സായ്പിനെ വിറപ്പിച്ച സാഹിബ്
text_fields''നിങ്ങൾക്ക് മഴ പെയ്യുമെന്നുറപ്പിക്കണമെങ്കിൽ അത് തുള്ളി വീഴ്ത്തിത്തുടങ്ങണം. എന്നാൽ, ഇളംകാറ്റു വീശുേമ്പാഴേ ഞാൻ അതിെൻറ മണം പിടിച്ചുതുടങ്ങും. അതുമല്ല, കാർമേഘം കണ്ടാലും എനിക്കു വേഗം മനസ്സിലാകും. നിങ്ങൾക്ക് ഗതകാല അനുഭവങ്ങൾ മതിയെങ്കിൽ അതിൽനിന്നു പഠിച്ചുകൊള്ളുക. അതല്ല, ഇനിയും കാത്തിരിക്കണം എന്നാണെങ്കിൽ കുത്തിയിരുന്നോളൂ. 'ഇന്നു ഞാൻ പറയുന്നതിനെ നിങ്ങൾ ഓർക്കുന്ന ഒരു സന്ദർഭം വരുന്നുണ്ട്''-1920 ഫെബ്രുവരി 28, 29 തീയതികളിൽ ബംഗാൾ ഖിലാഫത് കോൺഫറൻസ് സമ്മേളനത്തിൽ മൗലാന അബുൽകലാം ആസാദ് ചെയ്ത പ്രഭാഷണം അവസാനിക്കുന്നത് ഇങ്ങനെയാണ്.
വിശ്വാസിയുടെ ബാധ്യതയാണ് ഭൂമിയിൽ ദൈവത്തിെൻറ പ്രാതിനിധ്യം എന്നും അത് ജീവിതം മുഴുക്കെ ബാധകമാണെന്നും പ്രവാചകനും തുടർന്നുള്ള സച്ചരിതരായ ഖലീഫമാരും സാമൂഹിക, രാഷ്ട്രീയരംഗങ്ങളിൽ ഖിലാഫത് ആചരിച്ചത് അങ്ങനെയാണെന്നും ആസാദ് വിശദീകരിച്ചു. ആ രാഷ്ട്രക്രമത്തിെൻറ തുടർച്ചയാണ് ഏറെ അംഗഭംഗം വന്നശേഷവും ഉസ്മാനികളുടെ കാലംവരെ നിലനിന്നുപോരുന്ന ഖിലാഫത്തെന്നും അതിനെ സംരക്ഷിക്കാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്നുമായിരുന്നു കൽക്കത്ത പ്രസംഗത്തിെൻറ ആകത്തുക. ആവേശോജ്ജ്വലമായ ആ പ്രഭാഷണം പിന്നീട് ഖിലാഫത് എന്ന, വിശ്വാസിയുടെ സാമൂഹികപ്രാതിനിധ്യം പ്രാമാണികമായി വിശദീകരിക്കുന്ന പാഠപുസ്തകമായി രൂപാന്തരപ്പെട്ടു-'ഖിലാഫത് ആൻഡ് ജസീറത്തുൽ അറബ്' (മസ്അലയെ ഖിലാഫത്തോ ജസീറത്തുൽ അറബ് എന്ന് ഉർദു) എന്ന പേരിൽ.
മുസ്ലിം വിശുദ്ധ സ്ഥലങ്ങളടക്കമുള്ള അറബ്ദേശങ്ങളുടെ നിയന്ത്രണം കൈവശംവെച്ചുപോന്ന, ലോകത്തെ അവസാന മുസ്ലിം സാമ്രാജ്യമായിരുന്നു തുർക്കിയിലെ ഉസ്മാനീ ഖിലാഫത്. 1914ൽ ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോൾ തുർക്കി ജർമനിക്കൊപ്പം ബ്രിട്ടീഷ് വിരുദ്ധ പക്ഷത്താണ് നിലയുറപ്പിച്ചത്. യുദ്ധഫലം എന്തായാലും മുസ്ലിം നേതൃസ്ഥാനത്തുള്ള തുർക്കി ഭരണകൂടത്തെയും ഖിലാഫത് അധികാരത്തെയും ഒന്നും െചയ്യില്ലെന്നും ഇക്കാര്യത്തിൽ ആശങ്കയൊന്നും വേണ്ടെന്നും ബ്രിട്ടീഷ് ഗവൺമെൻറ് 1914 നവംബർ ഒന്നിന് ഇന്ത്യൻ മുസ്ലിംകൾക്ക് ഉറപ്പുനൽകിയിരുന്നു. അതിെൻറ ഫലം മുസ്ലിംകളുടെ സേനാപങ്കാളിത്തമായി ബ്രിട്ടന് ലഭിക്കുകയും ചെയ്തു. എന്നാൽ, യുദ്ധത്തിൽ ബ്രിട്ടൻ ജയം നേടിയതോടെ എല്ലാ വാക്കുകളും കാറ്റിൽപറത്തി ഉസ്മാനീ സാമ്രാജ്യത്തെ വിഭജിച്ച് ഛിന്നങ്ങളെ വിവിധ പാശ്ചാത്യ ക്രൈസ്തവരാഷ്ട്രങ്ങളുടെ കോളനിരാജ്യങ്ങളാക്കി മാറ്റിത്തീർക്കുന്ന സമാധാനസന്ധിയാണ് പുറത്തുവന്നത്. ഇതിനെതിരായ മുസ്ലിം പ്രതിഷേധമാണ് ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഖിലാഫത് സമരപ്രസ്ഥാനമായി രൂപപ്പെട്ടത്. നേരത്തേ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന ബ്രിട്ടനെതിരായ അധിനിവേശവിരുദ്ധ സമരത്തെ ആളിക്കത്തിക്കാനും ദേശീയ വിമോചനപ്രസ്ഥാനത്തെ ജനകീയവത്കരിക്കാനും ഖിലാഫത് പ്രസ്ഥാനത്തിെൻറ രംഗപ്രവേശം കാരണമായി.
കൊൽക്കത്തയിൽനിന്നു വിളി; മലയാളത്തിെൻറ മറുപടി
കൊൽക്കത്തയിൽനിന്നുള്ള ആസാദിെൻറ സമരകാഹളത്തിന് ഇങ്ങു തെക്കേ ഇന്ത്യയിലെ മദിരാശി പ്രസിഡൻസി കോളജിൽനിന്ന് ആവേശകരമായ പ്രതിധ്വനിയുണ്ടായി-മുഹമ്മദ് അബ്ദുറഹ്മാൻ എന്ന മലയാളി വിദ്യാർഥിയിലൂടെ. ചാവക്കാട്ടുകാരനായ റൂംമേറ്റ് ആണ് അവിടെ പഠനത്തിൽ മുഴുകിയിരുന്ന കൊടുങ്ങല്ലൂർ കറുകപ്പാടത്തെ മുഹമ്മദ് അബ്ദുറഹ്മാനു മുന്നിലേക്ക് ആസാദിെൻറ 'ഖിലാഫത്' പന്തം എറിഞ്ഞുകൊടുത്തത്. ഒറ്റയിരിപ്പിൽ ആ ലഘുകൃതി വായിച്ചുതീർത്ത അബ്ദുറഹ്മാെൻറയുള്ളിൽ ആസാദ് ഇട്ട കനലുകൾ നീറിനീറിക്കത്തി. ഖിലാഫത് പ്രക്ഷോഭമാർഗമായി രൂപംകൊണ്ട നിസ്സഹകരണ പ്രസ്ഥാനത്തിലേക്ക് അബ്ദുറഹ്മാൻ എടുത്തുചാടി, പ്രസിഡൻസിയിലെ ബി.എ ഓണേഴ്സ് കുടഞ്ഞെറിഞ്ഞുകൊണ്ട്. പിന്നീട് ദേശീയ മുസ്ലിം യൂനിവേഴ്സിറ്റി എന്ന ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ ചേർന്ന് വിദ്യാഭ്യാസവും സമരബിരുദവും ഒപ്പം നേടി കേരളത്തിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിെൻറയും ഖിലാഫത് പ്രക്ഷോഭത്തിെൻറയും മുന്നണിപ്പോരാളിയായി കടന്നുവന്നു. സ്വാതന്ത്ര്യസമരസേനാനി കെ.പി. കേശവമേനോെൻറ വാക്കുകളിൽ: ''(കോഴിക്കോട്ട്) ഖിലാഫത് കമ്മിറ്റി തക്കതായ സെക്രട്ടറിയെ തേടിക്കൊണ്ടിരുന്ന കാലമാണ്. അപ്പോഴാണ് അലീഗഢ് കോളജിൽനിന്നു പഠിപ്പുനിർത്തി ഖിലാഫത് പ്രവർത്തനത്തിനായി മൗലാന മുഹമ്മദലിയുടെ ഉപദേശപ്രകാരം മുഹമ്മദ് അബ്ദുറഹ്മാൻ കോഴിക്കോട്ടേക്കു വന്നത്. അന്ന് അദ്ദേഹത്തിന് ഏതാണ്ട് 24 വയസ്സ് കാണും. ഒട്ടും താമസിയാതെ ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിെൻറ നീണ്ട ദേഹവും പൗരുഷം സ്ഫുരിക്കുന്ന മുഖവും ഉത്സാഹം തുളുമ്പുന്ന ഭാവവും സംസാരരീതിയും കണ്ടമാത്രയിൽ അദ്ദേഹത്തോട് ഒരു മമത തോന്നി.''
ആസാദിെൻറ ചുവടുകളിലുറച്ച്
ആസാദിെൻറ പ്രഭാഷണത്തിന് ഒരു വർഷവും രണ്ടു മാസവും കഴിയുേമ്പാൾ 1921 ഏപ്രിൽ 23ന് ഒറ്റപ്പാലം സമ്മേളനത്തിലായിരുന്നു അബ്ദുറഹ്മാെൻറ അരങ്ങേറ്റം. സമ്മേളനത്തിെൻറ സംഘാടകരിലൊരാളായ പി. രാമുണ്ണിമേനോനെ പൊലീസ് തല്ലിച്ചതച്ച സംഘർഷത്തിനു നടുവിലേക്കായിരുന്നു ആ ആദ്യ കാൽവെപ്പ്. സംഭവത്തിൽ സദസ്സിളകി, പ്രതികാരദാഹം പൂണ്ടപ്പോൾ അബ്ദുറഹ്മാൻ വിളിച്ചു: ''നമുക്കൊരു പ്രകടനം നടത്താം.'' അങ്ങനെ എല്ലാവരും അറച്ചുനിന്നിടത്ത് നായകത്വം ഏറ്റെടുത്ത് അദ്ദേഹം മുന്നിൽ നടന്നു. സമ്മേളനം കഴിഞ്ഞയുടനെ തോഴനായി ഇ. മൊയ്തു മൗലവിയെയും കൂട്ടി കോഴിക്കോട്ടേക്കു തിരിച്ചു. അതിൽപിന്നെ കോഴിക്കോടായിരുന്നു അബ്ദുറഹ്മാെൻറ കർമഭൂമി. അൽഅമീൻ ലോഡ്ജിൽ തുടങ്ങി പിന്നീട് അൽഅമീൻ പത്രത്തിലൂടെ കോഴിക്കോട് പടർന്നുപന്തലിച്ച ആ സമരജീവിതത്തിന് എന്നും വഴികാട്ടിയത് അബുൽകലാം ആസാദ് തന്നെ. ആദർശനിഷ്ഠയിലും സമരാവേശത്തിലും ദേശീയപ്രസ്ഥാനത്തോടും നിസ്സഹകരണ മാർഗത്തോടുള്ള പ്രതിബദ്ധതയിലുമെല്ലാം ആ ആസാദ് സ്പർശം പ്രകടമായി. ആസാദിെൻറ 'അൽഹിലാലി'നെയും 'അൽബലാഗി'നെയും അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഖുർആൻ, സുന്നത്ത് പ്രമാണങ്ങളെ ഉയർത്തിപ്പിടിച്ചായിരുന്നു പത്രനടത്തിപ്പ്. എല്ലാ വ്യാഴാഴ്ചയും ഐച്ഛിക ഉപവാസമെടുക്കുകയും പാതിരാവുകളിൽ ഖുർആൻ പാരായണം ചെയ്തു പൊട്ടിക്കരഞ്ഞ് നിശാനമസ്കാരം നിർവഹിക്കുകയും ചെയ്യുന്ന കൂട്ടുകാരനെ ഇ. മൊയ്തുമൗലവി അരുമയോടെ ഓർക്കുന്നുണ്ട്. വിശ്വാസവും അനുഷ്ഠാന, ആചാരനിഷ്ഠകളും സ്വയം കണിശമായി പുലർത്തുേമ്പാൾതന്നെ അതിനു പുറത്തുള്ളവരുടെ വിശ്വാസത്തെയും നിരാസത്തെയുമൊക്കെ ഉൾക്കൊള്ളാനും അദ്ദേഹം വിശാലത പുലർത്തി.
ഖിലാഫത് പ്രസ്ഥാനം സ്വീകരിച്ച സമരമാർഗമായ നിസ്സഹകരണത്യാഗം (തർക്കെ മുവാലാത്ത്) മൗലാന ആസാദ് ഖുർആെൻറ വെളിച്ചത്തിൽ വിശദീകരിക്കുന്നുണ്ട് (ഗാന്ധിയുടെ സഹായം തേടി സന്ദർശിച്ച ഖിലാഫത് ദൗത്യസംഘത്തിലെ അംഗങ്ങളായിരുന്ന അബ്ദുറഹ്മാൻ സിദ്ദീഖിയും ശുഐബ് ഖുറൈശിയുമാണ് നിസ്സഹകരണരീതി ഗാന്ധിയെ ധരിപ്പിച്ചതെന്ന് മൊയ്തുമൗലവി). അത് അക്ഷരംപ്രതി അംഗീകരിച്ചായിരുന്നു അബ്ദുറഹ്മാെൻറയും പ്രവർത്തനം. ബ്രിട്ടീഷുകാർ മലബാറിൽ ശത്രുവായി ഗണിച്ചിരുന്ന മാപ്പിളമാരെ പ്രകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഖിലാഫത് പ്രസ്ഥാനത്തെ മറയാക്കി ആക്കംകൂട്ടിയപ്പോൾ അതിനു കരുവാകാതിരിക്കാനുള്ള കരുതലുമായി അദ്ദേഹം സമരമുന്നണിയിൽ നിലയുറപ്പിച്ചു. 1921 ജൂലൈ 24ന് പൊന്നാനിയിൽ ഖിലാഫത് വിരുദ്ധരെ കൂട്ടുപിടിച്ച് ബ്രിട്ടീഷ് അനുകൂലസമ്മേളനം നടത്താനുള്ള ശ്രമം സംഘർഷത്തിലേക്കു തിരിയുമെന്നു കണ്ടപ്പോൾ ജനക്കൂട്ടത്തിലേക്ക് കടന്നുചെന്ന് അദ്ദേഹം ഉണർത്തി: ''അവിവേകം പ്രവർത്തിക്കാനാണോ പുറപ്പാട്? നിങ്ങളാണോ ഖിലാഫത്തിെൻറയും കോൺഗ്രസിെൻറയും നിർദേശവും അച്ചടക്കവും മാനിക്കുന്നവർ? നമ്മുടെ മാർഗം സമാധാനപരമായിരിക്കണം.'' 1921 ആഗസ്റ്റിൽ ഏറനാട്ടിലും വള്ളുവനാട്ടിലും ബ്രിട്ടീഷുകാർ കലാപത്തിനു തിരികൊളുത്തുേമ്പാൾ സ്വന്തം സമുദായത്തെ ആക്രമണമുഖത്തുനിന്നു പിന്തിരിപ്പിക്കാനായിരുന്നു അബ്ദുറഹ്മാെൻറ ശ്രമം. പൂക്കോട്ടൂരിൽ കാളവണ്ടിയിൽ കയറിനിന്നു നടത്തിയ പ്രസിദ്ധമായ പ്രസംഗം അതിെൻറ ഭാഗമായിരുന്നു: ''പ്രിയ സഹോദരങ്ങളേ, നിങ്ങളെന്താണ് ചെയ്യാൻ പോകുന്നത്? വീരസ്വർഗം പ്രാപിക്കാനുള്ള ധർമയുദ്ധത്തിൽ പങ്കെടുക്കാൻ മുസ്ലിമായ എനിക്ക് ആഗ്രഹമില്ലേ? പക്ഷേ, എന്തുകൊണ്ട് ഞാൻ അതിന് ഒരുങ്ങുന്നില്ല? നാം വീരസ്വർഗം പ്രാപിക്കുേമ്പാൾ അശരണരായ നമ്മുടെ മാതാപിതാക്കളും സഹോദരിമാരും മറ്റും ശത്രുക്കളാൽ പരസ്യമായി അപമാനിക്കപ്പെടും. അവരെ ആ അപമാനത്തിനു വിട്ടുകൊടുത്ത് വീരസ്വർഗം പ്രാപിച്ചാൽ നമ്മുടെ ആത്മാവിന് എന്തു സന്തോഷമാണുണ്ടാവുക?'' എന്നാൽ, തോക്കുമായി മാത്രം സംസാരിച്ച ബ്രിട്ടീഷ് പട്ടാളത്തിെൻറ വംശവെറിയുടെ പ്രകോപനത്തിനു മുന്നിൽ മലബാർ വിപ്ലവം ചോരയിൽ മുങ്ങി. മഹത്തായൊരു ലക്ഷ്യത്തിനുവേണ്ടി അണിനിരന്നവരെ സഹനസമരത്തിൽനിന്നു സായുധസമരത്തിലേക്കു നയിച്ച സാഹചര്യങ്ങളിൽ അബ്ദുറഹ്മാൻ തീവ്രനിരാശനും ദുഃഖിതനുമായിരുന്നു. വർഷങ്ങൾക്കിപ്പുറം 1930ൽ കോഴിക്കോട് ഒരു പരിപാടിയിൽ അദ്ദേഹം ബ്രിട്ടീഷുകാരുടെ അജണ്ടയെക്കുറിച്ച് ഓർമപ്പെടുത്തുന്നുണ്ട്: ''മാപ്പിളമാർ ലഹളയുണ്ടാക്കാൻ മാത്രമേ കൊള്ളുകയുള്ളൂവെന്ന് ഒരു ധാരണ ജനസഞ്ചയത്തിനിടയിൽ വ്യാപിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണയെ ദൂരീകരിക്കേണ്ടത് ഓരോ മുസ്ലിമിെൻറയും കർത്തവ്യമാണ്. ഭാവി ഇന്ത്യയുടെ ചരിത്രത്തിൽ മാപ്പിളസമുദായത്തെ കളങ്കപ്പെടുത്താൻ അനുവദിക്കരുത്''.
ജെ.ഡി.ടി അനാഥശാലയും അൽഅമീൻ പത്രവും
1921 ഒക്ടോബർ 21നു കഠിനതടവിനു ശിക്ഷിക്കപ്പെട്ട് തടവിൽ പോയ അദ്ദേഹം 1923 ആഗസ്റ്റ് 11നു പുറത്തുവന്നയുടനെ കലാപപ്രദേശത്തു ചുറ്റിനടന്ന് ദുരിതബാധിതരുടെ സങ്കടം ഒപ്പിയെടുത്താണ് കാക്കിനഡയിലെ ഖിലാഫത് സമ്മേളനത്തിനു പോയത്. അവിടെ സഹായാഭ്യർഥന കേട്ട പഞ്ചാബിലെ ജംഇയ്യത്തെ ദഅ്വത്തു തബ്ലീഗിൽ ഇസ്ലാം (ജെ.ഡി.ടി ഇസ്ലാം) എന്ന സംഘടനയുടെ സ്ഥാപകനേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന മൗലാന അബ്ദുൽഖാദിർ ഖസൂരി കോഴിക്കോട്ടെത്തി സ്ഥിതിഗതികൾ നേരിൽ വിലയിരുത്തി. ആ കനിവിൽനിന്നാണ് ജെ.ഡി.ടി ഇസ്ലാം അനാഥശാല വെള്ളിമാട്കുന്നിൽ പിറവിയെടുത്തത്.
ബ്രിട്ടീഷുകാരുടെ പ്രചണ്ഡമായ പ്രചാരവേലകളെ നേരിടാൻ ഒരു മാധ്യമമില്ലാതെപോയത് അബ്ദുറഹ്മാെൻറ ശ്രദ്ധയിലുണ്ടായിരുന്നു. '1921ലെ ലഹളക്കാലത്ത് മാപ്പിളമാരുടെ ഭാഗം വാദിക്കാനുള്ള ഒരു വാർത്താവിതരണപത്രം ഇല്ലാത്ത കോട്ടങ്ങൾ വേണ്ടുവോളം മനസ്സിലാക്കിയ സ്മര്യപുരുഷൻ ജയിലിൽനിന്ന് വിമുക്തനായ ഉടനെ ചെയ്ത പരിശ്രമം ഒരു പത്രം തുടങ്ങേണ്ടതിനായിരുന്നു. ലഹളക്കാലത്ത് നിത്യേന പുറത്തുവന്നുകൊണ്ടിരുന്ന ലഘുലേഖകൾ മാപ്പിളമാർ വന്യമൃഗങ്ങൾക്കു സമമാണെന്നു ചിത്രീകരിക്കുന്നതായിരുന്നു' എന്ന് മൊയ്തുമൗലവി 'അൽഅമീൻ' പത്രത്തിെൻറ പിറവി ഓർത്തെടുക്കുന്നുണ്ട്. 1924 ഒക്ടോബർ 12ന് ഒരു നബിദിനത്തിൽ അൽഅമീൻ ത്രൈവാരികയായി ആരംഭിച്ചു. 1930 ജൂൺ 25ന് അത് ദിനപത്രമായി. എന്നാൽ, നിസ്സങ്കോചം ശബ്ദമില്ലാത്ത മുഴുവർക്കും ശബ്ദം നൽകാൻ ഉശിരുകാട്ടിയ 'അൽഅമീൻ' എന്ന സാഹസത്തെ ഏതുവിധേനയും മുടക്കാനുള്ള യജ്ഞത്തിൽ ബ്രിട്ടീഷുകാർ വിജയിച്ചു. എങ്കിലും കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തിൽ 'അൽഅമീൻ' തലയെടുപ്പായി മാറി. ഇടശ്ശേരി പാടിയപോലെ:
മലയമേട്ടിൻ കൊടുമുടിയിൽ മഴമുകിലിൻ തോറ്റം/മധുരമന്ത്രം അൽഅമീനിൻ സമരമന്ത്രമൂറ്റം...
ഇങ്ങനെ കർമമണ്ഡലത്തിൽ സമുദായ നവോത്ഥാനത്തിെൻറ പുതിയ വഴികൾ വെട്ടിത്തെളിച്ചു മുന്നേറുന്നതിനിടയിലായിരുന്നു ശേറെ മലബാർ (മലബാർ സിംഹം) അബ്ദുറഹ്മാെൻറ ആകസ്മിക അന്ത്യം- 1945 നവംബർ 23ന് കോഴിക്കോട്ടെ കൊടിയത്തൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയിൽ.
●●●
വാൽക്കഷണം: അബുൽകലാം ആസാദിെൻറ ആഹ്വാനത്തിൽ പ്രചോദിതനായി സ്വാതന്ത്ര്യസമരചരിത്രത്തിൽ കത്തിനിന്ന കേരളത്തിെൻറ വീരപുത്രന് ഒരു അനശ്വരസ്മാരകം തീർത്തതു മറ്റൊരു ആസാദാണ്. മലപ്പുറം ജില്ലയിൽ ഒരു ഗ്രാമത്തിന് അബ്ദുറഹ്മാൻ നഗർ എന്ന് ഔദ്യോഗിക നാമകരണം ചെയ്തു സാഹിബിെൻറ അരുമശിഷ്യൻ വി.എ. ആസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.