കുതിച്ചുപായട്ടെ വില്ലുവണ്ടികൾ വീണ്ടും
text_fieldsകേരളത്തിെൻറ നവോത്ഥാന സമരങ്ങളുടെ ചരിത്രരേഖകൾ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. ചിലരുടെ പേരുകള്‍ മാത്രമാണ് അടയാളപ്പെടുത്തിയിട്ടുള്ളതെന്ന്. വളരെ കുറച്ചു നവോത്ഥാന നായകര്‍/നായികമാര്‍ മാത്രം ചരിത്രരചനയുടെ ഭാഗമാവുകയും/ഭാഗമാക്കുകയും നിർണായകവും സുപ്രധാനവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ പലരെയും ഒഴിവാക്കുകയുംചെയ്ത് സവര്‍ണ കേന്ദ്രിതമായ നവോത്ഥാന ചരിത്രമാണ് ലോകത്തിന് മുന്നിൽ പ്രതിഷ്ഠിക്കപ്പെടുന്നത്. ഇത്തരം തമസ്കരണത്തിെൻറ ഭാഗമായാണ് ഇടമില്ലാത്തവർക്ക് ഇടം പോരാടി നേടിക്കൊടുത്ത അയ്യന്‍കാളിക്ക് ഏറെക്കാലം ചരിത്രപുസ്തകങ്ങളിൽ ഇടമില്ലാതെ പോയത്. വൈരാഗ്യബുദ്ധിയോടെ അകറ്റിനിർത്താൻ ആവതു ശ്രമിച്ചെങ്കിലും ഏറെ വൈകിയാണെങ്കിലും സവർണ മുഖ്യധാരക്ക് അയ്യൻകാളിയെ അംഗീകരിക്കേണ്ടി വന്നു. അതിെൻറ കൂടി ഭാഗമായാണ് ആധുനിക കേരളത്തെ നിർമിക്കുന്നതില്‍ നിര്‍ണായക സംഭവമായ അയ്യന്‍കാളിയുടെ വില്ലുവണ്ടി സമരത്തിെൻറ 125ാം വാര്‍ഷികം കഴിഞ്ഞവര്‍ഷം ഔദ്യോഗികമായി ആഘോഷിച്ചത്.
ബ്രാഹ്മണിക്കല്‍ വ്യവഹാരങ്ങള്‍ക്ക് നേരെ വൈജ്ഞാനിക പ്രതിരോധത്തെയാണ് നാരായണഗുരു മുന്നോട്ടുവെച്ചത്. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബലപ്രയോഗത്തിെൻറയും സംഘബോധത്തിെൻറയും ജ്ഞാനോൽപാദനത്തിെൻറയും പ്രതിരോധ തന്ത്രമാണ് അയ്യന്‍കാളി തിരഞ്ഞെടുത്തത്.
എഴുപതുകളുടെ ആരംഭത്തിലാണ് അയ്യന്‍കാളി കേരളചരിത്രത്തിെൻറ പൊതുമണ്ഡലത്തില്‍ സജീവ ചര്‍ച്ചയായി മാറുന്നത്. അതിെൻറ തുടക്കമായിരുന്നു ചെന്താരശ്ശേരിയുടെ ആദ്യ അയ്യന്‍കാളി ജീവചരിത്ര പുസ്തകം. തൊണ്ണൂറുകളോടെ ഇടതു ചരിത്രകാരന്മാരും അയ്യന്‍കാളിയെക്കുറിച്ച് എഴുതാന്‍ തുടങ്ങി. പി. ഗോവിന്ദപ്പിള്ള നാല് വാല്യങ്ങളിലായെഴുതിയ കേരള നവോത്ഥാന ചരിത്രത്തിൽ അയ്യന്‍കാളിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ അക്കാദമികമായും അല്ലാതെയും അയ്യന്‍കാളിയെക്കുറിച്ചുള്ള നിരവധി രചനകള്‍ പുറത്തുവരുന്നു.
ദാരിദ്ര്യത്തിെൻറയും സാമൂഹിക വിവേചനത്തിെൻറയും നുകത്തില്‍ ഞെരുങ്ങുന്ന, അജ്ഞതയുടെ ഇരുളിലാണ്ട് തപ്പിത്തടഞ്ഞിരുന്ന മനസ്സുകളില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ അയ്യന്‍കാളി കഠിനപരിശ്രമം നടത്തി. അവരുടെ മനസ്സില്‍ ആദരവിെൻറയും ആത്മവിശ്വാസത്തിെൻറയും അവബോധം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നാണ് ചെന്താരശ്ശേരി നിരീക്ഷിക്കുന്നത്. ധിക്കാരിയെന്നും താന്തോന്നിയെന്നും സവര്‍ണലോകം വിളിച്ചപ്പോഴും പിന്തിരിയാതെ കീഴാള സമൂഹത്തിെൻറ ഉയര്‍ച്ചക്കായി ആവുന്നതെല്ലാം ചെയ്തു.
ദലിതർക്ക് പൊതുവഴിയിലൂടെ അന്തസ്സോടെ നടക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പോൾ ആരെയും കൂസാതെ വിശേഷവസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിൽ യാത്ര ചെയ്ത് സവർണഗർവിനെ വെല്ലുവിളിച്ചു. ദലിത് സ്ത്രീകളുടെ മേൽമുണ്ടിന് നേരെ നീണ്ട കൈകൾ തല്ലിയൊടിച്ച അദ്ദേഹം ജാതീയതയുടെ അടയാളമായ കല്ലയും മാലയും വലിച്ചെറിയാൻ ധൈര്യം പകർന്നു.
അയ്യന്‍കാളിയുടെ സാമൂഹിക കാഴ്ചപ്പാടുകള്‍
പലതായി വിഘടിച്ചുനിന്നിരുന്ന ദലിത് വിഭാഗത്തെ ഏകീകരിക്കുന്നതിലൂടെ മാത്രമേ അവരുടെ വിമോചനം സാധ്യമാകൂ എന്നു കണ്ടെത്തിയ അയ്യന്‍കാളി കീഴാളരായ മുഴുവന്‍ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധത്തിലാണ് 1907ല്‍ സാധുജന പരിപാലന സംഘം രൂപവത്കരിച്ചത്. അയ്യന്‍കാളിയുടെ കാഴ്ചപ്പാടിലേക്ക് ഇപ്പോഴും കീഴാളസമൂഹത്തിന് പൂര്‍ണമായും എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇതൊരു വലിയ ചുവടുവെപ്പായിരുന്നു. സംഘത്തിെൻറ രൂപവത്കരണത്തോടെ കീഴാള വിഭാഗങ്ങള്‍ ഉപജാതി ചിന്തകള്‍ മാറ്റിവെച്ച് ഏകീകരിക്കാന്‍ ശ്രമം ആരംഭിച്ചു. പ്രത്യേകിച്ചും ദലിതരുടെ ഇടയിലുണ്ടായ സംഘടിത മുന്നേറ്റങ്ങള്‍ പ്രജാസഭയില്‍ അയ്യന്‍കാളിക്ക് അംഗത്വം നേടിക്കൊടുത്തു.
ദലിതര്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം നല്‍കണമെന്ന് പല പ്രാവശ്യം അധികൃതരോട് അയ്യൻകാളിയും കൂട്ടരും ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. ഇതോടെ ബാലരാമപുരം ഊരൂട്ടമ്പലം സ്കൂളിലേക്ക് അയ്യന് എന്നയാളുടെ മകള്‍ പഞ്ചമിയുടെ കൈപിടിച്ച് കയറിച്ചെന്ന അയ്യന്‍കാളി ചരിത്രത്തില്‍ വലിയൊരു പരിവര്‍ത്തനത്തിനു തന്നെയാണ് തുടക്കം കുറിച്ചത്. അയ്യന്‍കാളിയുടെ പ്രവര്‍ത്തനഫലമായി 1910ൽ സര്‍ക്കാര്‍ അസ്പൃശ്യര്‍ക്ക് സ്കൂള്‍ പ്രവേശനത്തിന് ഉത്തരവ് പാസാക്കിയെങ്കിലും പഠിപ്പിക്കാന്‍ സവര്‍ണര്‍ തയാറായില്ല. മർദിച്ചൊതുക്കാനാണ് അവര്‍ ഒരുെമ്പട്ടത്.
അയ്യന്‍കാളി കൊളുത്തിയ സ്വാതന്ത്ര്യത്തിെൻറ തിരി മാരായമുട്ടം, വെങ്ങാനൂര്‍, പെരുമ്പഴുതൂര്‍, കുന്നത്തുകാല്‍ എന്നിവിടങ്ങളില്‍ വെളിച്ചം പകർന്നു. അയ്യന്‍കാളി വെങ്ങാനൂരില്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ സവര്‍ണര്‍ തീവെച്ചു നശിപ്പിച്ചു. ഇന്നും ആ മനോഭാവം സവർണ സമൂഹത്തിൽനിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. അയ്യന്‍കാളി ആരംഭിച്ച പോരാട്ടം അതേ അർഥത്തിൽ മുന്നോട്ട് കൊണ്ടുപോവുകയാണ് ദലിത് സമൂഹത്തിന് മുന്നിലെ വഴി.
ആദ്യ തൊഴിലാളിസമരം തമസ്കരിക്കപ്പെട്ടതെന്തുകൊണ്ട്?
കേരളത്തില്‍ ആദ്യമായി സംഘടിത തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയത് അയ്യന്‍കാളിയാണെന്ന് ഇന്ന് എത്രപേർക്കറിയാം? ശമ്പളം വര്‍ധിപ്പിക്കുക, തൊഴില്‍സമയം കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 1913ല്‍ അയ്യൻകാളിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരമാരംഭിച്ചതോടെ കണ്ടല, പള്ളിച്ചല്‍, മുടവപ്പാറ, വഴിഞ്ഞം, കണിയാപുരം വരെ വയലുകളില്‍ ഒരു വര്‍ഷത്തിലധികം ജോലി നടക്കാതെയായി. ഒടുവിൽ ജന്മികളും മാടമ്പികളും അടിയറവ് പറയേണ്ടിവന്നു. റഷ്യന്‍ വിപ്ലവം നടക്കുന്നതിനു മുമ്പ് കേരളത്തില്‍ അയ്യൻകാളിയുടെ നേതൃത്വത്തില്‍ നടന്ന കാര്‍ഷിക സമരത്തെ അംഗീകരിക്കാന്‍ കേരളത്തിലെ വിപ്ലവമാടമ്പികൾ തയാറാവാത്തത് ഉള്ളിലെ സവര്‍ണബോധം കൊണ്ടാണ്.
പുരോഗമനവാദികളെന്നും മതേതരവാദികെളന്നും നടിക്കുന്ന കേരളത്തിലെ സവര്‍ണ ബുദ്ധിജീവികള്‍ക്ക് നങ്ങേലിയെയും ശകുന്തളാദേവിയെയും അയ്യന്‍കാളിയെയും പൊയ്കയില്‍ കുമാരഗുരുവിനെയും (അപ്പച്ചന്) വൈകുണ്ഠസ്വാമിയെയും ആറാട്ടുപുഴ വേലായുധപ്പണിക്കരെയും തൈക്കാട്ട് അയ്യാ സ്വാമിയെയും പണ്ഡിറ്റ് കറുപ്പനെയും ബ്രഹ്മാനന്ദ ശിവയോഗിയെയും സഹോദരന് അയ്യപ്പനെയും വക്കം മൗലവിയെയുമൊന്നും അംഗീകരിക്കാൻ കഴിയുന്നില്ല. എന്തിനേറെ ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ഓർമകളെപ്പോലും മൂടിവെക്കാനാണ് അവർ നിരന്തരം ശ്രമിച്ചുപോരുന്നത്. അതുകൊണ്ടുതന്നെ അയ്യൻകാളിയുടെയും അംബേദ്കറിെൻറയുമുൾപ്പെടെ ഓർമകളെയും ചിന്തകളെയും ഉയർത്തിപ്പിടിക്കുകയും അവർ പുലർത്തിയ ആർജവവും ആദർശവും നെഞ്ചിലേറ്റുകയുംചെയ്ത് മുന്നോട്ടു കുതിക്കുക തന്നെയാണ് നമുക്ക് മുന്നിലെ മാർഗം. പണ്ട് ദലിത് മക്കളെ പള്ളിക്കൂടത്തിൽ അക്ഷരം പഠിക്കാൻ അനുവദിക്കാത്തതിെൻറ പേരിലാണ് അയ്യൻകാളിക്ക് വിപ്ലവം നയിക്കേണ്ടിവന്നത്. എന്നാലിന്നോ? അവർ നൽകിയ കരുത്തിൽ പഠിച്ചു വളർന്ന്, ജീവിത പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തട്ടിത്തെറിപ്പിച്ച് കഠിനാധ്വാനംചെയ്ത് ഐ.ഐ.ടികളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും പഠിക്കാനെത്തുന്ന ദലിത്-പിന്നാക്ക വിദ്യാർഥികളെ ജാതി വിവേചനത്താൽ ശ്വാസം മുട്ടിച്ച് കൊല്ലുന്ന മേൽക്കോയ്മാ ഭാവമാണ് വാ പിളർന്ന് നിൽക്കുന്നത്. അതിനെ ചെറുക്കാൻ നമ്മൾ പാഠമുൾക്കൊള്ളേണ്ടത് അയ്യൻകാളിയിൽ നിന്നു തന്നെയാണ്.
(ലേഖകന്‍ ഗ്രന്ഥകാരനും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.