ട്രംപിെൻറ തേരോട്ടത്തിൽ അടയുന്ന വാതിലുകൾ
text_fieldsഅതിർവരമ്പുകളില്ലാത്ത ബന്ധങ്ങളാണ് മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്നത്. വാണിജ്യം, വാർത്താവിനിമയം, ഗതാഗതം, രാഷ്ട്രീയവും സൈനികവുമായ താൽപര്യങ്ങൾ തുടങ്ങിയവ രാഷ്ട്രങ്ങളെ അതിർവരമ്പുകളില്ലാതെ ബന്ധപ്പെടാൻ പ്രേരിപ്പിക്കുന്നു. ആഗോളീകരണംകൊണ്ട് വിവക്ഷിക്കുന്നതും ഇതുതന്നെ. പരസ്പരബന്ധം ശക്തമായി നിലനിൽക്കണമെന്ന താൽപര്യങ്ങളാണ് അന്താരാഷ്ട്ര സംഘടനകൾക്ക് ബീജാവാപം നൽകുന്നത്. 1953 ൽ ഐക്യരാഷ്ട്രസഭയെ അഭിസംബോധനചെയ്തു അമേരിക്കയുടെ പ്രസിഡൻറായിരുന്ന ഐസനോവർ പ്രസ്താവിച്ചത് ഇങ്ങനെ: ‘‘ലോകം ഒന്നായിവരുകയാണ്. ഏതെങ്കിലുമൊരു രാഷ്ട്രം പ്രതിസന്ധിയിലാകുമ്പോൾ അതിെൻറ വേദന എല്ലാവരും പങ്കുവെക്കാൻ സന്നദ്ധമാവേണ്ടതുണ്ട്.’’ എന്നാൽ, നേരെ വിപരീത ദിശയിലാണിന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അമേരിക്കയെ നയിക്കുന്നത്. എന്തിനും അമേരിക്കയെ മുന്നിൽനിർത്താനുള്ള താൽപര്യം സമ്മതിച്ചുകൊടുക്കാം. അത് ഇതര രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും അപകടത്തിലാക്കിക്കൊണ്ടു വേണമെന്ന ശാഠ്യം അമേരിക്കയുടെതന്നെ താൽപര്യത്തിനു ഹാനികരമാണെന്ന വസ്തുത വാഷിങ്ടൺ മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.
അന്താരാഷ്ട്ര ഘടനയിൽനിന്ന് ഒഴിഞ്ഞുമാറിനിൽക്കുന്നത് യഥേഷ്ടമുള്ള പ്രവർത്തനങ്ങൾക്ക് ആവേശം പകർന്നെന്നു വരാം. എന്നാൽ, അത് അമേരിക്കയെ മാത്രമല്ല, സഖ്യരാഷ്ട്രങ്ങളെ ഒന്നടങ്കം അസ്വസ്ഥമാക്കും. വിദേശബന്ധങ്ങൾക്കായുള്ള അന്താരാഷ്ട്ര കൗൺസിലിെൻറ പ്രോഗ്രാം കോ_ഒാഡിനേറ്റർ ടറൻസ് മുള്ളൻ അഭിപ്രായപ്പെട്ട പോലെ അത് രാഷ്ട്രങ്ങളെ ആരോഗ്യകരമല്ലാത്ത മത്സരങ്ങളിലേക്കും ശത്രുതയിലേക്കും നയിക്കും. കഴിഞ്ഞ ഏഴു ദശാബ്ദങ്ങളായി ലോകം അന്താരാഷ്ട്ര രംഗത്ത് നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള ബന്ധങ്ങളും പരസ്പരാശ്രിതത്വവും നിലനിർത്തുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റം, ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, പകർച്ചവ്യാധികളുടെ വ്യാപനം തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ രാഷ്ട്രങ്ങളുടെ ഒത്തൊരുമയോടെയുള്ള പോരാട്ടത്തിന് ലോകം സാക്ഷ്യം വഹിച്ചു. ഇതിന് സൗഹൃദവും സഹായ മനഃസ്ഥിതിയും ആവശ്യമാണ്. ഈയൊരു സമീപനമാണ് രാഷ്ട്രങ്ങളെ സാമ്പത്തിക പുരോഗതിയിലേക്കും സുരക്ഷിതത്വത്തിലേക്കും നയിച്ചത്.
ഒന്നാം ലോകയുദ്ധത്തിനുശേഷം 1920ൽ വലിയ പ്രതീക്ഷകൾ നൽകി നിലവിൽ വന്ന ലീഗ് ഓഫ് േനഷൻസ് അമേരിക്കയടക്കമുള്ള വൻശക്തികൾ വേണ്ട പോലെ പിന്തുണക്കാതിരുന്നതിനാൽ തകർന്നു. ഇന്ന്, അമേരിക്ക അന്താരാഷ്ട്ര സംഘടനകളിൽനിന്ന് ഒന്നിനു പിറകെ ഒന്നായി പിന്മാറാൻ തുടങ്ങിയിരിക്കുന്നു. അധികാരം കൈയിൽവന്നശേഷം താമസിയാതെതന്നെ ട്രംപ് ‘ട്രാൻസ് അറ്റ്ലാൻറിക് ട്രീറ്റി ഓർഗനൈസേഷനി’ൽനിന്ന് പിന്മാറി. തുടർന്ന്, ഇറാനുമായുള്ള അന്താരാഷ്ട്ര ആണവകരാർ ലംഘിച്ചു. ഒടുവിൽ ഇസ്രായേലിെൻറ താൽപര്യങ്ങൾ മാനിച്ചുകൊണ്ട് യുെനസ്കോയെ കൈയൊഴിയാൻ തീരുമാനിച്ചിരിക്കുന്നു. നോർത്ത് അറ്റ്ലാൻറിക് ഫ്രീ ട്രേഡ് എഗ്രിമെൻറ്, ലോക വ്യാപാര സംഘടന എന്നിവയിൽനിന്നെല്ലാം ട്രംപ് ഇഷ്ടാനുസരണം വഴിമാറുന്നു. ഫലസ്തീൻ അഭയാർഥികളെ സഹായിക്കുന്ന ഐക്യരാഷ്ട്ര ‘റിലീഫ് ആൻഡ് വർക്സ് ഏജൻസി’ക്ക് ചിരകാലമായി നൽകിക്കൊണ്ടിരുന്ന സഹായം അമേരിക്ക നിർത്തിയിരിക്കുന്നു. 1949ൽ സ്ഥാപിതമായതാണിത്. ഫലസ്തീനികളെ അഭയാർഥികളാക്കിയവർ മറ്റാരുമായിരുന്നില്ലല്ലോ. എന്നാൽ, ഇസ്രായേലിനുവേണ്ടി ഫലസ്തീനികളെ സമ്മർദത്തിലാക്കാനാണ് ട്രംപിെൻറ പുതിയ നീക്കം. ‘ലോകരാഷ്ട്രങ്ങൾക്ക് അമേരിക്കയെ ആവശ്യമാണ്. എന്നാൽ, അമേരിക്കക്ക് ആരെയും ആവശ്യമില്ല’ എന്ന അപകടകരമായ ഒരു പുതിയ സന്ദേശമാണ് ട്രംപ് ലോകത്തിനു നൽകുന്നത്. ഇതു വലതുപക്ഷ ഫാഷിസ്റ്റ് രാഷ്ട്രീയത്തിെൻറ ‘മേൽക്കോയ്മ’ഭാവമാണ്. ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽനിന്നു വിട്ടുപോയതും സ്വന്തം പ്രമാണിത്തം ഏറ്റുപറഞ്ഞുകൊണ്ടായിരുന്നല്ലോ. പക്ഷേ, ‘െബ്രക്സിറ്റ്’ ഇപ്പോഴും ബ്രിട്ടനു തലവേദനയാകുന്നു.
രാഷ്ട്രാന്തരീയ ബന്ധങ്ങൾ പുനർനിർവചിക്കാനുള്ള ട്രംപിെൻറ ശ്രമങ്ങൾ അമേരിക്കയെത്തന്നെ ഒറ്റപ്പെടുത്താനേ സഹായിക്കുകയുള്ളൂവെന്ന്‘അൽഅഹ്റാം സെൻറർ ഫോർ പൊളിറ്റിക്കൽ ആൻഡ് സ്ട്രാറ്റജിക് ആൻഡ് സ്റ്റഡീസി’െൻറ ഉപദേശകൻ അബൂതാലിബ് അഭിപ്രായപ്പെടുന്നു. ട്രംപ് ഭരണകൂടം വേറിട്ടുനിൽക്കുന്നത് അമേരിക്കയുമായി അഭിപ്രായഭിന്നതയുള്ള സംഘടനകളിൽനിന്ന് മാത്രമല്ല. നാറ്റോ, യൂറോപ്യൻ യൂനിയൻ എന്നീ സംഘടനകളുടെ അംഗങ്ങളുമായും ട്രംപ് കൊമ്പുകോർക്കുന്നു. അവരുടെ ഉൽപന്നങ്ങൾക്ക് നികുതി ചുമത്തുന്നു. അമേരിക്ക എല്ലാ രാഷ്ട്രങ്ങളുടെയും മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ വാചാലമാകുന്നു. എന്നാൽ, അമേരിക്കയുടെ യു.എൻ പ്രതിനിധി നിക്കി ഹാലി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയിൽനിന്ന് അമേരിക്ക പിന്മാറിയതായി പ്രഖ്യാപിക്കുകയുണ്ടായി. അതായത്, അമേരിക്കയിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ പുറംലോകം അറിയാൻ പാടില്ലെന്നർഥം. ഇതൊക്കെ വിലയിരുത്തിയശേഷമാണ് ജർമൻ മാസിക ‘ദർ സ്പീഗൽ’ അതിെൻറ മുഖലേഖനത്തിൽ ട്രംപിനെ വിമർശിച്ചത്. ‘‘അമേരിക്കയുമായുള്ള ജർമനിയുടെ ഇന്നത്തെ ബന്ധം സൗഹൃദത്തിേൻറതല്ല, അതിനെ പങ്കാളിത്തം എന്നേ വിശേഷിപ്പിക്കാനാവുകയുള്ളൂ’’ എന്നാണ് അവർ കുറിച്ചത്. ട്രംപ് അധികാരത്തിൽ വന്ന് ആറു മാസം കഴിഞ്ഞതോടെ ജർമനിയിൽ അമേരിക്കയുടെ സ്വാധീനം 75 ശതമാനം കുറഞ്ഞതായി കണക്കാക്കപ്പെടുന്നു; ഫ്രാൻസിൽ 70 ശതമാനവും.
ട്രംപിെൻറ നീക്കങ്ങൾ ഹ്രസ്വദൃക്കുകളെ തൃപ്തിപ്പെടുത്താൻ പോരുന്നതും വിവേകരഹിതവുമാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അന്താരാഷ്ട്ര രംഗത്ത് ചൈനയും റഷ്യയും തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുമായി ഇടഞ്ഞു നിൽക്കുന്ന തുർക്കിയും ഉത്തര കൊറിയയും റഷ്യയുടെ സൗഹൃദവലയത്തിലാണ്. ചൈനയുമായും ഇവർ ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് അമേരിക്കയെ കൂടുതൽ ഒറ്റപ്പെടുത്തും. മുൻ റിപ്പബ്ലിക്കൻ സെനറ്റർ ഡേവിഡ് ഡയറും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധി ഹാമിൽട്ടനും ചേർന്നു തയാറാക്കിയ, അമേരിക്കൻ വിദേശ നയങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ട് ഐക്യരാഷ്ട്രസഭയുടെ അംഗങ്ങൾ ജനാധിപത്യ രാഷ്ട്രങ്ങളുടെ ഒരു പുതിയ കൂട്ടായ്മ രൂപപ്പെടുത്തുന്നതിെൻറ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. അമേരിക്കയുടെ താൽപര്യങ്ങൾക്കും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനും ഈ കൂട്ടായ്മ സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെടുന്നു. അതിെൻറ പ്രവർത്തനങ്ങൾ മൂന്നു മുഖ്യലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സഹായകമാകണമെന്ന് അവർ കുറിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.