മനുനീതിയെന്ന സംഘ്പരിവാർ ലക്ഷ്യത്തിലേക്ക്
text_fieldsദലിതർക്കുനേരെയുള്ള ആക്രമണങ്ങളിൽ ഭരണകൂടം എന്താണോ ചെയ്യുന്നത് അതൊക്കെയാണ് ഹാഥറസ് കേസിൽ നടക്കുന്നത്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം പൊലീസുതന്നെ കൊണ്ടുപോയി കത്തിക്കുന്നു. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൽ സെർവിക്കൽ സ്‌പൈനിലെ പരിക്ക് പറയുന്നുണ്ടെങ്കിലും ഫോറൻസിക് റിപ്പോർട്ടിൽ ബലാത്സംഗ സൂചനയില്ല. (പിന്നീട് പുറത്തുവന്ന മെഡിക്കോ ലീഗൽ റിപ്പോർട്ടിൽ ക്രൂരമായ ബലാത്സംഗം നടന്നു എന്ന് ഉറപ്പിച്ചുപറഞ്ഞു). പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധനക്ക് വിധേയമാക്കാൻ സർക്കാർ ഉത്തരവിടുന്നു. അഭിഭാഷകരോടോ മാധ്യമങ്ങളോടോ കുടുംബാംഗങ്ങളെ സംസാരിക്കാൻ അനുവദിക്കുന്നില്ല. .
യോഗി ആദിത്യനാഥ് ഭരണമേറ്റെടുത്തശേഷം ഉത്തർപ്രദേശിലെ ജാതി ആക്രമണങ്ങളിൽ വൻവർധനയുണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയ മനുഷ്യാവകാശ കമീഷൻ പുറത്തുവിട്ട കണക്കുപ്രകാരം ദലിത്-ന്യൂനപക്ഷങ്ങൾക്കു നേരെ 'സവർണർ' നടത്തുന്ന ആക്രമണങ്ങളിൽ യു.പി മുന്നിലാണ്. ജനങ്ങളെ ജാതീയമായി വേർതിരിച്ച് ഭരിച്ച പഴയ നാട്ടുരാജാക്കന്മാരുടെ ഭരണമാണ് ഓർത്തെടുക്കാനാവുന്ന ഏക മാതൃക. ജനാധിപത്യം തുടർച്ചയായി കൂട്ടക്കുരുതിക്കിരയാവുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുന്നിൽ ഉത്തർപ്രദേശാണ് -രാജ്യത്താകെയുള്ളതിെൻറ 14.7 ശതമാനം.
ജാതീയമായ ഉച്ചനീചത്വങ്ങൾക്ക് അനുസരിച്ചാവണം ജനങ്ങൾ ജീവിക്കേണ്ടതെന്ന് ഭരണകൂടം നിരന്തരം ജനങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അത് പഞ്ചായത്ത് മെംബർ മുതൽ പാർലമെൻറ് അംഗം വരെയുള്ള 'ജനപ്രതിനിധികൾ' ശിരസാവഹിക്കുന്നു. തൊട്ടുകൂടായ്മകൾ, തീണ്ടാപ്പാടുകൾ എല്ലാം കൃത്യമായി നടപ്പാക്കപ്പെടുന്നു. ഹാഥറസ് ദലിത് വിഭാഗക്കാർ കൂടുതലുള്ള മേഖലയാണ്. രാജ്‌വീർ ദിലർ എന്ന ദലിത് ബി.ജെ.പി നേതാവാണ് പാർലമെൻറിൽ ഹാഥറസിനെ പ്രതിനിധാനംചെയ്യുന്നത്. അദ്ദേഹം അതിനുമുമ്പ് ജില്ല പഞ്ചായത്തംഗം, എം.എൽ.എ എന്നീ നിലകളിൽ ദീർഘകാലമായി ഭരണനേതൃത്വത്തിലുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയിട്ടുണ്ടെന്ന് ആദ്യം പൊലീസിനെ ന്യായീകരിച്ച ജനപ്രതിനിധിയായിരുന്നു അദ്ദേഹം.
ഉയർന്ന ജാതിയിൽപെട്ടവരുടെ വീടുകളിൽ തറയിലിരുന്ന് വോട്ട് അഭ്യർഥിക്കുന്ന ഇദ്ദേഹത്തിെൻറ ചിത്രം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. താഴ്ന്ന സമുദായത്തിൽപെട്ട ആളായതുകൊണ്ടു പാരമ്പര്യത്തെ താൻ നിഷേധിക്കില്ലെന്നാണ് ദീർഘവർഷം ജനപ്രതിനിധിയായ ഈ ബി.ജെ.പി നേതാവ് അന്ന് പറഞ്ഞത്. മാത്രമല്ല, ഉയർന്ന ജാതിക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വെള്ളം കുടിക്കാനുള്ള ഗ്ലാസ് പോലും എപ്പോഴും കൈയിൽ സൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അഞ്ച് തവണ എം.എൽ.എ.യും ഒരു തവണ എം.പി.യുമായ കിഷൻലാലിെൻറ മകനാണ് രാജ്‌വീർ ദിലർ എന്നുകൂടി ഓർക്കണം. ജാത്യാധികാരത്തിനു മുന്നിൽ, സവർണ ഫാഷിസത്തിനു മുന്നിൽ മുട്ടിലിഴയുന്ന ജനനേതാക്കൾക്ക് എങ്ങനെ ജനങ്ങളെ അവരിൽനിന്ന് സുരക്ഷിതരാക്കാനാവും? ഭരണഘടനയെ കരിമ്പട്ടികയിൽപെടുത്തി മനുനീതി നടപ്പാക്കുന്ന ഒരു രാജ്യമാണ് സംഘ്പരിവാറിെൻറ ലക്ഷ്യം. അതിലേക്ക് അവർ വളരെ വേഗം നടന്നെത്തുകയാണെന്ന് ഉത്തർപ്രദേശിനെ സാക്ഷിനിർത്തി ആർക്കും പറയാനാവും.
തങ്ങളുടെ താൽക്കാലിക 'ലാഭ'ത്തിനപ്പുറം ഒന്നിനും മുതിരാത്ത വലതുപക്ഷ-കോർപറേറ്റ് നിയന്ത്രിത മാധ്യമയുക്തിയും ഇത്തരം അധികാരദുർവിനിയോഗങ്ങൾക്ക് ചൂട്ടുപിടിക്കുന്നുണ്ട്. ഫാഷിസം ജനതയെ ഭയപ്പെടുത്തി ഭരിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം പോലും നാവിൽനിന്ന് വീഴരുതെന്ന വാശിയാണ് ഇവിടുത്തെ പല പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും നയിക്കുന്നത്. ജനതയെ അലോസരപ്പെടുത്തുന്ന ഒന്നിനെയും അഭിമുഖീകരിക്കാൻ അവർ ഒരിക്കലും തയാറായിട്ടില്ല, സ്വന്തം അണികളെ അതിന് പ്രേരിപ്പിച്ചിട്ടില്ല. എന്നാൽ, ജനാധിപത്യസംവിധാനങ്ങളെ ഏതുമാർഗത്തിലൂടെയും അട്ടിമറിക്കാൻ അവർക്കൊരു മടിയുമില്ല. മാറ്റേണ്ടത്, ആ നയം തന്നെയാണ്. ഭഞ്ജിക്കേണ്ടത് ആ മൗനം തന്നെയാണ്. ഇല്ലെങ്കിൽ ഹാഷ്ടാഗുകൾ മാറുമെങ്കിലും ഉന്നാവും ഹാഥറസും ആവർത്തിച്ചുകൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.