പ്രവചനാതീതൻ ഇൗ ചീഫ് ജസ്റ്റിസ്
text_fieldsരണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയ മോദി-അമിത്ഷാമാരുടെ വിശ്വസ്തനായ രാകേഷ് അസ്താനക്ക െതിരെ കേസെടുത്തതിന് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കംചെയ്യപ്പെട്ട അലോക് വര്‍മ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ച ദിവസം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉത്തരവിറക്കിക്കഴിഞ്ഞ് മുതിര്‍ന്ന അഭിഭാഷകര്‍ പുറത്തുവരുകയാണ്. അല്പം മുന്നിലായി നീങ്ങുന്ന അഡ്വ. പ്രശാന്ത് ഭൂഷണെ പിറകില്‍നിന്ന് വലിച്ച് ദുഷ്യന്ത് ദവെ ചോദിക്കുന്നു: ‘‘കിട്ടാവുന്നതില്‍ വെച്ച് നല്ല ഉത്തരവല്ലേ ഇത്?’’. അതേ എന്ന് പ്രശാന്ത് ഭൂഷണ് ഒറ്റവാക്കിലല്ല ഉത്തരം പറഞ്ഞത്. ഇരുവരുടെയും മുഖത്ത് വലിയ സന്തോഷമൊന്നും കാണാനില്ല. അലോക് വര്‍മയുടെ കേസില്‍ കക്ഷിയായി കയറിക്കൂടാന്‍ അന്ന് രാവിലെ രാകേഷ് അസ്താനയുടെ ഹരജിയുമായി ഓടിയെത്തിയ മുന്‍ അറ്റോണി ജനറല്‍ മുകുൾ രോഹതഗി ഇവരിരുവര്‍ക്കും പിറകിലായാണ് കോടതിമുറിയില്‍ നിന്നിറങ്ങിയത്. നിരാശനാണെങ്കിലും ഉത്തരവ് വളരെ പോസിറ്റിവാണെന്ന് എല്ലാവരും കേള്‍ക്കെ ജൂനിയര്‍ അഭിഭാഷകരോട് ഉറക്കെ പറഞ്ഞാണ് അദ്ദേഹം കടന്നുപോയത്.
നീതി തേടി സുപ്രീംകോടതിയെ സമീപിച്ച അലോക് വര്‍മക്കെതിരെ മോദി സര്‍ക്കാറിെൻറ താല്പര്യപ്രകാരം തുടക്കമിട്ട കേസ് കേന്ദ്ര വിജിലന്‍സ് കമീഷന് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവ്. സി.ബി.ഐ ഡയറക്ടര്‍ക്കെതിരെയും പരാതികളുണ്ടെന്ന മോദി സര്‍ക്കാറിെൻറ നിലപാടിനുള്ള അംഗീകാരമായി വിധിയെ വ്യാഖ്യാനിച്ച് അത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് വരുത്താനാണ് മുകുൾ രോഹതഗിയുടെ നോട്ടം. റിട്ടയേഡ് ജഡ്ജി മേല്നോട്ടത്തിനുള്ളതിനാല് മോദി സര്‍ക്കാറിെൻറ കളി നടക്കാത്തത് ആശ്വാസത്തിനുള്ള വകയായി കണ്ടു ദുഷ്യന്ത് ദവെ. മുൻ സുപ്രീംകോടതി ജഡ്ജി എ.കെ. പട്നായികിന് മേല്‍നോട്ട ചുമതല നല്‍കിയതാണ് ‘കിട്ടാവുന്നതില്‍ നല്ല ഉത്തരവ്’ ആയി ദുഷ്യന്ത് ദവെക്ക് ഇത് തോന്നാൻ ന്യായം.
വര്‍മയെ എത്രയും പെട്ടെന്ന് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് തിരികെ കൊണ്ടുവരാന്‍ ഉത്തരവിടുമെന്ന് കരുതി നിരാശനായ മറ്റൊരു അഭിഭാഷകെൻറ പ്രതികരണം ഈ ചീഫ് ജസ്റ്റിസ് പ്രവചനത്തിന് അതീതനാണ് എന്നായിരുന്നു. ആ അഭിപ്രായമാണ് ശരിയോട് അടുത്തുനില്ക്കുന്നതെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യത്തെ പരമോന്നത കോടതിയുടെ പരമാധികാരിയായി ചുമതലയേറ്റ നാള്‍തൊട്ട് നടത്തുന്ന നീതിന്യായ ഇടപെടലുകള്‍ പിന്തുടരുേമ്പാൾ തോന്നുന്നത്.
പ്രസ് ലോഞ്ചിലും
പ്രവചനാതീതന്‍
അഭിഭാഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇടയിലെ അടക്കിപ്പിടിച്ച ഇത്തരം സംസാരങ്ങളിൽ വ്യക്തത വരുത്താൻ ലഭിച്ച അപൂര്‍വാവസരമായിരുന്നു ചീഫ് ജസ്റ്റിസിെൻറ പ്രസ് ലോഞ്ച് സന്ദര്‍ശനം. കോടതി നടപടികളെല്ലാം മാറ്റിവെച്ചായിരുന്നു ജസ്റ്റിസ് ബോബ്ഡെയെ കൂട്ടിയുള്ള ആ വരവ്. മാധ്യമപ്രവര്‍ത്തകര്‍ വെച്ചുനീട്ടിയ ബംഗാളി ബര്‍ഫി പകുത്ത് നേര്‍പാതി ജസ്റ്റിസ് ബോബ്ഡെക്ക് നല്കിയപ്പോൾ ഇദ്ദേഹമാണോ താങ്കളുടെ പിന്‍ഗാമി എന്നായി മാധ്യമക്കാരുടെ ചോദ്യം. അതേ എന്ന് തമാശയായി പറഞ്ഞ ശേഷം ‘‘ഇവിടെ സംസാരിക്കുന്നത് വാര്ത്തസമ്മേളനമായി നാളെ കൊടുക്കുമോ?’’ എന്ന് മുനവെച്ചൊരു ചോദ്യം. അന്ന് സുപ്രീംകോടതിയിലെ മറ്റു മൂന്ന് ജഡ്ജിമാര്‍ക്കൊപ്പം വാര്‍ത്തസമ്മേളനം നടത്തിയതിന് തന്നെ നിരന്തരം വിമര്‍ശിക്കുന്ന മാധ്യമപ്രവര്ത്തകര്ക്കുള്ളതായിരുന്നു ആ ഒളിയമ്പ്. അവിടന്നങ്ങോട്ട് ചോദിച്ചതിനെല്ലാം മറുപടി. താങ്കള്‍ കാര്ക്കശ്യക്കാരനാണെന്നാണല്ലോ എല്ലാവരും പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകനോട് ആ ധാരണതന്നെ പുലര്‍ത്തിക്കോളൂ എന്നു മറുപടി.
താനടക്കമുള്ള ജഡ്ജിമാര്‍ക്ക് തെറ്റുപറ്റുമെന്നും പറ്റിയാല്‍ അത് തിരുത്തുമെന്നുമുള്ള തുറന്നുപറച്ചിലിനും അദ്ദേഹം തയാറായി. ഗുജറാത്ത് ഹൈകോടതിയിലെ കഴിവുറ്റ ജഡ്ജിയായ ആകിൽ ഖുറൈശിയെ സ്ഥലംമാറ്റാനും അദ്ദേഹത്തെ ഗുജറാത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആക്കാതിരിക്കാനും താന്‍ അധ്യക്ഷനായ കൊളീജിയം കൈക്കൊണ്ട തീരുമാനത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നപ്പോഴാണ് തെറ്റു സമ്മതിച്ചത്.
ഗുജറാത്ത് ഹൈകോടതിയിലായിരിക്കേ നടത്തിയ നീതിപൂര്‍വകമായ ഇടപെടലുകളെ തുടര്‍ന്ന് കേന്ദ്രത്തില്‍ മോദി സര്‍ക്കാറിന് അനഭിമതനായിത്തീര്‍ന്ന ജസ്റ്റിസ് ഖുറൈശിയെ മാറ്റാന്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന് ജോസഫ്, എ.കെ. സിക്രി, എസ്.എ. ബോബ്ഡെ എന്നിവരടങ്ങുന്ന കൊളീജിയം സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചത്. നവംബര്‍ 15ന് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുകയും ചെയ്തു. കേട്ടുകേള്‍വിയില്ലാത്ത വിധം ഇതിനെതിരെ ഗുജറാത്ത് ബാറിലെ അഭിഭാഷകര്‍ ഒന്നടങ്കം സമരത്തിനിറങ്ങിയതിനിടയിൽ മറ്റൊരു വിവാദ ഉത്തരവുകൂടി ഇറങ്ങി.
ഗുജറാത്ത് ഹൈകോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥലംമാറിയ സാഹചര്യത്തില്‍ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ഖുറൈശിയെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആക്കുന്നതിനു പകരം അദ്ദേഹത്തിെൻറ ജൂനിയറായ ജസ്റ്റിസ് എ. ദവെയെ ഗുജറാത്ത് ഹൈകോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസാക്കിയതായിരുന്നു ആ ഉത്തരവ്. സ്ഥലംമാറ്റവുമായി മുന്നോട്ടുപോകാന്‍ കൊളീജിയം തീരുമാനിച്ചാല്‍ പോലും നവംബര്‍ 14 വരെ എങ്കിലും ഗുജറാത്ത് ഹൈകോടതിയില്‍ അദ്ദേഹമായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് ആകേണ്ടിയിരുന്നത്. വലിയ ഒച്ചപ്പാടായതോടെ രണ്ടാമത്തെ തീരുമാനം തിരുത്തി ആകിൽ ഖുറൈശിയെ ഗുജറാത്ത് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിശ്ചയിച്ചതായി അറിയിച്ച് രഞ്ജന്‍ ഗൊഗോയി രംഗത്തെത്തി.
ആകില്‍ ഖുറൈശിയോട്
കൊളീജിയം ചെയ്തത്
തെറ്റ് തിരുത്തുമെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ്, ഗുജറാത്ത് ഹൈകോടതിയിലെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ച ആദ്യ തെറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചില്ല. കൊളീജിയത്തിനെതിരെ ഹൈകോടതിയിലെ മുഴുവന്‍ അഭിഭാഷകരും പ്രക്ഷോഭത്തിലാണല്ലോ എന്ന് പറഞ്ഞിട്ടും അഭിഭാഷകസമരത്തില് താൻ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന മറുപടിയിലൊതുങ്ങി. നിലവില്‍ ഗുജറാത്തിലെ ആക്ടിങ് ചീഫ് ജസ്റ്റിസായ അദ്ദേഹത്തെ നാല് ജഡ്ജിമാര്‍ക്ക് താഴെ അഞ്ചാമനായി വരുന്ന തരത്തില്‍ മഹാരാഷ്ട്ര ഹൈകോടതിയിലേക്ക് മാറ്റാന്‍ കൈക്കൊണ്ട വിവാദ തീരുമാനം തിരുത്തുമോ എന്ന് വ്യക്തമാക്കാനും അദ്ദേഹം തയാറായില്ല.
മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ കൊളീജിയം നടത്തിയ സ്ഥലം മാറ്റ ശിപാര്‍ശ തെറ്റാണെന്നു പറഞ്ഞ് പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു.
നിലവിലെ കൊളീജിയത്തെക്കുറിച്ച് വ്യാപകമായുണ്ടായിരുന്ന ധാരണയെ തകിടംമറിച്ച തീരുമാനമാണ് ജസ്റ്റിസ് ആകില്‍ ഖുറൈശിയുടെ കാര്യത്തിലെടുത്തതെന്ന് ദവെ തുറന്നെഴുതി. നിലവില്‍ രാജ്യത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവിന് അനുകൂലമായി വിധി പ്രസ്താവിച്ചതിന് ഗവര്‍ണര്‍ പദവിയും ട്രൈബ്യൂണലുകളുടെയും കമീഷനുകളുടെയും ചെയര്മാന് സ്ഥാനവും ലഭിച്ചതാണ് നമ്മുടെ മുന്നിലുള്ള അനുഭവമെന്നും ഈ രാഷ്ട്രീയ നേതാവിനെതിരെ വിധിയിറക്കിയവരെല്ലാം അങ്ങേയറ്റം കാണേണ്ടിവരുകയാണെന്നും ദവെ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് നീതിമാനായ ജസ്റ്റിസ് പി.ഡി. ദേശായിയെ പുറന്തള്ളാനുള്ള തീരുമാനത്തിനെതിരെ ചരിത്രപരമായ പോരാട്ടം നടത്തിയ ഗുജറാത്ത് ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് ജസ്റ്റിസ് ഖുറൈശിയെ സ്ഥലം മാറ്റാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ കൊളീജിയം തിരുത്തുമെന്നാണ് കരുതുന്നതെന്നും ദവെ പറഞ്ഞുവെച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രാധാന്യമുള്ള നിര്‍ണായകമായ നിരവധി കേസുകളുടെ നിരയാണ് ചീഫ് ജസ്റ്റിസ് മുമ്പാകെ വന്നു കിടക്കുന്നത്. സി.ബി.ഐ അട്ടിമറി, റഫാല്‍ അഴിമതി, ബാബരി ഭൂമി തുടങ്ങി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്നവയാണ് അവയിലേറെയും. അവയിലൊക്കെയും ചീഫ് ജസ്റ്റിസ് കൈക്കൊള്ളുന്ന നിലപാടുകള്‍ പ്രവചനാതീതമാകുകയാണ്. വിവാദ വാര്‍ത്തസമ്മേളനത്തില്‍ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കൊപ്പം പങ്കെടുക്കുകയും ചീഫ് ജസ്റ്റിസാകാന്‍ കഴിയാതെ വിരമിക്കുകയും ചെയ്ത ജസ്റ്റിസ് ചെലമേശ്വര്‍ കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയില്‍ വന്ന് പറഞ്ഞത് ഈ ബഹളങ്ങള്‍ക്കിടയില്‍ ആരും ചേര്ത്തുവായിച്ചുപോകും. ഒരു ചീത്ത ചീഫ് ജസ്റ്റിസ് എന്നതിനേക്കാള്‍ ഭേദം നല്ല ജഡ്ജിയായി ഓര്‍ക്കപ്പെടുന്നതാണ് എന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത്. ജസ്റ്റിസ് ചെലമേശ്വറിെൻറ അഭിപ്രായ പ്രകടനത്തിന് അര്ഥധ്വനികളേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.