട ചെയ്തിയായി പരിഗണിക്കാൻ കോടതി മനസ്സുവെച്ചിരുന്നു, എന്നിട്ട് നിയമാനുസൃതമാണോ എന്ന് പരിശോധിക്കും. വ്യത്യസ്‌ത സംസ്ഥാനങ്ങളിൽ പിന്തുടരപ്പെടുന്ന സമാന പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നതുപോലെ, വീടുപൊളി ഒരു വ്യക്തിഗത പ്രവൃത്തിയല്ല, മറിച്ച് ഭരണകൂടം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ശിക്ഷാരീതിയുടെ ഭാഗമാണ്. ഇത് മനസ്സിലാക്കാൻ, പുതിയ പദാവലി ആവശ്യമായി വന്നേക്കാം. ഭരണഘടനവിരുദ്ധമായ അവസ്ഥ (unconstitutional state of affairs) യെക്കുറിച്ചുള്ള ലാറ്റിൻ അമേരിക്കൻ സിദ്ധാന്തത്തിൽ ഇത് കണ്ടെത്താനാകും.
ഭരണഘടനവിരുദ്ധമായ അവസ്ഥയെക്കുറിച്ചുള്ള സിദ്ധാന്തം കൊളംബിയയിൽനിന്നാണ് ഉരുവപ്പെട്ടത്, പിന്നീട് ബ്രസീലിൽ അത് അംഗീകരിക്കപ്പെട്ടു. പദം സൂചിപ്പിക്കുന്നതുപോലെ, ഭരണഘടനവിരുദ്ധമായ ഒരു അവസ്ഥയിൽ അവകാശങ്ങളുടെ ലംഘനം വ്യക്തിപരമല്ല, മറിച്ച് ഘടനപരമായ ഒരു സാഹചര്യമാണ്.
ഈ അവസ്ഥ മൗലികാവകാശങ്ങളുടെ വ്യാപകവും വ്യവസ്ഥാപിതവുമായ ലംഘനങ്ങൾക്കെതിരെ പൊതുനയങ്ങൾ നടപ്പാക്കുന്നതിൽ സർക്കാറിന്റെ ലെജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ് ശാഖകൾക്ക് സംഭവിച്ച പരാജയം ഏറ്റുപറഞ്ഞ്, ലംഘനങ്ങളുടെ ഘടനാപരമായ കാരണങ്ങൾ തടഞ്ഞ് എല്ലാം ഭരണഘടനാനുസൃതമായി തിരികെ കൊണ്ടുവരാനുള്ള ജുഡീഷ്യൽ ഇടപെടലിനെ ന്യായീകരിക്കുന്നു.
ഭരണഘടനവിരുദ്ധമായ അവസ്ഥാ സിദ്ധാന്തത്തിന്റെ പ്രാധാന്യംതന്നെ മൗലികാവകാശങ്ങളുടെ വ്യാപകവും വ്യവസ്ഥാപിതവുമായ ലംഘനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലാണ്. നിലവിലെ സാഹചര്യത്തിൽ, സിദ്ധാന്തത്തിന്റെ പ്രയോഗത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കുക മാത്രമല്ല, സാഹചര്യം കൈകാര്യം ചെയ്യാൻ സുപ്രീംകോടതിക്ക് പ്രയോഗിക്കാൻ കഴിയുന്ന ഒരേയൊരു ഫലപ്രദമായ ഉപകരണമാണിത്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ആദ്യത്തേത്, പൊളിക്കലുകളുടെ വ്യക്തിഗത കേസുകൾ കോടതി പരിഗണിക്കുന്നിടത്തോളംകാലം, കലാപകാരികളെ 'തിരിച്ചറിയാനുള്ള' പൊലീസ് നടപടി, വീട് പൊളിക്കുന്നതിൽ മുനിസിപ്പാലിറ്റിയുടെ നടപടിയിൽ നിന്ന് വേറിട്ടതാണെന്ന തികച്ചും അസംഭവ്യമായ വാദം മുഖവിലക്കെടുക്കേണ്ടതുണ്ട്. യഥാർഥ ഓർവെല്ലിയൻ ശൈലിയിൽ, കോടതി 'സ്വന്തം കണ്ണുകളുടെയും കാതുകളുടെയും തെളിവുകൾ' അവഗണിക്കേണ്ടതുണ്ട്. അതായത്, പൊലീസ് തിരിച്ചറിയൽ- മുനിസിപ്പാലിറ്റി ഡിക്ലറേഷൻ- പൊളിക്കൽ എന്നിങ്ങനെയുള്ള സംഭവങ്ങളുടെ കാലഗണന, എല്ലാം ഒരു ദിവസത്തിനുള്ളിൽ. ഇതിനർഥം, നഗരസഭാ നിയമങ്ങളുടെ ചട്ടക്കൂടിനുള്ളിൽ, കൂട്ടായ ശിക്ഷയുടെ കേസ് എന്താണെന്ന് പരിശോധിക്കാൻ കോടതി നിർബന്ധിതരാണെന്നാണ്.
എന്നിരുന്നാലും ഭരണഘടന വിരുദ്ധമായ അവസ്ഥയുടെ സിദ്ധാന്തം, സമയംകൊണ്ടും സ്ഥലംകൊണ്ടും കോടതിക്ക് പരിഗണിക്കാവുന്ന കാര്യങ്ങൾക്ക് വ്യാപ്തി നൽകുന്നു. സമീപകാലത്തും രാജ്യത്തുടനീളം വ്യാപിച്ചപ്പോഴും ഈ സമ്പ്രദായത്തിന്റെ 'വ്യവസ്ഥാപരമായ സ്വഭാവം' കണക്കിലെടുക്കാൻ ഇത് കോടതിയെ അനുവദിക്കുന്നു. ഇത് നിർണായകമാണ്. കാരണം, കൂട്ടായ ശിക്ഷ ഭരണകൂട നയത്തിന്റെ അനൗപചാരിക ഭാഗമായിത്തീർന്നിരിക്കുന്നു എന്ന വസ്തുത കോടതിക്ക് വിശദീകരിക്കാൻ കഴിയുന്നത് വീട് പൊളിക്കലുകളുടെ മാതൃകയിൽനിന്നാണ്. എല്ലാത്തിനുമുപരി, ഒരൊറ്റ സന്ദർഭം യാദൃച്ഛികമാണെന്ന് വാദിക്കാം. എന്നിരുന്നാലും, ഒരേ കാര്യം- പൊലീസ് തിരിച്ചറിയൽ, മുനിസിപ്പാലിറ്റി പ്രഖ്യാപനം, പൊളിക്കൽ-കാലത്തും സ്ഥലത്തും ആവർത്തിക്കുമ്പോൾ, അത് ഭരണകൂട നയമാണെന്ന് വ്യക്തമാകും.
ഭരണഘടനവിരുദ്ധമായ ഒരു അവസ്ഥ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ (തീർച്ചയായും, ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ), എന്ത് പ്രതിവിധിയാണ് പിന്തുടരുന്നത്? ബ്രസീലിയൻ, കൊളംബിയൻ കോടതികൾ അതിനായി ഘടനാപരമായ നിരോധന ഉത്തരവുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അല്ലെങ്കിൽ -ഇന്ത്യയിൽ നമുക്കറിയാവുന്നതുപോലെ കോടതി തീർപ്പ് (mandamus). സ്ഥിതിഗതികൾ മനസ്സിലാക്കാനും ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കാനും അത് പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും സുപ്രീംകോടതിയെ ഇത് അനുവദിക്കുന്നു-ഇത് ഒരൊറ്റ കേസുകളിൽ മാത്രമായി പരിമിതപ്പെടുത്താതെ മേൽപറഞ്ഞ മട്ടിൽ വ്യാപിപ്പിക്കാനാവും. ഈ സാഹചര്യത്തിൽ ആ ഇടക്കാല ഉത്തരവുകൾ എങ്ങനെയായിരിക്കാം? അത്, അഭിഭാഷകരും ന്യായാധിപരും എങ്ങനെ ആശ്വാസം പകരാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്- ഇടക്കാല നടപടിയെന്ന നിലയിൽ പൊളിക്കുന്നതിനുമുമ്പ് നിർബന്ധിത ജുഡീഷ്യൽ അനുമതി ഒരു സാധ്യതയാണ്; എന്നിരുന്നാലും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ഫലപ്രദമാകണമെങ്കിൽ, പ്രതിവിധി ഇനിപ്പറയുന്നതായിരിക്കണം: (എ) പ്രതിരോധം, (ബി) എല്ലാ കേസുകളിലേക്കും വ്യാപിപ്പിക്കുക.
നിലവിലെ സാഹചര്യത്തിൽ, പൊളിക്കൽ കേസുകൾ വ്യക്തിഗത അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ, രണ്ടും സാധ്യമല്ല. എന്നിരുന്നാലും, ഭരണഘടന വിരുദ്ധമായ അവസ്ഥയുടെ സിദ്ധാന്തം, സുപ്രീംകോടതിക്ക് രണ്ടും ചെയ്യാനുള്ള ഒരു പദാവലി നൽകുന്നു.
(സുപ്രീംകോടതി അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ ലേഖകൻ Indian Constitutional Law and Policy ബ്ലോഗിൽ കുറിച്ചത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.