ഈ കുട്ടികളുടേത് കൂടിയായിരുന്നു ഇന്നത്തെ ദിനം
text_fieldsഇന്ന് നവംബർ 14.കുട്ടികളെ സ്നേഹിച്ചിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം രാജ്യം ശിശുദിനമായി കൊണ്ടാടുന്നു. കുട്ടികളുടെ അവകാശങ്ങളും വിദ്യാഭ്യാസവും ക്ഷേമവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാം പ്രതിജ്ഞ പുതുക്കുന്നു. റോസാപ്പൂവും പോക്കറ്റിൽകുത്തി കുഞ്ഞ് ചാച്ചാജിമാരായി നമ്മുടെ മക്കൾ നഴ്സറിയിലും സ്കൂളിലും പോകുന്നു.. ഈ കാഴ്ചകൾക്കപ്പുറത്ത് നമ്മൾ അറിയാതെ പോകുന്ന വലിയൊരു വിഭാഗം കുട്ടികളുണ്ട്. രണ്ടു കോടിയിൽ അധികംവരും ഇന്ത്യയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ. കേരളത്തിൽ ഒമ്പത് ലക്ഷത്തോളം പേർ.
കേരളത്തിൽ ഒരു വർഷത്തിനിടെ ഭിന്നശേഷിക്കാരായ ഒമ്പതു പേരാണ് സ്വന്തം രക്ഷിതാക്കളുടെ കൈകളാൽ കൊലചെയ്യപ്പെട്ടത്. തങ്ങളുടെ കാലശേഷം ഈ മക്കളുടെ അവസ്ഥ എന്താകുമെന്ന ആലോചനകൾ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയ നിമിഷങ്ങളിലാണ് മേൽപറഞ്ഞ ഒമ്പത് ദാരുണ സംഭവങ്ങളും നടന്നത്. തൃശൂർ കേച്ചേരിയിൽ 28 വയസ്സുള്ള ഡൗൺ സിൻഡ്രോം ബാധിതനെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും തൃശൂർ ചേർപ്പിൽ മാനസിക വെല്ലുവിളി നേരിട്ടിരുന്ന 24 കാരിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും കുട്ടികളുടെ പിതാക്കളായിരുന്നു പ്രതികളെങ്കിൽ കാസർകോട്ട് ഭിന്നശേഷിക്കാരിയായ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് അമ്മയായിരുന്നു.
മലപ്പുറത്ത് അപൂർവ ജനിതക രോഗം ബാധിച്ച രണ്ടു കുട്ടികളെയും കൊലപ്പെടുത്തി അച്ഛനും അമ്മയും ജീവനൊടുക്കിയത് ഏതാനും മാസം മുമ്പാണ്. ആലപ്പുഴയിൽ മാനസിക വെല്ലുവിളി നേരിട്ടിരുന്ന രണ്ടു പെൺമക്കളെയും ചേർത്ത് തീകൊളുത്തി മരിച്ചതും മാതാവായിരുന്നു. ഇതിനുപുറമെ തെരുവിലും അഴുക്കുചാലിലും ആട്ടിൻകൂട്ടിലും ഒക്കെ ഉപേക്ഷിക്കപ്പെട്ട സംഭവങ്ങളും നിരവധിയാണ്.
ഉത്തരവാദികൾ/കാരണങ്ങൾ
നാം ജീവിക്കുന്ന കാലത്ത് ഏറ്റവും അധികം മനുഷ്യാവകാശ നിഷേധങ്ങൾ അനുഭവിക്കുന്നവരാണ് ഡിസബിലിറ്റി ഉള്ളവർ. ഭിന്നശേഷിക്കാർ എന്നോ ദിവ്യാംഗജർ എന്നൊക്കെയുള്ള പരികൽപനകൾ യാഥാർഥ്യങ്ങളിൽനിന്ന് ഒരുപാട് ദൂരെയാണ്. ഡിസബിലിറ്റിയുള്ള വ്യക്തിക്ക് മറ്റുള്ളവരെ ആശ്രയിക്കാതെയുള്ള ജീവിതം അസാധ്യമാണ് എന്ന പൊതുസമൂഹത്തിന്റെ നിർമിതിയാണ് അടിസ്ഥാന പ്രശ്നം.
മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും അതിനാവശ്യമായ നയരൂപവത്കരണത്തിനുമൊക്കെ തടസ്സമാകുന്നത് ഈ സാമൂഹിക ധാരണയാണ്. രണ്ടു മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത മാതാപിതാക്കൾ ബാങ്ക് ഉദ്യോഗസ്ഥർ ആയിരുന്നു. സാമ്പത്തിക ഭദ്രതക്ക് അപ്പുറം ഡിസബിലിറ്റിയുമായി കേരളീയ സമൂഹത്തിൽ അതിജീവനം സാധ്യമല്ല എന്ന തിരിച്ചറിവാണ് അവരെ അതിന് പ്രേരിപ്പിച്ചത്. സാമൂഹിക സുരക്ഷ പദ്ധതികളുടെ അപര്യാപ്തതകളും ഇതോടൊപ്പം ചേർത്തുവായിക്കപ്പെടണം.1600 രൂപ പെൻഷനും 600 രൂപ ആശ്വാസ കിരണവും ചേർത്താലും ഫിറ്റ്സ് വരുമ്പോഴുള്ള മരുന്ന് വാങ്ങാനുള്ള തുക പോലും ആവില്ല എന്നതാണ് യാഥാർഥ്യം. വളർച്ചയുടെ ആദ്യ വർഷങ്ങളിൽ തുടങ്ങി ജീവിതത്തിലുടനീളം കിട്ടേണ്ട വിവിധ തെറപ്പികൾ സാധാരണക്കാർക്ക് ഇന്നും താങ്ങാനാവുന്നതിനും അപ്പുറത്താണ്. ഡിസബിലിറ്റിയുമായി ജീവിക്കുന്ന കുട്ടിയോടൊപ്പം അച്ഛനോ അമ്മയോ രണ്ടു പേരും ഒരുമിച്ചോ എല്ലാ സാമൂഹിക ഇടപെടലുകളിൽനിന്നും റദ്ദായി ജീവിതം തള്ളിനീക്കുകയാണ്.
എന്താണ് പരിഹാരം?
അനുഗ്രഹം/പരീക്ഷണം/മാലാഖ തുടങ്ങിയ സിദ്ധാന്തങ്ങൾക്കും പരികൽപനകൾക്കും അപ്പുറം യാഥാർഥ്യബോധത്തോടെയുള്ള സമീപനമാണ് ഭിന്നശേഷി മേഖലയോട് വിശിഷ്യാ സർക്കാറും പൊതുവിൽ സമൂഹവും സ്വീകരിക്കേണ്ടത്. ഉപേക്ഷിക്കപ്പെടുന്ന ഭിന്നശേഷിക്കാർക്കുള്ള ഫൗണ്ടലിങ് ഹോമിൽ തുടങ്ങി,പ്രസവകാലം മുതൽ ആരംഭിച്ച് ആറുവയസ്സ് വരെയുള്ള കുട്ടികൾക്കായി എല്ലാ തെറപ്പികളും ലഭ്യമാകുന്ന ഏർലി ഇന്റർവെൻഷൻ സെന്ററുകൾ പഞ്ചായത്ത് തലത്തിൽ സജ്ജമാക്കുകയാണ് ആദ്യപടി. തുടർന്ന് ഏഴുമുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി റസിഡൻഷ്യൽ ലൈഫ് സ്കൂൾ സംവിധാനം.
തുടർന്ന് 14 മുതൽ 25 വയസ്സ് വരെയുള്ളവർക്കായി റസിഡൻഷ്യൽ വൊക്കേഷനൽ ട്രെയിനിങ് സെന്ററുകൾ. ഡിസബിലിറ്റി ഉള്ളവർക്ക് അവരുടെ പ്രത്യേകതകൾ അനുസരിച്ചുള്ള തൊഴിൽ മേഖല കണ്ടെത്തി അതിൽ തീവ്രപരിശീലനം നൽകുകയാണ് ഇവിടെ വേണ്ടത്. ഇതിനായി സിമുലേഷൻ ലാബുകളും മോക്ക് സൂപ്പർ വർക്ക് പ്ലേസുകളും തുടങ്ങി സാധ്യമാകുന്നവയൊക്കെ ക്രമീകരിക്കാം.ഒരു തരത്തിലുമുള്ള പരിശീലനങ്ങൾക്കും സാധിക്കാത്ത 18 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് നമ്മൾ കഴിക്കുന്ന ഭക്ഷണവും നമ്മൾ ധരിക്കുന്ന വസ്ത്രവും നൽകുന്ന പുനരധിവാസ കേന്ദ്രങ്ങളും സജ്ജമാക്കണം. ഈ അർഥത്തിൽ കാഴ്ചപ്പാടോടുകൂടി മുന്നോട്ടുപോയാൽ ഈ മേഖല ഇന്നനുഭവിക്കുന്ന യാതനകൾക്ക് ഒരളവുവരെ പരിഹാരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.