ഏക സിവിൽകോഡ് വാദത്തിന് പ്രഹരമേൽപിച്ച വിധി
text_fieldsമുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതി ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധി ചരിത്രപരമാവുന്നത് വർത്തമാനകാലം സൃഷ്ടിച്ചുവിട്ട രാഷ്ട്രീയവും സാമൂഹികവുമായ ആകുലതകളെ അത് ദൂരീകരിക്കാൻ ശ്രമിക്കുന്നു എന്നത് കൊണ്ടാണ്. ബഹുസ്വരത കനത്ത വെല്ലുവിളി നേരിടുകയും ഭരണകൂടംതന്നെ അതിെൻറ കടക്കു കത്തിവെക്കുകയാണെന്ന് ന്യൂനപക്ഷങ്ങളടക്കം ഉത്കണ്ഠപ്പെടുകയും ചെയ്യുന്ന ഒരു കാലസന്ധിയിൽ മതേതര സമൂഹത്തിൽ വ്യക്തിനിയമങ്ങളുടെ സ്ഥാനം എന്താണെന്നും അതിെൻറ നവീകരണം ഏത് തരത്തിലാവണമെന്നും പരമോന്നത നീതിപീഠം ചില മാർഗനിർദേശങ്ങൾ മുന്നോട്ടുവെച്ചത് ക്രിയാത്മകമായാണ് കാണേണ്ടത്. അഞ്ച് ന്യായാധിപന്മാർ ഉൾക്കൊള്ളുന്ന ഭരണഘടനബെഞ്ചിന് മുസ്ലിം വിവാഹമോചന വിഷയത്തിൽ ഏകകണ്ഠ തീരുമാനത്തിലെത്താൻ സാധിച്ചില്ല എന്നത് വിഷയത്തിെൻറ സങ്കീർണതക്കപ്പുറം കാഴ്ചപ്പാടിലെ വൈരുധ്യങ്ങളാണ് തൊട്ടുകാണിക്കുന്നത്. അഞ്ച് മതധാരകളെ പ്രതിനിധാനം ചെയ്യുന്ന അഞ്ച് ജഡ്ജിമാരെ വിഷയം കൈകാര്യംചെയ്യാൻ നിയോഗിച്ചപ്പോൾ നിലവിലെ കുടുംബനിയമങ്ങളെ മുഴുവൻ കടപുഴക്കി എറിയുന്ന ‘വിപ്ലവകരമായ’ മാറ്റങ്ങൾക്കാണ് നാന്ദികുറിക്കാൻ പോകുന്നതെന്നും നിഷ്പക്ഷത ഉറപ്പുവരുത്താനാണ് ഇത്തരമൊരു സെലക്ഷൻ നടത്തിയതെന്നും നിരീക്ഷിച്ചവരുണ്ടായിരുന്നു. എന്നാൽ, മുസ്ലിം വ്യക്തിനിയമത്തിൽപ്പെടുന്ന വിവാഹമോചനവുമായി ബന്ധപ്പെട്ട ഒരു രീതിയെക്കുറിച്ച് മാത്രമാണ് ഭരണഘടനബെഞ്ച് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. അതും വിഭജിതമായ കാഴ്ചപ്പാടിലൂടെ. ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ഏറ്റവും ജൂനിയർമോസ്റ്റായ ജസ്റ്റിസ് അബ്ദുൽ നസീറും പങ്കുവെച്ച കാഴ്ചപ്പാട് ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവരടങ്ങുന്ന ഭൂരിപക്ഷ ബെഞ്ച് നിരാകരിച്ചത് ജുഡീഷ്യറിയുടെ കാഴ്ചപ്പാടുകൾ എത്ര വിരുദ്ധമാണ് എന്ന വാസ്തവികതയിലേക്കാണ് വിരൽചൂണ്ടുന്നത്. പല സുപ്രധാന കേസുകളിലും ഭരണഘടനബെഞ്ചിന് ഏകകണ്ഠമായ തീരുമാനത്തിലെത്താൻ സാധിക്കാറില്ല എന്നത് ജുഡീഷ്യറി ഏകശിലാസ്ഥാപനമല്ല എന്ന വശത്തെ ഓർമപ്പെടുത്തുന്നു.
വ്യക്തിനിയമത്തിെൻറ പരിരക്ഷ
മൂന്ന് മൊഴിയും ഒറ്റയടിക്ക് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്ന ഏർപ്പാട് ഇനിയും അംഗീകരിക്കാനാവില്ല എന്ന ഭൂരിപക്ഷബെഞ്ചിെൻറ വിധിയോടെ മുത്തലാഖ് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമായിരിക്കുന്നു. വിധിന്യായങ്ങളിലെവിടെയും മുത്തലാഖ് ‘ഭരണഘടനവിരുദ്ധം’ എന്ന് അസന്ദിഗ്ധമായി പറയുന്നില്ല. എന്തുകൊണ്ട് മുത്തലാഖ് പാടില്ല എന്നതിന് മൂന്ന് വിധിന്യായങ്ങളും വ്യത്യസ്ത കാരണങ്ങളാണ് നിരത്തുന്നത് എന്നതാണ് രസാവഹം. മുത്തലാഖ് മതാചാരമാണെന്നും ഭരണഘടനയുടെ 25ാം ഖണ്ഡിക ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിെൻറ പരിരക്ഷ അതിനുണ്ടെന്നുമാണ് ചീഫ്ജസ്റ്റിസ് ഖെഹാർ വിധിന്യായത്തിൽ പറഞ്ഞത്. ആറുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തണമെന്നും അതുവരെ മുത്തലാഖ് തടഞ്ഞിരിക്കുകയുമാണെന്നാണ് കോടതി ഓർമിപ്പിച്ചത്. ഭരണഘടന പരിരക്ഷയുള്ള ഒരു ആചാരത്തിനെതിരെ എന്തിന് നിയമം നിർമിക്കണം? കുടുംബനിയമത്തിൽ ലോകപ്രശസ്തനായ ഡോ. താഹിർ മഹമൂദിെൻറ ചോദ്യം പ്രസക്തമാണ്. ഭരണഘടനയുടെ 25ാം അനുച്ഛേദം വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തിെൻറ പരിധിയിൽ വ്യക്തിനിയമം ഉൾപ്പെടുന്നുണ്ട് എന്ന കാഴ്ചപ്പാടിൽ ഭരണഘടനബെഞ്ചിന് ഏകകണ്ഠമായ നിലപാടാണുള്ളത് എന്നത് ന്യൂനപക്ഷങ്ങൾക്ക് ആശ്വാസം പകരുന്നുണ്ടാവണം. വ്യക്തിനിയമങ്ങൾക്ക് നമ്മുടെ സെക്കുലർ വ്യവസ്ഥയിൽ പരിരക്ഷ നൽകേണ്ടതില്ല എന്ന വാദങ്ങളാണ് കോടതി തള്ളിയിരിക്കുന്നത്. മുത്തലാഖ് കേസ് ഉദ്ഭവിക്കുന്നത് ഏതെങ്കിലും മുത്തലാഖിെൻറ ഇര പരമോന്നത നീതിപീഠത്തെ സമീപിക്കുന്നതോടെ ആയിരുന്നില്ല. മറിച്ച്, ഹിന്ദു സ്വത്തവകാശത്തെ കുറിച്ചുള്ള ഒരു വിധിയിൽ മുസ്ലിം സ്ത്രീകളും കടുത്ത വിവേചനം നേരിടുന്നുണ്ട് എന്ന ആനുഷംഗിക പരാമർശത്തോടെ, ജസ്റ്റിസ് അനിൽ ആർ. ദാവെ ‘മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യദാഹം’ തീർക്കാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോഴാണ്. പിന്നീട് സൈറാബാനു അടക്കമുള്ള വിവാഹമോചിതകളെ സുപ്രീംകോടതിയിലേക്ക് കക്ഷിചേരാൻ ആട്ടിത്തെളിച്ചത് സംഘ്പരിവാറിെൻറ ആൾക്കാരാണ്. വ്യക്തിനിയമം ഭരണഘടനയുടെ 13ാം ഖണ്ഡികയിൽ വിവരിക്കുന്ന നിയമങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുമോ എന്ന ചോദ്യത്തിന് 1937ലെ ശരീഅത്ത് നിയമത്തിന് പരിരക്ഷ നൽകുന്നുണ്ടെങ്കിലും മുത്തലാഖുമായി ബന്ധപ്പെട്ട ഭാഗം അതിലുൾപ്പെടും എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് നരിമാൻ വായിച്ച വിധിന്യായത്തിലൂടെ കോടതി ഇടപെടലിന് അവസരമൊരുക്കിയിരിക്കുന്നത്. അതേസമയം, ജസ്റ്റിസ് ഖെഹാറോ കുര്യൻ ജോസഫോ 1937ലെ ശരീഅത്ത് ആക്ട് 13ാം ഖണ്ഡികയിൽ പറയുന്ന നിയമമായി ഗണിക്കുന്നില്ല. കാരണം, അതിൽ മുത്തലാഖിനെ കുറിച്ച് പരാമർശിക്കുന്നില്ല എന്നതാണ്. 1951ൽ ബോംബെ ഹൈകോടതിയുടെ മുമ്പാകെ വിഷയം വന്നപ്പോൾ നരസുഅപ്പാ മാലി കേസിൽ ജസ്റ്റിസ് എം.സി. ചഗ്ല വിധിച്ചത് വ്യക്തിനിയമം ഈ വകുപ്പിന് കീഴിൽ വരില്ല എന്നായിരുന്നു. ആ വിധി ഇതുവരെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. അഹ്മദാബാദ് വുമൺ ആക്ഷൻ ഗ്രൂപ് കേസിൽ മുത്തലാഖും ബഹുഭാര്യത്വവും ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതൊക്കെ തീരുമാനിക്കേണ്ടത് നിയമനിർമാണ സഭയാണ് എന്നുപറഞ്ഞ് പരമോന്നത ന്യായാസനം ഒഴിഞ്ഞുമാറുകയാണുണ്ടായത്. അതേസമയം, ഷമീം ആറ കേസിൽ മുത്തലാഖിന് നിയമപാവനത ഇല്ല എന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുണ്ടെന്ന കാര്യം അഞ്ചംഗബെഞ്ച് അടിവരയിടുന്നുണ്ട്. മുത്തലാഖ് നിയമവിരുദ്ധ വിവാഹമോചന രീതിയാണ് എന്ന കണ്ടെത്തൽ ഇതാദ്യത്തേതല്ല എന്ന് ചുരുക്കം.
നീതിപീഠം നൽകുന്ന താക്കീതുകൾ
വ്യക്തിനിയമത്തിെൻറ പാവനത ഉയർത്തിപ്പിടിക്കുന്ന ഈ വിധി, യഥാർഥത്തിൽ ഏകീകൃത സിവിൽകോഡ് വാദികൾക്ക് കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. വ്യക്തിനിയമം എടുത്തുകളയണമെന്നും 1937ലെ ശരീഅത്ത് നിയമം ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമുള്ള വാദം അപ്പടി തള്ളിക്കളഞ്ഞ പരമോന്നത നീതിപീഠം ഇസ്ലാമിക വിരുദ്ധമായ വ്യവസ്ഥകൾ എടുത്തുകളഞ്ഞ് ശരീഅത്തിെൻറ അന്ത$സത്ത ഉൾക്കൊള്ളുന്ന നിയമസംഹിതയിലേക്ക് മടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ 25ാം ഖണ്ഡിക വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിെൻറ വ്യാപ്തി വിവരിക്കുന്ന ചീഫ്ജസ്റ്റിസ് ഖെഹാർ, വ്യക്തിനിയമത്തിൽ മുസ്ലിം ഭൂരിപക്ഷരാജ്യങ്ങൾ കൊണ്ടുവന്ന കാലോചിതമായ മാറ്റങ്ങൾ എണ്ണിപ്പറയുന്നുണ്ട് എന്ന് മാത്രമല്ല, ഇപ്പോഴത്തെ അവസരം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ മുസ്ലിംകളും ക്രിയാത്മകമായി ചിന്തിക്കണമെന്ന് ഓർമപ്പെടുത്തുന്നു. മതത്തെ നവീകരിക്കേണ്ടതും പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതും ഭരിക്കുന്ന സർക്കാറുകളോ മതസമൂഹത്തിലെ യുക്തിവാദികളോ അല്ല, പ്രത്യുത വിശ്വാസപ്രമാണങ്ങളെ യഥാവിധി അനുധാവനം ചെയ്യുന്ന സമുദായാംഗങ്ങളാണെന്ന താക്കീതും നീതിപീഠത്തിെൻറ ഭാഗത്തുനിന്നുണ്ടായി. ഇത്തരം വിഷയങ്ങൾ ചർച്ചക്കു വരുമ്പോൾ പുരോഗമന നാട്യവുമായി മതവുമായോ സമുദായവുമായോ പുലബന്ധമില്ലാത്ത ചിലരുടെ വിതണ്ഡവാദങ്ങൾ മുഴങ്ങിക്കേൾക്കുന്നത് സ്ഥിരം സംഭവമാണല്ലോ.
1939ലെ മുസ്ലിം വിവാഹഭഞ്ജനനിയമം കൊണ്ടുവരുന്നതിൽ ഹനഫി പണ്ഡിതനായിരുന്ന അഷ്റഫലി ഥാനവി വഹിച്ച നിസ്തുലപങ്ക് കോടതി അനുസ്മരിക്കുകയുണ്ടായി. അനാചാരങ്ങളും ദുരാചാരങ്ങളും മതത്തിെൻറ ഭാഗമായി കാണാൻ സാധിക്കില്ലെന്നും അവക്ക് വ്യക്തിനിയമത്തിെൻറ പരിരക്ഷക്ക് അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കുര്യൻ ജോസഫ്, ചീഫ് ജസ്റ്റിസിെൻറ മുത്തലാഖ് മതത്തിെൻറ ഭാഗമാണെന്ന നിരീക്ഷണത്തോട് വിയോജിക്കുന്നത്. മതം മോശമായിക്കാണുന്നതിനെ നിയമത്തിൽ സാധുവായി കാണുന്നതിനോടാണ് കോടതിക്ക് എതിർപ്പ്. വിവാഹമോചന വിഷയത്തിൽ ഖുർആൻ വിവിധ സൂക്തങ്ങളിലായി മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ സ്ഫടികസമാനം വ്യക്തമാണെന്നിരിക്കെ, ഏതോ കാലഘട്ടത്തിൽ കയറിക്കൂടിയ മുത്തലാഖ് പോലുള്ള സമ്പ്രദായങ്ങളെ നിലനിർത്താൻ ശ്രമിക്കുന്നത് ഇസ്ലാമിക സമൂഹത്തിന് ഭൂഷണമല്ല എന്ന ഓർമപ്പെടുത്തൽ മുസ്ലിം സമൂഹം ഗൗരവമായി കാണേണ്ടതുണ്ട്. ഖുർആൻ നിഷ്കർഷിക്കുന്ന വിവാഹമോചന രീതിയിൽ ഭാര്യക്കും ഭർത്താവിനും അനുരഞ്ജനത്തിനുള്ള അവസരമുണ്ടെന്നിരിക്കെ, ഭർത്താവ് ഏകപക്ഷീയമായി മൊഴി ചൊല്ലുന്നത് തുല്യത വിഭാവനചെയ്യുന്ന ഭരണഘടനയുടെ 14ാം അനുച്ഛേദത്തിെൻറ ലംഘനമാണെന്ന് കണ്ടാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ മുത്തലാഖ് നിലനിർത്താനാവില്ലെന്ന് വിധിച്ചിരിക്കുന്നത്. തിരിച്ചെടുക്കാൻ അവസരംനൽകാത്ത ധിറുതിപിടിച്ചുള്ള മൊഴിചൊല്ലൽ, രണ്ടു കുടുംബത്തിൽനിന്നുമുള്ള രണ്ടു മധ്യസ്ഥരുടെ അനുരഞ്ജനശ്രമത്തിലൂടെ ദാമ്പത്യബന്ധം സംരക്ഷിക്കാനുള്ള അവസരം ഇല്ലാതാക്കുന്നുവെന്നതാണ് മുത്തലാഖ് എത്രമാത്രം ഖുർആൻ വിരുദ്ധമാണെന്ന് സമർഥിക്കാൻ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്്. ബഹുമാനപ്പെട്ട ജഡ്ജിമാർ ഖുർആൻ മാത്രമല്ല, എണ്ണമറ്റ ഹദീസ്, ഫിഖ്ഹ് ഗ്രന്ഥങ്ങളും നിയമപുസ്തകങ്ങളും വിപുലമായി റഫർ ചെയ്താണ് ഇസ്ലാമിലെ വിവാഹമോചനത്തെ കുറിച്ച് ബന്ധപ്പെട്ടവർക്ക് പുതിയ വെളിച്ചം പകർന്നിരിക്കുന്നത്. മുഗൾ രാജാക്കന്മാരിൽനിന്ന് പൈതൃകമായി കൈയേൽക്കുകയും ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് കൂടുതൽ ഇടപെടലില്ലാതെ നിലനിർത്തിപ്പോരുകയും ചെയ്ത മുസ്ലിം വ്യക്തിനിയമ സംഹിത ശുദ്ധീകരിക്കുന്ന വിഷയത്തിൽ ബന്ധപ്പെട്ട സമുദായ നേതൃത്വവും പണ്ഡിതന്മാരും ബാധ്യത നിറവേറ്റാത്തതിെൻറ പരിണതിയാണ് ഇപ്പോഴത്തെ വിധിയെന്ന് ചുരുക്കം.
കടുത്ത വീക്ഷണവൈരുധ്യം മറനീക്കിപുറത്തുവന്ന മുത്തലാഖ് വിധി, വ്യക്തിനിയമങ്ങൾക്ക് നൽകുന്ന ഏകകണ്ഠമായ പിന്തുണ യഥാർഥത്തിൽ ഹിന്ദുത്വവാദികളുടെ സാംസ്കാരിക ഏകതയെ കുറിച്ചുള്ള സങ്കൽപത്തെയാണ് പൂർണമായി നിരാകരിക്കുന്നത്. ഷാബാനു കേസിലടക്കം ഏകീകൃത സിവിൽകോഡിനായി പരമോന്നത നീതിപീഠം വാദിച്ചത് മുസ്ലിം വ്യക്തിനിയമം അപാകതകൾ നിറഞ്ഞതാണെന്ന കാഴ്ചപ്പാടിലൂടെയായിരുന്നു. സർളമുദുഗൽ കേസിൽ ഏകീകൃത സിവിൽകോഡനുസരിച്ച് ജീവിക്കാൻ തയാറല്ലാത്തവർക്ക് പാകിസ്താനിലേക്ക് പോകാമെന്ന് വരെ ജസ്റ്റിസ് വർമ ഉപദേശിച്ചത് നിയമവൃത്തങ്ങളിൽ ചർച്ചയായിരുന്നു. അവിടെനിന്ന് ബഹുദൂരം നമ്മുടെ കോടതികൾ സഞ്ചരിച്ചിരിക്കുന്നുവെന്നാണ് ചൊവ്വാഴ്ചത്തെ വിധി തെളിയിക്കുന്നത്. വ്യക്തിനിയമങ്ങളെ സ്പർശിക്കാൻ ഒരു സർക്കാറിനും അവകാശമില്ലെന്ന് വിധിച്ചിരിക്കുന്നത് ഭരണഘടനബെഞ്ചാണ്. ഹിന്ദുത്വ സർക്കാർ പുതിയ നിയമനിർമാണങ്ങളിലൂടെ കുടുംബനിയമങ്ങൾ അടിച്ചേൽപിച്ചേക്കാമെന്ന ന്യൂനപക്ഷങ്ങളുടെ ആശങ്ക തൽക്കാലത്തേക്കെങ്കിലും നീങ്ങിയെന്ന് ചുരുക്കം. അതേസമയം, മുത്തലാഖ് സമ്പ്രദായത്തിന് വിലേക്കർപ്പെടുത്തിയ ചുറ്റുപാടിൽ ഇസ്ലാം അനുശാസിക്കുന്ന വിവാഹമോചന രീതി പിന്തുടരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ബാധ്യത പ്രാദേശിക മഹല്ല്കമ്മിറ്റികളുടെമേൽ വന്നുപതിക്കാനാണ് സാധ്യത.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.