Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേൾക്കാതെപോകുന്ന...

കേൾക്കാതെപോകുന്ന നിലവിളികൾ

text_fields
bookmark_border
കേൾക്കാതെപോകുന്ന നിലവിളികൾ
cancel

റാഗിങ് വെറുമൊരു തമാശപ്പരിപാടിയാണെന്നും നവാഗതരുടെ അപരിചിതത്വം മാറ്റാനുള്ള കുറുക്കുവഴിയാണെന്നുമുള്ള മട്ടിലാണ് ഈയടുത്ത കാലം വരെ പലരും ന്യായീകരിച്ചിരുന്നത്. നടത്തുന്നവർക്ക് തമാശയും ഇരയാവുന്നവർക്ക് മാനസിക-ശാരീരിക വേദനയും സ്വയം നിന്ദയും സമ്മാനിക്കുന്ന ഈ ക്രൂരത സാഡിസത്തിന്റെ വകഭേദമാണെന്ന് സമീപകാല സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നു. വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥ്, കോട്ടയം നഴ്സിങ് മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾ, തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ ഒന്നാം വർഷ വിദ്യാർഥി- ഇവരെല്ലാം കടന്നുപോയ ക്രൂരമായ അനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. ‘അമൃതം ഗമയ’ എന്ന മലയാള...

റാഗിങ് വെറുമൊരു തമാശപ്പരിപാടിയാണെന്നും നവാഗതരുടെ അപരിചിതത്വം മാറ്റാനുള്ള കുറുക്കുവഴിയാണെന്നുമുള്ള മട്ടിലാണ് ഈയടുത്ത കാലം വരെ പലരും ന്യായീകരിച്ചിരുന്നത്. നടത്തുന്നവർക്ക് തമാശയും ഇരയാവുന്നവർക്ക് മാനസിക-ശാരീരിക വേദനയും സ്വയം നിന്ദയും സമ്മാനിക്കുന്ന ഈ ക്രൂരത സാഡിസത്തിന്റെ വകഭേദമാണെന്ന് സമീപകാല സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നു. വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥ്, കോട്ടയം നഴ്സിങ് മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾ, തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ ഒന്നാം വർഷ വിദ്യാർഥി- ഇവരെല്ലാം കടന്നുപോയ ക്രൂരമായ അനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്.

‘അമൃതം ഗമയ’ എന്ന മലയാള സിനിമയിൽ റാഗിങ്ങിനെത്തുന്ന നായകനോട് ഒരു മെഡിക്കൽ വിദ്യാർഥി താനൊരു ഹൃദ്രോഗിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും അതു വകവെക്കാതെ അവനെക്കൊണ്ടുതന്നെ ചുമപ്പിക്കുകയും അത് വിദ്യാർഥിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്യുന്ന രംഗങ്ങളുണ്ട്. സിനിമയിൽ നായകൻ പിന്നീട് കുറ്റബോധത്താൽ നീറുന്നുണ്ട്. നമ്മുടെ കലാലയ ഇടനാഴികളിലും ഇടിമുറികളിലും അങ്ങനെ എത്രയെത്ര കരഞ്ഞു പറച്ചിലുകൾ അവഗണിക്കപ്പെട്ടിട്ടുണ്ടാവും, എത്ര ജീവിതങ്ങൾ അവ്വിധം അവസാനിക്കുകയും റിപ്പോർട്ട് ചെയ്യപ്പെടാതെയും പോയിട്ടുണ്ടാവും. സിനിമയിലെ നായകനെപ്പോലെ യഥാർഥ ജീവിതത്തിലെ റാഗിങ് വില്ലന്മാർക്ക് കുറ്റബോധം തോന്നുന്നുണ്ടാകുമോ? ഇല്ലെന്നാണ് അനുഭവം.

കാമ്പസ് രാഷ്ട്രീയത്തിന്റെ ഒരു പ്രധാന ഗുണവിശേഷമായി പറയപ്പെട്ടിരുന്നത് അത് റാഗിങ് പോലെയുള്ള ക്രൂരതകൾക്കും പ്രതിലോമ-അരാഷ്ട്രീയ പ്രവണതകൾക്കും തടയിടും എന്നായിരുന്നു. എന്നാൽ, കേരളത്തിൽ ഈയടുത്തു നടന്ന റാഗിങ് സംഭവങ്ങളിലെല്ലാം കാണാനാവുന്ന ഒരു പ്രവണത റാഗിങ്ങിന് നേതൃത്വം നൽകിയവരെല്ലാം വിദ്യാർഥി സംഘടനാ പ്രവർത്തകരും ഭാരവാഹികളുമായിരുന്നു എന്നതാണ്. ഒരു സീനിയർ വിദ്യാർഥി തന്റെ ജൂനിയറെ റാഗ് ചെയ്യുമ്പോൾ പ്രയോഗിക്കപ്പെടുന്നത് അധികാരത്തിന്റെ ശക്തിയാണ്. കലാലയങ്ങളിലെ പവർ ഹൈറാർക്കി നിലനിർത്താനുള്ള പ്രധാനപ്പെട്ട ടൂളായി റാഗിങ് മാറിക്കഴിഞ്ഞിരിക്കുന്നു. വേട്ടക്കാരൻ സംഘടനാ പ്രവർത്തകൻ കൂടിയാണെങ്കിൽ അയാളുടെ അധികാരഭാവവും അശിക്ഷിതനായി തുടരാനുള്ള സാധ്യതയും വർധിക്കുന്നു. അക്രമിയായ വിദ്യാർഥി ഒരു സംഘടിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് അയാളെ ചോദ്യം ചെയ്യാനോ അയാൾക്കെതിരെ പരാതി നൽകാനോ മറ്റുള്ളവർ ഭയക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ഈ സംഭവങ്ങൾ പുറത്തുപറഞ്ഞാൽ അതിലും ഭയാനകമായത് തനിക്ക് സംഭവിക്കുമെന്ന ഭയം മൂലം ഇരകൾക്ക് മിണ്ടാതിരിക്കേണ്ടിവരുന്ന, വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്തുന്ന ഒരു ഇൻവിസിബിൾ പവർ ഹൈറാർക്കി ഇതിലെല്ലാം പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൽപേരും അഭിമാനവും സംരക്ഷിക്കാൻ വേണ്ടി ഇത്തരം സംഭവങ്ങൾ അധികൃതർ ഇടപെട്ട് മറച്ചുപിടിക്കുന്നതും ഈ അധികാര താൽപര്യങ്ങളുടെ ഭാഗമാണ്.

റാഗിങ് നിയമം മൂലം നിരോധിക്കപ്പെട്ട കുറ്റകൃത്യമാണ്. അതു വരുത്തിവെക്കുന്ന ദ്രോഹങ്ങളും ഇപ്പോൾ കൃത്യമായി ബോധ്യപ്പെട്ടിരിക്കുന്നു. ഉപദ്രവം കുറഞ്ഞ റാഗിങ്, തമാശക്ക് വേണ്ടിയുള്ള റാഗിങ് തുടങ്ങിയ ന്യായീകരണങ്ങൾ ഒരു കാരണവശാലും മുഖവിലക്കെടുക്കാവുന്നതോ അനുവദിക്കപ്പെടാവുന്നതോ അല്ല. വീര്യം കുറഞ്ഞ മദ്യവും ലഹരി മിഠായികളും മാരക മയക്കുമരുന്നുകളിലേക്കുള്ള തുടക്കമാവുന്നതുപോലെയാണ് അവയും.

റാഗിങ്ങിനെതിരെയുള്ള നിയമങ്ങൾ കേവലം സ്റ്റാറ്റ്യൂട്ട് പുസ്തകങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ല, അത് നടപ്പിലാക്കാനുള്ള സാഹചര്യം കലാലയങ്ങളിൽ രൂപപ്പെടുത്തേണ്ടതുണ്ട്. കലാലയങ്ങൾ നാളത്തെ തലമുറയെ വാർത്തെടുക്കാനുള്ള ഇടങ്ങളാണ്, നാളത്തെ സ്വപ്നങ്ങളും ഭാവിയും പ്രതീക്ഷകളും അടങ്ങുന്ന ഇടങ്ങളാണ്. അവ സുരക്ഷിതമാക്കുക എന്നത് കോളജ് അധികൃതരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും നിയമ വ്യവസ്ഥയുടെയും ഉൾപ്പെടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

(തിരുവനന്തപുരം ഗവ. ലോ കോളജിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ് ലേഖിക)

rahmanasiya39@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ragging case
News Summary - Unheard cries; Ragging horror
Next Story
RADO