മാഞ്ഞുപോവാത്ത ഐക്യദാർഢ്യം
text_fieldsഅചഞ്ചലമായ നിശ്ചയദാർഢ്യവും ലാളിത്യമാർന്ന ജീവിതശൈലിയും കൈമുതലായ, സ്ത്രീത്വത്തിെൻറ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ, പുരോഗമന ബോധമുള്ള എഴുത്തുകാരിയായിരുന്നു ഇന്നലെ വിടപറഞ്ഞ സാറ അബൂബക്കർ
കാസർകോട്ടുകാരിയായി ജനിച്ച പ്രശസ്ത എഴുത്തുകാരി സാറ അബൂബക്കറിന്റെ ‘ചന്ദ്രഗിരിക്കരയിൽ’ എന്ന നോവൽ ‘ഈയാഴ്ച’ വാരികയിലാണ് (സി. രാഘവൻ മാഷ് തർജമ ചെയ്തത്) വായിച്ചത്. നേരിട്ട് പരിചയമില്ലായിരുന്നു. കാസർകോട്ട് എൻഡോസൾഫാൻ പ്രശ്നം സജീവമായിക്കൊണ്ടിരുന്ന 1999 കാലത്ത് നാട്ടുകാരനെന്ന നിലയിൽ ആ പ്രശ്നത്തെ ശാസ്ത്രീയമായി ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചപ്പോൾ ഒരു ഡോക്യുമെന്ററിയായിരിക്കും പ്രസക്തമെന്ന് തോന്നി.
ഗ്രീൻ ഫോക്സ് എന്നൊരു കൂട്ടായ്മയുണ്ടാക്കിയാണ് ശ്രമങ്ങൾ തുടങ്ങിയത്. കെ.എം.കെ. കുഞ്ഞബ്ദുല്ല എന്നൊരു ചെറുവത്തൂർ സ്വദേശി ഡോക്യുമെന്ററിക്ക് ചുക്കാൻ പിടിച്ചു. കേരളത്തിലെ ഏതെങ്കിലുമൊരു പ്രമുഖ സാമൂഹിക വ്യക്തിത്വത്തെക്കൊണ്ട് സ്വിച്ചോൺ നടത്തിച്ചാൽ ഈ ആരോഗ്യ പ്രശ്നത്തിന്റെ ഗൗരവം സകലരിലേക്കും എത്തിക്കാനാകുമെന്ന് എല്ലാവരും ആശിച്ചു.
എന്നാൽ, തെക്കുനിന്ന് ആരെയും കിട്ടിയില്ല. ചൂടുകാലമായിരുന്നു. അങ്ങനെയാണ് മംഗലാപുരത്തുണ്ടായിരുന്ന (ഇന്ന് മംഗളൂരു), എഴുത്തുകാരി സാറ അബൂബക്കറിനെ ക്ഷണിക്കാൻ തീരുമാനിക്കുന്നത്. സുഹൃത്ത് സി.എൽ. മുഹമ്മദാലിയുടെ ബന്ധുവായതുകൊണ്ട് ഫോൺ നമ്പർ കിട്ടാൻ തടസ്സമുണ്ടായില്ല. അവർ വരുമോ എന്നതായിരുന്നു ഞങ്ങളുടെ സംശയം.
ഫോൺ വിളിച്ചപ്പോൾ, കർണാടകത്തിലും സമാന പ്രശ്നമുണ്ടെന്നും ഞാനിവിടെ ആ ഇരകൾക്കായി എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. അറിയുന്ന വിഷയമാണ്. ഞാനെങ്ങനെയും സ്വിച്ചോൺ കർമത്തിന് വരാമെന്നും ഉറപ്പുനൽകി. കാർ അയക്കണോ എന്ന് ചോദിച്ചപ്പോൾ ‘എന്തിന്! ഞാൻ ബസിൽ കാസർകോട്ട് എത്താം; അവിടന്ന് നിങ്ങൾ എന്നെ ചടങ്ങു നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയാൽ മതി’ എന്നായിരുന്നു മറുപടി. അങ്ങനെ അവർ ബസിൽ വന്നു. അന്ന് ബോവിക്കാനമാണ് ലൊക്കേഷൻ.
പുഞ്ചിരി ക്ലബ് പ്രവർത്തകരും കുടുംബശ്രീ അംഗങ്ങളായ അമ്മമാരും ജില്ലയിലെ ചിത്രകാരന്മാരും സ്കൂൾ കുട്ടികളുമെല്ലാം നടത്തുന്ന വലിയൊരു പ്രതിഷേധം അവിടെ അരങ്ങേറുകയായിരുന്നു. സി.എൽ. അഹമ്മദലിയോടൊപ്പം കാസർകോട്ടുനിന്ന് ലോക്കൽ ബസിൽ വന്ന അവർ സ്വിച്ചോണിന് മുമ്പായി അമ്മമാർ നടത്തുന്ന, കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടിയുള്ള സമരത്തിന് മുന്നിൽനിന്ന് നേതൃത്വം നല്കി. അതിനുശേഷമാണ് സ്വിച്ചോൺ നടന്നത്.
അവരുടെ പ്രസംഗം ഹൃദയസ്പർശിയായിരുന്നു. അത് ‘അരജീവിതങ്ങൾക്ക് ഒരു സ്വർഗം’ എന്ന ഡോക്യുമെന്ററിയിലുണ്ട്. അചഞ്ചലമായ നിശ്ചയദാർഢ്യവും ലാളിത്യമാർന്ന ജീവിതശൈലിയും കൈമുതലായ, സ്ത്രീത്വത്തിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ, പുരോഗമന ബോധമുള്ള ഒരെഴുത്തുകാരിയുടെ സക്രിയത അവർ ബോധ്യപ്പെടുത്തിത്തന്നു. ആദരാഞ്ജലികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.