ഈ സ്ഥലംമാറ്റങ്ങൾ നീതിക്കെതിര്
text_fieldsഇന്ത്യൻ ഭരണഘടനയുടെ 222 (1) വകുപ്പ് പ്രകാരം, ''സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ചർച്ചക്കുശേഷം ആവശ്യമെങ്കിൽ രാഷ്ട്രപതിക്ക് ഒരു ഹൈകോടതി ജഡ്ജിയെ മറ്റൊരു ഹൈകോടതിയിലേക്ക് സ്ഥലം മാറ്റാം''. ഈ അധികാരം 1976 വരെ വളരെ കുറച്ചു മാത്രമേ ഉപയോഗപ്പെടുത്തിയിരുന്നുള്ളൂ. കേന്ദ്ര സർക്കാർ- സങ്കൽചന്ദ ഹിമ്മത് ഷേഠ് കേസിൽ 1977ലെ സുപ്രീംകോടതി വിധിയിൽ നൽകിയ വിവരങ്ങൾ പ്രകാരം ഭരണഘടന നിലവിൽവന്ന് 26 വർഷത്തിനിടെ ഇങ്ങനെ 25 ജഡ്ജിമാരെ മാത്രമാണ് സ്ഥലം മാറ്റിയിരുന്നത്. അധികാരം കേന്ദ്രത്തിനു തന്നെയായിരുന്നുവെങ്കിലും ഔപചാരികതകൾ പാലിച്ച് ബന്ധപ്പെട്ട ജഡ്ജിമാരുടെ അനുമതിയോടെയായിരുന്നു സ്ഥലംമാറ്റങ്ങൾ.
എന്നാൽ, ഈ സ്ഥലംമാറ്റ അധികാരം ഉറങ്ങിക്കിടന്ന സത്വമായിരുന്നുവെന്ന് പിന്നെയാണറിയുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഉറക്കംവിട്ടുണർന്ന ഭീകരൻ സ്വതന്ത്രനിലപാടുമായി നിലയുറപ്പിച്ച ജഡ്ജിമാർക്കുനേരെ മുനകൂർത്ത ആക്രമണം അഴിച്ചുവിട്ടു. അനുമതി ചോദിക്കാതെ 1976ൽ മാത്രം 16 ജഡ്ജിമാർക്ക് സ്ഥലംമാറ്റം അടിച്ചേൽപിക്കപ്പെട്ടു. പ്രമുഖ മാധ്യമ-മനുഷ്യാവകാശ പ്രവർത്തകൻ കുൽദീപ് നയാർ തെൻറ 'ദി ജഡ്ജ്മെൻറ്: ഇൻസൈഡ് സ്റ്റോറി ഓഫ് ദ എമർജൻസി ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: ''സ്ഥലംമാറ്റങ്ങളത്രയും ശിക്ഷാനടപടികളായിരുന്നു. അതിനാൽതന്നെ ജഡ്ജിമാരോട് അഭിപ്രായം തേടേണ്ടതുമില്ലായിരുന്നു. ഈ സ്ഥലംമാറ്റങ്ങൾ നിയമവ്യവസ്ഥക്കുമേൽ വലിയ ആഘാതം സൃഷ്ടിച്ചുതുടങ്ങി. അഥവാ, വിധിന്യായങ്ങളിലേറെയും സർക്കാറിനുപാകമായി മുറിച്ചൊപ്പിച്ചതായി മാറി. അന്ന് ഗുജറാത്ത് ഹൈേകാടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സങ്കൽചന്ദ ഹിമ്മത് ഷേഠ് തെൻറ സ്ഥലംമാറ്റം കോടതിയിൽ ചോദ്യം ചെയ്തു. അതോടെ, മറ്റു 44 പേരുടെ സ്ഥലംമാറ്റവും ഉപേക്ഷിക്കേണ്ടിവന്നു''.
ഹൈകോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റം ഉപയോഗിക്കുംവിധം
അടിയന്തരാവസ്ഥക്ക് 46 വർഷങ്ങൾക്കിപ്പുറത്ത്, പകർച്ചവ്യാധിപോലെ ഹൈേകാടതി ജഡ്ജിമാരുടെ കൂട്ട സ്ഥലംമാറ്റമാണ് നമ്മുടെ കൺവെട്ടത്ത് ചുരുൾനിവരുന്നത്. നിർബന്ധിത സ്ഥലംമാറ്റങ്ങൾ അടിയന്തരാവസ്ഥകാലത്തേതിനെക്കാൾ വർധിച്ചിരിക്കുന്നു. 2017 ഒക്ടോബർ മൂന്നു മുതൽ സുപ്രീംകോടതി വെബ്സൈറ്റിൽ നൽകിയ കൊളീജിയം നിർദേശങ്ങൾ വിലയിരുത്തിയാലറിയാം 20 ഹൈകോടതി ചീഫ് ജസ്റ്റിസുമാരുൾപ്പെടെ 89 ഹൈകോടതി ജഡ്ജിമാരാണ് ഈ നാലു വർഷത്തിനിടെ സ്ഥലംമാറ്റപ്പെട്ടത് (ഇന്ത്യൻ റിപ്പബ്ലിക്കിെൻറ ആദ്യ കാൽനൂറ്റാണ്ടിനിടെ വർഷത്തിൽ ഒന്നെന്ന അനുപാതം ഇപ്പോൾ ഒരു വർഷം 20 പേരിലധികം എന്നായി വളർന്നു).
ഒറ്റമാസം അഥവാ, 2021 സെപ്റ്റംബറിൽ 34 ജഡ്ജിമാരെ സ്ഥലംമാറ്റി. അതിൽ ആറ് ചീഫ് ജസ്റ്റിസുമാർ. അന്നത്തെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജിയുംപെടും. അടിയന്തരാവസ്ഥക്കാലത്ത് സ്ഥലംമാറ്റിയതിെൻറ ഇരട്ടിയാണ് ഈ സംഖ്യ. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്താളുകളിൽ 'നീണ്ട കത്തികളുടെ മാസ'മായും 'രക്തരൂഷിത സെപ്റ്റംബർ' ആയും ഇത് ഓർക്കപ്പെടും.
2017 ഒക്ടോബർ മുതൽ ഹൈകോടതി ജഡ്ജിമാരിൽ എട്ടു ശതമാനത്തിനാണ് സ്ഥലംമാറ്റം (86 പേർ) ലഭിച്ചത്. ഹൈകോടതി ചീഫ് ജസ്റ്റിസുമാരിൽ 60 ശതമാനത്തിനും (15ഓളം പേർ) അതിൽനിന്ന് രക്ഷപ്പെടാനായില്ല. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിൽ ഏപ്രിൽ 24ന് പ്രവർത്തനമാരംഭിച്ച പുതിയ കൊളീജിയം ഇതുവരെ 34 പേർക്ക് സ്ഥലംമാറ്റം നൽകികഴിഞ്ഞു.
ചിലതെല്ലാം ജഡ്ജിമാരുടെ സമ്മതത്തോടെ തന്നെയാകണം. ചിലത് ജഡ്ജിമാരുടെ പ്രവർത്തനത്തിലെ ഗുണനിലവാരം ശരിപ്പെടുത്താനാകണം. കേന്ദ്ര സർക്കാറിനോ സുപ്രീംകോടതിക്കോ ഇങ്ങനെ ഹൈകോടതി ജഡ്ജിമാരെ 'അച്ചടക്കം പഠിപ്പിക്കാനും' 'ശരിപ്പെടുത്താനും' അധികാരമില്ലെന്നത് വേറെ കാര്യം. മൊത്തമായെടുത്താൽ, ഇത് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിനുമേലുള്ള 'മിന്നലാക്രമണ'മായേ മനസ്സിലാക്കാനാകൂ.
കാരണം, സ്വതന്ത്ര നിയമവാഴ്ചയുടെയും ഭരണഘടനാവകാശങ്ങളുടെയും ജുഡീഷ്യൽ സംരക്ഷകരായി നിലകൊള്ളുന്നവരെ സ്ഥലംമാറ്റുേമ്പാൾ അവകാശ സംരക്ഷണത്തിനും ജുഡീഷ്യൽ സ്വാതന്ത്ര്യത്തിനും നമ്മുടെ നിയമസംവിധാനം എതിരാണെന്നേ പൊതുസമൂഹം മനസ്സിലാക്കൂ. അതുകൊണ്ടുതന്നെയാണ് ഈ സ്ഥലംമാറ്റങ്ങളിൽ ഇത്ര കടുത്ത അമ്പരപ്പും എതിർപ്പും.
ക്രമേണ ഇത് നിയമസംവിധാനത്തിൽ പൊതുജനത്തിെൻറ വിശ്വാസം തന്നെ ചോർത്തിക്കളയും. അത് നേരിട്ടുള്ള ഇടപെടലും അക്രമവുമായി രൂപമെടുക്കും. അതാണ്, അവകാശ സംരക്ഷണത്തിൽ കോടതികൾ പരാജയമായപ്പോൾ കർഷക പ്രക്ഷോഭത്തിൽ നാം കണ്ടത്. ചുരുങ്ങിയപക്ഷം, സ്ഥലംമാറ്റങ്ങളിൽ തിടുക്കംകാട്ടാതിരിക്കാനുള്ള ജാഗ്രത കൊളീജിയമെങ്കിലും പുലർത്തണം.
സ്ഥലംമാറ്റ അധികാരം ഇങ്ങനെ വ്യാപകമായി ഉപയോഗിക്കുന്നതിെൻറ ആഘാതം എന്തൊക്കെയാണ്? ഒന്നാമതായി, 1977ൽ പുനഃസംഘടിപ്പിക്കപ്പെട്ട സ്ഥലംമാറ്റ അധികാരം വഴി, ഒാരോ സംസ്ഥാനത്തെയും നിയമസംവിധാനത്തിലെ പരമോന്നത ഇടം ഹൈകോടതിയാണെന്ന ജുഡീഷ്യറിയിലെ ഫെഡറലിസം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. എന്നുവെച്ചാൽ, ഹൈകോടതി ജഡ്ജിമാർ പ്രായോഗികമായി സുപ്രീംകോടതി കൊളീജിയത്തിന് വശപ്പെടേണ്ടവരാണെന്നു വരുന്നു. ഇന്ന്, ഇന്ത്യയിലെ ഓരോ ഹൈകോടതി ജഡ്ജിയും അടിച്ചേൽപിക്കപ്പെടുന്ന സ്ഥലംമാറ്റത്തിന് വിധേയനാകാം. അതിന് പരിഹാരക്രിയകളൊന്നുമില്ല താനും.
അടിയന്തരാവസ്ഥക്കാലേത്തതിന് സമാനമായി ഈ സ്ഥലംമാറ്റങ്ങൾക്കുപിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ കൂടിയുണ്ടെന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നു. നിലവിലെ രാജസ്ഥാൻ ചീഫ് ജസ്റ്റിസ് ആകിൽ ഖുറൈശി നേരിടേണ്ടിവന്ന നീതീകരിക്കപ്പെടാനാവാത്ത മൂന്ന് സ്ഥലംമാറ്റങ്ങൾ നോക്കുക:
ഗുജറാത്ത് ഹൈകോടതിയിൽ ഏറ്റവും മുതിർന്ന ജഡ്ജിയായിരിക്കെ ജസ്റ്റീസ് ഖുറൈശിയെ ആദ്യം ബോംബെ ഹൈകോടതിയിലേക്ക് മാറ്റി. ആ ഘട്ടത്തിലാണ് അദ്ദേഹത്തിന് മധ്യപ്രദേശ് ചീഫ് ജസ്റ്റീസായി സ്ഥാനക്കയറ്റം നൽകാൻ കൊളീജിയം ശിപാർശ ചെയ്യുന്നത്. എന്നാൽ, ഒരു വലിയ ഹൈകോടതി തലപ്പത്ത് അദ്ദേഹത്തെ നിയോഗിക്കുന്നതിനെതിരെ ഭരണകൂടം നിലപാടെടുത്തതോടെ ത്രിപുര ചീഫ് ജസ്റ്റിസാക്കി നിർദേശം പരിഷ്കരിച്ചു. അതുകഴിഞ്ഞ് സീനിയോറിറ്റി പരിഗണിച്ച് സുപ്രീംകോടതിയിലേക്ക് ഉയർത്താൻ നിർദേശിച്ചെങ്കിലും അവിടെയും ഭരണകൂടം വഴങ്ങിയില്ല. പിന്നീട് സമാശ്വാസമെന്നോണം രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസാക്കി.
സ്ഥലംമാറ്റ അധികാരം എന്തിന്?
എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു? ഭരണഘടനയുടെ തുടക്കംമുതലേ എന്തുകൊണ്ടാണ്, ഇങ്ങനെ ഹൈേകാടതി ജഡ്ജിമാരെ സ്ഥലംമാറ്റാൻ അധികാരം നിലനിർത്തിയത്?
ഹൈേകാടതി ജഡ്ജിമാരെ സ്ഥലംമാറ്റാൻ അധികാരം കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാക്കിയതിെൻറ കാരണം ഇനിയും വ്യക്തമല്ല. 1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് അങ്ങനെയൊരു നിയമം വ്യവസ്ഥ ചെയ്തിട്ടില്ല. കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിക്ക് മൈകാറിയ കരട് ഭരണഘടനയിലും അതുണ്ടായിരുന്നില്ല. പിന്നീട് അവസാന ഘട്ടത്തിൽ ഇതേ കരട് രൂപവത്കരണ സമിതി തന്നെയാണ് അത് ഉൾക്കൊള്ളിക്കുന്നത്. നിരവധി 'നിസ്സാര' വിഷയങ്ങൾക്കൊപ്പം അതും ചർച്ച ചെയ്യപ്പെട്ടിരുന്നു- എന്നാൽ, സഭയിൽ അതേ ചൊല്ലി കാര്യമായ ചർച്ച നടന്നുമില്ല.
റിപ്പബ്ലിക് പ്രഖ്യാപന വേളയിൽ കരട് സമിതിക്കുവേണ്ടി ഡോ. ബി.ആർ. അംബേദ്കർ നടത്തിയ പ്രസംഗത്തിൽ ഇതിന് യുക്തിസഹമായ കാരണം ബോധിപ്പിക്കുന്നുണ്ട്- ''പ്രാദേശികമായി ലഭ്യമല്ലാത്ത അധികശേഷി മറ്റിടങ്ങളിൽനിന്നു കൂടി എത്തിച്ച് ഹൈകോടതിയെ ശാക്തീകരിക്കുക''. അന്നുപക്ഷേ, വളരെ കുറച്ച് ഹൈേകാടതികൾ മാത്രമാണുണ്ടായിരുന്നത്. ഹൈേകാടതി അഭിഭാഷകവൃന്ദവും ശുഷ്കമായിരുന്നു.
ഭരണഘടന നിലവിൽവന്നതോടെ ഈ യഥാർഥ യുക്തി വിസ്മൃതിയിൽ മറഞ്ഞു. ഹൈകോടതി ജഡ്ജിമാരിൽ മൂന്നിലൊന്ന് സംസ്ഥാനത്തിന് പുറത്തുനിന്നാക്കി ദേശീയ ഉദ്ഗ്രഥനം വളർത്തുക എന്നൊരു കാരണം 1955ൽ നിരത്തപ്പെട്ടെങ്കിലും അതിവേഗം ഉപേക്ഷിക്കപ്പെട്ടു. 1977ൽ മുന്നിൽവെക്കുന്നത് പുതിയ പൊതുന്യായം- ''നീതി നിർവഹണത്തിന് മെച്ചപ്പെട്ട ഭരണസംവിധാനത്തിനു വേണ്ടി''. അതും പാലിക്കപ്പെടാതെ പോകുന്നു.
ഒപ്പു പോയിട്ട് തീയതിപോലും വെക്കാതെ സുപ്രീംകോടതി വെബ്സൈറ്റിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട നോട്ടിൽ യാതൊരു കാരണവും കാണിക്കാതെ ഇങ്ങിനെ രേഖപ്പെടുത്തിയിരുന്നു-, ''2021 സെപ്റ്റംബർ 16ന് ചേർന്ന സുപ്രീംകോടതി കൊളീജിയം മദ്രാസ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജീബ് ബാനർജിയെ മേഘാലയ ഹൈേകാടതിയിലേക്ക് മാറ്റിയിരിക്കുന്നു''.
സ്ഥലംമാറ്റ അധികാരം കേന്ദ്രസർക്കാറിന് നൽകാൻ ഡോ. അംബേദ്കർക്കുണ്ടായിരുന്ന ന്യായം പ്രാദേശികമായ ഫ്യൂഡൽ, ജാതി ശക്തികൾ തങ്ങൾക്കു വേണ്ടപ്പെട്ടവരെ കോടതി തലപ്പത്ത് വെക്കുമെന്ന ആധിയായിരിക്കാം. അതിെൻറ ചെറിയ സൂചന സഞ്ജീബ് ബാനർജി മദ്രാസ് ൈഹകോടതിക്ക് നൽകിയ വിടവാങ്ങൽ കത്തിൽ അവിടത്തെ ജീവനക്കാരോട് പറയുന്നതു കാണാം- ''നിങ്ങൾ തൊഴിലെടുക്കുന്നിടത്തെ ഫ്യൂഡൽ സംസ്കാരം സമ്പൂർണമായി തച്ചുടക്കാൻ എനിക്കായില്ലെന്നതിലാണ് ഖേദം''.
അനൗദ്യോഗികമായി പറയാമെങ്കിൽ, ഇംപീച്ച് ചെയ്യേണ്ടിടത്ത് അതുചെയ്യാതെ ഹൈേകാടതി ജഡ്ജിമാരെ അച്ചടക്കത്തിെൻറ വാൾമുനയിലാക്കുകയാണ് ഇതിെൻറ പറയാതെ പറയുന്ന യുക്തി. ഇതുപക്ഷേ, എവിടെയും പറയില്ല. ഹൈകോടതി ജഡ്ജിമാരെ അച്ചടക്കം പഠിപ്പിക്കാൻ സുപ്രീംകോടതിക്ക് അധികാരമില്ലല്ലോ.
ഈ അധികാരം പിന്നെ എങ്ങനെയാണ് സർവനാശിനിയായ ഭീകരസത്വമായി രൂപം മാറിയത്? ഹൈകോടതി ജഡ്ജിമാരുടെ സ്ഥലമാറ്റ അധികാരം ജുഡീഷ്യൽ സ്വാതന്ത്ര്യത്തിനുനേരെ അപായമണിയാകുമെന്ന് തുടക്കത്തിലേ ആശങ്കയുണ്ടായിരുന്നു. എന്നാൽ, ജുഡീഷ്യറിക്കു പകരം സർക്കാറുകളുടെ ഭാഗത്തുനിന്നാകുമെന്നായിരുന്നു ഭീതി. കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ ഡോ. അംബേദ്കർ പറഞ്ഞു:
''ജഡ്ജിമാരെ സ്ഥലംമാറ്റാനുള്ള ഈ അധികാരം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നത് ഞങ്ങൾ (കരട് സമിതി) കണ്ടു. കാരണം, അതത് ഹൈകോടതിയിലെ ഒരു ജഡ്ജി നിയമ വിഷയങ്ങളിലെ സമീപനങ്ങളുടെ പേരിൽ പ്രവിശ്യ ഭരണകൂടത്തിന് അപ്രിയനായി മാറാം. പ്രവിശ്യ ഭരണകൂടത്തിന് അഹിതമായ വിധി അയാളിൽനിന്നുണ്ടാകാം.''
ദുരുപയോഗപ്പെട്ടേക്കാം, അതിനാൽ ഭരണഘടനാവിരുദ്ധമാണ്
അടിയന്തരാവസ്ഥക്കാലത്ത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതോടെ ഇന്ത്യ പലതും പഠിച്ചതാണ്. അടിയന്തരാവസ്ഥക്കുശേഷം വന്ന പാർലമെൻറ് അതിനാൽതന്നെ ഈ അധികാരം എടുത്തുകളയേണ്ടതായിരുന്നു. അതുണ്ടായില്ല. ഭരണഘടന 222ാം വകുപ്പിലെ സ്ഥലംമാറ്റ അധികാരം ഭരണഘടനാവിരുദ്ധമെന്നുകണ്ട് സുപ്രീംകോടതി എടുത്തുകളയേണ്ടിയിരുന്നു. അതും സംഭവിച്ചില്ല.
പകരം, ഈ അധികാരവും നിരുപാധികം ഒറ്റക്ക് തീരുമാനമെടുക്കാനുള്ള നിയന്ത്രണവും നിലനിർത്താൻ മൂന്നു സുപ്രധാന കേസുകളാണ് സുപ്രീംകോടതി ഉപയോഗിച്ചത്. സങ്കൽചന്ദ് (1977) കേസിൽ ജഡ്ജിയെ അയാളുടെ അനുവാദമില്ലാതെ സ്ഥലംമാറ്റാമെന്ന് പ്രഖ്യാപിച്ചു. അതുവരെയും നിലനിന്ന അനുവാദം ചോദിക്കുകയെന്ന രീതി അതോടെ തിരുത്തി. 1993ലെ 'സെക്കൻഡ് ജഡ്ജസ് കേസ്, 1998ലെ 'സ്പെഷൽ റഫറൻസ് കേസ് 1 എന്നിവയിൽ സ്ഥലംമാറ്റം ജുഡീഷ്യറിയുടെ മാത്രം അധികാരമാക്കി മാറ്റി. സർക്കാർ ഈ വിഷയത്തിൽ അഭിപ്രായം തേടാനുള്ളവർ മാത്രവുമായി. സ്ഥലംമാറ്റ തീരുമാനങ്ങൾ നിഗൂഢതകളിലൊളിപ്പിക്കാനും ജുഡീഷ്യൽ പുനഃപരിശോധനയുടെ പരിധിക്ക് പുറത്തുനിർത്താനും ഈ രണ്ടു വിധികൾ സഹായിച്ചു.
സ്ഥലംമാറ്റങ്ങൾക്കുമേൽ 1993ൽ നിയന്ത്രണമുറപ്പിച്ച പരമോന്നത കോടതി അതുവരെയും ഉണ്ടായിരുന്ന എന്നാൽ, അവഗണിക്കപ്പെട്ടുകിടന്ന മൂന്ന് തടസ്സങ്ങൾ പൊളിച്ചുകളഞ്ഞു. 1- പൊതുജന താൽപര്യം മുൻനിർത്തി അനുഗുണമായ ലക്ഷ്യത്തോടെയാകണം സ്ഥലംമാറ്റം. ഹൈകോടതികളെ ശാക്തീകരിക്കൽ- ദേശീയ ഉദ്ഗ്രഥനം വളർത്തൽ, ചീഫ് ജസ്റ്റിസുമാർ ആരാകണമെന്ന വിഷയത്തിൽ പ്രാദേശിക മുൻവിധികൾ മറികടക്കൽ തുടങ്ങിയവ അതോടെ ഇല്ലാതായി. 2. സ്ഥലംമാറ്റം ഒരിക്കലും ശിക്ഷയാകരുത്. ജഡ്ജിയുടെ വിധി ഭരണകൂടത്തെ ചൊടിപ്പിച്ചതുൾപ്പെടെ മറ്റു കാരണങ്ങളുടെ പേരിലാകരുത്. 3. അത്യപൂർവം സംഭവങ്ങളിൽ മാത്രമാകണം സ്ഥലം മാറ്റം- എന്നിവയായിരുന്നു മൂന്നു നിയന്ത്രണങ്ങൾ. സങ്കൽചന്ദ് കേസിൽ ഈ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന നിലപാട് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിനു മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇപ്പോൾ നാം എവിടെ?
കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലി പണ്ട് ദീർഘദർശനം ചെയ്തതൊന്നുമല്ല ഇപ്പോൾ നമുക്കു മുന്നിലെന്നതാണ് യാഥാർഥ്യം. ഹൈകോടതി ജഡ്ജിമാരെ സ്ഥലംമാറ്റാനുള്ള അധികാരം സുപ്രീംകോടതി ഒറ്റക്ക് കൈയാളി ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ അപായമുനയിൽ നിർത്തുന്നു. അതിന് ഉപയോഗിക്കുന്നതാകട്ടെ, അധീശത്വമനസ്സോടെ ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ രീതികളും. സ്ഥലംമാറ്റത്തിന് ജുഡീഷ്യറി തയാറാക്കിയ നിയമ ചട്ടക്കൂട് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നു മാത്രമല്ല, നിയമ വാഴ്ചയുടെ അടിസ്ഥാന മൂല്യങ്ങളെ ഹിംസിക്കുന്നതുമാണ്. ഹൈകോടതികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി ഹൈകോടതി ജഡ്ജിമാരെ സ്ഥലംമാറ്റാനുള്ള അധികാരം നിരോധിക്കപ്പെടുക തന്നെ വേണം.
(സുപ്രീംകോടതിയുടെ നാഷനൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറും നാഷനൽ ലോ സ്കൂൾ ഒാഫ് ഇന്ത്യ മുൻ വൈസ് ചാൻസലറുമായ ലേഖകൻ www.theleaflet.inൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.