പ്രതീക്ഷയോടെ പുതിയ അധ്യയന വർഷത്തിലേക്ക്; മിടുക്കരാക്കണം നമ്മുടെ കുട്ടികളെ
text_fieldsസാധാരണനിലയിൽ വേനലവധി കഴിഞ്ഞ് കുട്ടികൾ വീണ്ടും കൂട്ടുകാരോടൊപ്പം ചേരുന്ന, അധ്യയന വർഷത്തിെൻറ ആദ്യദിനമാണ് ജൂൺ ഒന്ന്. എന്നാൽ, ലോകം അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോവുന്ന പ്രത്യേക സാഹചര്യത്തിൽ അസാധാരണ നടപടികൾ കൈക്കൊള്ളാൻ നമ്മൾ നിർബന്ധിതരായി. കഴിഞ്ഞ അക്കാദമിക വർഷം കേരളത്തിൽ ജൂൺ ഒന്നിന് സാധാരണപോലെ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറിയും അവസ്ഥ സമാനമാണ്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ ലോകം മുഴുവൻ പകച്ചുനിൽക്കുമ്പോൾ നാം പുതുവഴി തേടുകയായിരുന്നു. അതിെൻറ ഭാഗമായി 2020 ജൂൺ മാസം ഒന്നിനുതന്നെ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചു.
കേരളത്തിലെ 45 ലക്ഷം കുട്ടികളിൽ 2.6 ലക്ഷത്തിന് ഡിജിറ്റൽ പ്രാപ്യതാ പ്രശ്നങ്ങൾ ഉണ്ട് എന്ന് സമഗ്ര ശിക്ഷാ പഠനങ്ങൾ വഴി മനസ്സിലാക്കി. ഇവർക്ക് ഡിജിറ്റൽ പ്രാപ്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചപ്പോൾ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കേരളീയ സമൂഹം ഉണർന്നുപ്രവർത്തിക്കുകയും ചുരുങ്ങിയ ദിവസങ്ങൾക്കകം മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പ്രാപ്യത സാധ്യമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്തു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലെ സാർവത്രികമായ ഡിജിറ്റൽ ക്ലാസുകൾ നടക്കുന്നില്ല എന്നത് നാം കാണണം.
കോവിഡുയർത്തിയ പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും നമ്മുടേതായ രീതിയിൽ അവയെ അതിജീവിക്കാനാണ് ഈ വർഷം നാം ലക്ഷ്യമിടേണ്ടത്. വീടുകളിലാണെങ്കിലും നമുക്കിന്ന് പ്രവേശനോത്സവം നടത്തണം. അകലങ്ങളിൽ ഇരുന്നുകൊണ്ട് മനസ്സുകൊണ്ട് കൂട്ടംകൂടി ഈ ദിനത്തെ ആനന്ദകരമായ ദിനമാക്കി മാറ്റാം. പരിമിതികൾക്കുള്ളിലും മികച്ച പ്രവർത്തനങ്ങളിലൂടെ ഈ അക്കാദമിക വർഷത്തെ അർഥവത്താക്കാം. ക്ലാസ്മുറിയിൽ കൂട്ടുകാരുമായി ഒരുമിച്ചിരുന്ന് അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പഠനാനുഭവക്കൈമാറ്റങ്ങൾ വഴിയാണ് പഠനം നടക്കുന്നത്. കൂടാതെ, സ്കൂൾ കാമ്പസ് തരുന്ന ആത്മവിശ്വാസവും മറ്റും പ്രധാനമാണ്. യഥാർഥ സ്കൂൾ പഠനത്തിന് ബദലായി ഡിജിറ്റൽ പഠനത്തെ നാം കാണുന്നില്ല. എന്നാൽ, ഈ ഘട്ടത്തിൽ കുട്ടികളെ കർമനിരതരാക്കാനും പഠനപാതയിൽ നിലനിർത്താനും അവർക്ക് ആത്മവിശ്വാസം പകരാനും നമുക്കു കഴിയണം. അധ്യാപകർക്ക് ഇക്കാര്യത്തിൽ നിർണായക പങ്കുണ്ട്.
കഴിഞ്ഞ അക്കാദമിക വർഷം ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾ നല്ല നിലയിൽ അധ്യാപകർ നടത്തുകയുണ്ടായി. സാങ്കേതികവിദ്യയെ ഏറ്റവും മികച്ച നിലയിൽ പ്രയോജനപ്പെടുത്തുന്നതിെൻറ നിരവധി പുതിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്തി കഴിഞ്ഞ ഒരു വർഷത്തെ പൊതുഅനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ മികവാർന്ന രീതിയിൽ ഡിജിറ്റൽ ക്ലാസുകൾ നടത്താൻ നമുക്ക് ഈ വർഷവും കഴിയണം. അനുയോജ്യ സാഹചര്യം ഉണ്ടാകുന്ന മുറക്ക് സാധാരണപോലെ സ്കൂളുകളിൽ ക്ലാസ് മുറികളിൽ പഠനം നടത്താം. കേന്ദ്രീകൃത ക്ലാസുകൾക്കു മുമ്പേ നടക്കുന്ന മുന്നൊരുക്ക ക്ലാസുകൾക്കും ഡിജിറ്റൽ ക്ലാസിനുശേഷം നടത്തേണ്ട തുടർപ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യമാണുള്ളത്. ഇതിനുള്ള നേതൃത്വം ഓരോ സ്കൂൾതലത്തിലും ഉണ്ടാകണം.
അധ്യാപകരുടെ പ്രഫഷനലിസം ഇനിയുമിനിയും വർധിക്കേണ്ടതുണ്ട്. ശക്തവും സുസംഘടിതവുമായ അധ്യാപക പരിവർത്തന പദ്ധതി ഇതിനായി വേണ്ടിവരും. അധ്യാപക പരിശീലന പരിപാടി കാലോചിതമായ മാറ്റങ്ങൾക്കു വിധേയമാക്കി ഇത് സാധ്യമാക്കാം.
കോവിഡ് കാലത്തിനുശേഷം സ്കൂളുകൾ പുതുതായി ആരംഭിക്കുന്ന ഘട്ടത്തിൽ കുട്ടികൾക്ക് ആകർഷകമായ സ്കൂൾ കാമ്പസ് ഒരുക്കേണ്ടതുണ്ട്. കേരളത്തിലെ ഒട്ടനവധി സ്കൂളുകൾ കിഫ്ബി ധനസഹായത്തോടെയും പ്ലാൻ ഫണ്ട് ഉപയോഗിച്ചും ആകർഷകമാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്തും ചുവരുകളും മറ്റും മനോഹരമാക്കിയും കുട്ടികൾക്ക് ആകർഷകമാകും വിധമാക്കി മാറ്റണം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഇതിൽ നിർണായക പങ്കുവഹിക്കാൻ കഴിയും.
നമ്മുടെ വിദ്യാലയങ്ങൾ എല്ലാം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നാം തുടങ്ങിെവച്ച പ്രവർത്തനങ്ങൾ ചടുലമായി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. കോവിഡിനുശേഷം മുഴുവൻ കുട്ടികളെയും വിദ്യാലയങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ പ്രവർത്തന പദ്ധതി നമുക്ക് ആവിഷ്കരിക്കാം. കഴിഞ്ഞ ഒരുവർഷം സ്കൂളിൽ സ്വാഭാവിക പഠനം നടക്കാത്തതുകൊണ്ട് കുട്ടികൾക്കുണ്ടായിട്ടുള്ള പഠനനഷ്ടം പരിഹരിക്കാനുള്ള പ്രവർത്തനവും അക്കാദമികമായി ആലോചിക്കേണ്ടതുണ്ട്.
മതനിരപേക്ഷതയും ജനാധിപത്യവും പുലരുന്നതും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായ പൊതു ഇടങ്ങളായി പൊതുവിദ്യാലയങ്ങളെ പരിവർത്തിപ്പിക്കാനുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള പരിശ്രമത്തിൽ എല്ലാവരും അണിചേരണം.
വി. ശിവൻകുട്ടി (വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.