കാബൂളിലെ തോറ്റോടിയ പട
text_fieldsഅഫ്ഗാനിസ്താനിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ലോക പ്രശസ്ത ഇടതു ചിന്തകൻ താരീഖ് അലി വിലയിരുത്തുന്നു. ന്യൂ ലെഫ്റ്റ് റിവ്യൂ പ്രസിദ്ധീകരിച്ച ദീർഘലേഖനത്തിെൻറ ആദ്യഭാഗം.
കഴിഞ്ഞ ദിവസം കാബൂളിൽ താലിബാന് മുന്നിൽ അടിപതറി വീണത് അമേരിക്കൻ സാമ്രാജ്യത്വത്തിെൻറ ഏറ്റവും വലിയ രാഷ്ട്രീയ-പ്രത്യയശാസ്ത്ര പരാജയമാണ്. കാബൂൾ വിമാനത്താവളത്തിൽ കണ്ട അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെ കുത്തിനിറച്ച വിമാനങ്ങൾ 1975 ഏപ്രിലിൽ സൈഗോണിൽ (ഇപ്പോൾ ഹോച്ചിമിൻ സിറ്റി) കണ്ട ദൃശ്യങ്ങളോട് സാദൃശ്യം പുലർത്തുന്നവയായി. താലിബാൻ സേന രാജ്യമൊട്ടുക്ക് ഇരച്ചു കയറിയ വേഗം അമ്പരപ്പിക്കുന്നതായിരുന്നു. അവരുടെ തന്ത്രപരമായ സാമർഥ്യം സമ്മതിക്കേണ്ടതു തന്നെ.
ഒരാഴ്ച നീണ്ട കടന്നാക്രമണം വിജയകരമായി അവസാനിച്ചു. മൂന്നു ലക്ഷം വരുന്ന അഫ്ഗാൻ സേന തകർന്നുപോയിരുന്നു. പലരും പൊരുതാൻ പോലും കൂട്ടാക്കിയില്ല. തന്നെയുമല്ല പാവ ഭരണകൂടം അടിയന്തരമായി കീഴടങ്ങണമെന്നാവശ്യപ്പെട്ട താലിബാനിലേക്ക് അവരിൽ പലരും കൂറുമാറുകയും ചെയ്തിരിക്കുന്നു.യു.എസ് മാധ്യമങ്ങളുടെ പ്രിയഭാജനമായിരുന്ന പ്രസിഡൻറ് അശ്റഫ് ഗനി രാജ്യം വിട്ടോടി ഒമാനിൽ അഭയം തേടിയിരിക്കുന്നു. പുതുതായി പ്രഖ്യാപിക്കപ്പെട്ട എമിറേറ്റിെൻറ കൊടി പ്രസിഡൻറിെൻറ കൊട്ടാരത്തിൽ പാറിപ്പറക്കുന്നു.
മറ്റു ചില അർഥങ്ങളിൽ സൈഗോണിനേക്കാളേറെ 19ാം നൂറ്റാണ്ടിലെ സുഡാനുമായാണ് സാമ്യം. മഹ്ദിയുടെ സൈന്യം ഖാർതൂം പിടിച്ചടക്കുകയും ജനറൽ ഗോർഡോനെ രക്തസാക്ഷിയാക്കുകയും ചെയ്ത സമയം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനേറ്റ തിരിച്ചടിയായാണ് മഹ്ദിയുടെ വിജയത്തെ വില്യം മോറിസ് വിശേഷിപ്പിച്ചത്. സുഡാനിൽ അന്ന് ഒരു വലിയ സൈനികക്കൂട്ടത്തെ കൊലപ്പെടുത്തിയിരുന്നുവെങ്കിൽ കാബൂളിെൻറ ഭരണമാറ്റം കാര്യമായ രക്തചൊരിച്ചിലില്ലാതെയാണ്. താലിബാൻ യു.എസ് എമ്പസിയിലേക്ക് നീങ്ങുകയോ അമേരിക്കക്കാരെ ഉന്നമിടാനോ മുതിർന്നതുമില്ല.
അങ്ങനെ 'ഭീകരതക്കെതിരായ യുദ്ധ'ത്തിെൻറ 20ാം വാർഷികം അമേരിക്കക്കും നാറ്റോക്കും സഖ്യകക്ഷികൾക്കും പ്രതീക്ഷിച്ച പരാജയം സമ്മാനിച്ച് പരിസമാപ്തിയായിരിക്കുന്നു.വർഷങ്ങളായി താലിബാൻ നയങ്ങളെ മുച്ചൂടും വിമർശിച്ചു പോരുന്നൊരാളാണ് ഞാൻ, എന്നാൽ അവരുടെ നേട്ടത്തെ നിരാകരിക്കാനാവില്ല.
അമേരിക്ക ഒാരോ അറബ് രാജ്യത്തെയും തകർത്ത് അടുത്തതിലേക്ക് നീങ്ങുന്ന ഒരു ഘട്ടത്തിലും അധിനിവേശത്തെ ചോദ്യം ചെയ്യുന്ന ഒരു തരം ചെറുത്തുനിൽപ്പും ഉയർന്നിരുന്നില്ല. ഇൗ പതനം ഒരു തിരുത്തിക്കുറിക്കലാണ്. അതു കൊണ്ടാണ് യൂറോപ്യൻ രാഷ്ട്രീയക്കാർ കരഞ്ഞുവിളിക്കുന്നത്. അഫ്ഗാനിസ്താനിൽ അമേരിക്കയെ നിരുപാധികം പിന്തുണ അവർക്കും വലിയ മാനക്കേടാണല്ലോ സംഭവിച്ചിരിക്കുന്നത്- പ്രത്യേകിച്ച് ബ്രിട്ടന്.
ബൈഡന് മറ്റു വഴികളില്ലായിരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സ്ത്രീകൾക്ക് തുല്യ നീതി, താലിബാനെ ഇല്ലാതാക്കൽ തുടങ്ങിയ 'വിമോചന'ലക്ഷ്യങ്ങളൊന്നുമേ യാഥാർഥ്യമാക്കാനാവാതെ 2021 സെപ്റ്റംബറിൽ അഫ്ഗാനിസ്താനിൽനിന്ന് പിൻമാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. സൈനികമായ തോൽവി സംഭവിച്ചില്ലെങ്കിൽ പോലും വികാര പരവശരായ ലിബറലുകളൊഴുക്കുന്ന കണ്ണീരിൽ അവരുടെ നഷ്ടത്തിെൻറ വ്യാപ്തി സ്പഷ്ടമാണ്.
ന്യൂയോർക് ടൈംസിൽ ഫ്രെഡറിക് കാഗനും ഫിനാൻഷ്യൽ ടൈംസിൽ ഗൈഡോൻ രാച്മാനും താലിബാനെ ഒരു തടഞ്ഞുനിർത്തുംവരെ ഈ ബാധ്യത തുടരണമെന്ന് അഭിപ്രായപ്പെടുന്നു. പക്ഷേ, പെൻറഗണിെൻറ സമർഥനത്തോടെ ട്രംപ് തുടങ്ങിവെച്ച സമാധാന പ്രക്രിയയുമായി മുന്നോട്ടുപോവുകയായിരുന്നു ബൈഡൻ.
അമേരിക്കൻ സുരക്ഷാ സംവിധാനങ്ങൾക്ക് ഒരു കാര്യം വ്യക്തമായിരുന്നു- അധിനിവേശം പരാജയപ്പെട്ടെന്ന്. എത്രകാലം അവിടെ തുടർന്നാലും താലിബാനെ കീഴടക്കാൻ കഴിയില്ലെന്ന്. ഈ സായുധ സംഘമൊരു അസംബന്ധമാണെന്ന ധാരണ ശക്തിപ്പെടുത്തുന്നു ബൈഡെൻറ തിടുക്കം പിടിച്ചുള്ള പിൻമാറ്റം.സത്യസന്ധമായ ഒരു സംഗതി എന്തെന്നാൽ കഴിഞ്ഞ 20 വർഷം കൊണ്ട് തങ്ങളുടെ പ്രഖ്യാപിത ദൗത്യങ്ങളിൽ എന്തെങ്കിലുമൊന്ന് സ്ഥാപിച്ചെടുക്കുന്നതിൽ പോലും അമേരിക്ക പരാജയപ്പെട്ടിരിക്കുന്നു.
ലോകത്തെ ഏറ്റവും ദാരിദ്ര്യം പിടിച്ച രാജ്യങ്ങളിലൊന്നിൽ ശതകോടികൾ ചെലവിട്ട് ശീതികരിച്ച ബാരക്കുകളിലാണ് യു.എസ് സൈനികരെയും ഓഫിസർമാരെയും പാർപ്പിച്ചിരുന്നത്. അവർക്ക് ഉണ്ണാനും ഉടുക്കാനുമുള്ളത് ഖത്തർ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലെ സൈനിക ബേസുകളിൽ നിന്ന് കൃത്യമായി എത്തിച്ചു കൊണ്ടിരുന്നു. ചവറു കൂനകളിൽ നിന്ന് ചിക്കിപ്പെറുക്കാനെത്തുന്ന പാവപ്പെട്ട മനുഷ്യരെക്കൊണ്ട് കാബൂളിലെ മലമടക്കുകളിൽ കൂറ്റൻ ചേരി രൂപം കൊണ്ടു എന്നുപറഞ്ഞാൽ അതിശയോക്തിയല്ല.
അഫ്ഗാൻ സുരക്ഷാ സേനക്ക് നൽകിവന്ന തുച്ഛമായ വേതനം സ്വന്തം ജനതക്കെതിരെ പോരാടാൻ പ്രേരിപ്പിക്കാൻ പോന്നതായിരുന്നില്ല. രണ്ടു പതിറ്റാണ്ട് മുൻപ് രൂപപ്പെട്ട സൈന്യത്തിെൻറ പ്രാരംഭഘട്ടത്തിൽ കയറിപ്പറ്റിയ താലിബാൻ പിന്തുണക്കാർ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ സൗജന്യ പരിശീലനം നേടിയെടുത്തതിനൊപ്പം അഫ്ഗാൻ ചെറുത്തുനിൽപ്പുസേനക്ക് വേണ്ടി ചാരപ്പണി നടത്തുകയും ചെയ്തു.
രാജ്യം കയറ്റുമതിയിൽ വൻ കുതിച്ചുകയറ്റം നടത്തി. താലിബാൻ കാലത്ത് കറുപ്പ് ഉൽപാദനം കർശന നീരിക്ഷണത്തിലായിരുന്നു. അമേരിക്കൻ അധിനിവേശത്തോടെ അത് നാടകീയമാംവിധം വർധിച്ചു- ആഗോള ഹെറോയിൻ വിപണിയുടെ 90 ശതമാനവും ഇവിടെ നിന്നായി. ട്രില്യനുകളാണ് ഈ ഇടപാടുകളിൽ നിന്ന് കൈവരിച്ച ലാഭം. അത് അധിനിവേശത്തെ സഹായിച്ച അഫ്ഗാൻ വിഭാഗങ്ങൾക്കിടയിൽ വീതിക്കപ്പെട്ടു. കച്ചവടം തടസമില്ലാതെ നടത്താൻ സഹായിക്കുന്നതിന് പാശ്ചാത്യ ഉദ്യോഗസ്ഥർക്കും കിട്ടി നല്ല കിമ്പളം. അഫ്ഗാനിസ്താനിലെ പത്തിലൊരു ചെറുപ്പക്കാരൻ വീതം ഇന്ന് കറുപ്പിന് അടിമപ്പെട്ടവരാണ്. നാറ്റോ സൈനികരിൽ എത്രപേരാണിങ്ങനെ എന്നതിെൻറ കണക്ക് ലഭ്യമല്ല. ഈ സുദീർഘ യുദ്ധത്തെ ഒരു പരിധിവരെ കറുപ്പ് യുദ്ധമായി കണ്ടാലും അത്ഭുതമില്ല. ഇതായിരുന്നു മാനുഷിക ഇടപെടലിെൻറ നികൃഷ്ടമായ യാഥാർഥ്യം
സ്ത്രീകളുടെ അവസ്ഥ: അതിൽ കാര്യമായ ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല. സർക്കാരേതര സംഘടനകൾ നിറഞ്ഞ ഗ്രീൻ സോണിനപ്പുറത്ത് ഒരു സാമൂഹിക പുരോഗതിയും കാണാനുമാവില്ല. ഒളിവിൽ കഴിയുന്ന രാജ്യത്തെ മുൻനിര സ്ത്രീവാദികളിലൊരാൾ അഭിപ്രായപ്പെട്ടത് പടിഞ്ഞാറൻ അധിനിവേശം, താലിബാൻ, വടക്കൻ സഖ്യം എന്നിങ്ങനെ അഫ്ഗാൻ സ്ത്രീകൾക്ക് ശത്രുക്കൾ മൂന്നാണെന്നാണ്. അമേരിക്കയുടെ മടക്കത്തോടെ അത് രണ്ടായി. അധിനിവേശ സൈന്യങ്ങളെ സേവിക്കാൻ വികസിച്ച ലൈംഗികത്തൊഴിൽ വ്യവസായം സംബന്ധിച്ച കൃത്യമായ കണക്ക് മാധ്യമ പ്രവർത്തകരും പ്രചാരണ പ്രവർത്തകരും പല വട്ടം അഭ്യർഥിച്ചിട്ടും ലഭ്യമായിട്ടില്ല. ബലാത്സംഗങ്ങളുടെ വിശ്വസനീയമായ കണക്കുമില്ല. 'ഭീകരവാദികളെന്ന് സംശയിക്കുന്നവർ'ക്കെതിരെ യു.എസ് സൈന്യം കടുത്ത ലൈംഗിക അതിക്രമങ്ങൾ നടത്താറുണ്ടായിരുന്നു. സാധാരണ ജനങ്ങളെ ബലാത്സംഗം ചെയ്യുന്നതിനും കുട്ടികളെ പീഡനത്തിനിരയാക്കുന്നതിനും സഖ്യ സൈനികർക്ക് സമ്പൂർണ അനുമതിയും നൽകിയിരുന്നു.
യുഗോസ്ലാവ്യൻ ആഭ്യന്തര യുദ്ധകാലത്ത് വേശ്യാവൃത്തി വൻതോതിൽ വർധിക്കുകയും ആ മേഖല ലൈംഗിക മനുഷ്യക്കടത്തിെൻറ കേന്ദ്രമായിത്തീരുകയും ചെയ്തിരുന്നു. ഈ ആദായകരമായ കച്ചവടത്തിലെ യു.എൻ ബന്ധവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്താനിൽ ഇതു സംബന്ധിച്ച പൂർണ വിവരങ്ങൾ വരാനിരിക്കുന്നേയുള്ളൂ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.