Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിൻസെന്‍റ് ജോസ് റൈഡർ...

വിൻസെന്‍റ് ജോസ് റൈഡർ കണ്ട മലപ്പുറം

text_fields
bookmark_border
വിൻസെന്‍റ് ജോസ് റൈഡർ കണ്ട മലപ്പുറം
cancel

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായത് മുതൽക്കേ മലപ്പുറത്തെക്കുറിച്ച് മുൻവിധികൾ ഉണ്ടായിരുന്നു. പല മുൻവിധികളും ഇന്നും നിലനിൽക്കുന്നു. മിനി പാകിസ്താനെന്നും, കത്തി കൈയിൽ കൊണ്ട് നടക്കുന്ന ഭീകരവാദികളെന്നും, സംസ്കാര ശൂന്യരെന്നും തുടങ്ങി പല വിധത്തിലാണ് മുൻവിധികൾ. എന്നാൽ ആ മുൻവിധികളെ മാറ്റിവെച്ച് സത്യസന്ധമായി മലപ്പുറത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചവർക്കെല്ലാം ഈ നാടിനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ.

അരയിൽ നിന്ന് കത്തി ഊരി ഇടത്തേകൈയിലെ അടക്ക വലത്തേകൈയിലെ കത്തികൊണ്ട് ചുരണ്ടി മുറിച്ച് വായിലേക്കിട്ട് മുറുക്കിച്ചുവന്ന മോണ കാട്ടിച്ചിരിക്കുന്ന നിഷ്കളങ്കരായ മാപ്പിളമാരുടെ കഥകൾ പലരും മുമ്പേ പറഞ്ഞിട്ടുണ്ട്. എന്നാൽ ആ കത്തി ഒരിക്കൽ പോലും കാണാത്ത മലപ്പുറത്തെ പുതുതലമുറയോടും അതേ മുൻവിധികൾ വെച്ച് പുലർത്തുന്നവരെ ഇന്നും നമുക്ക് കാണാം. മുൻവിധികൾ മാറ്റിവെച്ച് മലപ്പുറത്തക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ ഒരു ബ്രിട്ടീഷ് സൈനികൻ കണ്ട മലപ്പുറം വളരെ ഹൃദ്യവും രസകരവുമായിരുന്നു.

1899 ഒക്‌ടോബർ മുതൽ 1903 ഫെബ്രുവരി വരെ ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് സൈനിക കേന്ദ്രമായ ചെസ്റ്റർ കാസിലിൽ സൈനികനായരുന്നു ലാൻസ് കോർപ്പറൽ വിൻസെന്‍റ് ജോസ് റൈഡർ. ആ കാലത്ത് തന്നെ അദ്ദേഹം സൈനികർക്കിടയിൽ അറിയപ്പെട്ട ആളായിരുന്നു. പിന്നീട് അദ്ദേഹം ഇന്ത്യയിലെ മലപ്പുറം റെജിമെന്‍റിലേക്ക് ഡിറ്റാച്ച്മെന്‍റ് ഡ്യൂട്ടിക്കായി നിയാഗോഗിക്കപ്പെട്ടു. 1904 - 1906 കാലയളവിൽ മലപ്പുറത്ത് താമസിച്ച അദ്ദേഹം മലപ്പുറം സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയിരുന്ന "ദി എക്കോസ് ഫ്രം ദി ജംഗിൾ" എന്ന ഡിറ്റാച്ച്മെന്‍റ് മാഗസിൻ എഡിറ്ററായി നിയമിക്കപ്പെട്ടു. ഈ മാഗസിനിൽ എഴുതിയ ചില ലേഖനങ്ങൾ പുസ്തകമായി പുനപ്രസിദ്ധീകരിച്ചതാണ് TWO YEARS IN MALABAR എന്ന പുസ്തകം. ഇതൊരു ബ്രിട്ടീഷ് ആഖ്യാനമാണ് എന്നതോടൊപ്പം തന്നെ സാധാരണ ബ്രിട്ടീഷ് ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തവുമാണ്.

അതൊരു പ്രിന്‍റ്ഡ് മാഗസിൻ ആയിരുന്നോ അതോ കയ്യെഴുത്ത് മാഗസിൻ ആയിരുന്നോ എന്നൊന്നും വിവരം ലഭ്യമായിട്ടില്ല. ബ്രിട്ടീഷ് ആർക്കൈവുകളിൽ അവ സൂക്ഷിച്ചിട്ടുണ്ടാകാം. വില്യം ലോഗന്‍റെ "മലബാർ" പബ്ലിഷ് ചെയ്തതിന് ശേഷമുള്ള കാലത്താണ് വിൻസെന്‍റ് ജോസ് റൈഡർ മലപ്പുറത്ത് വന്നതും ഈ മാഗസിൻ പുറത്തിറങ്ങിയിരുന്നതും. എക്കോസിന്‍റെ കോപ്പികൾ ലഭ്യമായാൽ ബ്രിട്ടീഷ് ഭരണകാലത്തെ മലപ്പുറത്തെക്കുറിച്ച് കുറെ പല വിവരങ്ങളും ലഭ്യമാകും.


മലപ്പുറത്തെ സേവനത്തിനു ശേഷം അദ്ദേഹം കർണാടകയിലെ ബെല്ലാരിയിലാണ് നിയോഗിക്കപ്പെട്ടത്. പുസ്തകത്തിന്‍റെ തുടക്കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

വായനക്കാരോട്:

1904-06 വർഷങ്ങളിൽ ദക്ഷിണ മലബാറിലെ മലപ്പുറമെന്ന മാപ്പിള ഗ്രാമത്തിൽ രണ്ട് വർഷത്തെ ഡിറ്റാച്ച്മെന്‍റ് ഡ്യൂട്ടിയുടെ സുവനീറാണിത്. "ദി എക്കോസ് ഫ്രം ദി ജംഗിൾ" എന്ന ഡിറ്റാച്ച്‌മെന്‍റ് ജേണലിന്റെ എഡിറ്റർ എന്ന നിലയിൽ, മാസങ്ങളുടെ അധ്വാനത്തിന്‍റെ ഫലമായ ഈ ചെറിയ രചന, എന്‍റെ കോർപ്‌സിലെ ഓഫീസർമാർക്കും കമ്മീഷൻ ചെയ്യാത്ത ഉദ്യോഗസ്ഥർക്കും രണ്ടാം ബറ്റാലിയനും ചെഷയർ റെജിമെന്‍റിനും ഞാൻ ആദരവോടെ സമർപ്പിക്കുന്നു.
വിൻസെന്‍റ് ജോസ് റൈഡർ.
ബെല്ലാരി, 1907 മാർച്ച് 1.”

1907 ൽ അദ്ദേഹം ബെല്ലാരിയിലുള്ള സമയത്താണ് പുസ്തകം പുറത്തിറങ്ങിയത്. ജേണലിൽ മുമ്പ് എഴുതിയവയിൽ നിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങൾ ചേർത്താണ് പബ്ലിഷ് ചെയ്തത്. കൽക്കത്തയിലെ താക്കർ, സ്പിങ്ക് & കമ്പനിയാണ് പുസ്തകം പുറത്തിറക്കിയത്. എക്കോസ് ഇപ്പോൾ നിലവിലില്ല എന്നാണ് 1907 ൽ എഴുതിയ ആമുഖത്തിൽ പറയുന്നത്. അഥവാ, 1906 ൽ പ്രവർത്തനം അവസാനിപ്പിച്ചിട്ടുണ്ടാകും.

പുസ്തകത്തിൽ ഏഴ് അധ്യായങ്ങളുണ്ട്. മലപ്പുറത്തെ സൈനിക സ്റ്റേഷന്‍റെയും കന്‍റോൺമെന്‍റിന്‍റെയും വിവരണം, മാപ്പിളമാരുടെ ജീവിതം, മലപ്പുറം നേർച്ചയുടെ ചരിത്രവും ഉത്ഭവവും, 1840 മുതൽ 1900 വരെ മാപ്പിളമാർ ഉയർത്തിയ അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രം, അമാനുഷിക കഥകൾ, കായിക വിനോദം, മലബാറിന്‍റെ അതിരുകൾ എന്നിവയാണ് അധ്യായങ്ങൾ.

ആമുഖത്തിൽ അദ്ദേഹം പറയുന്നു: "മലപ്പുറത്തെ ജംഗിൾ വില്ലേജിൽ അധിവസിക്കുന്ന വിവിധ ജാതികളെ കുറിച്ച്, പ്രത്യേകിച്ച് കൂടുതലായി അറിയപ്പെടാത്ത മാപ്പിളകളെ സംബന്ധിച്ച്, ആ ജേർണലിന്‍റെ എഡിറ്ററെന്ന നിലയിൽ ധാരാളം എഴുതിയിട്ടുണ്ട്. തെക്കേ മലബാറിന്‍റെ ഈ ഭാഗത്ത് രണ്ട് വർഷത്തെ ഡിറ്റാച്ച്‌മെന്‍റിൽ താമസിച്ചപ്പോൾ, വളരെ രസകരമായ ഈ ആളുകളെ പഠിക്കാനും പരിചയപ്പെടാനും എനിക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു. എന്‍റെ താമസത്തിന്റെ കാലയളവ് നീണ്ടുനിന്നതിനാൽ, അവരെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന പല മുൻവിധികളും ഇല്ലാതായി."

മലപ്പുറം നല്ല വൃത്തിയുള്ളതും കാണാൻ ഭംഗിയുമുള്ള സ്ഥലമാണെന്നാണ് രചയിതാവ് സാക്ഷ്യപ്പെടുത്തുന്നത്. "നാട്ടുകാർ പൊതുവെ വസ്ത്രധാരണത്തിലും ശീലങ്ങളിലും നല്ല പെരുമാറ്റവും വൃത്തിയും ഉള്ളവരാണ്." മറ്റൊരിടത്ത് പറയുന്നു: "പടിഞ്ഞാറ് ഭാഗം തുറസ്സായ രീതിയിൽ ബാരക്കുകൾ ഏറ്റവും മനോഹരമായി സ്ഥിതിചെയ്യുന്നു. അതുമൂലം വർഷത്തിൽ എട്ട് മാസം മുഴുവനായും വീശുന്ന തെക്ക്-പടിഞ്ഞാറൻ കാറ്റിന്‍റെ പ്രയോജനവും ലഭിക്കുന്നു. നദിയുടെ നിരപ്പിൽ നിന്ന് ഏകദേശം മുന്നൂറ് അടി ഉയരത്തിലുള്ള ഒരു പാറക്കെട്ടിലാണ് ബാരക്കുകൾ സ്ഥിതി ചെയ്യുന്നതെന്നും അവിടെ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് നോക്കിയാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരമായ സൂര്യാസ്തമയം അടക്കം വളരെ രസകരമായ കാഴ്ചകൾ കാണാമെന്നതും ഇവിടെ എടുത്ത് പറയേണ്ടതുതന്നെ. വാസ്തവത്തിൽ, മലപ്പുറത്തേക്കാൾ ഇത്രയും ആരോഗ്യപരമായ അന്തരീക്ഷത്തോടെ നിർമിക്കപ്പെട്ട ബാരക്കുകൾ വളരെ കുറച്ചെ ഇന്ത്യയിലുള്ളൂ. അതിനാൽ തന്നെ സൈനികർക്ക് വരാവുന്ന പകർച്ചവ്യാധികളിൽ നിന്ന് ഇവിടം പൂർണമുക്തമാണ്."

അതിന്റെ കാരണമായി പറയുന്നത് കാലാവസ്ഥ തന്നെയാണ്. "മലബാറിന്‍റെ ഈ ഭാഗത്തെ താപനില വളരെ തുല്യമാണ്; വാസ്തവത്തിൽ, വർഷം മുഴുവനും താപനിലയിൽ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടാകൂ. ഒരുപക്ഷേ താപനിലയിലെ ഈ തുല്യതയാണ് ഈ സ്റ്റേഷനിലെ സൈനികർക്കിടയിൽ പകർച്ചവ്യാധികൾ വളരെ കുറയാൻ കാരണമാകുന്നത്." …"രണ്ട് വർഷത്തിനിടയിൽ ഞങ്ങളുടെ റെജിമെന്‍റിന് ഈ സ്റ്റേഷനിൽ ഒരാളൾക്ക് മാത്രമാണ് ജീവൻ നഷ്ടപ്പെട്ടത്. അതും കരൾ രോഗം മൂലം. മലപ്പുറം മിലിട്ടറി സ്റ്റേഷൻ എത്രത്തോളം ആരോഗ്യകരമാണെന്ന് തെളിയിക്കാൻ ഇത് തന്നെ ധാരാളം മതി." നിലവിലെ എം.എസ്‌.പി യാണ് അന്നത്തെ മലപ്പുറം മിലിട്ടറി സ്റ്റേഷൻ. പാലക്കാട് റോഡിൽ വലത് ഭാഗത്ത്, ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തായിരുന്നു ബാരക്കുകൾ ഉണ്ടായിരുന്നത്.

ഒന്നാം അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്: "ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ, ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടീഷുകാർക്ക് ഈ സ്ഥലം അജ്ഞാതമാണ്. സേലത്തുള്ള MALLAPURAM രണ്ട് L, ഒരു P എന്നീ അക്ഷരങ്ങൾ ഉപയോഗിച്ചാണ് എഴുതുന്നത്. കത്തിടപാടുകൾ നടത്തുമ്പോൾ തെറ്റിദ്ധരിക്കാതിരിക്കാനും, കത്തുകളുടെ കൈമാറ്റത്തിലെ പിഴവ് തടയാനും മലപ്പുറത്തെ, MALAPPURAM, SOUTH MALABAR എന്നോ MALAPPURAM VIA TIRUR എന്നോ ആണ് എഴുതാറുള്ളത്."

മലബാറിലെ ജനങ്ങളുടെ സൗന്ദര്യത്തെക്കുറിച്ച് രചയിതാവ് പറയുന്നു: "മലബാറിലെ സ്വദേശികൾ ആണും പെണ്ണും നല്ല ഭംഗിയുള്ളവരാണ്. "മലബാറിയുടെ മിന്നുന്ന കണ്ണുകൾ" എന്ന് പറഞ്ഞ്, ശൃംഗാരത്തിൽ അറിയപ്പെട്ടിരുന്ന ചാൾസ് ലവർ (ഐറിഷ് നോവലിസ്റ്റ്) വാചാലമായിരുന്നു."

മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന മലപ്പുറത്തെ ഒരു കാടായിട്ടാണ് അവർ കണ്ടത്. മാഗസിന് നൽകിയ പേരിൽ നിന്ന് തന്നെ അത് വ്യക്തമാണ്. അതിനെ കുറിച്ച് രചയിതാവ് പറയുന്നു: “ഞങ്ങളുടെ രണ്ടാഴ്‌ചപ്പതിപ്പിന്‍റെ കോളങ്ങളിൽ അവരെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതാൻ എനിക്ക് സാധിച്ചു. ‘ദ എക്കോസ് ഫ്രം ദി ജംഗിൾ’ എന്ന ശീർഷകം അബദ്ധവശാൽ നൽകിയതല്ല, നിർദേശിക്കപ്പെട്ടതാണ്. കാരണം കടലുണ്ടിപ്പുഴയുടെ വടക്കേ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു കാടിന്‍റെ അരികിലാണ് ചെറിയ കന്‍റോൺമെന്‍റ് സൈനിക സ്റ്റേഷനുള്ളത്.”

ഈ പുസ്തകം പുറത്തിറക്കാനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. ഒരു പക്ഷെ മലപ്പുറത്തെക്കുറിച്ചുള്ള മുൻവിധികൾ വെച്ചുപുലർത്തുന്ന സൈനികർക്കിടയിൽ നിന്ന് വിമർശനങ്ങൾ വന്നേക്കാം. പക്ഷെ മുമ്പ് എഴുതിയവ പുനഃപ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറയുന്നു: "പലവട്ടം, എന്‍റെ ലേഖനങ്ങൾ പുനപ്രസിദ്ധീകരിക്കാൻ എന്നോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ജോലി ചെയ്യുന്ന ബറ്റാലിയനിൽ ഉള്ളവർ മാത്രമല്ല, മറ്റു ബറ്റാലിയനിലുള്ളവരും, കേരനാട്ടിൽ മുഴുവനായോ മലബാറിലോ താമസിച്ചതിന്‍റെ ഒരു സോവനീർ മലപ്പുറത്തെ മാപ്പിളമാരെക്കുറിച്ചുള്ള വിവരണത്തോടൊപ്പം ലഭിക്കാൻ ആഗ്രഹിച്ചു. കഴിഞ്ഞ വർഷങ്ങളിൽ മലപ്പുറം സ്‌റ്റേഷനിൽ മാത്രമല്ല, കോഴിക്കോട്ടും കണ്ണനൂരിലും ചെറിയ പ്രശ്‌നങ്ങൾ അവർ സൃഷ്ടിച്ചിട്ടുണ്ട്. 1897-ൽ മഞ്ചേരിക്കടുത്തുള്ള ത്രിക്കളൂരിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ മാപ്പിളമാർ അവസാനമായി ആക്രമണം നടത്തിയപ്പോൾ ഉണ്ടായിരുന്ന എൻ.സി.ഒമാരും സൈനികരും ഇപ്പോൾ ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. അതിനാൽ, ഈ വിഷയം കണക്കിലെടുത്ത്, പുസ്തകത്തിനെതിരെ അവരിൽ നിന്നും ഉണ്ടേയേക്കാവുന്ന ഏത് വിമർശനങ്ങളെയും നേരിടാൻ പൂർണ്ണമായി തയാറായി എന്‍റെ പുസ്തകം പുറത്തിറക്കാൻ ഞാൻ തീരുമാനിച്ചു, എന്നാൽ അതേ സമയം സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചവരും ഇപ്പോൾ അവിടെ സേവനമനുഷ്ഠിക്കുന്നവരും ആ സ്റ്റേഷനിൽ ഇതുവരെ സേവനമനുഷ്ഠിക്കാത്തവരും താൽപര്യം കാണിക്കുന്നതിൽ ഞാൻ ആവേശഭരിതനായി. അതുമാത്രം മതിയെനിക്ക്. ഞാൻ തെറ്റിദ്ധരിക്കപ്പെടുമെന്ന് കരുതുന്നില്ല.”

1840 മുതൽ നൂറ്റാണ്ടിന്‍റെ അവസാനം വരെയുള്ള മാപ്പിളമാരുടെ ചെറുത്തുനിൽപ്പികളെക്കുറിച്ചക്കുള്ള വിവരണങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനായി പ്രധാനമായും ലോഗന്‍റെ “മലബാർ” ഉൾപ്പെടെ വിവിധ സ്രോതസ്സുകളെ അവലംഭിച്ചിട്ടുണ്ട്. അക്കാലത്ത് അധികം അറിയപ്പെടാത്ത, മാപ്പിളമാരുടെ ഹാലിളക്കത്തെ കുറിച്ചും ആചാരങ്ങളുമായി ബന്ധപ്പെട്ട മാതോന്മാദത്തെക്കുറിച്ചുമുള്ള വിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. “പ്രവാചകന്‍റെ എല്ലാ അനുയായികളെയും പോലെ മാപ്പിളമാർ കർശനമായി ശാന്തതയും കഠിനാധ്വാനവും ശീലിച്ചവരാണ്; മദ്യപാനിയോ ബഹളം വെക്കുകയോ ചെയ്യുന്നവർ വളരെ വിരളമാണ്” എന്ന് ഒന്നാം അധ്യായത്തിൽ പറയുന്ന രചയിതാവ് മാപ്പിള ഹാലിനെക്കുറിച്ചും ബ്രിടീഷുകാർക്കെതിരെയുള്ള ചെറുത്ത്നിൽപ്പിനെക്കുറിച്ചും പറയുമ്പോൾ അതൊരു പൂർണ്ണമായ അധിനിവേശ ആഖ്യാനമായി മാറുന്നുണ്ട്. അദ്ദേഹം സ്വീകരിച്ച അവലംബങ്ങളാണ് അതിനു കാരണം. എങ്കിലും "ലേഖകൻ മലപ്പുറത്ത് ഉണ്ടായിരുന്ന കാലത്ത് (വെറും 2 വർഷത്തിൽ കൂടുതൽ) നാട്ടുകാരും പട്ടാളവും തമ്മിൽ ഒരു തരത്തിലുള്ള ഉരസലും ഉണ്ടായിട്ടില്ല." എന്ന് സാക്ഷ്യപ്പെടുത്തുന്നു.

മലപ്പുറം നേർച്ചയുടെ ചരിത്രം പറയുന്ന ഒരു അധ്യായം തന്നെയുണ്ട്. മോയിൻ കുട്ടി വൈദ്യർ പടപ്പാട്ട് എഴുതി ഏതാനും വർഷങ്ങൾക്കുള്ളിലാണ് ഈ രചന നടന്നിട്ടുള്ളത്. ഇത്രയും വിശദമായി ഇംഗ്ലീഷിൽ ആദ്യമായാണ് മലപ്പുറം നേർച്ചയുടെ ചരിത്രം അച്ചടിച്ചുവരുന്നത് എന്നും അദ്ദേഹം വാദിക്കുന്നുണ്ട്. "അധികം അറിയപ്പെടാത്ത മലപ്പുറം നേർച്ചയെക്കുറിച്ചുള്ള ചരിത്രം ഇതിൽ നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ഈ സംഭവത്തിന്‍റെ ചരിത്രം അച്ചടിച്ച് വരുന്നത്. അതിനാൽ കൂടുതൽ രസകരമാകുമെന്നും ഞാൻ വിശ്വസിക്കുന്നു."

നിലവിലുള്ള പുതുക്കിപ്പണിത പള്ളിയെക്കുറിച്ചും പ്രാധാന സംഭവം നടന്ന തീയതിയെക്കുറിച്ചും അദ്ദേഹം പറയുന്നു. "മലപ്പുറത്തെയും പരിസരപ്രദേശങ്ങളിലെയും മുസ്‌ലിംകൾ ഉപയോഗിക്കുന്ന നിലവിലുള്ള പള്ളി, തകർക്കപ്പെട്ട അതേ സ്ഥലത്ത് നിർമിക്കപ്പെട്ടതാണ്. സംഭവം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം 1737 ലാണത് നിർമിക്കപ്പെട്ടത്" അഥവാ 1734 ൽ മലയാള വർഷം 909 മകരം 12 നാണ് യുദ്ധം നടന്നതെന്നും പുസ്തകത്തിൽ പറയുന്നു. മോയിൻ കുട്ടി വൈദ്യർ പടപ്പാട്ടിൽ പറയുന്നത് ഇങ്ങനെയാണ്, (തിരിത്തി പോല്‍ ദുആ ചെയ്താര്‍ ഹിജ്‌റത് ളര്‍മദും; തിറം പറ്റേ മദി ശഅ്ബാന്‍ ശഹ്‌റ് താസിഉം. തീയതീ ദിനം നല്ലെ ലൈലതുല്‍ ജുമുഅ തന്നില്‍ (ഇത് പ്രകാരം ശഅബാൻ ഒൻപത് വെള്ളിയാഴ്ച രാവിലാണ് പ്രധാന സംഭവം നടക്കുന്നത്. എ.ഡി 1734 ലെ ശഅബാൻ 9 ഹിജ്‌റ വർഷം 1146 വെള്ളിയാഴ്ച രാവും ജനുവരി പതിനാലുമാണ്. ഈ വിഷയത്തിൽ പല സമകാലിക എഴുത്തുകാരും പല വർഷങ്ങളും തീയതികളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശഅബാൻ ഒൻപത് ആണെന്ന് മോയിൻകുട്ടി വൈദ്യർ പറയുന്നുണ്ടെകിലും വർഷം പറയുന്നത് വ്യക്തമല്ല, എന്നത് കൊണ്ടും ഗ്രിഗോറിയൻ ഇംഗ്ലീഷ് വർഷം മറ്റൊരിടത്തും രേഖപ്പെടുത്താത്തത് കൊണ്ടുമായിരിക്കാം സമകാലിക എഴുത്തുകാരെല്ലാം പലരും പല വർഷങ്ങളായി എഴുതിയത്. 1728, 1729, 1732 എന്നീ വർഷങ്ങൾ രേഖപ്പെടുത്തിയവരുണ്ട്. എന്നാൽ 1734 എന്ന വിവരം പ്രാഥമിക അവലംബത്തിൽ നിന്ന് ശേഖരിച്ചതാണ് എന്ന് രചയിതാവ് പറയുന്നു. മലപ്പുറം പടയുടെ വിശദാംശങ്ങൾ ചോദിച്ചറിയാൻ മലപ്പുറത്തെ സിവിൽ മജിസ്‌ട്രേറ്റ് ആയിരുന്ന കളപ്പാടൻ ആലി അധികാരിയെപ്പോലുള്ള വിദ്യാസമ്പന്നരായ ചില നാട്ടുകാരെ ഗ്രന്ഥകാരൻ ഉപയോഗപ്പെടുത്തി. ആലി അധികാരി മുഖേനെ പള്ളിയിൽ സൂക്ഷിച്ച രേഖകൾ പരിശോധിക്കാൻ തങ്ങളെ സമീപിച്ചു. തങ്ങൾ ഹൃദ്യമായി സ്വീകരിച്ചു രേഖകൾ നൽകി. സംഭവം നടന്ന 1734 മുതൽ സൂക്ഷിച്ച രേഖകൾ പരിശോധിച്ചതിനെക്കുറിച്ച് ഗ്രന്ഥകാരൻ എഴുതുന്നു. "സംഭവത്തിന്‍റെ തീയതികളും രൂപരേഖകളും ഒഴിച്ചുനിർത്തിയാൽ, വിശദീകരങ്ങളിൽ ഞാൻ സ്വതന്ത്രമായി എഴുതാൻ നിർബന്ധിതനായി. യാഥാർഥ്യത്തോട് പൊരുത്തപ്പെടാത്തവ അതിലുണ്ട്." അഥവാ തീയതികൾ പള്ളിയിൽ നിന്ന് ലഭിച്ചതാണെന്നും അതിൽ വ്യത്യാസങ്ങളില്ല എന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. വിശദീകരണങ്ങൾ ധാരാളം ആളുകളിൽ നിന്ന് കേട്ടത് കൊണ്ടായിരിക്കാം അലി മരക്കാർക്കെതിരെയുള്ള ആരോപണം മോയിൻ കുട്ടി വൈദ്യർ പറയുന്നതിൽ നിന്ന് വ്യത്യസ്തമായത്. അതായിരിക്കാം "യാഥാർഥ്യത്തോട് പൊരുത്തപ്പെടാത്തവ" എന്ന് ഗ്രന്ഥാകാരൻ പറഞ്ഞത്.

രക്തസാക്ഷികളുടെ മഖ്‌ബറക്കടുത്ത് തന്നെ മറമാടപ്പെട്ട ആയണ്ണി കുരിക്കൾ എന്നൊരാളെ കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. സംഭവം ഇങ്ങനെയാണ്; 44 പേർ രക്തസാക്ഷികളായ സംഭവങ്ങൾ കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആയണ്ണി കുരിക്കൾ എന്ന മലപ്പുറത്തെ ഒരു ധനികനായ മാപ്പിള, വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഗ്രാമത്തിലേക്ക് മടങ്ങുമ്പോൾ, കള്ള് കുടിച്ച് ആഘോക്കുകയായിരുന്ന പാറനമ്പിയുടെ അനുയായികളുടെ മുന്നിൽ പെട്ടു. അവർ അദ്ദേഹത്തെ കൊലപ്പെടുത്തി. 44 പേർ രക്തസാക്ഷ്യം വരിച്ച അതേ കാരണത്താൽ തന്നെ കൊല്ലപ്പെട്ടത് കൊണ്ട് അവരുടെ മഖ്‌ബറക്കടുത്ത് തന്നെ മൃതദേഹം സംസ്‌കരിച്ച് മലപ്പുറത്തെ ജനങ്ങൾ ആയണ്ണി കുരിക്കളെ ആദരിച്ചു.

മലപ്പുറത്തെ കുറിച്ച് അറിയുന്ന ബ്രിട്ടീഷുകാർക്കുടയിൽ മുൻവിധികൾ ഉള്ളവരുണ്ടായിരുന്നു എങ്കിലും മലപ്പുറത്തെക്കുറിച്ച് അറിയാത്ത ധാരാളം പേർ അപ്പോഴും സൈനികർക്കിടയിൽ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു: “ഡിറ്റാച്ച്‌മെന്‍റ് ഡ്യൂട്ടിയിൽ ഞാൻ രണ്ട് വർഷത്തിലേറെ ചെലവഴിച്ച മലപ്പുറം എന്ന കാട്ടുഗ്രാമം, ഇപ്പോൾ ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടീഷ് സൈനികർക്ക് പ്രായോഗികമായി അജ്ഞാതമാണ്. ഇന്ത്യയിലെ മാത്രമല്ല, നാട്ടിലുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും അത് എവിടെയാണെന്ന് ബോധവൽക്കരിക്കാനും ഈ സുപ്രധാന വിഭാഗത്തിന്‍റെ സവിശേഷതകളെക്കുറിച്ച് വിവരങ്ങൾ നൽകാനും എന്‍റെ ശ്രമം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”

* * * * * * * * * *

1907 ൽ ഇറങ്ങിയ പുസ്തകത്തെക്കുറിച്ച് അതേ വർഷം ഒക്ടോബർ 2 ന് The Chester Courant and Advertiser for North Wales എന്ന പത്രത്തിലെ സാഹിത്യ പംക്തിയിൽ വന്ന റിവ്യൂ:

ഇന്ത്യയിലെ ചെഷയറുകൾ "മലബാറിലെ രണ്ട് വർഷങ്ങൾ"
രണ്ടാം ബറ്റാലിയൻ ചെഷയർ റെജിമെന്‍റിലെ ലാൻസ് കോർപ്പറൽ വിൻസെന്‍റ് ജോസ് റൈഡർ, തെക്കേ മലബാറിലെ മലപ്പുറമെന്ന മാപ്പിള ഗ്രാമത്തിലെ റെജിമെന്‍റിൽ രണ്ട് വർഷത്തെ ഡിറ്റാച്ച്മെന്‍റ് ഡ്യൂട്ടിക്കിടെ കണ്ട രസകരമായ കാഴ്ചകളെക്കുറിച്ച് ഒരു ചെറിയ പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. റെജിമെന്റിലെ ഇപ്പോഴത്തെയും മുൻകാല ഉദ്യോഗസ്ഥരെയും ഈ രാജ്യത്തെ നിരവധി സൈനിക സുഹൃത്തുക്കളെയും ഈ കൃതി ആകർഷിക്കും.

1899 ഒക്‌ടോബർ മുതൽ 1903 ഫെബ്രുവരി വരെ ചെസ്റ്റർ കാസിലിൽ സൈനിക സേവനത്തിൽ ഉണ്ടായിരുന്ന, ലാൻസ് കോർപ്പറൽ വിൻസെന്‍റ് ജോസ് റൈഡർ അക്കാലത്ത് അറിയപ്പെട്ട സൈനികനായിരുന്നു. അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കാൻ അദ്ദേഹത്തിന്‍റെ റെജിമെന്റിന് മതിയായ കാരണങ്ങളുമുണ്ടായിരുന്നു. എന്നിരുന്നാലും ഈ രചയിതാവിനെ ചെസ്റ്ററിലെ കുറച്ച് പേർക്കെങ്കിലും ഓർമ്മയുണ്ടാകണമെന്നില്ല. ദൂരെയുള്ള ഇന്ത്യൻ ഗ്രാമത്തിൽ കാൽപനിക താൽപര്യത്തോടെ കടന്നുചെന്ന അദ്ദേഹം ആ ഗ്രാമത്തെ കുറിച്ച് മുന്നോട്ട് വെച്ച ചിത്രവും വിചിത്രമായ ചരിത്ര വസ്തുതകളും ഈ കൃതിയിലൂടെ വായനക്കാർക്കായി അവതരിപ്പിച്ചു.

1905-06 വർഷങ്ങളിൽ ലാൻസ് കോർപ്പറൽ റൈഡർ എഡിറ്ററായിരുന്ന "ദി എക്കോസ് ഫ്രം ദി ജംഗിൾ" എന്ന ഇപ്പോൾ പ്രവർത്തനരഹിതമായ ഡിറ്റാച്ച്‌മെന്‍റ് ജേണലിൽ ചില കാര്യങ്ങൾ ഇതിനകം പ്രത്യക്ഷപ്പെട്ടിരുന്നു. കഥ പറയുമ്പോൾ ശാശ്വതത്വ സ്വഭാവമുള്ളതും ജനപ്രിയവുമായിരിക്കണമല്ലോ, ചെഷയറിന്‍റെ സൈനികർക്കിടയിൽ പ്രത്യേകിച്ചും. കാരണം, ലോകത്തിന്‍റെ ആ ഭാഗത്ത്, കടലുണ്ടി പുഴയുടെ വടക്കേ തീരത്ത്, കാടിന്‍റെ അരികിൽ സൈനിക സേവനത്തിനായി അവർ ഏതു നിമിഷവും വിളിക്കപ്പെട്ടേക്കാം.

ഈ കൃതി കേവലം പ്രാദേശികമായ സ്വീകാര്യതയേക്കാൾ പൊതു സ്വീകാര്യത ലഭിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്. കാരണം മുൻകാലങ്ങളിൽ അധികം അറിയപ്പെടാത്തതും കുറച്ച് മാത്രം എഴുതപ്പെട്ടതുമായ നാട്ടുകാരുടെ ഒരു വിഭാഗത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് സൈനികരുടെ ഏറ്റവും തെക്കേ സ്റ്റേഷനായ മലപ്പുറത്തിനെക്കുറിച്ചുള്ള ഗ്രന്ഥകർത്താവിന്‍റെ വിവരണം മനോഹരമായ, സംഭാഷണ ശൈലിയിലാണ് എഴുതിയിരിക്കുന്നത്. കൂടാതെ ചെഷയർ സൈനികരുമായി നല്ല രീതിയിൽ മാത്രം വർത്തിച്ച മാപ്പിളമാരെക്കുറിച്ചുള്ള നേരിട്ടുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

മലപ്പുറത്തെ മാപ്പിളമാരുടെ പ്രാദേശിക മനോഭാവത്തെ പരാമർശിച്ച് ലേഖകൻ സാക്ഷ്യപ്പെടുത്തുന്നതിങ്ങനെയാണ്; "ഇന്ത്യയിലേക്ക് വരുമ്പോൾ, ബ്രിട്ടീഷ് സൈനികരോടുള്ള അവരുടെ കൈപ്പേറിയ സമീപനത്തെക്കുറിച്ച് ഞങ്ങൾ കേട്ട കഥകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഞാൻ നിഗമനത്തിലെത്തി. ഇന്ത്യയിലെ എന്‍റെ സൈനിക സേവനത്തിനിടയിൽ മുമ്പ് കേട്ടതനുസരിച്ച് ഞാൻ പ്രതീക്ഷിച്ച പോലെ മോശമായ മലപ്പുറത്തുകാരെ എനിക്ക് കണ്ടുമുട്ടാൻ കഴിഞ്ഞില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതവരുടെ ക്രെഡിറ്റ് മാത്രമാണ്."

"മാപ്പിളമാരുടെ നേർച്ച എന്ന ഉത്സവം" എന്നത് ഇന്ത്യൻ ചരിത്രത്തിലെ ഒരു കൗതുകകരമായ അദ്ധ്യായമാണ്, കൂടാതെ 1840 മുതൽ നൂറ്റാണ്ടിന്‍റെ അവസാനം വരെ സൈനിക സ്റ്റേഷനായ മലപ്പുറത്ത് നടന്ന മാപ്പിള പോരാട്ടങ്ങളെ കുറിച്ചും ഈ കൃതി പ്രതിപാദിക്കുന്നുണ്ട്.

എന്തെങ്കിലും കായികമായ സ്മരണകളില്ലാതെ ഇന്ത്യയിലെ സൈനിക ഡ്യൂട്ടിയുടെ ഒരു രേഖയും പൂർണമാകില്ല, ഇനിപ്പറയുന്നത് അവയിൽ സാധാരണമായ സംഭവമാണ്.

അക്കാലത്തെ രണ്ടാം ചെഷയർ റെജിമെന്‍റ് മേജറും മലപ്പുറത്തിന്‍റെ കമാൻഡറുമായിരുന്ന ലെഫ്റ്റ് കേണൽ ഇ.ടി. ടെയ്‌ലർ, ഒരു ക്രൂരനായ ആനയെ കൊന്നതാണ് ഏറ്റവും വലിയ വേട്ടയായി വിശേഷിപ്പിക്കാവുന്നത്. പൂർണ്ണവളർച്ചയെത്തിയ ഈ മൃഗം അനേകം മനുഷ്യജീവനുകൾ നഷ്ടപ്പെടാൻ കാരണമായി. അതിനെ കൊല്ലാൻ വർഷങ്ങളോളം നീണ്ടുനിന്ന നിരവധി ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. അതിന്‍റെ ക്രൂരശീലങ്ങൾ നിലമ്പൂരിൽ മാത്രമല്ല, ചുറ്റുപാടുമുള്ള അനേകം കിലോമീറ്ററുകളോളം നാട്ടുകാർക്ക് ഒരു ഭീകരതയായി വളർന്നു. മേജർ ടെയ്‌ലർ അതിനെ കൊല്ലാനുള്ള ചുമതല ഏറ്റെടുത്തു, ആ കാര്യത്തിൽ അദ്ദേഹം ഭാഗ്യവാൻ ആയിരുന്നു. ആന തനിച്ചാണെന്ന് തോന്നിയ ഒരു സന്ദർഭത്തിൽ, അതിന്‍റെ ഏറ്റവും ദുർബലമായ ഭാഗത്ത് കൃത്യമായ പ്ലാനിങ്ങോടെ നിറയൊഴിച്ചപ്പോൾ ഒന്നാമത്തെ വെടിയിൽ തന്നെ അതിനെ വീഴ്ത്താൻ സാധിച്ചു. ആയിരക്കണക്കിന് പ്രദേശവാസികൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിച്ചത് സന്തോഷിക്കാൻ വകയുള്ള കാര്യമാണ്.

ആനയുടെ രണ്ട് അതിമനോഹരമായ കൊമ്പുകൾ ലഭിച്ചു. പിന്നീട് റൈറ്ററും മറ്റ് നിരവധി എൻ‌സി‌ഒമാരും ബി, എച്ച് കമ്പനികളിലെ ഉദ്യോഗസ്ഥരും ആ കൊമ്പുകൾ ഓഫീസർമാരുടെ ക്വാർട്ടേഴ്സിൽ ഡിറ്റാച്ച്മെന്‍റിലെ ഒരു കാഴ്ച്ചകവസ്തുവായി കണ്ടിട്ടുണ്ട്.

ലെഫ്. കേണൽ ടെയ്‌ലറുടെ കായിക പര്യവേഷണങ്ങൾ എന്നും വിജയകരമായിരുന്നു എന്നത് ശ്രദ്ധേയവുമായ ഒരു വസ്തുതയാണ്. ആനകളെയും മറ്റ് വലിയ വലിയ ജീവികളെയും വേട്ടയാടൽ അദ്ദേഹത്തിന്‍റെ പ്രത്യേകതയായി കാണപ്പെട്ടു. മലപ്പുറത്തിന്‍റെ തൊട്ടടുത്ത പ്രദേശങ്ങളിൽ വൻതോതിൽ വിവിധയിനം വന്യജീവികൾ ഉണ്ടായിരുന്നു. രണ്ടാം ചെഷയർ റെജിമെന്‍റിലെ, ഇപ്പോൾ ക്യാപ്റ്റൻ ആയ അന്നത്തെ ലെഫ്റ്റനിന്‍റെ ബസ്ഫീൽഡും ലെയറ്റും. ഇ.സി. മാക്‌സ്‌വെലും വലിയ ജീവികളെ വേട്ടയാടാനിറങ്ങിയിരുന്നു. മാക്‌സ്‌വെൽ 1906 മെയ് മാസത്തിൽ അറ്റം മുതൽ അഗ്രം വരെ ഏതാണ്ട് 8 അടി വലിപ്പമുള്ള ഒരു ചീറ്റയെ കൊന്നു. പല അവസരങ്ങളിലും അയാൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

* * * * * * * * * *

സാധാരണ ചരിത്ര പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചരിത്ര സംഭവങ്ങൾ ഉൾപ്പെടുത്തി ആഖ്യാന രീതിയിൽ രചിക്കപ്പെട്ട പുസ്തകമായതിനാലായിരിക്കാം രചയിതാവ് സൂചിപ്പിച്ച പോലെ ഇത് സ്വീകരിക്കപ്പെട്ടതും പുനഃപ്രദ്ധീകരണത്തിനായി ആവശ്യങ്ങൾ ഉയർന്നതും. അധിനിവിഷ്ട പ്രദേശത്തെ ജനങ്ങളെ കുറിച്ച് നല്ലത് പറയുന്ന അധിനിവേശക്കാരന്‍റെ വാക്കുകൾ അവരുടെ നാട്ടിൽ സ്വീകരിക്കപ്പെടുകയും, പുസ്തകത്തെക്കുറിച്ച് ആസ്വാദനം എഴുതുകയും ചെയ്യുന്നുണ്ടെങ്കിൽ അതിൽ പറയപ്പെട്ട മലപ്പുറത്തെ മാപ്പിളമാരുടെ നന്മ മാത്രമാണത്. റിവ്യൂ പ്രസിദ്ധീകരിച്ച പത്രം മൂന്ന് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 5 ന് ആ റിവ്യൂ പുനഃപ്രദ്ധീകരിച്ചു.

അവലംബങ്ങൾ:

  • Two Years in Malabar, Vincent Jose Ryder, Thacker Spink & Co, Calcutta, 1907
  • The Chester Courant and Advertiser for North Wales, Oct. 2, 1907
  • മോയിൻ കുട്ടി വൈദ്യർ സമ്പൂർണ കൃതികൾ
  • മലപ്പുറം ശുഹദാക്കൾ മതമൈത്രിയുടെ മാതൃകാ പൂക്കൾ, യോഗ്യൻ ഹംസ മാസ്റ്റർ , TTSS, 2013
  • https://risalaonline.com/archives/9437, Husain randathani
  • https://islamonweb.net/ml/02-June-2017-330, Shafeeq vazhippara
  • https://www.library.wales/ The National Library of Wales
  • https://nationalarchives.nic.in/ National Archives of India
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalabarMalappuramKerala NewsTwo Years in Malabar
News Summary - Two Years in Malabar about Malappuram
Next Story