Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅടികിട്ടിയ ടോറികൾ;...

അടികിട്ടിയ ടോറികൾ; അതിജയിച്ച്​ ലേബർ

text_fields
bookmark_border
അടികിട്ടിയ ടോറികൾ; അതിജയിച്ച്​ ലേബർ
cancel

സാധാരണക്കാരനെ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് നയിച്ച തിരഞ്ഞെടുപ്പാണ് ബ്രിട്ടനിൽ നടന്നത്. ബ്രെക്സിറ്റ്‌ നടപ്പാക്കുമ്പോൾ യൂറോപ്യൻ യൂണിയനോട് ശക്തമായി വിലപേശാൻ ഉറച്ച ഭരണസംവിധാനം എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു തെരേസ മെയ് മൂന്നു വർഷത്തെ ഭരണ കാലാവധി ബാക്കി നിൽക്കെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. 650 അംഗ പാർലമ​​​​​െൻറിൽ 330 അംഗങ്ങളായിരുന്നു കൺസേർവേറ്റീവ് പാർട്ടിക്കുണ്ടായിരുന്നത്. കേവലഭൂരിപക്ഷത്തിനു വേണ്ടതിലും നാലുപേർ കൂടുതൽ. മുഖ്യ പ്രതിപക്ഷമായ ലേബറിന് 229 സീറ്റും സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 54 സീറ്റും.

നേരിയ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളുവെങ്കിലും മന്ത്രിസഭയ്ക്ക് ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ട്, സ്കോട്​ലാൻഡ്​, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് പുറമെ  ഇവിടെ താമസക്കാരായ ഇന്ത്യ അടക്കമുള്ള കോമൺവെൽത്ത്​ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും യു.കെ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം എന്നതാണ് ഇവിടുത്തെ തിരഞ്ഞെടുപ്പി​​​​​​െൻറ പ്രത്യേകത. പത്തുലക്ഷത്തോളം കോമൺവെൽത്ത്​ വോട്ടർമാരാണ് ഇവിടെ ഉള്ളത്. നാലുലക്ഷത്തിനാൽപ്പതിനായിരം പുതിയ വോട്ടർമാരും ഉണ്ട്. ഈ രണ്ടു കൂട്ടരിലും ലേബറിനാണ് പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നത്. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് ലേബർ പാർട്ടിയുടെ സാധ്യത വെറും 20% ത്തിനു മുകളിൽ മാത്രമായിരുന്നു. ലേബർ പാർട്ടി നേതൃത്വത്തിൽ കടുത്ത ഭിന്നതയും ഉണ്ടായിരുന്നു. ബ്രിട്ടന് അനുകൂലമായ ബ്രെക്സിറ്റ്‌ നിബന്ധനകൾ വാദിച്ചു ജയിക്കാൻ സുസ്ഥിര ഗവൺമ​​​​​െൻറ്​ എന്നതായിരുന്നു ടോറികളുടെ (കൺസേർവേറ്റീവ് പാർട്ടിക്കാരുടെ വിളിപ്പേരാണത് )  മുദ്രാവാക്യം. സുവ്യക്തമായ പ്രകടനപത്രികയുമായാണ് ലേബർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത് തന്നെ ആയിരുന്നു അവരുടെ പ്രധാന ആയുധവും. സാധാരണ ജനവിഭാഗം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന NHS (നാഷണൽ ഹെൽത്ത് സർവീസ്) നെ സ്വകാര്യവതക്​രിക്കില്ല എന്നതായിരുന്നു പ്രധാന വാഗ്ദാനം. കൂടാതെ മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ സ്വകാര്യവത്​കരിച്ച പൊതു ഗതാഗതം അടക്കമുള്ളവ തിരിച്ചുപിടിക്കുമെന്നും.  

പഠിച്ചിറങ്ങുന്ന ബിരുദ വിദ്യാർഥികളെ കടക്കെണിയിലാക്കുന്ന ഭീമമായ ഫീസ് പൂർണ്ണമായി നിർത്തലാക്കി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന വാഗ്ദാനം പുതിയ വോട്ടർമാരെ സ്വാധീനിച്ചു. എന്നാൽ തുടർച്ചയായി മാഞ്ചസ്റ്ററിലും ലണ്ടനിലും ഉണ്ടായ ഭീകരാക്രമണങ്ങൾ കുടിയേറ്റ നയത്തിൽ കർക്കശ സ്വഭാവമുള്ള ടോറികൾക്ക് തുണയായി. തെരേസ മെയ് സർക്കാർ പോലീസ് സേനയെ വെട്ടിക്കുറച്ചതാണ് ഇതിന് ഒരു കാരണം എന്ന് ലേബർ വാദിച്ചെങ്കിലും അതത്ര ഫലംചെയ്തു എന്ന് തോന്നുന്നില്ല. അമേരിക്കൻ, ഫ്രഞ്ച് തിരഞ്ഞെടുപ്പുകളിലെ വലതുപക്ഷ സ്വഭാവമുള്ള പാർട്ടികളുടെ പ്രകടനവും അവരുയർത്തിയ ആശങ്കകളും  ഇടതുപക്ഷ  സ്വാഭാവമുള്ള ലേബറിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 30% വോട്ടിൽ നിന്നും 229 സീറ്റ് എന്ന നിലയിൽ നിന്നും നാൽപ്പതു ശതമാനം വോട്ടുനേടി  261 സീറ്റ് എന്ന നിലയിലേക്ക് നിലമെച്ചപ്പെടുത്താൻ സഹായിച്ചു.

മറ്റു പാർട്ടികളുടെ പ്രകടനം വിലയിരുത്തിയാൽ ലേബർ പാർട്ടിയുടെ പങ്കാളിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന, കഴിഞ്ഞതവണ 59ൽ 54 സീറ്റ് നേടി സ്കോട്ട്​ലാൻഡ്​ തൂത്തുവാരിയ സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിക്ക് (SNP) ഇത്തവണ 35 സീറ്റ് നേടാനേ കഴിഞ്ഞുള്ളു. ഇപ്പോൾ ഭരണകക്ഷിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വടക്കൻ അയർലണ്ടിൽ നിന്നുള്ള ഡമോക്രറ്റിക് യൂണിയണിസ്റ്റ് പാർട്ടി (DUP) അവിടെയുള്ള 18 ൽ 10 സീറ്റും നേടി. കഴിഞ്ഞവട്ടം 12 സീറ്റ് നേടിയ യു.കെ ഇൻഡിപെൻഡൻസ് പാർട്ടിക്ക് ഇത്തവണ സീറ്റൊന്നുമില്ല. ലിബറൽ ഡെമോക്രാറ്റുകൾ കഴിഞ്ഞ തവണത്തെക്കാൾ മൂന്നു സീറ്റ് കൂടുതൽ നേടി 12 സീറ്റിൽ എത്തി. ചുരുക്കിപ്പറഞ്ഞാൽ കൺസർവേറ്റീവ്  പാർട്ടിക്ക് 2015 നേക്കാൾ 12 സീറ്റും കേവല ഭൂരിപക്ഷവും നഷ്ടം, ലേബർ പാർട്ടിക്ക് 31 സീറ്റിന്റെയും പത്തു ശതമാനം വോട്ടിന്റെയും വർധന.

ബ്രെക്സിറ്റിനെ തുടർന്ന് സാമ്പത്തിക മേഖലഉലഞ്ഞുനിൽക്കുമ്പോഴാണ് ബ്രിട്ടൻ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. തൂക്കുമന്ത്രിസഭ സ്ഥിതി വീണ്ടും മോശമാക്ക​ും.  പുതിയ സാഹചര്യത്തിൽ ബ്രെക്സിറ്റ്‌ വിലപേശലിനുള്ള ബ്രിട്ട​​​​​​െൻറ ശക്തി കുറയും. ശക്തമായ പ്രതിപക്ഷം ടോറികൾക്ക് നിരന്തരം തലവേദന സൃഷ്ടിക്കുമെന്നും ഉറപ്പ്. ടോറികൾ മുൻപ് പ്രഖ്യാപിച്ചപോലെ NHS സ്വകാര്യവത്​കരിച്ചാൽ ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന മലയാളികളെ അത്​ ദോഷകരമായി ബാധിക്കും.

രാജേഷ്​ കൃഷ്​ണ (ലേഖകന്‍)
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uk election 2017
News Summary - UK election
Next Story