തുർക്കി കരുത്തു നേടുന്നു; ഉർദുഗാനും
text_fieldsതുർക്കിക്ക് ഏറെ പ്രാധാന്യമേറിയ തെരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്. പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്കു മാറുന്ന രാജ്യത്തിെൻറ ചീഫ് എക്സിക്യൂട്ടിവ് പദവിയിലേക്കും പാർലമെൻറിലേക്കുമുള്ള തെരഞ്ഞെടുപ്പ് ലോകം ആകാംക്ഷപൂർവം നിരീക്ഷിക്കുകയായിരുന്നു. യൂറോപ്പും പശ്ചിമേഷ്യയും അമേരിക്കയും ഉറ്റുനോക്കിയ തെരെഞ്ഞടുപ്പ്. മാറുന്ന സംവിധാനത്തിൻ കീഴിൽ തുർക്കിയുടെ ആദ്യ പ്രസിഡൻറ് ആരാവുമെന്നതും രാജ്യഭരണം ആരു കൈയാളുമെന്നതും തുർക്കിക്കു മാത്രമല്ല, മറ്റുള്ളവർക്കും തന്ത്രപ്രധാനമാണ്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഭരണ കക്ഷിയായ അക് പാർട്ടിയുടെ പ്രസിഡൻഷ്യല്‍ രീതിയിലേക്കുള്ള ഭരണമാറ്റപ്രമേയത്തെ തുർക്കിജനത പിന്തുണക്കുന്നത്. ഈ ഹിതപരിശോധനയിൽ ജനം അക് പാർട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെ പാർലമെൻററി സമ്പ്രദായത്തിൽനിന്ന് പ്രസിഡൻഷ്യൽ രീതിയിലേക്കുള്ള രാഷ്ട്രീയമാറ്റം സാധ്യമായി. മുന്‍ വർഷങ്ങളില്‍നിന്നു വ്യത്യസ്തമായി രണ്ടു ചേരികളാണ് മത്സരരംഗത്തുണ്ടായിരുന്നത്^ അക് പാർട്ടിയും എം.എച്ച്.പിയും ചേർന്ന ‘ജനകീയ മുന്നണി’യും അത്താതുർക്കിെൻറ പാർട്ടിയായ സി.എച്ച്.പിയും സആദത് പാർട്ടിയും ‘ഇയി’ പാർട്ടിയും (Good Party) ചേർന്ന ദേശീയ സഖ്യവും (National Alliance). ദേശീയമുന്നണിയിലെ പാർട്ടികളത്രയും തമ്മില്‍ മൗലികമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും പ്രസിഡൻഷ്യല്‍ സിസ്റ്റത്തിനായുള്ള 2017ലെ റഫറണ്ടത്തില്‍ ‘അരുത്’ (hayir) കാമ്പയിന്‍ നയിച്ചതാണ് ഈ പാർട്ടികളത്രയും. ഇതിനുപുറമേ ഹുദ പാർട്ടി, എച്ച്.ഡി.പി, വതന്‍ പാർട്ടി തുടങ്ങിയവരും മത്സര രംഗത്തുണ്ടായിരുന്നു.
ഒരുപാട് ആരോപണങ്ങൾക്കിടയിലാണ് തുർക്കിയിലെ ഇരട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 2018 ആഗസ്റ്റ് 26ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ജൂൺ 24ന് നടത്താനുള്ള തീരുമാനം പരക്കെ പ്രതിഷേധമുണ്ടാക്കിയിരുന്നു. മറ്റു പാർട്ടികള്‍ തയാറെടുക്കും മുന്പുള്ള ‘ധിറുതി പിടിച്ച’ തെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രധാന ആരോപണം. അതേസമയം, പ്രചാരണരംഗത്ത് എല്ലാ പാർട്ടികളുടെയും ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. തുർക്കിയുടെ സാമ്പത്തികനില, നിലവിലെ നാണയപ്പെരുപ്പം, അഭയാർഥി പ്രശ്നങ്ങൾ, അയൽപക്ക ബന്ധം, 2016ല്‍ നടന്ന വിഫലമായ പട്ടാള അട്ടിമറിയുടെ ഉത്തരവാദികളായ ഫത്ഹുല്ല ഗുലെൻറ ഫെറ്റോയോടുള്ള നിലപാടും മറ്റുമായിരുന്നു പ്രധാന ചർച്ച-സംവാദ വിഷയങ്ങള്‍. പ്രസിഡൻഷ്യൽ, പാർലമെൻറ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള തീരുമാനത്തിലൂടെ ജനങ്ങളുടെ പ്രയാസം ലഘൂകരിക്കാൻ ഗവൺമെൻറിന് സാധിച്ചു. ഈ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. ഒന്ന്, രാജ്യാന്തര പൗരന്മാർക്കുകൂടി തെരഞ്ഞെടുപ്പിൽ പങ്കാളികളാവാനുള്ള സാഹചര്യം സൃഷ്ടിച്ചു. രണ്ട്, പെെട്ടന്നുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചു. മൂന്ന്, തുർക്കിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. നാല്, തെരഞ്ഞെടുപ്പ് വിജയം നിലവിലെ ഭരണകക്ഷിക്കും പ്രതിപക്ഷ പാർട്ടികൾക്കും ഒരു പോലെ പ്രാധാന്യമേറിയതും പാർലമെൻററിയിൽനിന്നു പ്രസിഡൻഷ്യൽ രീതിയിലേക്കുള്ള പ്രഥമ ചുവടുമാറ്റം സാധ്യമാക്കുകയും ചെയ്തു. അഞ്ച്, തുർക്കി റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതിനും അത്താതുർക്കിെൻറ പരിഷ്കാരങ്ങള്‍ നൂറു വർഷം തികക്കുന്നതിനും മുന്പേ, 1922നു ശേഷം തുർക്കിയുടെ രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റം സാധ്യമായി.
മത്സരഫലം വരുമ്പോള്‍, നിലവിലെ ഭരണ കക്ഷിയെന്ന ബലവും കഴിഞ്ഞ 16 വർഷത്തെ പ്രകടനവും ഉർദുഗാന് ഗുണംചെയ്തു എന്നുപറയാം. ലോക നേതാക്കന്മാർക്കിടയില്‍ ശക്തമായ നിലപാടെടുക്കാന്‍ കെൽപുള്ള ഒരു നേതാവിെൻറ അഭാവമാണ് നീണ്ട കാലയളവിൽ ഉർദുഗാന് എതിരാളികളെയില്ലാതാക്കിയത്. അതോടൊപ്പം അടിസ്ഥാന സൗകര്യവികസനത്തിലും സാമ്പത്തിക, ആരോഗ്യരംഗത്തും അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങള്‍ അതിഗംഭീരമായി. ഐ.എം.എഫിലെ കടങ്ങളത്രയും തിരിച്ചടച്ചത് ഒരുദാഹരണം മാത്രം. കഴിഞ്ഞ റഫറണ്ടത്തിലെന്നപോലെ നഗരപ്രദേശങ്ങളില്‍നിന്നുള്ള വോട്ടുവിഹിതത്തില്‍ വലിയ ഇടിവ് സംഭവിക്കുന്നു. എന്നാൽ, മധ്യ അനറ്റോലിയയിലെയും ഗ്രാമപ്രദേശങ്ങളിലെയും വോട്ടുകളെ ഏകീകരിക്കുന്നതില്‍ ഉർദുഗാന്‍ വിജയം കൈവരിച്ചു. 52.7 ശതമാനത്തിെൻറ പ്രത്യക്ഷ വിജയം തുർക്കി ജനത അദ്ദേഹത്തെ അറിഞ്ഞ് അംഗീകരിച്ചതിെൻറ തെളിവാണ്. മാസങ്ങൾക്ക് മുന്പ് ‘മതി’ (yeter), ‘തൃപ്തിയായി’ (tamam) തുടങ്ങിയ കാമ്പയിനുകളൊന്നും കാര്യമായ മാറ്റങ്ങളുണ്ടാക്കിയില്ല എന്നുവേണം കരുതാന്‍. ഈ കാമ്പയിനുകളെ ‘തുടരുക’ (devam) എന്ന പ്രതി കാമ്പയിനിലൂടെയാണ് ഉർദുഗാൻ നേരിട്ടത്. പ്രസിഡൻറായി ഭൂരിപക്ഷം കിട്ടിയെങ്കിലും പാർലമെൻറിൽ എം.എച്ച്.പിയുമായുള്ള സഖ്യം അക് പാർട്ടിക്ക് പ്രയോജനം ചെയ്യും. അതേസമയം, എച്ച്.ഡി.പി മുന്നേറ്റം തികച്ചും ആശ്ചര്യകരമായിരുന്നു. 10 ശതമാനം വോട്ട് നേടി പാർലമെൻറിലേക്ക് പ്രവേശനമുറപ്പിച്ച പി.കെ.കെയോട് ആഭിമുഖ്യം നിലനിർത്തുന്ന എച്ച്.ഡി.പി പ്രതിപക്ഷത്ത് സി.എച്ച്.പിയോടൊപ്പം ശക്തമായ സാന്നിധ്യമായിരിക്കും. യഥാർഥത്തിൽ പി.കെ.കെയെ പോലെ ഭീകരസ്വഭാവമുള്ള ഒരു സംഘടനയോട് ആഭിമുഖ്യം പുലർത്തുന്ന ഒരു രാഷ്ട്രീയപാർട്ടിക്ക് തുർക്കിയില്‍ വളരാനുള്ള രാഷ്ട്രീയ സുതാര്യതയൊരുക്കിയത് അക് പാർട്ടിതന്നെയാണ്. പി.കെ.കെയുമായി ഉർദുഗാന്‍ നടത്തിയ സംവാദങ്ങളും നീക്കുപോക്കുകളും അതിനുദാഹരണമായി പറയാം. എച്ച്.ഡി.പിയുടെ ഈ മുന്നേറ്റം തുർക്കിയിലെ ജനാധിപത്യത്തിെൻറ സമൃദ്ധിയെയും അർഥഭംഗിയെയുമാണ് സൂചിപ്പിക്കുന്നത്.
ഭൂരിപക്ഷം ലഭിച്ചു ഭരണത്തുടർച്ച നേടിയെടുത്തു എന്നതൊഴിച്ചാല്‍ പുതിയ ഭരണ കക്ഷികൾക്ക് മുന്നില്‍ വലിയ വെല്ലുവിളികളാണുള്ളത്. ഇന്നും നിലനിൽക്കുന്ന അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതോടൊപ്പം രാജ്യത്തിെൻറ സാമ്പത്തിക സാമൂഹിക സുരക്ഷ ഒരു വലിയ വെല്ലുവിളിയായിരിക്കും. അസ്ഥിരമായിരിക്കുന്ന സാമ്പത്തിക മേഖലയെ പിടിച്ചുയർത്തുക, പുതിയ മധ്യവർഗത്തിെൻറ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക, അതിർത്തിയിലെ സുരക്ഷ ഉറപ്പുവരുത്തുക, അയൽ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുക, യൂറോപ്യന്‍ യൂനിയനുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും അതിൽ അംഗത്വം നേടിയെടുക്കുകയും ചെയ്യുക തുടങ്ങിയവ തികച്ചും വെല്ലുവിളി ഉയർത്തുന്നവതന്നെയാണ്. അതോടൊപ്പം തുർക്കിയിലെ വർത്തമാനകാല സാമൂഹിക യാഥാർഥ്യങ്ങൾ കണക്കിലെടുത്ത് അന്ധമായ വിമർശനങ്ങൾക്കുപരിയായി യൂറോപ്യന്‍ യൂനിയനും തുർക്കിക്കായി വാതിലുകൾ തുറന്നുകൊടുക്കുകയും യുക്തിഭദ്രമായ നിലപാടിലെത്തുകയും വേണം. ഉർദുഗാന് ഒരർഥത്തിലും വിജയിക്കാൻ സാധ്യമല്ലെന്നു തുറന്നെഴുതിയ പാശ്ചാത്യമാധ്യമങ്ങള്‍ അേദ്ദഹം വിജയിച്ചിരിക്കുന്നുവെന്ന യാഥാർഥ്യം അംഗീകരിക്കാന്‍ നിർബന്ധിതരായിരിക്കുന്നു. അതോടൊപ്പം പുതിയ ഗവൺമെൻറും യൂറോപ്യന്‍ യൂനിയനുമായി സമർഥമായൊരു ബന്ധം പുനഃസ്ഥാപിക്കുകയും അനിവാര്യമാണ്.
സാമ്പത്തികസ്ഥിരതയും സാമൂഹിക പുരോഗതിയും സ്വയം പര്യാപ്തതയുമുള്ള ഒരു തുർക്കിയെ അംഗീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്ന ഫ്രാൻസ്, ജർമനി, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയവർക്കുള്ള പാഠമായി ഉർദുഗാെൻറ ഇൗ വിജയം. പുതിയ കനാല്‍ ഇസ്തംബൂള്‍ േപ്രാജക്റ്റും വരാനിരിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ വിമാനത്താവളവും തുർക്കിയുടെ പ്രാധാന്യം വർധിപ്പിക്കും. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള സഞ്ചാര ഇടത്താവളമായി തുർക്കി മാറും. നിലവിലെ നിയമമനുസരിച്ച് നാറ്റോ അംഗങ്ങൾക്ക് മെഡിറ്ററേനിയന്‍ കടലില്‍നിന്ന് കരിങ്കടലിലേക്കുള്ള കപ്പലുകള്‍ ബോസ്പറസ് ഇടനാഴി വഴി റഷ്യയിലേക്കും മറ്റും കടന്നുപോകുന്നതിന് ചുങ്കം നൽകേണ്ടതില്ല. എന്നാൽ, കനാല്‍ ഇസ്തംബൂളിെൻറ നിർമാണത്തോടെ ഈ മാർഗം പ്രാദേശിക ഗതാഗതത്തിനായി പരിമിതപ്പെടുത്തുകയും പുതുതായി നിർമിക്കുന്ന മാർഗത്തിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ചുങ്കം പിരിക്കുകയും ചെയ്യാം. ഇത് യൂറോപ്പിന് വലിയ തിരിച്ചടിയാണ്.
ഇതിനെക്കാളുപരി പ്രസിഡൻഷ്യല്‍ രീതിയിലുള്ള പുതിയ ഗവൺമെൻറിെൻറ വരവ് ലോക മുസ്‌ലിം സമൂഹത്തിന് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ഫലസ്തീനിലെയും റോഹിങ്ക്യന്‍ അഭയാർഥി പ്രശ്നത്തിലും സിറിയന്‍ പ്രശ്നത്തിലും ഉർദുഗാന് ഗവൺമെെൻറടുത്ത നിലപാടുകള്‍ ധീരവും വലിയ പ്രത്യാശ നൽകുന്നതുമായിരുന്നു.
(ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഗവേഷകനും ഫെഡറേഷൻ ഫോർ ഇൻറർനാഷനൽ സ്റ്റുഡൻറ്സ് അസോസിയേഷനിലെ ഇന്ത്യൻ പ്രതിനിധിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.