പാളം തെറ്റിയത് നിയമവാഴ്ചക്ക്; പഴി മുസ്‍ലിംകൾക്ക്
text_fieldsഒരു തീവണ്ടി അപകടംപോലും മുസ്‍ലിം ജനസമൂഹത്തെ പൈശാചികവത്കരിക്കാനുള്ള അവസരമാക്കി മാറ്റുന്ന രീതി മറ്റൊരു നാട്ടിലുമുണ്ടാവില്ല. 280ലേറെപ്പേരുടെ ജീവനെടുത്ത ഒഡിഷ ബാലസോറിലെ തീവണ്ടി ദുരന്തം സംഭവിച്ച് അൽപ സമയത്തിനുള്ളിൽ അതിന്റെ പഴി മുസ്‍ലിംകളുടെ മേൽ ചാർത്തിക്കൊണ്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും വാട്ട്സ്ആപ് ഗ്രൂപ്പുകളിലും പോസ്റ്റുകൾ പ്രവഹിക്കാൻ തുടങ്ങി.
മൂന്ന് വണ്ടികൾ കൂട്ടിയിടിച്ചത് വെള്ളിയാഴ്ച ദിവസമായത് യാദൃച്ഛികമാണോ എന്ന ചോദ്യം കൊണ്ട് മതിയാവാതെ സ്റ്റേഷൻ മാസ്റ്റർ മുസൽമാനാണെന്ന കള്ളവും പടക്കപ്പെട്ടു. അപകടം നടന്ന ട്രാക്കിനരികിലെ ദേവാലയത്തിന്റെ ചിത്രം മസ്ജിദ് എന്ന പേരിൽ പ്രചരിപ്പിച്ചത് അതിലുമേറെ ദുഷ്ടലാക്കോടെയാണ്. ആ നുണ അതിവേഗം പൊളിച്ചടുക്കപ്പെട്ടു. അതൊരു ക്ഷേത്രമായിരുന്നു. യഥാർഥത്തിൽ അതൊരു മസ്ജിദ് ആയിരുന്നുവെങ്കിൽ ഒരടിസ്ഥാനവുമില്ലാത്ത ഈ ഗൂഢാലോചന സിദ്ധാന്തത്തിന് എത്രമാത്രം ചിറകുവെച്ചേനെ.
അപകടം സി.ബി.ഐ അന്വേഷിക്കാൻ റെയിൽവേ മന്ത്രി ഉത്തരവിട്ടു. ഈ സംഭവത്തിൽ, കേസ് സി.ബി.ഐ.ക്ക് കൈമാറിയത് ഇത്തരം സാഹചര്യങ്ങളിൽ നടത്താറുള്ള സാധാരണ പ്രക്രിയയെ -സുരക്ഷ കമീഷണറുടെ അന്വേഷണത്തെ മറികടന്നാണ്. അതുകൊണ്ടെന്തുണ്ടായി? സർക്കാറിനുനേരെ അസുഖകരമായ ചോദ്യങ്ങൾ ഉയർന്നേക്കാവുന്ന സുരക്ഷാ പിഴവുകളിൽനിന്ന് ശ്രദ്ധ മാറ്റപ്പെട്ടു. പകരം, അപകടം സംബന്ധിച്ച അന്വേഷണം ഒരു ക്രിമിനൽ ഗൂഢാലോചന സിദ്ധാന്തത്തെയാവും സജീവമാക്കുക.
കേട്ടിട്ടുണ്ടോ രാസവള ജിഹാദ് ?
അപകടത്തിന് തൊട്ടുപിന്നാലെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, കൃഷിയിൽ രാസവളങ്ങൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താൻ ഒരു പ്രസംഗം നടത്തി- രാസവള ജിഹാദ് അനുവദിക്കില്ല എന്നായിരുന്നു അതിന്റെ കാതൽ. മുഖ്യമന്ത്രി ഉദ്ദേശിച്ചത് സംസ്ഥാനത്ത് കൃഷി മുഖ്യ ഉപജീവനമായി കൊണ്ടുനടക്കുന്ന ബംഗാളി മുസ്ലിംകളെയാണ്. അവർ രാസവളങ്ങൾ ഉപയോഗിച്ച് കൃഷിഭൂമി നാശമാക്കുന്നുവെന്ന് ആരോപിക്കുകവഴി ഭൂമി പിടിച്ചെടുത്ത് അവരെ കുടിയിറക്കുക എന്ന താൻ കുറച്ചു വർഷമായി മുന്നോട്ടുവെക്കുന്ന ആശയത്തിന് പുതിയ ഒരു ന്യായീകരണം ചമക്കുകയായിരുന്നു ശർമ.
താൻ താരപ്രചാരകനായിരുന്ന കർണാടകയിൽ ബി.ജെ.പി തോറ്റമ്പിയതിന്റെ ക്ഷീണത്തിൽനിന്ന് മുക്തിപ്രാപിച്ചു വരുന്നതേയുള്ളൂ അദ്ദേഹം. ശർമയും മറ്റ് ബി.ജെ.പി നേതാക്കളും ചേർന്ന് ആ ഇലക്ഷൻ പ്രചാരണത്തെ തികഞ്ഞ മുസ്‍ലിം വിരുദ്ധ പ്രചാരണയുദ്ധമാക്കി മാറ്റിയിരുന്നു. അസമിൽ നൂറുകണക്കിന് മദ്റസകൾ അടച്ചുപൂട്ടിച്ചെന്നും സമ്പൂർണമായി അടച്ചുപൂട്ടൽ ഉറപ്പാക്കുമെന്നും പറഞ്ഞ ശർമ മുസ്‍ലിംകൾ ബഹുഭാര്യത്വം പുലർത്തുന്നുവെന്നും കുടുംബാസൂത്രണത്തിന് എതിരു നിൽക്കുന്നുവെന്നുമെല്ലാം പ്രസംഗിച്ചു. ബഹുഭാര്യത്വക്കണക്ക് പരിശോധിച്ചാൽ ഇന്ത്യയിലെ മുസ്ലിംകളും ഹിന്ദുക്കളും ഏതാണ്ട് സമാസമമാണ്. മുസ്‍ലിം ജനന നിരക്ക് കഴിഞ്ഞ കുറച്ച് ശതകങ്ങളായി വളരെ കുറഞ്ഞുവരുകയാണ്. പക്ഷേ ഒരു ന്യൂനപക്ഷ മതവിഭാഗത്തിനെതിരെ സംഘടിത നുണപ്രചാരണം നടത്തുന്നതിനിടയിൽ വസ്തുതകൾക്ക് എന്ത് പ്രസക്തി.
പ്രത്യക്ഷപ്പെടുന്ന നാസി ചിഹ്നങ്ങൾ
ഉത്തരാഖണ്ഡിലാണെങ്കിൽ പുറത്തുനിന്നു വരുന്ന സകല ആളുകളുടെയും പശ്ചാത്തലം പരിശോധിക്കുമെന്ന് പ്രഖ്യാപിക്കുന്നു ബി.ജെ.പി മുഖ്യമന്ത്രി. പ്രായപൂർത്തിയാവാത്ത ഒരു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ ഒരു മുസ്‍ലിം യുവാവ് അറസ്റ്റിലായതിനു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. മുസ്‍ലിംകൾ കച്ചവടം മതിയാക്കി നാടുവിട്ട് പോകണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ പല പട്ടണങ്ങളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നാസി ജർമനിയിൽ യഹൂദരുടെ സ്ഥാപങ്ങളെ ഉന്നമിട്ട് ചെയ്തിരുന്നതുപോലെ ചിലയിടങ്ങളിൽ മുസ്‍ലിംകളുടെ കച്ചവടസ്ഥാപനങ്ങൾക്കു മുന്നിൽ ഗുണന ചിഹ്നങ്ങൾ ഇട്ടുവെച്ചിരിക്കുന്നു. മുസ്‍ലിംകളുടെ ഒഴിഞ്ഞുപോക്ക് ആവശ്യപ്പെട്ട് റാലികൾ നടന്നു, പലയിടത്തും അവർ ഒഴിഞ്ഞുപോക്കും തുടങ്ങി. ആരാധനാലയങ്ങളുടെ മറവിൽ മുസ്‍ലിംകൾ ഭൂമി പിടിച്ചെടുക്കുന്നു എന്നുൾപ്പെടെ മുഖ്യമന്ത്രിയും പാർട്ടിയും പടച്ചുവിട്ട ലാൻഡ് ജിഹാദ്, മസാർ ജിഹാദ് തുടങ്ങിയ നുണക്കഥകളുടെ തുടർച്ചയാണീ സംഭവവികാസങ്ങൾ.
അക്രമം ഔറംഗസീബിന്റെ പേരിൽ
മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസീബിനെയും മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പുവിനെയും സമൂഹമാധ്യമങ്ങളിലും ഒരു റാലിയിലും മഹത്വവത്കരിച്ചു എന്നതിന്റെ പേരിലാണ് മഹാരാഷ്ട്രയിൽ മുസ്‍ലിംകൾക്കെതിരെ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
സങ്കീർണവും സൂക്ഷ്മവുമായ പൈതൃകങ്ങളാണുള്ളതെന്ന് ചരിത്രം ചൂണ്ടിക്കാണിക്കുമ്പോഴും നൂറ്റാണ്ടുകൾക്ക് മുമ്പ് മരിച്ചുപോയ ഈ ഭരണാധികാരികൾ ഹിന്ദുക്കൾക്കുനേരെ അതിക്രമങ്ങൾ നടത്തിയവരാണെന്ന് നിരന്തരം പ്രചരിപ്പിക്കുന്നു ബി.ജെ.പി.യും അവരുടെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളും.
ആക്രമികളെ അമർച്ചചെയ്യാനും മുസ്‍ലിംകൾക്ക് സുരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നതിന് പകരം ഔറംഗസീബിന്റെ പിന്മുറക്കാർക്ക് സംസ്ഥാനത്ത് ഇടമില്ലെന്ന പ്രഖ്യാപനവുമായി അതിക്രമകാരികളെ ന്യായീകരിക്കുന്നു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഔറംഗസീബിനെ പുകഴ്ത്തുന്ന ഒരു സമൂഹമാധ്യമ പോസ്റ്റ് എങ്ങനെയാണ് ഒരു ക്രിമിനൽ കുറ്റമായി മാറുന്നുവെന്ന് പുറത്തുനിന്നുള്ള ഒരാൾക്ക് മനസ്സിലാവാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ, ഇന്ത്യയിൽ ഇതെല്ലാമിപ്പോൾ തികച്ചും സാധാരണ സംഗതികളായിത്തീർന്നിരിക്കുന്നു.
മാധ്യമങ്ങൾ എന്തെടുക്കുന്നു?
ഒഡിഷയിലെ ട്രെയിൻ അപകടം പോലുള്ള ദുരന്തങ്ങൾ സാധാരണക്കാരായ മുസ്‍ലിംകളുടെയും ഹിന്ദുക്കളുടെയും ജീവൻ ഒരുപോലെ കവർന്നെടുത്തിരിക്കുന്നു. എന്നാൽ, സംഘടിതമായ ദുഃഖാചരണം പോലും അസാധ്യമാക്കുംവിധത്തിലെ വെറുപ്പിന്റെ കാലാവസ്ഥയാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോദി ഭരണകൂടം റെയിൽവേയിൽ വിപ്ലവാത്മകമായ പരിവർത്തനം നടത്തി എന്നവകാശപ്പെട്ട ശേഷവും ഇതുപോലൊരപകടം എങ്ങനെ സംഭവിച്ചു എന്നു ചോദിക്കുമ്പോൾ കെട്ടഴിച്ചുവിടപ്പെട്ട ഇസ്ലാം വിരുദ്ധത കൊണ്ടുള്ള മറുപടിയാണ് ലഭിക്കുന്നത്.
ഇതൊന്നും യാദൃച്ഛികമല്ല. അപകടത്തിന്റെ സകലമാന ഉത്തരവാദിത്തങ്ങളിൽനിന്നും പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ സർക്കാറിനെയും ഒഴിവാക്കി നിർത്തുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. റെയിൽവേ സുരക്ഷക്ക് വകയിരുത്തിയ പണം അതിനുപയോഗിക്കാതെ മറ്റാവശ്യങ്ങൾക്കാണ് മോദി സർക്കാർ വിനിയോഗിച്ചതെന്ന് ഓഡിറ്റ് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷ ഉറപ്പാക്കുക എന്ന സുപ്രധാന വിഷയം അവഗണിച്ചുകൊണ്ട് പുതിയ ട്രെയിനുകൾ കൊടിവീശി ഉദ്ഘാടനം ചെയ്യുന്ന തിരക്കിലായിരുന്നു പ്രധാനമന്ത്രി. ചോദ്യങ്ങൾ ചോദിക്കാൻ ഉത്തരവാദപ്പെട്ട മാധ്യമങ്ങളാവട്ടെ ഓൺലൈൻ ഗെയിമുകൾവഴി മുസ്‍ലിംകൾ മതംമാറ്റുന്നുവെന്നാരോപിച്ച് ഗെയിമിങ് ജിഹാദിനെപ്പറ്റി ചർച്ചചെയ്യുന്ന തിരക്കിലും.
ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത, തെറ്റുപറ്റാത്ത, വലിയ ദുരന്തങ്ങൾ സംഭവിക്കുമ്പോഴെല്ലാം ജനങ്ങളെ നിഷേധാത്മക അവസ്ഥയിലേക്ക് നയിക്കുന്നതിൽ വിദഗ്‌ധനായ പ്രധാനമന്ത്രിക്ക് കീഴിൽ ഇതെല്ലാം ഇന്ത്യയിൽ സാധ്യമാണ്.
പ്രധാനമന്ത്രിയുടെ എല്ലാ നീക്കങ്ങളെയും ശരിവെക്കുന്നതിനിടയിൽ സർക്കാറിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ജനങ്ങൾ മറക്കുന്നുവെന്ന് ഉറപ്പാക്കാനും സഹായിക്കുന്ന മാധ്യമങ്ങൾ മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾക്ക് പ്രേരണയുമേകുന്നു.
ട്രെയിൻ അപകടശേഷം ലോകമൊട്ടുക്കുനിന്ന് രാജ്യത്തിന് ലഭിച്ച ഐക്യദാർഢ്യ സന്ദേശങ്ങൾപോലും അടിസ്ഥാന മാനവികതയായല്ല, രാജ്യത്തിന്റെ പ്രസക്തിയെ അംഗീകരിക്കാൻ ആഗോള സമൂഹത്തെ നിർബന്ധിതമാക്കിയ സർക്കാറിന്റെ നേട്ടം എന്ന മട്ടിലാണ് ചിത്രീകരിക്കുന്നത്.
ഇതെല്ലാം നടക്കുമ്പോൾ ഉമർ ഖാലിദ്, ശർജീൽ ഇമാം, ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ തുടങ്ങിയ യുവ മുസ്‍ലിം ആക്ടിവിസ്റ്റുകളും പണ്ഡിതരും ജയിലിലാണ്. അവരുടെ ജാമ്യാപേക്ഷകൾ നിരന്തരമായി നിരസിക്കപ്പെടുന്നു. സർക്കാർ മുന്നോട്ടുവെച്ച വിവേചനം നിറഞ്ഞ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപൂർണമായ പ്രതിഷേധം നടത്തിയെന്നതാണ് അവർ ചെയ്ത കുറ്റം.
ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കെ ലഭിച്ചൊരു സന്ദേശം സമാധാന പ്രവർത്തകനും സമുദായ നേതാവുമായ ജാവേദ് മുഹമ്മദ് യു.പിയിലെ ജയിലിൽ ഒരു വർഷം പിന്നിട്ട കാര്യം ഓർമപ്പെടുത്തുന്നു. ഈ അറസ്റ്റുകളും ഭരണകക്ഷിയുടെ ഉന്നത നേതാക്കൾ നടത്തുന്ന ഇസ്‍ലാമോഫോബിക് പ്രചാരണങ്ങളും ട്രെയിൻ അപകടവും തമ്മിലെ ബന്ധത്തിലേക്കാണ് എന്നെക്കൊണ്ടെത്തിക്കുന്നത്. പരുപരുത്തതാണെങ്കിലും ഒരു പരമ സത്യം ഞാൻ പറയട്ടേ: സമകാലിക ഇന്ത്യയിൽ നീതിനടപ്പാക്കാനുള്ള ഉപകരണമല്ല നിയമം, മറിച്ച് ഒരു രാഷ്ട്രീയ കൊട്ടുവടിയാണ്. ഒഡിഷയിലെ ട്രെയിനുകളെപ്പോലെ ഇന്ത്യയിലെ നിയമവ്യവസ്ഥയും പാളംതെറ്റിയിരിക്കുന്നു, അതിനുത്തരവാദികളായ കുറ്റവാളികളാവട്ടെ ശിക്ഷിക്കപ്പെടുകയുമില്ല.
(ഡൽഹി സർവകലാശാല പ്രഫസറും മനുഷ്യാവകാശ പ്രവർത്തകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.