നിയമമല്ലാത്ത നിയമമാണ് യു.എ.പി.എ
text_fieldsചരിത്രത്തില്‍ നിയമമുണ്ടായത് ജനത്തെ നിയന്ത്രിക്കാനല്ല. ഭരണകൂടത്തെ നിയന്ത്രിക്കാ നാണ്. അധികാരത്തോടൊപ്പം തന്നെ ജന്മംകൊണ്ടതല്ല നിയമം. രാജവാഴ്ചകളിലും നാടുവാഴിത്തത് തിലും നിയമമല്ല, പകരം വാഴുന്നവരുടെ ഇച്ഛകളാണ് ഉള്ളത്. ജി. ശങ്കരക്കുറുപ്പ് പറഞ്ഞപോ ലെ ‘നെല്ലും പണവും കുമിഞ്ഞവര്‍ക്ക് കൊല്ലും കൊലയും കുലാധികാരം’ ആയിരുന്നു. അധികാരത്തെ നി യന്ത്രിക്കാന്‍ വേണ്ടിയാണ് നിയമം എന്ന സങ്കല്പം ഉണ്ടാകുന്നത്. നിയമം ഉണ്ടാകുന്നതോടു കൂടി ഭരിക്കപ്പെടുന്നവര്‍ മാത്രമല്ല ഭരിക്കുന്നവരും അത് പാലിക്കാന്‍ ബാധ്യസ്ഥരായിത ്തീരും. രാജവാഴ്ചക്കെതിരെയാണ് നിയമവാഴ്ച ഉണ്ടാകുന്നത്. അധികാരത്തിെൻറ ശക്തി പ്രയോ ഗത്തിന് നിയമം ആവശ്യമില്ല. എന്നല്ല, അധികാരത്തിെൻറ സുഗമമായ നിര്‍വഹണത്തിന് സൗകര്യ ം നിയതമായ നിയമം ഉണ്ടാകാതിരിക്കുന്നതാണ്. ബോസ്നിയ ഹെര്‍സഗോവിനയുടെ മുന്‍ പ്രസിഡൻറും പ്രമുഖ ചിന്തകനുമായിരുന്ന അലീജ അലി ഇസ്സത്ത് ബെഗോവിച്ച് എഴുതുന്നു: ‘ശക്തെൻറ അധികാരം ഒരു അംഗീകൃത വസ്തുത. അത് നിയമമല്ല.
അധികാരത്തിെൻറ പരിമിതി എവിടെ തുടങ്ങുന്നുവോ അവിടെ നിയമം തുടങ്ങുന്നു. ശക്തനെതിരെ ദുര്ബലന് നല്കിയ ആനുകൂല്യമായിട്ടാണ് നിയമം ഉണ്ടാകുന്നത്. അതുകൊണ്ടാണ് സമസ്ത ജനങ്ങളും ഭരണഘടനക്ക് വേണ്ടി പോരാടുന്നത്. ഓരോ രാജാവും അത് ഒഴിവാക്കാന്‍ ശ്രമിക്കുന്നത്’. ‘എല്ലാ ഏകാധിപത്യവും നിയമത്തെ താൽക്കാലികമായി നടപ്പിലാക്കാതിരിക്കലാണ്.’ സാധാരണനിലയില്‍ നിയമം ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഉടമ്പടിയാണ്. നിയമം പ്രഖ്യാപിതമാണ്, സുതാര്യമാണ്. എന്നാല്‍, യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ഭരണകൂടത്തിന് അവരുടെമാത്രം ആഗ്രഹപ്രകാരം ആര്‍ക്കെതിരെയും എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാന്‍ കഴിയും. യു.എ.പി.എ നിയമത്തിലെ സെക്ഷൻ 15 പ്രകാരം ഇന്ത്യയിലെ ഏതു പൗരന് ചെയ്യുന്ന ഏതു പ്രവൃത്തിയും ഭീകരപ്രവര്‍ത്തനവുമായി ലേബല്‍ ചെയ്യാന്‍ ഭരണകൂടത്തിന് സാധിക്കും.
ആരോപിക്കപ്പെടുന്നവെൻറ ഉദ്ദേശ്യം എന്ന ആരോപണം മതി ഒരാള്‍ ജാമ്യം പോലും ലഭിക്കാതെ ജയിലിനകത്താകാന്‍. ഉദ്ദേശ്യം എന്നത് മൂര്‍ത്തമായ കാര്യമല്ല. ആരുടെമേലും എങ്ങനെയും ആരോപിക്കാവുന്ന കാര്യമാണ.് അഥവാ യു.എ.പി.എയുടെ കാര്യത്തില്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കുമിടയില്‍ സുതാര്യമായ ഒരു ഉടമ്പടിയുമില്ല. അതത് സമയത്തെ അധികാരികളുടെ ഇച്ഛയാണ് നിയമമായി പ്രവര്‍ത്തിക്കുക. നിയമത്തിെൻറ സ്വഭാവമില്ലാത്ത നിയമമാണ് യു.എ.പി.എ. അതിന് ചരിത്രപരമായി ബന്ധമുള്ളത് പഴയ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ അധികാര നടത്തിപ്പിനോടാണ്. നിങ്ങള്‍ക്ക് ജനാധിപത്യത്തില്‍ ഏത് ആശയവും വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 19(1) വകുപ്പ് പ്രകാരം അവകാശമുണ്ട്. ഭരണഘടനയില്‍ ഈ മൗലികാവകാശം നിലനിൽക്കെതന്നെ നിങ്ങളുടെ പേരിലുള്ള കേസ് യു.എ.പി.എ പ്രകാരമാണ് ചാര്‍ജ് ചെയ്തതെങ്കില്‍ ആ അവകാശം ഇല്ലാതായി തീരും. നിങ്ങള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നില്ല. അത്തരം ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ കൈവശം വെച്ചതായി ഭരണകൂടം ആരോപിച്ചാല്‍ മതി. കാരണം ജനത്തിന് സ്വാതന്ത്ര്യം നല്കുന്ന നിയമത്തെ ചിലരുടെമേല്‍ ചില സമയങ്ങളില്‍ നടപ്പിലാക്കാതിരിക്കാനുള്ള നിയമമാണ് യു.എ.പി.എ.
മാവോ വിപ്ലവമാണ് മാനവ മോചനത്തിെൻറ ശരിയായ വഴി എന്ന ആശയം ഒരാള്‍ വിശ്വസിക്കുന്നതോ പ്രചരിപ്പിക്കുന്നതോ നിയമവിരുദ്ധ പ്രവര്‍ത്തനമല്ല. അതിെൻറ അടിസ്ഥാനത്തിലോ അല്ലാതെയോ ചെയ്യുന്ന നിയമം കൈയിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നിയമവിരുദ്ധമായിട്ടുള്ളത്. ഇക്കാര്യം അരുണ്‍ ഭയാന് വേഴ്സസ് സ്റ്റേറ്റ് ഓഫ് അസം 2011 ഫെബ്രുവരി 03 കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. തുടക്കത്തില്‍ സംഘ്പരിവാര്‍ നടത്തിയതും ഇപ്പോള്‍ നമ്മുടെ ചീഫ് സെക്രട്ടറിവരെ പറയുന്നതുമായ അര്‍ബൻ മാവോയിസ്റ്റ് എന്ന പ്രയോഗം തന്നെ നിയമത്തിെൻറ അന്തസ്സത്തക്കെതിരാണ്. അര്‍ബൻ മാവോയിസ്റ്റ് എന്ന പ്രയോഗം കൊണ്ട് അവര്‍ നേരിട്ട് അര്‍ഥമാക്കുന്നത് മാവോവാദി ആശയത്തിെൻറ അടിസ്ഥാനത്തില്‍ സായുധ പ്രവര്ത്തനങ്ങളിലേര്പ്പെടാത്ത എന്നാല്‍, പ്രസ്തുത ആശയത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ എന്നതാണ്. നിയമം കൈയിലെടുക്കാത്തിടത്തോളം ഏത് ആശയം വിശ്വസിക്കാനും പ്രചരിപ്പിക്കാനും പൗരന്മാര്ക്ക് സ്വാതന്ത്ര്യമുണ്ട്.
അല്ലെങ്കില്‍ പാര്‍ലമെൻറ്് മച്ചിപ്പശുവാകാമെന്ന് പറഞ്ഞ ഗാന്ധിജിയെയും ദേശീയതയെ വിമര്‍ശിച്ചുകൊണ്ട് രാജ്യത്തെക്കാള്‍ മഹത്വം ദൈവത്തിനാണ് എന്നാണെെൻറ വിശ്വാസമെന്നെഴുതിയ രവീന്ദ്രനാഥ ടാഗോറിനെയും ഇന്നത്തെ ഭരണകൂട സമീപനം വെച്ച് നോക്കിയാല്‍ അര്‍ബൻ മാവോവാദികളായി മുന്‍കാല പ്രാബല്യത്തോടെ പ്രഖ്യാപിക്കേണ്ടിവരും. കരിനിയമപ്രകാരമുള്ള കേസുകളില്‍ പലപ്പോഴും ആയുധങ്ങള്‍ക്കു പകരം പിടിച്ചെടുക്കപ്പെടുന്നതും പൊലീസ് ജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്നതും പുസ്തകങ്ങളാകുന്നത് യാദൃച്ഛികമല്ല. ഭരണകൂടം ഉദ്ദേശിക്കുന്നതിനപ്പുറം ചിന്തിക്കരുത് എന്നതുതന്നെയാണ് ഇതിെൻറ അര്‍ഥം. രാജ്യത്തെ ഉന്നത കലാലയങ്ങള്‍ മുമ്പില്ലാത്ത വിധം ഭരണകൂട വേട്ടയുടെ ഇടമായി മാറുന്നതിെൻറ കാരണവും ഇതുതന്നെയാണ്. ഭരണകൂടത്തില്‍നിന്ന് വ്യത്യസ്തമായ ആശയമുള്ളവരുടെ ജീവിതങ്ങള്‍ അപകടത്തിലാണ് എന്നതാണ് ഇതിെൻറ അര്‍ഥം. താഹ ഫസല്‍ എന്ന കോഴിക്കോട്ട് അറസ്റ്റ്ചെയ്യപ്പെട്ട വിദ്യാർഥിയുടെ മുറിയില്‍നിന്ന് കിട്ടിയ പുസ്തകങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊലീസുകാര്‍ രക്ഷിതാക്കളോട് ചോദിച്ച ഒരു ചോദ്യമുണ്ട്. ‘മകന് വായിക്കുന്ന പുസ്തകങ്ങള്‍ കണ്ടില്ലേ?’ അധികാരവിധേയരായ ഒരു പൗരന് തിരിച്ചു ചോദിക്കാനുള്ള ചോദ്യമുണ്ട്. ‘ഏതു പുസ്തകങ്ങളാണ് സര് ഞങ്ങളുടെ മക്കള്‍ വായിക്കേണ്ടത്.’
അര്‍ബൻ മാവോയിസ്റ്റുകള്‍ ഒരു യാഥാര്ഥ്യമായിരിക്കാം. അവര്‍ നിയമം കൈയിലെടുക്കാത്തിടത്തോളം അവരെ അറസ്റ്റുചെയ്യാന്‍ യഥാര്‍ഥത്തില്‍ ഭരണകൂടത്തിന് അവകാശമില്ല. അവകാശമുണ്ടെന്ന് അംഗീകരിച്ചാല്‍ അത് ആര്‍ക്കെതിരെയും പ്രയോഗിക്കാവുന്ന ആയുധമാണു താനും. പ്രത്യേകിച്ച് ആശയങ്ങളുടെയും പുസ്തകങ്ങളുടെയും ലോകത്തുള്ള ആര്‍ക്കെതിരെയും. സി.പി.എമ്മോ എല്‍.ഡി.എഫോ അറിഞ്ഞും തീരുമാനിച്ചുമാണ് ഏറ്റുമുട്ടല്‍ കൊലകളും കരിനിയമ അറസ്റ്റുകളും നടക്കുന്നത് എന്ന് പറയാനാവില്ല. പക്ഷേ, രണ്ട് കാര്യങ്ങള്‍ ഇവിടെയുണ്ട്. ഒന്ന്, കരിനിയമങ്ങളുടെ കാര്യത്തില്‍ വ്യക്തതയുള്ള ഒരു നയം ഇടതുപക്ഷത്തിനില്ല. 2008ല്‍ യു.എ.പി.എ ഭേദഗതിചെയ്ത് കടുപ്പിച്ചപ്പോള്‍ അന്ന് പാര്‍ലമെൻറില്‍ സി.പി.എം അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. സി.പി.എം സ്വതന്ത്രനായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. 2019 രണ്ടാം മോദീ ഗവണ്‍മെൻറ് കൊണ്ടുവന്ന യു.എ.പി.എ ശക്തിപ്പെടുത്തുന്ന ഭേദഗതി ബില്ലിനെതിരെയും സി.പി.എം ലോക്സഭയില്‍ വോട്ട് ചെയ്തിട്ടില്ല. വിട്ടുനില്‍ക്കുകയാണ് ചെയ്തത്. രാജ്യസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തു. നിലപാടിലെ വ്യക്തതക്കുറവ് ഇക്കാര്യത്തില്‍ വേണ്ടുവോളം ഉണ്ടെന്നര്‍ഥം.
രണ്ടാമത്തത് കേന്ദ്രവും ഡീപ്പ്സ്റ്റേറ്റും ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ കൊലകളും കരിനിയമപ്രയോഗങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്. പിണറായി വിജയനൊന്നും അവര്‍ക്കിതിന് തടസ്സമല്ല. സാധ്യതയാണുതാനും. ന്യായീകരണപ്പണി പിണറായിയും സി.പി.എമ്മും നിര്‍വഹിച്ചുകൊള്ളും. കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന കാര്യം സത്യസന്ധമായി തുറന്നു പറയുകയാണ് സി.പി.എം ചെയ്യേണ്ടത്. ആ സത്യസന്ധത ഒരു രാഷ്ട്രീയ നിലപാടാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം തകര്‍ന്നുകൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ഥ്യത്തെ ജനാധിപത്യ രാഷ്ട്രീയം അഭിമുഖീകരിക്കുകയാണ് വേണ്ടത്.
സി.പി.എം ഇപ്പോള്‍ ഒരേ സമയം മനുഷ്യാവകാശത്തിെൻറയും ഭരണകൂട ഭീകരതയുടെയും കളത്തില്‍ കളിക്കാന്‍ ശ്രമിക്കുകയാണ്. ആശയപരമായ വ്യക്തതക്കുറവ് യു.എ.പി.എയുടെ കാര്യത്തില്‍ സി.പി.എമ്മിന് നന്നായി ഉണ്ട് എന്നതിെൻറ പ്രകടമായ തെളിവായിരുന്നു കതിരൂര്‍ മനോജ് വധക്കേസില്‍ പാര്‍ട്ടി നേതാവ് പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയപ്പോള്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട്. ഇത് യു.എ.പി.എ ദുരുപയോഗം ചെയ്യലാണ് എന്നതായിരുന്നു അന്ന് പാര്‍ട്ടിയുടെ നിലപാട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്ന് ചൂണ്ടിക്കാട്ടിയ കാര്യമാണ് ഇത് ദുരുപയോഗമല്ല ഉപയോഗമാണ് എന്നത്. കാരണം, ഇങ്ങനെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയെല്ലാം പ്രയോഗിക്കാനാണ് ഭരണകൂടം ഈ നിയമം ഉണ്ടാക്കിയത്.
എല്ലാ നിയമങ്ങളും കരിനിയമങ്ങളായി പ്രയോഗിക്കപ്പെടുന്ന, കോടതികൾ അപ്രധാനമാവുകയും ഭരണകൂടം പരമപ്രധാനമാവുകയും ചെയ്യുന്ന ഒരു പുതിയ ദശയെ പഴയ മനുഷ്യാവകാശ ശീലങ്ങള്‍കൊണ്ട് അഭിമുഖീകരിക്കാനാവില്ല. എന്തെല്ലാം പരിമിതികളുണ്ടായിരുന്നെങ്കിലും ജനാധിപത്യ ഭരണകൂടങ്ങള്‍ ഫാഷിസ്റ്റ് ഭരണകൂടത്തില്‍നിന്ന് വ്യത്യസ്തമാണ് മനുഷ്യാവകാശത്തിെൻറ കാര്യത്തില്‍. ജനാധിപത്യ ഭരണകൂടങ്ങളോട് സംവാദത്തിലും സമരത്തിലും ഏര്‍പ്പെട്ടപോലെ ഫാഷിസ്റ്റ് ഭരണകൂടത്തോട് ഇടപഴകിയതുകൊണ്ട് ഫലമുണ്ടായിക്കൊള്ളണമെന്നില്ല. കേരളത്തിെൻറ സംസ്ഥാന പദവി എടുത്തുകളയുകയും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ തടവില്‍ വെക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തെ അഭിമുഖീകരിക്കാനുള്ള തയാറെടുപ്പുകളാണ് ഒരു സമൂഹമെന്ന നിലയില്‍ മലയാളികള്‍ നടത്തേണ്ടത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.