Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസർവകലാശാലകളിൽ...

സർവകലാശാലകളിൽ നിറഞ്ഞാടുന്നു സംവരണവിരുദ്ധ മാഫിയ

text_fields
bookmark_border
സർവകലാശാലകളിൽ നിറഞ്ഞാടുന്നു സംവരണവിരുദ്ധ മാഫിയ
cancel

സംവരണത്തിലൂടെ മുന്നോട്ടുവെക്കുന്ന പ്രാതിനിധ്യ അധികാരപങ്കാളിത്ത സങ്കൽപത്തെ രാജ്യത്തെ വരേണ്യർ എക്കാലത്തും എതിർത്തു പോന്നിട്ടുണ്ട്​. സാമുദായിക സംവരണത്തെ ഒരു അശ്ലീലമായി അവതരിപ്പിച്ച്​ അട്ടിമറിക്കാനാണ്​ സാമ്പത്തിക സംവരണമെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സവർണ സംവരണത്തി​െൻറ വക്​താക്കൾ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു പോരുന്നത്. ആ അട്ടിമറി ഒരു മറയുമില്ലാതെ കേരളത്തിലെ സർവകലാശാല അധ്യാപക നിയമനങ്ങളിലും വ്യവസ്ഥാപിതമായി നടപ്പാക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നു. സംവരണം നടപ്പാക്കിയാൽ മെറിറ്റ്​ ഇല്ലാതാകും എന്ന ജാതിവാദം മനഃസ്ഥിതിയായി കൊണ്ടുനടക്കുന്നവരാണ്​ നമ്മുടെ സർവകലാശാലകളെ ഭരിക്കുന്നവരിൽ കൂടുതലും. ഈ വരേണ്യവാദത്തിലൂന്നിയ സംവരണവിരുദ്ധ പൊതുബോധം പിൻപറ്റുന്നവരാണ്​ സാംസ്കാരിക നായകരിലും പൊതു ബുദ്ധിജീവികളിലും ഏറിയ പങ്കുമെന്നതിനാൽ സംവരണ അട്ടിമറികൾ വേണ്ടത്ര ഗൗരവത്തിൽ പൊതുസമൂഹത്തിനു മുമ്പാകെ ചർച്ച ചെയ്യപ്പെടാറുമില്ല. കാലിക്കറ്റ്​ സർവകലാശാലയിലെ സംവരണ അട്ടിമറിയെപ്പറ്റി വിശദമായ റിപ്പോർട്ട്​ ഹാജരാക്കാൻ ഭരണഘടനപദവിയുള്ള ദേശീയ പട്ടികജാതി കമീഷൻ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.

പൊതുവിദ്യാഭ്യാസരംഗത്ത്​ ഏറെ മുന്നേറിയിട്ടും കേരളത്തിലെ സർവകലാശാല അധ്യാപകനിയമനങ്ങളിൽ ദുരൂഹതയും സുതാര്യതയില്ലായ്മയും നിഗൂഢരീതികളും വർധിച്ചുവരുന്നത്​ എന്തുകൊണ്ടാണ്? സർവകലാശാലയിൽ മൊത്തത്തിലും ഓരോ പഠനവകുപ്പുകളിലും വരുന്ന സംവരണ / പൊതുതസ്തികകൾ മുൻകൂട്ടി കണക്കാക്കി നിയമനക്രമപട്ടിക പൊതുരേഖയാക്കി വെബ്സൈറ്റിൽ പ്രദർശിപ്പിക്കണമെന്ന്​ യു.ജി.സി നിർദേശമുണ്ട്​. എന്നാൽ, ഇതു പാലിക്കാതെ സംവരണ ക്രമപട്ടിക രാജ്യരക്ഷാ രേഖകളെപ്പോലെ നിഗൂഢമായി സൂക്ഷിക്കുന്നു എന്നത്​ നിയമനനടപടികൾ സംവരണ വിരുദ്ധ സാമൂഹിക ശക്തികളുടെ സമ്പൂർണ നിയന്ത്രണത്തിലാണ്ടിരിക്കുന്നു എന്നതി​െൻറ സൂചനയാണ്​. ഓരോ വകുപ്പിലെയും തസ്തികകളും നിയമിക്കപ്പെടാത്ത ഒഴിവുകളും നിയമിക്കപ്പെടാത്ത സംവരണ തസ്തികകളും അടങ്ങുന്ന രജിസ്​റ്റർ സർവകലാശാലകൾ സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്. ഓരോ വിഭാഗത്തിലെയും അധ്യാപകതസ്തികകൾ പ്രത്യേകമായെടുത്താലും ഓരോ ഗണത്തിലും ( ഉദാഹരണത്തിന് അസിസ്​റ്റൻറ്​ പ്രഫസർ ,അസോസിയേറ്റ്​ പ്രഫസർ, പ്രഫസർ എന്നിവ) ക്ലബ് ചെയ്​ത്​ സമീപിച്ചാലും ഒഴിവനുസരിച്ചു വിജ്​ഞാപനം നടത്താനും വസ്തുതകൾ സുതാര്യമായി സൂക്ഷിക്കാനും കഴിയും. നിയമനങ്ങൾ സുതാര്യമാക്കി വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി സമൂഹത്തോടും ഭരണഘടനയോടുമുള്ള ഉത്തരവാദിത്തവും വിശ്വാസ്യതയും നിലനിർത്തേണ്ട ബാധ്യതയില്ലേ സർവകലാശാലകൾക്ക്​?

ജ്ഞാന ഉൽപാദനത്തിൽ വേണം പങ്കാളിത്തം

ക്ഷേമരാഷ്​ട്ര സങ്കൽപവും പദ്ധതി ആസൂത്രണ വികസനവും മുൻനിർത്തിയാണ്​ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കേന്ദ്ര സർവകലാശാലകളും സംസ്ഥാനങ്ങളിൽ പ്രാദേശിക യൂനിവേഴ്​സിറ്റികളും സ്ഥാപിക്കപ്പെട്ടത്​. ജാതിവ്യവസ്ഥയും മുൻവിധികളും മൂലം ചരിത്രപരമായി പുറത്ത്​ നിർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളെയും പ്രദേശങ്ങളെയും ഉന്നത വിദ്യാഭ്യാസരംഗത്ത്​ ഉൾച്ചേർക്കുക എന്നത്​ നമ്മുടെ ദേശീയ നയമായിരുന്നു. ഉൾക്കൊള്ളൽ വികസനവും സാമൂഹികനീതി ജനാധിപത്യവും സ്ഥാപിക്കുന്നതിന്​ ഉൾക്കൊള്ളൽ വിദ്യാഭ്യാസം (inclusive education) അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ സാമുദായികസംവരണം സാമൂഹികമായി പുറന്തള്ളപ്പെട്ട സമുദായങ്ങൾക്ക്​ അധികാരത്തിൽ പങ്കാളിത്തവും ജനസംഖ്യാനുസൃതമായ പ്രാതിനിധ്യവും ഉറപ്പാക്കുന്ന ജനാധിപത്യ പ്രവർത്തനമായാണ്​​ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. സർവകലാശാലകളും മറ്റ്​ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഭാഷ-മാനവിക -സാമൂഹിക ശാസ്ത്രങ്ങളിലും ശാസ്ത്ര സാങ്കേതിക ആരോഗ്യരംഗത്തും ജ്ഞാനഉൽപാദനം നടത്തുന്ന സ്ഥാപനങ്ങളാണ്. ജ്ഞാന ഉൽപാദന പ്രക്രിയയും അതി​െൻറ സാമൂഹിക വിനിമയങ്ങളും ജനാധിപത്യപരവും സാമൂഹികനീതിയിലധിഷ്​ഠിതവുമായിരിക്കണം. ചരിത്രപരമായി സാമുദായികമായി പുറന്തള്ളപ്പെട്ട കീഴാള സമുദായങ്ങളെ ഈ പ്രക്രിയകളിൽ പങ്കാളികളാക്കിയാൽ മാത്രമേ ഉൾക്കൊള്ളൽ ജനാധിപത്യവും പങ്കാളിത്ത നീതിസങ്കൽപവും സമൂഹത്തിൽ സാധ്യമാവുകയുള്ളൂ. അല്ലാത്തപക്ഷം ജ്ഞാന ഉൽപാദനരംഗവും ഉന്നതവിദ്യാഭ്യാസമേഖലയും ജാതിശക്തികളും വരേണ്യരും കുത്തകയാക്കി ജനാധിപത്യത്തെയും സാമൂഹിക നീതിയെയും അട്ടിമറിക്കും.വിജ്ഞാനങ്ങളുംവിവര സാങ്കേതികവിദ്യയും ജാതിവരേണ്യരും മൂലധനശക്തികളും നിയന്ത്രിക്കുന്നത്​ തടയുന്നതിനും അതുവഴി ഭരണകൂട സംവിധാനത്തെ മേലാളർ നിയന്ത്രിക്കുന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനുമാണ്​ സംവരണവ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജാതി വിവേചനത്തി​െൻറ പെരു​ങ്കോട്ടകൾ

ഇന്ത്യയിലെ സർവകലാശാലകൾ സ്ഥാപനപരമായ ജാതി വിവേചനവും പുറംതള്ളലും നടപ്പാക്കുന്ന വരേണ്യ സ്ഥാപനങ്ങളായിത്തന്നെയാണ്​ വർത്തിച്ചുപോരുന്നത്. ഉൾക്കൊള്ളൽ ഉന്നത വിദ്യാഭ്യാസത്തിനു ( Inclusive Higher Education) പകരമായിപുറന്തള്ളൽ സമീപനമാണ്​ ദലിത് - ആദിവാസി സമൂഹങ്ങളോടും മുസ്​ലിം ന്യൂനപക്ഷ ജനതകളോടും സ്ഥാപനപരമായി ഈ രംഗത്ത്​ നടപ്പാക്കുന്നത്. വിദ്യാർഥി പ്രവേശനത്തിലും പഠനഗവേഷണ പ്രക്രിയകളിലും ഈ വിവേചനം പരസ്യമാണ്​. അധ്യാപക നിയമനങ്ങളിൽ പാർശ്വവത്​കൃത സമൂഹങ്ങളെ അകറ്റിനിർത്തുന്ന സമീപനമാണ്​ ഇന്നും ഇന്ത്യൻ യൂനിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വീകരിക്കുന്നത്​. അധ്യാപക തസ്​തികകളിൽ സാമുദായിക സംവരണം പാലിക്കാതെ നിയമനം നടത്തുക, സംവരണക്രമപട്ടിക മറച്ചു​െവച്ചും മാറ്റംവരുത്തിയും നിയമനങ്ങൾ സംവരണ സമുദായങ്ങൾക്ക്​ നൽകാതിരിക്കുക, സംവരണനഷ്​ടം നികത്താതെ പൊതുവിഭാഗങ്ങൾക്കായി അധ്യാപക സംവരണം വകമാറ്റുക, പൊതുവിഭാഗത്തിൽ സംവരണീയവിഭാഗങ്ങൾക്ക്​ നിയമനം കൊടുക്കാതിരിക്കുക എന്നിങ്ങനെ സാമൂഹിക നീതിക്കും ഭരണഘടനമൂല്യങ്ങൾക്കും എതിരായ നടപടികളാണ്​ വ്യവസ്ഥാപിത നയമായി ഇന്ത്യൻ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നത്​.

കേരളത്തിലെ സർവകലാശാലകൾ നിലവിൽ വന്ന കാലംമുതൽ സംവരണീയ വിഭാഗങ്ങളെ പുറത്തുനിർത്താൻ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. സർവകലാശാലകളിൽ ദലിത്​ ആദിവാസി വിഭാഗങ്ങളെ അധ്യാപകരായി നിയമിക്കുന്നതിന്​ എതിരായി സംവരണ വ്യവസ്ഥകൾ അട്ടിമറിക്കുന്ന ഗൂഢസംഘങ്ങൾ കാലങ്ങളായിപ്രവർത്തിക്കുന്നു എന്നതിന്​ പല ഉദാഹരണങ്ങളും ചൂണ്ടികാണിക്കാൻ കഴിയും. സംവരണക്രമ പട്ടിക നിഗൂഢമാക്കിയും സംവരണ തത്ത്വങ്ങളും ചട്ടങ്ങളും രഹസ്യരേഖയാക്കിയും സംവരണ വിരുദ്ധരായ ഗൂഢസംഘങ്ങൾ കേരളത്തിലെ സർവകലാശാലകളെ മാഫിയ താവളമാക്കി മാറ്റിതീർത്തിട്ടുണ്ട്. പലപ്പോഴും വൈസ്​ ചാൻസലർമാരെ തെറ്റിദ്ധരിപ്പിച്ചും നിയന്ത്രിച്ചും സർക്കാറിന്​ തെറ്റായവിവരങ്ങൾ നൽകിയും സംവരണവിരുദ്ധ ഉപജാപക ഗൂഢസംഘങ്ങൾ ലക്ഷ്യം നിറവേറ്റുന്നു. സംവരണീയ വിഭാഗങ്ങളിലെയും പൊതുവിഭാഗത്തിലെയും മിടുക്കരായ ഉദ്യോഗാർഥികളെ പുറത്താക്കി കക്ഷിരാഷ്​​ട്രീയത്തിന്‍റെ പേരു പറഞ്ഞ്​ സേവപിടിത്തക്കാർക്ക്​ പതിച്ചുനൽകുന്നു സർവകലാശാലകളിലെ പലനിയമനങ്ങളും. കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്ന അധ്യാപകനിയമനങ്ങൾ സംവരണ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്​ സുതാര്യമായിട്ടാണ്​ നടക്കുന്നത്​ എന്ന്​ ഉറപ്പാക്കേണ്ടത്​ ഒരു ജനാധിപത്യ സർക്കാറിെൻറ ഉത്തരവാദിത്തമാണ്.

ഇതുവരെയുള്ള സർവകലാശാല അധ്യാപക നിയമനങ്ങളിൽ സംവരണവ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്നു​ സർക്കാർ അന്വേഷിക്കണം. സർവകലാശാല അധ്യാപക നിയമനങ്ങളിലെ സംവരണനഷ്​ടം നികത്താൻ ആവശ്യമായ നീതിയുക്തമായ നടപടികൾ സർക്കാർ ഉറപ്പാക്കണം. ആദ്യപടിയായി സർവകലാശാലകളിലെ സംവരണ അട്ടിമറി പരിശോധിക്കാനും അതിന്​ പരിഹാരം നിർദേശിക്കാനും ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയാറാവണം. സർവകലാശാലകളിലെ സംവരണ വിരുദ്ധരുടെ മാഫിയപ്രവർത്തനങ്ങൾ അമർച്ച ചെയ്​ത്​ അക്കാദമിക സ്ഥാപനങ്ങളായി സർവകലാശാലകളെ നിലനിർത്താനും സംവരണ അട്ടിമറി പുറത്തുകൊണ്ടുവന്ന്​ അതിന്​ പരിഹാരം ഉണ്ടാക്കുന്നതിനും ജനാധിപത്യ ഗവൺമെൻറിന്​ തികഞ്ഞ ബാധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationuniversitiesanti reservation
News Summary - Universities are full of anti-reservation mafia
Next Story