'യു.പി.എസ്.സി ജിഹാദും' സകാത് ഫൗണ്ടേഷനും
text_fieldsഒരു പ്രത്യേക സമുദായത്തെ ഉന്നമിട്ടു കൂടാ എന്ന സന്ദേശം മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടതുെണ്ടന്ന് വ്യക്തമാക്കിയാണ് സംഘ്പരിവാര്‍ ചാനലായ 'സുദര്ശന് ടി.വി' വിദ്യാസമ്പന്നരും പ്രതിഭകളുമായ മുസ്ലിം യുവാക്കളുടെ സിവില്‍ സര്‍വിസ് പ്രവേശനത്തെ 'യു.പി.എസ്.സി ജിഹാദ്' ആയി ചിത്രീകരിച്ച 'ബിന്ദാസ് ബോല്‍' പരിപാടി സുപ്രീംകോടതി തടഞ്ഞത്. അസ്തിത്വഭീഷണി നേരിടുന്ന ഒരു സമുദായത്തിന് വേണ്ടി ജനാധിപത്യമാര്‍ഗത്തില്‍ സമാധാനപരമായി സമരത്തിനിറങ്ങിയ സ്ത്രീകളടക്കമുള്ള ഒരു കൂട്ടം ചെറുപ്പക്കാരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കലാപത്തിലൂടെ തെരുവില്‍ നേരിടുകയും അതേ ഇരകളെ കലാപത്തിെൻറ ഗൂഢാലോചകരാക്കി ഭീകരക്കുറ്റം ചുമത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ബാല്യം തൊട്ടേ സ്വയംസേവകനായ സുരേഷ് ചഹ്വാങ്കെയുടെ വിദ്വേഷപ്രചാരണം വിവാദമായത്. സുപ്രീംകോടതിയുടെ ആഗ്രഹം കേട്ട് 'വിഷമുള്ള ചാനലുകള്‍ നന്നെ ചുരുങ്ങിയത് സുപ്രീംകോടതിക്കെങ്കിലും ചെവികൊടുത്ത് മുസ്ലിംകളെ പൈശാചികവത്കരിക്കുന്നത് നിര്‍ത്തുമെന്ന് പ്രതീക്ഷിക്കാമോ' എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക ആരിഫ ഖാനം ശര്‍വാനി സംശയിച്ചത് വെറുതെയല്ല. പരമോന്നത കോടതിയേക്കാള്‍ വലിയ വിചാരണ കോടതികളാണ് തങ്ങളുടെ സ്റ്റുഡിയോകളെന്ന ഭാവത്തിലാണ് ഇന്ത്യയിലെ ഭൂരിഭാഗം ചാനലുകളും ആങ്കര്‍മാരും നമ്മുടെ വായുമണ്ഡലത്തെ വിഷമയമാക്കി കൊണ്ടിരിക്കുന്നത്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും സയ്യിദ് സഫര്‍ മഹ്മൂദും
ഒന്നാം യു.പിഎ സര്‍ക്കാറിെൻറ കാലത്ത് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസസ്ഥിതി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിെൻറ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി (ഒ.എസ്.ഡി) ആയിരുന്നു ഡോ. സയ്യിദ് സഫര്‍ മഹ്മൂദ്. ജസ്റ്റിസ് സച്ചാറിനൊപ്പം പ്രവര്‍ത്തിച്ച് സച്ചാർ കമ്മിറ്റി റിപ്പോര്‍ട്ടിനായി രണ്ടു വര്‍ഷം പണിയെടുത്ത സഫര്‍ മഹ്മൂദിന് താന്‍ വ്യക്തിപരമായി ഏറ്റെടുത്ത് നടത്തുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍പ്രവര്‍ത്തനവും. ആ നിലക്ക് സച്ചാര്‍ റിപ്പോര്‍ട്ടിനുശേഷം ഇന്ത്യയിലെ മുസ്ലിം പിന്നാക്കാവസ്ഥ മാറ്റുന്നതിന് ക്രിയാത്മകമായ മാതൃക ഇന്ത്യന്‍ മുസ്ലിംകള്ക്ക് കാണിച്ചുകൊടുത്ത വ്യക്തികൂടിയാണ് അദ്ദേഹം. കേരളമടക്കം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് സിവിൽ സർവിസ് സ്വപ്നമുള്ള പ്രതിഭാധനരായ വിദ്യാര്‍ഥികളെ കര്‍ക്കശമായ പ്രവേശന പരീക്ഷയിലൂടെ കണ്ടെത്തി അവരെ സകാത്ത് ഫൗണ്ടേഷെൻറ ചെലവില്‍ ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ പരിശീലനസ്ഥാപനങ്ങളിലേക്കയച്ച് പ്രാപ്തരാക്കുന്ന പദ്ധതിയാണത്. ഓരോ വര്‍ഷവും വിവിധ സംസ്ഥാനങ്ങളില്‍ പോയി പ്രവേശന പരീക്ഷ നടത്തിയാണ് സിവില്‍ സര്‍വിസ് താല്പര്യമുള്ളവരെ സകാത് ഫൗണ്ടേഷന് അരിച്ചെടുക്കുന്നത്. മുസ്ലിംകളായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമുള്ളതല്ല, അര്‍ഹരായ മറ്റു ന്യൂനപക്ഷ സമുദായക്കാരും ദലിതുകളുമായ വിദ്യാര്‍ഥികൾക്കു കൂടിയുള്ളതാണ് സകാത് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ സിവില്‍ സര്‍വിസ് പദ്ധതിയെന്ന് അതിെൻറ ഗുണഭോക്താക്കളായ മലയാളികളുടെ പട്ടികമാത്രം നോക്കിയാലറിയാം.
ബഹുസ്വര സമൂഹത്തിലെ മുസ്ലിം പ്രതിനിധാനം
പ്രിലിമിനറിയും മെയിനും എഴുതാനും അഭിമുഖത്തെ നേരിടാനും സിവില്‍ സര്‍വിസ് മോഹമുള്ളവരെ പ്രാപ്തരാക്കുന്ന സകാത് ഫൗണ്ടേഷനിലൊതുങ്ങുന്നില്ല സര്‍വിസില്‍നിന്ന് വിരമിച്ച ശേഷമുള്ള സയ്യിദ് സഫര്‍ മഹ്മൂദിെൻറ വിശ്രമരഹിത ജീവിതം. വര്‍ഗീയത തടയാനും വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിെൻറ സംവാദാത്മക അന്തരീക്ഷം സൃഷ്ടിക്കാനും സഫര്‍ മുന്നോട്ടുകൊണ്ടുപോകുന്ന മറ്റൊരു സംരംഭമാണ് ഇൻറര്‍ഫെയ്ത്ത് കൊയലീഷന്‍ ഫോര്‍ പീസ്. സിവില്‍ സര്‍വിസിലൂടെ രാഷ്ട്രപുനർനിർമാണത്തിൽ ഭാഗധേയം വഹിക്കാന്‍ മുസ്ലിംചെറുപ്പക്കാരെ പ്രാപ്തരാക്കുന്നപോലെത്തന്നെ സഫറിന് പ്രധാനമാണ് സമുദായങ്ങള്‍ക്കിടയിലെ വൈരം കുറച്ചുകൊണ്ടുവരുന്നതിനുള്ള മതസംവാദങ്ങള്‍. പരസ്പരം ഉള്ളുതുറക്കുന്നതിനും വിശ്വാസവൈജാത്യങ്ങള്‍ അറിയുന്നതിനും വിവിധ മതനേതാക്കളെ ഒരു മേശക്കു ചുറ്റിലുമിരുത്തി നിരന്തരം ഡയലോഗുകള്‍ സംഘടിപ്പിച്ചുവരുകയാണ് സഫര്‍. ഈ നിലക്കെല്ലാം ഇന്ത്യപോലൊരു ബഹുസ്വര സമൂഹത്തിലെ ഇടപെടലുകള്‍കൊണ്ട് ശ്രദ്ധേയനായ ഒരു മുസ്ലിംസാമൂഹിക പ്രവര്‍ത്തകനെയാണ് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളവരില്‍നിന്ന് ഫണ്ടുവാങ്ങുന്നുവെന്ന വന്യമായ ആരോപണത്തിലൂടെ ആക്രമിക്കുന്നത്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവിൽ സർവിസ് പരിശീലനം നല്കാന് സര്‍ക്കാറുകള്‍തന്നെ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്ന ഒരു രാജ്യത്താണ് പത്രമാധ്യമങ്ങളിലൂടെ അറിയിപ്പു നല്‍കിയും വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശന പരീക്ഷ എഴുതിച്ചും പരസ്യവും സുതാര്യവുമായി നടത്തുന്ന ഒരു പരിശീലന പരിപാടിയെ സംഘ്പരിവാർ ചാനല്‍ 'യു.പി.എസ്.സി ജിഹാദ്' ആക്കി മാറ്റിക്കളഞ്ഞത്.
വിഷം തുപ്പുന്നവർക്ക് വക്കാലത്ത് എടുക്കുന്നവര്‍
സിവിൽ സര്വിസ്പരീക്ഷകളിലൂടെ ഇന്ത്യൻ മുസ്ലിംകള് ഒരു ജിഹാദിന് തുടക്കം കുറിച്ചിരിക്കുന്നുവെന്നാണ് ബാല്യം തൊട്ടേ സംഘ്പരിവാറുകാരനായ സുരേഷ് ചൗഹാെങ്ക മോദി കാലത്തെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ തെൻറ 'സുദര്ശന് ടി.വി'യിലൂടെ രാജ്യത്തോട് വിളിച്ചുപറയുന്നത്. പച്ച പെയിൻറടിച്ച ആള്‍ക്ക് താടിയും തൊപ്പിയും വെച്ചു കൊടുത്തുള്ള സുദര്ശന് ടി.വിയുടെ പരിപാടിയുടെ ചിത്രം തന്നെ കണ്ടാലറിയാം അതൊരു സമുദായത്തിനുനേരെയുള്ള പൈശാചിക ആക്രമണമാണെന്നു പറഞ്ഞത് സുപ്രീംകോടതിയാണ്. സഫറിെൻറ സകാത് ഫൗണ്ടേഷന് മാത്രമല്ല, ജൈനരുടെയും ക്രിസ്ത്യാനികളുടെയും സംഘടനകള്‍ സര്‍ക്കാര്‍സര്‍വിസിലെത്താന്‍ പരിശ്രമിക്കുന്നവര്‍ക്ക്് ഫണ്ട് നല്‍കുന്നുണ്ടെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ഇവരെ ഓര്‍മിപ്പിച്ചു.
ഹിന്ദുത്വരാഷ്ട്രത്തിലേക്ക് നാടോടുമ്പോള്‍ അതിനൊപ്പം ഓടുന്നതാണല്ലോ അതിജീവനതന്ത്രം. തെൻറ ടി.വിയിലൂടെ മുസ്ലിംവിദ്വേഷം വമിപ്പിച്ചതിന് ഒരിക്കല്‍ അറസ്റ്റിലായ സുരേഷിനെ അതേ തരത്തില്‍ വീണ്ടും വിഷംതുപ്പുന്ന പരിപാടി അവതരിപ്പിക്കാന്‍ മാധ്യമസ്വാതന്ത്ര്യത്തിെൻറ പേരില്‍ അനുവദിക്കണമെന്ന് പരമോന്നത കോടതിക്ക് മുമ്പാകെ വാദിക്കുന്നത് ആധാര്‍ കേസില്‍ സ്വകാര്യതക്ക് വേണ്ടി വീറോടെ വാദിച്ച് കൈയടി വാങ്ങിയ ശ്യാം ദിവാന് എന്ന മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനാണ്. 'ബിന്ദാസ് ബോല്‍' പരിപാടിയിലൂടെ ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കുന്ന വിദ്വേഷപ്രചാരണം നടത്തിയതിന് 2017ല്‍ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സുരേഷിെൻറ വിദ്വേഷ പ്രചാരണപരിപാടിയുടെ ഇന്നത്തെ പ്രായോജകര്‍തന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാറാണ്. ഇത്രയും കാലം വിഷം തുപ്പുന്ന ഈ 'ബിന്ദാസ് ബോലി'െൻറ പ്രായോജകരായി 'അമൂല്‍' എന്ന രാജ്യത്തെ വലിയ ക്ഷീരോല്പാദക കമ്പനിയുമുണ്ടെന്നത് എല്ലാവരെയും അമ്പരപ്പിച്ചു. എന്നാല്‍, പരിപാടി വിവാദമാകുകയും സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം പ്രായോജകര്‍ക്ക് നേരെ തിരിയുകയും ചെയ്തപ്പോള്‍ സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് 'അമൂല്‍' പിന്മാറി.
സിവില്‍സര്‍വിസിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ 50 ശതമാനവും പാര്‍ശ്വവത്കൃത വിഭാഗങ്ങളിൽപെട്ടവരാണെന്നത് രാജ്യത്തിന് സന്തോഷത്തിെൻറ കാര്യമാകുമ്പോള്‍ നിങ്ങള്‍ അതിനെ പരാജയപ്പെടുത്താനുള്ള ഷോയാണ് നടത്തുന്നതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞത് മുസ്ലിംവിദ്വേഷത്തിെൻറ വിഷം തുപ്പിക്കൊണ്ടിരിക്കുന്ന ചാനലിനോടും മേധാവി സുരേഷ് ചൗഹാങ്കെയോടും മാത്രമല്ല. അതോടൊപ്പം ആ പരിപാടിയുടെ വക്കാലത്ത് ഏറ്റെടുത്ത ശ്യാം ദിവാനെ പോലൊരു മുതിര്‍ന്ന അഭിഭാഷകനോടും സ്പോണ്‍സര്‍മാരായ 'അമൂല്‍' അടക്കമുള്ള ബ്രാന്‍ഡുകളോടും കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.