പുതിയ നയപരികല്‍പനകള്‍ അനിവാര്യം
text_fieldsയു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ നേതാവ് ഡോണള്‍ഡ് ട്രംപ് നേടിയ വിജയം ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. പ്രമുഖ അയല്‍രാജ്യങ്ങളായ ചൈന, പാകിസ്താന്‍ എന്നിവയുമായി നമ്മുടെ ബന്ധം അത്യധികം ഉലഞ്ഞ സമകാല സാഹചര്യത്തില്‍ ട്രംപിന്‍െറ വിജയം സവിശേഷ പ്രാധാന്യമാണ് കൈവരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ 30 മാസം പിന്നിടുമ്പോള്‍ ഏറെ പ്രകടമാണ് ചൈനാ ബന്ധത്തില്‍ സംഭവിച്ച വിള്ളലുകള്‍. യു.പി.എ ഭരണകാലത്ത് ഉഭയകക്ഷി ബന്ധങ്ങളില്‍ കൈവരിച്ച സാധാരണനില ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഭിന്നതകളേക്കാള്‍ കൈകോര്‍ക്കാവുന്ന അനേകം പൊതുതാല്‍പര്യങ്ങള്‍ ഇന്ത്യയെയും ചൈനയെയും ഒരുമിപ്പിക്കാനാകുമെന്ന് യു.പി.എ ഭരണം അസന്ദിഗ്ധമായി തെളിയിക്കുകയുണ്ടായി. പാകിസ്താനുമായുള്ള സംഘര്‍ഷങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിലും യു.പി.എ ഭരണം വിജയമായിരുന്നു കാഴ്ചവെച്ചത്.ഉഭയകക്ഷി ബന്ധങ്ങളിലെ വിള്ളലിന് മുഖ്യ കാരണമായ കശ്മീര്‍ തര്‍ക്കത്തിന് രമ്യമായ പരിഹാരം കണ്ടത്തൊന്‍ ആ കാലയളവില്‍ നടത്തിയ പരിശ്രമങ്ങളിലുണ്ടായ പുരോഗതിയും ശ്രദ്ധേയമായിരുന്നു.
യു.പി.എ അവലംബിച്ച ഉത്തമ നയതന്ത്രരീതിക്ക് പകരം പേശീബല നയതന്ത്രം (Muscular diplomacy) അവലംബിച്ചായിരുന്നു മോദി സര്‍ക്കാര്‍ പാകിസ്താനെയും ചൈനയെയും അഭിമുഖീകരിച്ചത്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രപരമായ താല്‍പര്യങ്ങളുടെ ഭാഗമായിരുന്നു ആ സമീപനം. എന്നാല്‍, അതിദ്രുതം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോള-മേഖലാതല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്തതും ഇന്ത്യയുടെ ദേശീയാധികാരത്തിന്‍െറ സമഗ്രതക്ക് ഇണങ്ങാത്തതുമായ പേശീബല നയതന്ത്രം വിപല്‍ക്കരമായ പ്രത്യാഘാതങ്ങളിലേക്കാകും രാഷ്ട്രത്തെ നയിക്കുക.
ഏഷ്യ വന്‍കരയില്‍ വന്‍ മാറ്റങ്ങളാണ് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്. ട്രംപിന്‍െറ വിദേശനയത്തിന്‍െറ സഞ്ചാരപഥങ്ങളെ സംബന്ധിച്ച് നാം മുന്‍കൂറായിതന്നെ ധാരണകള്‍ ആര്‍ജിക്കേണ്ടതുണ്ട്. ട്രംപ് ഉയര്‍ത്തിപ്പിടിക്കുന്ന സിദ്ധാന്തങ്ങളുടെ അടിസ്ഥാന സ്വഭാവത്തെ സംബന്ധിച്ച ജ്ഞാനവും അനുമാനങ്ങളും സ്വാംശീകരിക്കേണ്ടതും അടിയന്തര പ്രാധാന്യമുള്ള കാര്യമാണ്. ‘ആദ്യ പരിഗണന അമേരിക്കക്ക്’ എന്നതാണ് ട്രംപ് പ്രമാണത്തിന്‍െറ കാതല്‍. ഏത് സാഹചര്യങ്ങളിലും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കിയേ യു.എസ് നയരൂപവത്കരണത്തിന് തയാറാകൂ എന്ന് സാരം.
ആപല്‍സന്ധിയിലേക്ക് കടന്ന നിരവധി സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ ആഭ്യന്തരതലത്തില്‍ യു.എസിനെ വേട്ടയാടുന്നു എന്ന യാഥാര്‍ഥ്യം ഗ്രഹിച്ചതുകൊണ്ടാകാം ട്രംപ് ഇത്തരമൊരു പ്രവര്‍ത്തന ലഘൂകരണ സിദ്ധാന്തം ആവിഷ്കരിക്കാന്‍ തയാറായതെന്ന് കരുതാം. ആഗോളതലത്തില്‍ പ്രഭാവമുള്ള വന്‍ശക്തി എന്ന നിലയില്‍ വര്‍ത്തിക്കാനുള്ള അമേരിക്കയുടെ ശേഷിക്ക് ഇടിവ് സംഭവിച്ചതായും ട്രംപ് പ്രമാണം സൂചനകള്‍ നല്‍കുന്നു.
രാജ്യാന്തര മുന്നണികളില്‍നിന്നും ഉടമ്പടികളില്‍നിന്നും വിടുതല്‍ പ്രഖ്യാപിക്കുന്ന നയംതന്നെയാകും ട്രംപ് അധികാരാരോഹണ ശേഷം സ്വീകരിക്കുക.
അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് നേരിട്ട് ഭീഷണി ഉയരാത്തപക്ഷം അന്യരാജ്യങ്ങളില്‍ ഇടപെടേണ്ടതില്ളെന്ന പുതിയ വിദേശനയത്തിനാണ് ട്രംപ് രൂപം നല്‍കുന്നത്. അമേരിക്കന്‍ സമ്പത്ത് അമേരിക്കയില്‍ തന്നെ വിനിയോഗിച്ചുകൊണ്ട് ആഭ്യന്തര സമ്പദ്ഘടനയെ ബലപ്പെടുത്തുക എന്ന ശുദ്ധ വാണിജ്യനയം തെരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
ട്രാന്‍സ് പസഫിക് വ്യാപാര പങ്കാളിത്ത കരാര്‍ റദ്ദാക്കുമെന്ന് ഇതിനകം നിയുക്ത പ്രസിഡന്‍റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ചൈനയെ തഴഞ്ഞ് ഏഷ്യ പസഫിക് മേഖലയിലെ ഇതര രാജ്യങ്ങളുമായി വ്യാപാരബന്ധം വിപുലീകരിക്കുന്നതിനായി ഒബാമ രൂപം നല്‍കിയ കരാറില്‍നിന്ന് പിന്മാറുന്നതിലൂടെ ചൈനയുമായി വ്യാപാരബന്ധം സ്ഥാപിക്കാന്‍ അഭിലഷിക്കുന്നു എന്ന് പ്രഖ്യാപിക്കുക കൂടിയാണ് നിയുക്ത യു.എസ് പ്രസിഡന്‍റ്. അമേരിക്കയുടെ നിക്ഷേപ-വാണിജ്യ താല്‍പര്യങ്ങള്‍ക്ക് നല്‍കുന്ന ഈ ഊന്നല്‍ ചൈന-യു.എസ് ബന്ധങ്ങള്‍ കൂടുതല്‍ ദൃഢീകരിക്കുന്നതിന് സഹായകമാകും.
സൗത്ത് ചൈന സമുദ്ര തര്‍ക്കത്തില്‍ മേഖലാ രാഷ്ട്രങ്ങള്‍ ചൈനീസ് സമീപനത്തെ ശക്തമായി ചോദ്യം ചെയ്തുവരുന്നതിനിടയില്‍ ബെയ്ജിങ്ങിന് നേരെ ട്രംപ് ഒലിവ് ചില്ലകള്‍ ഉയര്‍ത്തിയിരുന്നു. ഏഷ്യന്‍ മേഖലയില്‍നിന്നുള്ള യു.എസ് പിന്മാറ്റത്തിന്‍െറ ആദ്യ ലക്ഷണങ്ങള്‍ ട്രംപിന്‍െറ ഈ ചൈനീസ് അനുഭാവ പ്രകടനത്തില്‍ കണ്ടത്തൊനാകും.
അമേരിക്കന്‍ സമ്പദ്ഘടനക്ക് പുതുജീവന്‍ പകരുന്നതില്‍ ചൈനാ ബന്ധത്തിന് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് നിയുക്ത പ്രസിഡന്‍റ് വിശ്വസിക്കുന്നു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈനയില്‍ കൂടുതല്‍ കമ്പോളങ്ങള്‍ ലഭ്യമാകും. യു.എസില്‍ മുതല്‍മുടക്കുന്നതില്‍ ചൈനീസ് കമ്പനികള്‍ നേരത്തേതന്നെ ഒൗത്സുക്യം പ്രകടിപ്പിക്കുകയുണ്ടായി. പയറ്റിത്തെളിഞ്ഞ ബിസിനസുകാരനും കോടീശ്വരനുമായ ട്രംപ് യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതമായ തീരുമാനങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്ന് ചൈനക്കറിയാം.
പാളിയ സമരതന്ത്രം
ട്രംപ് അധികാരത്തിലേറുന്നതിന്‍െറ പ്രധാന ഗുണഭോക്താക്കളായി ചൈനയും പാകിസ്താനും മാറാതിരിക്കില്ല. ഇന്ത്യയെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ട വസ്തുതയാണത്. ചൈന ഏഷ്യയില്‍ പുലര്‍ത്തുന്ന മേധാവിത്തത്തിനെതിരെ ഇന്ത്യക്ക് പ്രോത്സാഹനം നല്‍കുന്ന നയം യു.എസ് തുടരുമെന്ന ധാരണയിലായിരുന്നു മോദി സര്‍ക്കാര്‍ യു.എസ് നയത്തിന് രൂപം നല്‍കിയത്. പാകിസ്താന് പകരം വാഷിങ്ടണ്‍ ഇന്ത്യയോട് കൂടുതല്‍ ചായ്വ് പുലര്‍ത്തുമെന്ന നിഗമനവും മോദി സര്‍ക്കാറില്‍ അടിയുറക്കുകയുണ്ടായി.
ചൈനക്കെതിരെ ‘തിബത്ത്’ കാര്‍ഡ് ഇറക്കാമെന്ന വിശ്വാസവും കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാടുകളില്‍ പ്രതിഫലിക്കുകയുണ്ടായി. ആണവദായക രാഷ്ട്ര ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ചൈനീസ് പിന്തുണ ലഭ്യമാകുമെന്നായിരുന്നു സര്‍ക്കാറിന്‍െറ മറ്റൊരു കണക്കുകൂട്ടല്‍. ഭീകരത പ്രശ്നത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിലും ഇന്ത്യ ചൈനീസ് പിന്തുണ ആഗ്രഹിച്ചു. ചൈനയില്‍ സമ്മര്‍ദം ചെലുത്തുക എന്ന സമരതന്ത്രത്തിന്‍െറ ഭാഗമായി അമേരിക്കയോടും ജപ്പാനോടുമുള്ള സൗഹൃദങ്ങള്‍ വിപുലീകരിച്ച ന്യൂഡല്‍ഹി ദക്ഷിണ ചൈന, സമുദ്ര തര്‍ക്കത്തിലും ചൈന വിരുദ്ധ സമീപനം കൈക്കൊണ്ടു. പാക് ബന്ധങ്ങളിലും ഇതേ പേശീബല നയതന്ത്രത്തിനായിരുന്നു ഇന്ത്യയുടെ ഊന്നല്‍. നദീജലം പങ്കുവെക്കുന്നത് തടയുമെന്ന് ഭീഷണി മുഴക്കിയും ബലൂചിസ്താന്‍ വിഘടനവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും പാകിസ്താനെ അഭിമുഖീകരിച്ച ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ അയല്‍രാജ്യത്തിന് മിന്നല്‍ പ്രഹരം നല്‍കിയതും ഓര്‍മിക്കുക.
കൂടാതെ അഫ്ഗാനുമായുള്ള സൗഹൃദത്തെ പാകിസ്താനെതിരെ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ തുടരുന്നു. എന്നാല്‍, പേശീബല നയതന്ത്രത്തിന്‍െറ ആയുസ്സ് എത്രകാലം എന്നതാണ് പ്രസക്തമായ ചോദ്യം. പുടിനുമായി അടുപ്പം പുലര്‍ത്തുന്ന ട്രംപ് റഷ്യയെ ഉപയോഗിച്ച് സിറിയയില്‍ മാറ്റം ഉണ്ടാക്കാനാകുമെന്ന് കണക്കുകൂട്ടുന്നു. ഒപ്പം ചൈനയെ ഉപയോഗപ്പെടുത്തിയാല്‍ പാകിസ്താനിലും അതുവഴി അഫ്ഗാനിസ്താനിലും മാറ്റങ്ങള്‍ സാക്ഷാത്കരിക്കാമെന്ന കൗശലവും ട്രംപിന്‍െറ വിഭാവനകളില്‍ ഇടം നേടിയിരിക്കുന്നു. ഈ ഘട്ടത്തില്‍ എല്ലാ മുട്ടകളും യു.എസ് കൊട്ടയില്‍ സൂക്ഷിക്കാനുള്ള വ്യഗ്രത ഉപേക്ഷിക്കുന്നതാകും നമുക്ക് കരണീയം. കാരണം ഇന്ത്യ പുലരുന്നത് ഏഷ്യന്‍ മേഖലയിലാണ്.
നേപ്പാള്‍, ശ്രീലങ്ക, ബംഗ്ളാദേശ്, മാല ദ്വീപ് തുടങ്ങിയ മേഖലയിലെ ചെറുരാഷ്ട്രങ്ങളിലെ അടിയൊഴുക്കുകള്‍ പോലും അവഗണിച്ച് മുന്നോട്ടുനീങ്ങുന്നത് ഇന്ത്യക്ക് ദുഷ്കരമായിരിക്കും. സാമ്പത്തിക വളര്‍ച്ചയില്‍ ചൈനക്ക് തങ്ങളെ സഹായിക്കാനാകുമെന്ന് കരുതുന്ന ഈ രാജ്യങ്ങള്‍ ബെയ്ജിങ്ങുമായി ഉറ്റബന്ധം സ്ഥാപിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങളിലാണിപ്പോള്‍. ഈ മേഖലാതല രാഷ്ട്രീയം വേണ്ടത്ര ഗ്രഹിക്കാതെയാണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്കെതിരെ ഇന്ത്യ രംഗപ്രവേശം ചെയ്തത്.
അഫ്ഗാനിസ്താനില്‍നിന്ന് സൈനികരെ പിന്‍വലിക്കാനും ഭീകരത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൈയാളാന്‍ മേഖലാ ശക്തികളെ ചുമതലപ്പെടുത്താനും ട്രംപ് തീരുമാനിക്കുന്നപക്ഷം ഇന്ത്യയുടെ നില വീണ്ടും പരുങ്ങലിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.