വ്യാപാരികളെ ജീവിക്കാൻ അനുവദിക്കണം
text_fieldsകോവിഡ് പ്രതിസന്ധിയുടെ തുടക്കം മുതൽ ത്യാഗമനസ്സോടെ വർത്തിച്ചുപോരുകയാണ് കേരളത്തിലെ വ്യാപാരികൾ. കടകൾ അടച്ചിടണമെന്ന് അധികാരികൾ നിർദേശിച്ച സന്ദർഭങ്ങളിലെല്ലാം അവരനുസരിച്ചു. സ്റ്റോക്ക് ചെയ്ത വസ്തുക്കൾ വിൽക്കാനാവാതെ ഉപയോഗശൂന്യമായി, ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലായി. വാടകയും നികുതിയും തിരിച്ചടവും നൽകാനാവാതെ വ്യാപാരികളിലേറെയും കടക്കെണിയിലുമായി. കടകൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിൻെറ കാരണം വിശദമാക്കുന്നു സംസ്ഥാനത്തെ പ്രമുഖ വ്യാപാരി നേതാക്കൾ...
ഞങ്ങൾ രോഗം പരത്തുന്നവരല്ല -രാജു അപ്സര (സംസ്ഥാന ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി)
കോവിഡ് രോഗവ്യാപനം കൂട്ടാൻ വേണ്ടിയല്ല വ്യാപാരികൾ നിലകൊള്ളുന്നതെന്ന് സർക്കാർ ദയവു ചെയ്ത് മനസ്സിലാക്കണം. മറിച്ച് അത് ഏത് വിധേനയും കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് കടകൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. അതിനെ ക്രിയാത്മകമായി കാണുന്നതിനു പകരം ഞങ്ങളെ ശത്രുപക്ഷത്ത് നിർത്തരുത്. വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ ഏഴു ദിവസവും തുറന്നാൽ വലിയ തിക്കും സ്വാഭാവികമായും ഇല്ലാതാകും.
ഉദാഹരണത്തിന് 20 ഉപഭോക്താക്കൾ വീതം എല്ലാദിവസവും വരുന്നതിന് പകരം ആഴ്ചയിലൊരിക്കൽ തുറക്കുന്ന രീതിയാണെങ്കിൽ 140 പേരും അന്നുതന്നെ എത്തും. ഇത്തരമൊരു സാഹചര്യത്തിൽ കടയുടമക്കോ ജീവനക്കാർക്കോ ഉപഭോക്താക്കളെ നിയന്ത്രിക്കാൻ കഴിയുകയില്ല. സാനിറ്റൈസേഷൻ, ഫ്യൂമിഗേഷൻ തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനോ കഴിയില്ല.
സർക്കാറിെൻറ കോവിഡ് ലോക്ഡൗൺ മാർഗനിർദേശങ്ങൾ തീർത്തും അശാസ്ത്രീയമാണ്. നിലവിലെ ഇളവുകൾ മുൻനിർത്തി കടകൾ തുറക്കുന്ന രീതി രോഗവ്യാപനം വർധിപ്പിക്കുന്നതിന് മാത്രമേ വഴിയൊരുക്കൂ. നേരെമറിച്ച് എല്ലാദിവസവും കൃത്യമായി കടകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കുന്നത് വഴി രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കും. വിദേശരാജ്യങ്ങളിലെല്ലാം ഇത്തരം സമീപനം സ്വീകരിച്ചത് വിജയമാണെന്ന് തെളിഞ്ഞതാണ്.വിദഗ്ധരും ഇതു ശരിവെക്കുന്നു.
നേരത്തേ പൂർണമായും അടച്ചിട്ടുകൊണ്ടുള്ള ലോക്ഡൗണിനെ വ്യാപാരി സമൂഹം സർവാത്മനാ സ്വാഗതം ചെയ്തതാണ്. അതുമായി പൂർണമായും സഹകരിക്കുകയും ചെയ്തു. അതേസമയം, ഇപ്പോൾ കടകൾ അടച്ചിടാൻ സർക്കാർ മുന്നോട്ട് വെക്കുന്ന ടി.പി.ആർ മാനദണ്ഡം തീർത്തും അശാസ്ത്രീയമാണ്. എല്ലാ ദിവസവും കടകൾ തുറക്കുക വഴി ഉപഭോക്താക്കളുടെ തിരക്ക് കുറക്കാനാകുമെന്നത് അനുഭവങ്ങൾകൊണ്ട് ബോധ്യപ്പെട്ടതാണ്. അതിനു പുറമെ, അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങളാണ് അഭികാമ്യം. അതൊന്നുമില്ലാതെ നിശ്ചിത ദിവസങ്ങളിൽ മാത്രം കടകൾ തുറക്കുന്നത് പ്രായോഗികതലത്തിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.
നിലവിൽ രോഗവ്യാപനം നടക്കുന്നത് വീടുകളിലാണെന്ന യാഥാർഥ്യം തിരിച്ചറിയപ്പെടാതെ പോകുന്നതും ശരിയല്ല. മുമ്പുണ്ടായിരുന്നതുപോലെ ക്വാറൻറീൻ പൂർത്തിയാക്കി 17ാം ദിവസം റീടെസ്റ്റ്എന്ന സമ്പ്രദായം നിലവിലില്ലാത്തത് ഗുരുതര പ്രശ്നങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. മുമ്പ് ചെയ്തിരുന്നതുപോലെ കോവിഡ് പോസിറ്റിവ് ആയിട്ടുള്ളവരെ മാറ്റിപാർപ്പിക്കുക എന്ന മാർഗം ദൗർഭാഗ്യവശാൽ നിർത്തിവെച്ചിരിക്കുകയുമാണ്. വ്യാപാരി സമൂഹത്തെ ഒന്നടങ്കം ജനവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ്.
അവസ്ഥ അതിഗുരുതരം ബിന്നി ഇമ്മട്ടി (സംസ്ഥാന ജോയൻറ് സെക്രട്ടറി, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി)
എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കണമെന്ന ആവശ്യത്തിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വ്യാപാരി സമൂഹത്തിനൊപ്പമാണ്. അതേസമയം, ഇതിനെച്ചൊല്ലി സർക്കാറുമായി ഏറ്റുമുട്ടലിനില്ല. ഏതെങ്കിലും വ്യാപാരി സംഘടന ഇതിനെ കക്ഷി രാഷ്ട്രീയതലത്തിലേക്ക് കൊണ്ടുപോകരുതെന്നാണ് സമിതിക്ക് പറയാനുള്ളത്.
സർക്കാർ എല്ലാ സംഘടനകളുമായും ചർച്ചക്ക് തയാറാകണം. കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം. ടി.പി.ആറിെൻറ അടിസ്ഥാനത്തിലുള്ള നിയന്ത്രണവും ഇളവും അശാസ്ത്രീയമാണ്. ടി.പി.ആർ കുറഞ്ഞ ഇടത്ത് തുറന്നുവെച്ച കടയിലേക്ക് ടി.പി.ആർ കൂടിയ പ്രദേശത്തെ ആളുകൾ വന്നാൽ എങ്ങനെയിരിക്കും? അതാണ് ഇപ്പോൾ സംഭവിക്കുന്നത്. അതേസമയം, ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള വൻകിട ഓൺലൈൻ ശൃംഖലകൾക്ക് നിയന്ത്രണം ബാധകവുമല്ല. അതുകൊണ്ടുതന്നെ ഇത്തരമൊരു അശാസ്ത്രീയ തീരുമാനം എടുക്കുന്നതിനു പിന്നിൽ ആരോ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രാജ്യത്ത് മറ്റെല്ലായിടത്തും വ്യാപാര സ്ഥാപനങ്ങൾ എന്നും തുറക്കാം, സ്കൂളുകൾ പോലും പ്രവർത്തിക്കാം എന്നിരിക്കെ ഇവിടെ മാത്രം പാടില്ലെന്ന് പറയുന്നത് ശരിയല്ല. കടകൾ എന്നും തുറന്നാൽ സർക്കാറിെൻറ റവന്യൂ വരുമാനം ഉൾപ്പെടെ സമൂഹത്തിനാകെ ഗുണമാണ്. വലുതും ചെറുതുമായ വ്യാപാരികളും സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. കടകൾ തുറക്കാൻ അനുവദിക്കുകയും എല്ലാവർക്കും എത്രയും വേഗം പ്രതിരോധ വാക്സിൻ ലഭ്യമാക്കാൻ ശ്രമിക്കുകയുമാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.