രക്തസാക്ഷികളെ മായ്ക്കാനൊരുങ്ങുന്ന മാപ്പുസാക്ഷികൾ
text_fieldsസ്വാ തന്ത്ര്യലബ്ധിയുടെ മുക്കാൽ നൂറ്റാണ്ട് തികയവെ വൈദേശികാധിപത്യത്തിനെതിരെ പടപൊരുതിയ ധീരനായകരുടെ പേര് വെട്ടിമാറ്റുവാനും ചരിത്രത്തെ ചിത്രവധം ചെയ്യാനുമുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ഭരണകൂടത്തിെൻറ കാർമികത്വത്തിൽ നടന്നുവരുന്നത്. 387 സ്വാതന്ത്ര്യസമരസേനാനികളുടെ പേര് രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് നീക്കംചെയ്യാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ കോപ്പ്കൂട്ടുന്നു. മലബാർ സമര പോരാളികളാണ് ഇതിലെ മുഖ്യ ഉന്നം. അതിെൻറ ഭാഗമായിട്ടാവണം പുസ്തകങ്ങൾ, സെമിനാറുകൾ, സമൂഹമാധ്യമങ്ങൾ എന്നിവ വഴിയെല്ലാം വ്യാജമായ ആഖ്യാനങ്ങൾ പടച്ചുവിട്ട് പുതുതലമുറയിൽ തെറ്റായ ചിത്രം പകരാൻ കുറച്ചു കാലമായി തുടരുന്ന ആസൂത്രിത ശ്രമങ്ങൾക്ക് ഇപ്പോൾ വേഗമേറിയിട്ടുണ്ട്. ആലി മുസ്ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരുടെ ഓർമകൾപോലും മായ്ച്ചുകളയുക എന്നത് പ്രത്യയശാസ്ത്രപരമായ ദൗത്യമായി സംഘ്പരിവാർ ഭരണകൂടം ഏറ്റെടുത്തിരിക്കുന്നു എന്നാണ് ഈ നീക്കങ്ങളിൽനിന്ന് വ്യക്തമാവുന്നത്.
വെള്ളപ്പട്ടാളത്തിെൻറ തോക്കിനും തൂക്കുകയറിനും മുന്നിൽ മനസ്സിളകാതെ പൊരുതിയ മഹാത്മാക്കൾ പുത്തൻ അധിനിവേശകരുടെ സാഹസം കണ്ട് രക്തസാക്ഷികളുടെ പൂങ്കാവനത്തിലിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവും ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ധീരാത്മാക്കളുടെ പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും നൂറ്റാണ്ട് തികയുന്ന വേളതന്നെ അവരെ അവമതിക്കാൻ തിരഞ്ഞെടുത്തതും യാദൃച്ഛികമാവാൻ ഇടയില്ല. മലബാറിൽ നടന്നത് സ്വാതന്ത്ര്യ സമരമല്ലെന്നും വർഗീയ സംഘർഷമായിരുന്നുവെന്നും ദുർവ്യാഖ്യാനങ്ങൾ ചമക്കപ്പെടുന്ന വേളയിൽ 1921 ആഗസ്റ്റ് 20 മുതൽ ഒമ്പതു മാസക്കാലം ഏറനാട്ടിലും വള്ളുവനാട്ടിലും നടന്ന സംഭവങ്ങൾ ഇനിയെങ്കിലും സത്യസന്ധമായി വിലയിരുത്തപ്പെടേണ്ടത് തൂക്കുമരത്തിലും തീവണ്ടി മുറിയിലും ശ്വാസംമുട്ടി മരിച്ച രക്തസാക്ഷികളോടും അവരുടെ പിന്മുറക്കാരോടും നാം പുലർത്തേണ്ട സാമാന്യ നീതിയാണ്.
ബ്രിട്ടീഷുകാർ തെന്നിന്ത്യയിൽ ഏറ്റവുമേറെ ഭയപ്പെട്ട മുന്നേറ്റങ്ങളിലൊന്ന് ഇവിടത്തെ മാപ്പിളമാരുടെ മുൻകൈയിൽ നടന്ന വിപ്ലവമാണ്. 1922 ജനുവരി 20ന് മലപ്പുറം കോട്ടക്കുന്നിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിെവച്ചു കൊന്ന് ചുട്ടു കരിച്ചു കളഞ്ഞതിൽനിന്ന് വ്യക്തമാണ് വെള്ളപ്പട്ടാളം അദ്ദേഹത്തെയും അനുചരന്മാരെയും എന്തുമാത്രം ഭയപ്പെട്ടുവെന്ന്.1921ൽ 15,000 തൊട്ട് അരലക്ഷംപേർ വരെ കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രാഥമിക നിഗമനങ്ങൾ.
220 ഗ്രാമങ്ങളെ വീരേതിഹാസങ്ങളുടെ ചരിത്രമാലയിൽ കോർത്ത മലബാർ സമരത്തിൽ 5941 കൊള്ളകളും 352 തീവെപ്പുകളുമാണ് ബ്രിട്ടീഷ് രേഖകളിൽ സ്ഥാനംപിടിച്ചിട്ടുള്ളത്. സർ മാൽക്കംവൊയ്ലി 2339 പേർ വെടിയേറ്റ് മരിച്ചെന്നും 11,562 പേർക്ക് പരിക്കേറ്റെന്നും രേഖപ്പെടുത്തുന്നു. 39,348 പേർ തടവിലാക്കപ്പെട്ടുവെന്നും ഇതിൽ 24,167 പേർ ശിക്ഷിക്കപ്പെട്ടുവെന്നും 60,000 പേർക്കെതിരേ കേസെടുത്തുവെന്നും 17,688 പേരെ പിഴശിക്ഷ വിധിച്ച് വിട്ടയച്ചുവെന്നും 12,177 പേരെ അന്തമാനിലേക്ക് നാടുകടത്തിയെന്നും 308 പേരെ തൂക്കിലേറ്റിയെന്നും 38 പേരെ വധശിക്ഷ വിധിച്ച് വെടിെവച്ചു കൊന്നുവെന്നും ഇതേ രേഖകളിലുണ്ട്. എന്നാൽ, കൊല്ലപ്പെട്ടത് 20,000 പേരാണെന്നും 20,000 പേരെ നാടുകടത്തിയെന്നും 50,000 പേർ ദീർഘകാല തടവുശിക്ഷ അനുഭവിച്ചുവെന്നും 10,000 പേരെ കാണാതായെന്നും മറ്റുചില രേഖകൾ പറയുന്നു. 1921നു ശേഷം കിഴക്കനേറനാട്ടിൽ പുരുഷന്മാർ അവശേഷിക്കാത്ത ഗ്രാമങ്ങൾ പോലുമുണ്ടായിരുന്നു.അക്രമകാരികളായ മാപ്പിളമാർ ഗ്രാമങ്ങൾ കയറിയിറങ്ങി നാശം വിതക്കുകയായിരുന്നുവെന്നാണ് ക്ലബ് ഹൗസിലെ വിദ്വേഷ പ്രസംഗകർ ഇപ്പോൾ പാടിനടക്കുന്നത്.
'ഹാർട്ട് ഓഫ് റിബല്യൻ' എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച പാണ്ടിക്കാടിന്റെ 1921 കാലത്തെ ഫോട്ടോ (നിലവിൽ ലിവർപൂളിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു)
1921 ആഗസ്റ്റ് 20ന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ, തിരൂരങ്ങാടി ഖിലാഫത് കമ്മിറ്റി നേതാവ് ആലി മുസ്ലിയാരുടെ നേതൃത്വത്തിലെ നിരായുധ ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്ത് 17 പേരെ കൊലപ്പെടുത്തിയതോടെയാണ് മലബാർ സമരം തീക്ഷ്ണത കൈവരിക്കുന്നത്. അല്ലാതെ 'ഹാലിളകിയ' മാപ്പിളക്കൂട്ടങ്ങളുടെ പരാക്രമം ആയിരുന്നില്ല അതൊന്നും. 1921 ആഗസ്റ്റ് 30ന് ആലി മുസ്ലിയാരെ തടവിലാക്കിയ ശേഷമോ 1922 ജനുവരി ആറിന് കാളികാവിനടുത്ത് ഓലള മലയിൽനിന്ന് ചതിപ്രയോഗത്തിലൂടെ വാരിയൻകുന്നനെ പിടികൂടുന്നതോടെയോ മലബാർ സമരം അവസാനിച്ചിരുന്നില്ല.
ഒമ്പതുമാസക്കാലം ബ്രിട്ടീഷുകാരിൽനിന്ന് സ്വതന്ത്രമാക്കി ഏറനാട്ടിലും വള്ളുവനാട്ടിലും നീതിയുക്തമായ ഭരണം നടപ്പാക്കാൻ വാരിയംകുന്നന് കഴിഞ്ഞു. അവിടെ പരാജയപ്പെട്ട ബ്രിട്ടീഷുകാർ ചരിത്രത്തിൽ മാറ്റിത്തിരുത്തലുകൾ നടത്തി. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത, മാപ്പുസാക്ഷികളായി സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ഒരു സമൂഹം അന്നുമുണ്ടായിരുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിനുവേണ്ടി ഒരു തുള്ളി വിയർപ്പൊഴുക്കാൻ കൂട്ടാക്കാഞ്ഞവരുടെ പിൻമുറക്കാരാണ് ഇന്ന് മലബാർ സമരത്തെ വർഗീയ ലഹളയെന്നാക്ഷേപിച്ച് വെട്ടിത്തിരുത്തലുകളുമായി ഇറങ്ങിത്തിരിക്കുന്നത്.
മലബാർ സമരം ഹിന്ദുക്കൾക്കെതിരായ കലാപമായി വ്യാഖ്യാനിക്കാൻ അന്നേ ശ്രമമുണ്ടായിരുന്നു. നിർബന്ധിത മതപരിവർത്തനം നടന്നതായി പ്രചരിപ്പിച്ച് മതപരിവർത്തനത്തിന് വിധേയരായവരെ തിരിച്ചുകൊണ്ടുപോകാൻ (ഘർവാപസി തന്നെ) കോഴിക്കോട് ക്യാമ്പ് ചെയ്ത ശുദ്ധീകരണ പ്രസ്ഥാനത്തിന് നാലുപേരെ പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും ചരിത്രം.
കൊല്ലപ്പെട്ടവരുടെ മയ്യിത്തുകൾ വിട്ടുകൊടുക്കുന്നതിനുപകരം മാപ്പിളമാർക്ക് ഒട്ടും ദഹിക്കാത്ത രീതിയിൽ അവ കൂട്ടിയിട്ട് ദഹിപ്പിച്ചുകളഞ്ഞത് ശുഹദാക്കളുടെ ഖബറിടങ്ങൾ ഉണ്ടാവാതിരിക്കാനും അവരെ തിരിച്ചറിയാതിരിക്കാനും ചരിത്രത്തിൽ അവർ വിസ്മരിക്കപ്പെടാനും അവരിൽനിന്നും ആരും പ്രചോദനമുൾക്കൊള്ളാതിരിക്കാനുമായിരുന്നു. ആലി മുസ്ലിയാരെ കോയമ്പത്തൂരിൽ തൂക്കിലേറ്റിയതും, കാൽലക്ഷം പേരെ അന്തമാനിലേക്ക് നാടുകടത്തിയതും ഇക്കാരണത്താൽ തന്നെ. കലാപത്തിന്റെ തെളിവുകൾ നിശ്ശേഷം തുടച്ചുനീക്കലായിരുന്നു ലക്ഷ്യം. എന്നിട്ട്,കൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ ശവക്കല്ലറകൾ മാത്രം നിലനിർത്തി. ഹിച്ച് കോക്കിന് വള്ളുവമ്പ്രത്തും സ്മാരകമുണ്ടാക്കി.
മറ്റു സ്വാതന്ത്ര്യസമരങ്ങളിൽനിന്നും 1921 നെ വ്യത്യസ്തമാക്കുന്നത് എഴുതപ്പെടാത്ത വസ്തുതകളാണ്. സാധാരണ കലാപങ്ങളും യുദ്ധങ്ങളുമൊക്കെ രേഖപ്പെടുത്തി വെക്കാറുള്ളതിനാൽ സത്യസന്ധമായ ചിത്രം മനസ്സിലാക്കാൻ പ്രയാസമുണ്ടാകാറില്ല. കലാപങ്ങളിൽ പങ്കെടുത്തവരുടെ ഡയറിക്കുറിപ്പുകളും കവിതകളും കത്തുകളും യാഥാർഥ്യങ്ങൾ പുറംലോകത്ത് എത്തിക്കാറാണ് പതിവ്. എന്നാൽ, മലബാർ സമരത്തിൽ ഇത്തരം തെളിവുകൾ വിരളമാണ്. അതിനാൽ, സത്യസന്ധരായ ചരിത്രകാരന്മാരും ബ്രിട്ടീഷ് രേഖകളെയും നാടൻ സായിപ്പുമാരുടെ ജന്മിമനസ്സിന്റെ വൈകൃതങ്ങളുള്ള ലിഖിതങ്ങളെയും ആശ്രയിക്കുകയാണ് ചെയ്തത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വളൻറിയർ സേനയിൽ 500ൽപ്പരമാളുകൾ ഹിന്ദുക്കളായിരുന്നു എന്ന യാഥാർഥ്യം അവർ മൂടിെവച്ചു. ഹാജി കാഴ്ചവെച്ച നീതിയുടെ നിസ്തുല മാതൃകകൾ ആർക്കും ഒരു കാലത്തും അവഗണിക്കാനാവുകയില്ല.
രക്തരൂഷിതമായ ഒരു സമരം നടന്നാൽ സ്വാഭാവികമായി ഉണ്ടാകേണ്ട അന്വേഷണങ്ങളോ കമീഷനുകളോ നീതിപൂർവം പ്രവർത്തിക്കാൻ തയാറായി മലബാറിലെത്തിയിരുന്നില്ല. സമരയോദ്ധാക്കളിൽനിന്നോ അനുഭവസ്ഥരിൽനിന്നോ തുടർന്ന് സ്ഥാപിതമായ രണ്ടു പ്രമുഖ യതീംഖാനകളിലെത്തിച്ചേർന്ന (തിരൂരങ്ങാടി, ജെ.ഡി.ടി) ആയിരക്കണക്കിന് അനാഥമക്കളിൽനിന്നോ അന്തമാനിലേക്ക് നാടുകടത്തപ്പെട്ട സമരസഖാക്കളിൽനിന്നോ ആരും ഒന്നും കുറിച്ചെടുത്തില്ല. വർഷങ്ങൾക്കുശേഷം അത്തരം ചില ശ്രമങ്ങൾ നടന്നെങ്കിലും ഏറെ വൈകിപ്പോയിരുന്നു.
ഇന്ന് മലബാർ സമരം ഉൾപ്പെടെയുള്ള മുന്നേറ്റങ്ങളെയും അതിലെ പോരാളികളെയും ചരിത്രത്തിൽനിന്ന് വെട്ടിമാറ്റാൻ ശ്രമിക്കുന്ന ചരിത്ര ഗവേഷണ കൗൺസിലിലെ നിലയ വിദ്വാന്മാർ ആത്യന്തികമായി ചെയ്യുന്നത് ബ്രിട്ടീഷ് അധിനിവേശ ശക്തികളോട് തങ്ങൾക്ക് ഇപ്പോഴുമുള്ള കൂറ് വ്യക്തമാക്കുകയാണ്. സാമ്രാജ്യത്വത്തോടും ഫാഷിസത്തോടും അന്നും ഇന്നും കൂറു പുലർത്തുന്ന, ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തെ ഒറ്റുകൊടുത്ത സംഘ്പരിവാറിെൻറ ഭരണകാലത്ത് മറിച്ച് സംഭവിച്ചാലല്ലേ നമ്മൾ അത്ഭുതപ്പെടേണ്ടതുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.