മുത്തലാഖ്: സംഘ്പരിവാർ കാലത്തെ സുപ്രീംകോടതി വിധിയുടെ പ്രസക്തി
text_fieldsഒരിക്കൽകൂടി മുസ്ലിം വ്യക്തിനിയമവും മുത്തലാഖും ഇസ്ലാമിക ശരീഅത്തും പൊതുചർച്ചയിലേക്ക് കടന്നുവന്നിരിക്കുന്നു. മുത്തലാഖ് നിരോധിച്ച് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയാണ് ഇതിന് വഴിയൊരുക്കിയത്. ഇസ്ലാമിലെ ക്രൂരവും പുരുഷാധിപത്യപരവുമായ നിയമങ്ങളുടെ ഇരകളായി മുസ്ലിം സ്ത്രീയെ അവതരിപ്പിച്ച സംഘ്പരിവാർ പതിവുപോലെ വിധിയെ ചരിത്രപരമെന്നും പുരോഗമനപരമെന്നും വിശേഷിപ്പിച്ച് ആഘോഷിക്കുകയാണ്. വിധി നിരാശജനകമാണെന്നും മതസ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നുമുള്ള അഭിപ്രായം മുതൽ മുത്തലാഖ് ഇസ്ലാമിക ശരീഅത്ത് ഉയർത്തിപ്പിടിക്കുന്ന നീതിസങ്കൽപങ്ങൾക്ക് വിരുദ്ധമാണെന്നുമുള്ള നിരീക്ഷണങ്ങൾവരെ മുസ്ലിം പക്ഷത്തുനിന്ന് വന്നുകഴിഞ്ഞു. വിവാഹം, വൈവാഹിക ജീവിതം, വിവാഹമോചനം, മുത്തലാഖ്, ഇസ്ലാമിക ശരീഅത്ത്, ഏക സിവിൽകോഡ്, മുസ്ലിം വ്യക്തിനിയമം, പൗരെൻറ മൗലികാവകാശം, മുസ്ലിം ന്യൂനപക്ഷത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ സംവാദങ്ങൾ കറങ്ങുന്നത്.
വിവാഹവും വിവാഹമോചനവും
പുണ്യകരമായ ഒരനുഷ്ഠാനമായാണ് ഇസ്ലാം വിവാഹത്തെ കാണുന്നത്. അതിെൻറ ജീവശാസ്ത്രപരമായ അനിവാര്യത വിശദീകരിക്കേണ്ടതില്ല. സ്വയം നന്മയുള്ള ദാമ്പത്യബന്ധം സ്ഥാപിക്കുന്നതിനെ ഇസ്ലാം പുണ്യമായാണ് കാണുന്നത്. ആദർശബോധവും ധർമനിഷ്ഠയുമുള്ള തലമുറയുടെ സൃഷ്ടി ഇസ്ലാമിെൻറ ലക്ഷ്യമാണെന്നത് ഈ പ്രാധാന്യം കൈവരാൻ കാരണമാണ്. വിവാഹിതരാവുന്ന സ്ത്രീ-പുരുഷ പാരസ്പര്യത്തെ ബലിഷ്ഠമായ കരാർ എന്നാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്. മരണംവരെ മാത്രമല്ല, മരണാനന്തരവും തുടരണമെന്നാണ് ദാമ്പത്യത്തെക്കുറിച്ച ഇസ്ലാമിെൻറ സ്വപ്നം. പക്ഷേ, മനുഷ്യപ്രകൃതിയിലെ വ്യത്യസ്തതകളെയും ഭിന്നരുചികളെയും ഇസ്ലാം പരിഗണിക്കുന്നു. ജീവിതത്തിെൻറ സ്ഥായീഭാവമാണത്. ദമ്പതിമാർക്കിടയിൽ വഴക്കുകളും അസ്വാരസ്യങ്ങളുമുണ്ടാകാം. അതൊരു യാഥാർഥ്യമായി അംഗീകരിക്കണം. ഈ പൊരുത്തക്കേടുകൾ ദാമ്പത്യത്തെ അസാധ്യമാക്കുമ്പോഴാണ് ഇസ്ലാം വിവാഹമോചനം അംഗീകരിക്കുന്നത്. മനുഷ്യർക്ക് വേർപെടുത്താൻ പാടില്ലാത്തതാണ് വിവാഹബന്ധം എന്ന ആത്യന്തിക നിലപാട് ഇസ്ലാമിനില്ലെങ്കിലും, ‘‘ദൈവം അനുവദിച്ച കാര്യങ്ങളിൽ അവൻ ഏറെ വെറുക്കപ്പെട്ടതാണ് വിവാഹമോചനം’’ എന്ന കാഴ്ചപ്പാട് അത് മുന്നോട്ടുവെക്കുന്നു. അഥവാ വിവാഹമോചനം പരമാവധി ഒഴിവാക്കുക എന്നതാണ് ശരീഅത്തിെൻറ താൽപര്യം.
വിവാഹമോചനത്തെ സാധ്യമാകുന്നത്രയും ഒഴിവാക്കുക എന്ന അടിസ്ഥാന നയമാണ് വിവാഹമോചനത്തിെൻറ നടപടിക്രമങ്ങളിലും ഇസ്ലാമിക ശരീഅത്ത് പുലർത്തിയിരിക്കുന്നത്. ദാമ്പത്യം കൂട്ടുത്തരവാദിത്തമാണ്. വിവാഹിതരായ രണ്ടു പേർക്കു മാത്രമല്ല, വിജയകരമായി അത് മുന്നോട്ടുകൊണ്ടുപോകുന്നതിൽ കുടുംബങ്ങൾക്കും സമൂഹത്തിനും പങ്കുണ്ട്. പരസ്പരഭിന്നതകൾ ഉടലെടുക്കുമ്പോഴേക്കും വേർപിരിയാനല്ല, പൊറുക്കാനും ക്ഷമിക്കാനും സമരസപ്പെടാനും അന്യോന്യം അറിഞ്ഞ് പെരുമാറാനും ചിലപ്പോൾ നന്മയെ പ്രതീക്ഷിച്ച് അനിഷ്ടങ്ങൾക്കുനേരെ കണ്ണുചിമ്മാനും അത് ദമ്പതികളോട് ആവശ്യപ്പെടുന്നു. എന്നിട്ടും ഭിന്നതകൾ രൂക്ഷമാവുകയും ദാമ്പത്യം തകർച്ചയോളമെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ അവർക്കിടയിൽ അനുരഞ്ജനമുണ്ടാക്കാൻ മധ്യസ്ഥരെ നിശ്ചയിക്കാൻ ഇരു കുടുംബത്തോടും ഇസ്ലാം ആവശ്യപ്പെടുന്നു. ഈ ഘട്ടവും പരാജയപ്പെട്ടാൽ മാത്രമാണ് ഇസ്ലാം വിവാഹമോചനത്തിെൻറ വഴി തുറക്കുന്നത്. അതുപോലും ഒറ്റയടിക്കുള്ള സമ്പൂർണമായ വേർപിരിയൽ അല്ല. പുനഃസമാഗമത്തിനും സമ്പർക്കത്തിനും അവസരം നൽകുന്ന വിധമാണ്.
വിവാഹമോചനം (തലാഖ്) ശാരീരികബന്ധം നടന്നിട്ടില്ലാത്ത, സ്ത്രീയുടെ ശുദ്ധികാലത്തായിരിക്കണമെന്നും രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിലായിരിക്കണമെന്നും ഖുർആൻ നിർദേശിക്കുന്നു. പ്രഥമ വിവാഹമോചനാനന്തരം ഏതാണ്ട് മൂന്നു മാസക്കാലം സ്ത്രീ പുരുഷെൻറ വീട്ടിൽതന്നെയാണ് കഴിയേണ്ടത്. മക്കളോടും മറ്റുമൊത്തുള്ള കൂട്ടുജീവിതത്തിനിടയിൽ ഭിന്നതകൾ കുറയുകയും വൈകാരികസംഘർഷങ്ങൾക്ക് അയവുവരുകയും ശാന്തി കൈവരുകയും ചെയ്യാനുള്ള സാധ്യതയെ ശരീഅത്ത് പരിഗണിക്കുന്നു. അഥവാ, ധിറുതിപ്പെട്ട വിവാഹമോചനത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല. ആദ്യ തലാഖിനുശേഷം വിവാഹബന്ധം പുനഃസ്ഥാപിക്കപ്പെടുകയും തുടർന്ന് വീണ്ടും വിയോജിപ്പുകൾ രൂപപ്പെടുകയും ചെയ്താൽ മേൽപറഞ്ഞ നടപടികൾ പൂർത്തീകരിച്ച് രണ്ടാം വിവാഹമോചനം ആകാവുന്നതാണ്. തുടർന്നും സമാഗമത്തിനും മുന്നോട്ടുപോകാനും േപ്രരണ നൽകുന്നു. ഇതിനൊന്നും വിവാഹത്തിെൻറ ചടങ്ങുകൾ ആവശ്യമില്ല. ദീക്ഷാകാലത്തിനുശേഷമാണെങ്കിൽ മാത്രമേ വിവാഹം ആവശ്യമായിരിക്കുകയുള്ളൂ. ഇതും പരാജയപ്പെടുന്ന, അഥവാ തീർത്തും ദാമ്പത്യം അസഹ്യമാകുമ്പോഴാണ് മൂന്നാം തലാഖിന് ഇസ്ലാം അനുമതി നൽകുന്നത്. പിന്നീട് ഒന്നിച്ചുള്ള ജീവിതത്തിന് ഇസ്ലാം കടുത്ത ഉപാധികൾ മുന്നോട്ടുവെക്കുകയും ചെയ്യുന്നുണ്ട്. ഈ ഘട്ടങ്ങളിൽ ഏതിലും പിരിയാൻതന്നെയാണ് ദമ്പതികളുടെ തീരുമാനമെങ്കിൽ അതാകാവുന്നതാണ്. മൂന്ന് തലാഖിെൻറയോ മുത്തലാഖിെൻറയോ ആവശ്യമില്ല.
മേൽ സൂചിപ്പിച്ച മൂന്നു തലാഖുകളും ഒന്നിച്ചു നിർവഹിക്കുന്നതാണ് മുത്തലാഖ്. ഇത് വിവാഹമോചനത്തെ പരമാവധി ഒഴിവാക്കുക എന്ന ഇസ്ലാമിക ശരീഅത്തിെൻറ ചൈതന്യത്തിന് വിരുദ്ധമാണ്. സാമൂഹികനീതിക്ക് എതിരുമാണ്. അതിനാൽതന്നെ തലാഖു ബിദ്ഇയ്യ (ക്രമവിരുദ്ധമായ വിവാഹമോചനം) എന്നാണ് ഇത് അറിയപ്പെടുന്നത്. നാല് മദ്ഹബുകളും ഇതിനെ ക്രമവിരുദ്ധമായ വിവാഹമോചനമായാണ് പരിഗണിക്കുന്നത്. അതേസമയം, മുത്തലാഖ് നടന്നാൽ അതിന് നിയമപ്രാബല്യവുമുള്ളതിനാൽ ഇന്ത്യയിൽ നിലനിൽക്കുന്ന മുസ്ലിം വ്യക്തിനിയമപ്രകാരം ഇതിന് നിയമപ്രാബല്യമുണ്ട്. രണ്ടാം ഖലീഫ ഉമറിെൻറ കാലത്ത് ഇത്തരം തലാഖുകൾ സംഭവിച്ചപ്പോൾ പുരുഷന്മാർക്ക് ഒരു ശിക്ഷ എന്ന നിലക്കാണ് അദ്ദേഹം മുത്തലാഖിന് നിയമപ്രാബല്യം നൽകിയത്. അതാവട്ടെ, സ്ഥിരനിയമമല്ല, താൽക്കാലികമാണ്. അത്തരം തലാഖ് നടത്തിയവർക്ക് കർശന താക്കീതും ശിക്ഷയും അദ്ദേഹം നൽകി. എന്നാൽ, ഇക്കാലത്ത് മുത്തലാഖിന് നിയമപ്രാബല്യം നൽകുമ്പോൾ ശിക്ഷിക്കെപ്പടുന്നത് സ്ത്രീകളാണ്. ഉമറിെൻറ ലക്ഷ്യം അട്ടിമറിക്കപ്പെട്ടു. പ്രചാരണത്തിലൂടെ മുത്തലാഖ് മുസ്ലിംകൾക്കിടയിൽ വ്യാപകമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. 2011ലെ കണക്കനുസരിച്ച് മുസ്ലിംകൾക്കിടയിലെ വിവാഹമോചനം കേവലം 0.56 ശതമാനം മാത്രമാണ്. ഇതിൽ എത്രയോ നേരിയ ശതമാനമാണ് മുത്തലാഖ്. 2011ലെ സെൻസസ് പ്രകാരം ഹിന്ദുക്കൾക്കിടയിലെ വിവാഹമോചനവും വേറിട്ടുകഴിയലും 0.76 ശതമാനമാണ്.
മുസ്ലിം വ്യക്തിനിയമവും മുത്തലാഖും
മനുഷ്യജീവിതത്തെ പൂർണമായും ഉൾക്കൊള്ളുന്നതാണ് ഇസ്ലാമിക ശരീഅത്ത്. വിവാഹം, വിവാഹമോചനം, ജീവനാംശം, മഹ്റ്, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശം, സ്ത്രീ സ്വത്ത്, ദാനം, വഖഫ്, ട്രസ്റ്റ് തുടങ്ങിയ പരിമിത വിഷയങ്ങൾ മാത്രമാണ് മുസ്ലിം വ്യക്തിനിയമത്തിെൻറ പരിഗണന. വ്യക്തിനിയമത്തിെൻറ കാര്യത്തിൽ പഴയകാല കർമശാസ്ത്ര ഗ്രന്ഥങ്ങളാണ് ആധികാരിക പ്രമാണങ്ങൾ. മുത്തലാഖ് അടക്കമുള്ള വ്യക്തിനിയമത്തിലെ പലതും ഇസ്ലാമിക ശരീഅത്തിെൻറ അടിസ്ഥാനത്തിൽ പരിഷ്കരിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. 1937ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്തിന് വിരുദ്ധമായ സമ്പ്രദായങ്ങൾ മുസ്ലിം വ്യക്തിനിയമത്തിൽ അനുവദിക്കാൻ പാടില്ലെന്നും നിഷ്കർഷിക്കുന്നു. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിവിധിയെ സ്വാഗതംചെയ്യാനുള്ള കാരണമിതാണ്. അപ്പോൾ മുത്തലാഖ് പൂർണമായും ഇല്ലാതാക്കുന്നതിനായി സമുദായത്തിനകത്ത് ബോധവത്കരണം നടക്കണം. മാത്രമല്ല, വിവാഹം, വിവാഹമോചനം എന്നിവ സംബന്ധിച്ച് ശരിയായി പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ച് നിക്കാഹ് നാമ, ബോർഡ് പുറത്തിറക്കുകയും അത് പാലിക്കാൻ നിഷ്കർഷിക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ, ഇസ്ലാമിക ശരീഅത്തിനനുസൃതമായി മുസ്ലിം വ്യക്തിനിയമത്തിൽ പരിഷ്കാരം ആവശ്യമാണ്. മതപണ്ഡിതന്മാരുടെയും മുസ്ലിം സമുദായത്തിെൻറ പൊതുവേദികളുടെയും അംഗീകാരത്തോടെയുമായിരിക്കണമത്.
പുരോഗമനവശം
മുത്തലാഖ് നിരോധിക്കുന്നു എന്നതല്ല സുപ്രീംകോടതി വിധിയുടെ പ്രസക്തി. ഷമീന ആറ കേസിൽ സുപ്രീംകോടതി മുത്തലാഖ് നിയമവിരുദ്ധമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഈ വിധിന്യായത്തിൽ കോടതി അതിനെ പരാമർശിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം, ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് വ്യക്തിനിയമം പരിഷ്കരിക്കാനുള്ള സാഹചര്യത്തെ പ്രബലപ്പെടുത്തുന്നു എന്നതും മതസ്വാതന്ത്ര്യത്തെ ഭരണഘടന നൽകുന്ന പ്രാധാന്യത്തോടെ ഉയർത്തിപ്പിടിക്കുന്നു എന്നതുമാണ് സുപ്രീംകോടതിവിധിയിലെ പുരോഗമനപരമായ തലം. വ്യക്തിനിയമങ്ങളുടെ ഭരണഘടനാപരമായ സാധുതക്ക് അടിവരയിടുന്നുണ്ട് വിധി. ഏക സിവിൽകോഡിനായുള്ള ബന്ധപ്പെട്ട ഏതു ചർച്ചയിലും മുസ്ലിം സ്ത്രീയും മുസ്ലിം വ്യക്തിനിയമങ്ങളുടെ പരിമിതികളുമാണ് ഇസ്ലാം വിമർശകരുടെയും മാധ്യമങ്ങളുടെയും രുചിമുകുളങ്ങളെ ത്രസിപ്പിക്കുക. സംഘ്പരിവാർ അധികാരത്തിലെത്തിയതിനുശേഷം പൊതു സിവിൽകോഡിനായുള്ള പ്രചാരണങ്ങൾക്കും സാങ്കേതിക നടപടികൾക്കും ഗതിവേഗം വർധിക്കുകയുണ്ടായി. മതന്യൂനപക്ഷങ്ങളുടെമേൽ പുലർത്തുന്ന ഹിംസാത്മക നിലപാടിനും ഏകസംസ്കാരം അടിച്ചേൽപിക്കാനുള്ള ശ്രമങ്ങൾക്കും ലഭിച്ച കനത്ത തിരിച്ചടിയാണ് പരമോന്നത നീതിപീഠത്തിെൻറ തീർപ്പ്. മുസ്ലിം സ്ത്രീയുടെ ഭരണഘടനാപരമായ അവകാശങ്ങൾ നേടിക്കൊടുക്കാൻ അവകാശമുണ്ടെന്ന് ആവേശപ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ വിധിയിൽ സന്തോഷിക്കാൻ കഴിയുന്നതെങ്ങനെ? മതപരമായ വ്യക്തിനിയമങ്ങൾ നിലനിൽക്കേണ്ടതില്ല എന്ന വാദത്തെയും വിധി അപ്രസക്തമാക്കുന്നുണ്ട്. മതത്തിനകത്തെ നവീകരണം നടക്കേണ്ടത് മതത്തിനകത്തുനിന്നാണ്, മതവിമർശകരുടെ കാർമികത്വത്തിലോ നിയമംമൂലം അടിച്ചേൽപിക്കുന്നതിലൂടെയോ അല്ല എന്ന സന്ദേശവും വിധി നൽകുന്നുണ്ട്. പഴയ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് കറങ്ങാതെ, ഖുർആനിനും പ്രവാചകചര്യക്കുമനുസരിച്ച് വ്യക്തിനിയമം പരിഷ്കരിക്കുന്നതിെൻറ പ്രസക്തിയും വിധിന്യായം പറഞ്ഞുവെക്കുന്നുണ്ട്. മുസ്ലിം പേഴ്സനൽ ലോ ബോർഡ് കോടതിൽ സ്വീകരിച്ച പുരോഗമനാത്മകമായ നിലപാടുകളാണ് ഗുണാത്മകമായ തലത്തിലേക്ക് വിധിയെ നയിച്ചതും.
(ജമാഅത്തെ ഇസ്ലാമി കേരള അമീറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.