പ്രവചനങ്ങൾക്കപ്പുറം ത്രിപുര
text_fieldsഅറുപതംഗ നിയമസഭയുടെ ഭാവി നിർണയിക്കാൻ ത്രിപുര ഇന്ന് ബൂത്തിലേക്ക്. ഒമ്പതു സംസ്ഥാനങ്ങളിലേക്ക് ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ആദ്യത്തേതാണ് ത്രിപുരയിലേത്. ഒരു കാലത്ത് കോൺഗ്രസും പിന്നീട് കാൽ നൂറ്റാണ്ട് സി.പി.എമ്മും കഴിഞ്ഞ അഞ്ചുവർഷം ബി.ജെ.പിയും ഭരിച്ച സംസ്ഥാനത്ത് ഇക്കുറി പ്രവചനാതീത മത്സരമാണ് അരങ്ങേറുന്നത്. പരമ്പരാഗത വൈരം മാറ്റിവെച്ച് സി.പി.എമ്മും കോൺഗ്രസും ബി. ജെ.പിയുടെ വർഗീയ നിലപാടുകൾക്കും ജനദ്രോഹ ഭരണത്തിനുമെതിരെ ഒന്നിച്ചണിനിരക്കുമ്പോൾ ഈ കൂട്ടുകെട്ടിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി പ്രചാരണം.
കേരളത്തിൽ ഗുസ്തി പിടിക്കുന്ന പാർട്ടികൾ ത്രിപുരയിൽ ബി.ജെ.പിക്കെതിരെ ചങ്ങാതിമാരാണെന്നാണ് ബി.ജെ.പിയുടെ താരപ്രചാരകൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചത്. എതിരാളികൾക്കെതിരെ ഭരണസ്വാധീനമുപയോഗിച്ച് നടത്തിയ അതിക്രമങ്ങൾ ബി.ജെ.പി സർക്കാറിനെ ജനങ്ങൾക്കിടയിൽ ഏറക്കുറെ അപ്രിയമാക്കി. ഈ വികാരം മുതലെടുക്കാൻ സി.പി.എം- കോൺഗ്രസ് സഖ്യത്തിനാകുമോ എന്നതാണ് ചോദ്യം.
രണ്ടു പാർട്ടികൾ തമ്മിലെ നേരിട്ടുള്ള മത്സരമായിരുന്നു ത്രിപുരക്ക് ശീലമെങ്കിൽ ഇക്കുറി കാര്യങ്ങൾ പല ഘടകങ്ങളാൽ പ്രവചനാതീതമാണ്. ഗോത്രവർഗ മേഖലകളിൽ മികച്ച സ്വാധീനമുള്ള ടിപ്ര മോത്ത പാർട്ടിയുടെ (ടിപ്ര ഇൻഡിജീനിയസ് പ്രോഗ്രസീവ് റീജനൽ അലയൻസ്) സാന്നിധ്യമാണ് അതിൽ പ്രധാനം. ഗ്രേറ്റർ ടിപ്ര ലാൻഡ് എന്ന പേരിൽ ആദിവാസികൾക്കായി പ്രത്യേക സംസ്ഥാനമാണ് ത്രിപുരയിലെ രാജകുടുംബാംഗമായിരുന്ന പ്രദ്യോത് കിഷോർ മാനിക്യ ദേബർമ നേതൃത്വം നൽകുന്ന പാർട്ടിയുടെ മുഖ്യ അജണ്ട. പട്ടികവർഗ വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള 20 സീറ്റുകളിൽ ജയപരാജയം നിർണയിക്കാൻ പാർട്ടിക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ഗോത്രവർഗ മേഖലകളിലെ സ്വയംഭരണ ജില്ല കൗൺസിലുകളിൽ പാർട്ടി നേരത്തേ വിജയം കൈവരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ഗോത്ര സമൂഹ പിന്തുണയുള്ള ഇൻഡിജീനിയസ് പീപ്ൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) ആദിവാസി സംസ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും ഒരു നടപടികളും മുന്നോട്ടു കൊണ്ടുപോകാൻ അവർക്കായില്ല.
ഇക്കുറി ടിപ്ര മോത്തയുമായി സഖ്യമുണ്ടാക്കാൻ ബി.ജെ.പി കിണഞ്ഞു ശ്രമിച്ചെങ്കിലും സംസ്ഥാന വാഗ്ദാനവും ഭരണഘടനാദത്ത അവകാശങ്ങളും ഉറപ്പുനൽകാൻ കൂട്ടാക്കുന്നില്ലെന്ന കാരണത്താൽ പ്രദ്യോത് ദേബർമ വിസമ്മതിക്കുകയായിരുന്നു. തൂക്കുസഭക്ക് ഏറെ സാധ്യത കൽപിക്കുന്ന സാഹചര്യത്തിൽ ടിപ്ര മോത്തയുടെ രാഷ്ട്രീയ പ്രാധാന്യം ഏറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.