പുകച്ചുതള്ളാനുള്ളതല്ലീ ജീവിതം
text_fieldsഏതാനും മാസം മുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായ ചില രംഗങ്ങൾ വായനക്കാരോട് ക്ഷമ ചോദിച്ചുകൊണ്ട് ഓർമിപ്പിക്കട്ടെ.
1, നഗരമധ്യത്തിലൂടെ ഓടിക്കൊണ്ടിരുന്ന ഒരു ബസിന്റെ മുൻഭാഗത്തേക്ക് ഫുട്ബാൾ ഹെഡ് ചെയ്യുന്ന ലാഘവത്തോടെ പാഞ്ഞുയർന്ന ഒരു ചെറുപ്പക്കാരൻ ചില്ല് പൊട്ടിച്ച് ബസ് ഡ്രൈവറുടെ സീറ്റിൽ കയറിയിരുന്ന് ബോധമില്ലാതെ അട്ടഹസിച്ച കാഴ്ച
2, രോഗബാധിതനായ ഒരച്ഛൻ പ്ലാസ്റ്ററിട്ട നിലയിൽ വീടിനകത്ത് തളർന്നു കിടക്കവെ കത്തിയും കഠാരയും ഉപയോഗിച്ച് മാരകമായ രീതിയിൽ മർദിക്കുന്ന മകനെ പൊലീസ് വീട്ടിനുള്ളിൽ കയറി കീഴടക്കുന്ന രംഗം
3, ഒരു വീടിനകത്ത് അർധരാത്രിയിൽ തീയും പുകയും കണ്ടു പരിഭ്രാന്തരായ അയൽവാസികൾ ഓടിക്കൂടുമ്പോൾ മുപ്പതിനോടടുത്ത പ്രായമുള്ള ഒരാൾ തന്റെ മക്കളുടെ ബാഗുകളും യൂനിഫോമുകളും മറ്റും മുറിയിലിട്ട് കത്തിച്ച് സ്വയം ഹത്യക്ക് ശ്രമിക്കുന്ന ദുരന്തനിമിഷം
കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് ഇവ സംഭവിച്ചതെങ്കിലും മൂന്നു സംഭവങ്ങളുടെയും പിന്നിൽ കാരണം ഒന്നു തന്നെയായിരുന്നു- വഴിവിട്ട ലഹരി ഉപയോഗം. ഇത്തരം നൂറുകണക്കിന് സംഭവങ്ങളാണ് ഇന്ന് കേരളത്തിൽ ഏറ്റവുമധികം അസ്വസ്ഥത സൃഷ്ടിക്കുന്ന മയക്കുമരുന്ന് വ്യാപനം മൂലം പ്രതിദിനമുണ്ടാവുന്നത്. പുകവലിയിൽ തുടങ്ങി മദ്യത്തിലേക്കും അതിമാരക ലഹരികളിലേക്കും നമ്മുടെ യുവതലമുറ എത്തിയിരിക്കുന്നു.
പൊലീസ് സേവന ഘട്ടത്തിൽ മനസ്സിലായ പ്രധാനകാര്യങ്ങളിലൊന്ന് ഏറ്റവുമധികം ചെറുപ്പക്കാരും മയക്കുമരുന്നിന് അടിമയാകുന്നത് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ പ്രേരണവഴിയാണ് എന്നതാണ്. സ്റ്റേഷനിൽ കൊണ്ടുവന്ന ഒരു ചെറുപ്പക്കാരനോട് എങ്ങനെയാണ് മയക്കുമരുന്നിന് അടിമയായത് എന്ന് ചോദിച്ചു.
പുകവലിക്കാരനായ അമ്മാവന് പലപ്പോഴും സിഗരറ്റ് വാങ്ങിക്കൊടുത്തിരുന്നത് അവനായിരുന്നുവെന്നും, അമ്മാവന് വലിക്കാമെങ്കിൽ എന്തുകൊണ്ട് തനിക്കും ആയിക്കൂടാ എന്ന തോന്നലിൽ തുടങ്ങിയ വലി സിഗരറ്റിൽനിന്ന് കഞ്ചാവിലേക്കും മറ്റ് മയക്കുമരുന്നുകളിലേക്കും എത്തിയെന്നുമായിരുന്നു മറുപടി. മറ്റൊരു കേസിൽ പിടിക്കപ്പെട്ട 19 വയസ്സുള്ള ചെറുപ്പക്കാരൻ പറഞ്ഞത് എം.ഡി.എം.എ ഉപയോഗിക്കാറുള്ള സഹോദരീ ഭർത്താവ് തനിക്കും നൽകിയെന്നും പിന്നീട് ശീലമായി എന്നുമാണ്.
കുടുംബത്തിൽ ആരെങ്കിലും ഇതിന്റെ അടിമയായിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്കും വ്യാപിക്കാൻ സാധ്യത കൂടുതലാണ്. കാമ്പസുകളിൽ പണ്ട് പാട്ടുപാടിക്കലും കസേരയില്ലാതെ ഇരുത്തലുമൊക്കെയായിരുന്നു റാഗിങ് രീതികളെങ്കിൽ ഇപ്പോഴത് പാനീയങ്ങളിൽ ലഹരിചേർത്ത് നിർബന്ധപൂർവം കുടിപ്പിക്കലും മയക്കുമരുന്ന് ചൂടാക്കി വലിപ്പിക്കലുമെല്ലാമായിരിക്കുന്നു.
മയക്കുമരുന്ന് വിതരണ റാക്കറ്റിലെ കണ്ണികളായ സീനിയർ വിദ്യാർഥികൾ പുതിയ ക്ലയന്റുകളെ ഉറപ്പാക്കാനുള്ള എളുപ്പവഴിയായും ഇതിനെ കാണുന്നുണ്ട്. സ്കൂൾ കോളജ് പരിസരങ്ങളിൽ കഞ്ചാവ് ചുരുട്ടിയ സിഗരറ്റ് ഫ്രീയായി കുട്ടികൾക്ക് വലിക്കാൻ കൊടുക്കുന്ന സംഘങ്ങളെ കുറിച്ച് പലപ്പോഴും പൊലീസിന് പരാതി കിട്ടാറുണ്ട്. ക്രമേണ അത് ശീലമാകുന്നതോടെ പണം കൊടുത്തുവാങ്ങാൻ കുട്ടികൾ നിർബന്ധിതരാവും.
പ്രശസ്തമായ ഒരു മെഡിക്കൽ കോളജിലെ മൂന്നാംവർഷ വിദ്യാർഥിയെ മയക്കുമരുന്ന് ഉപയോഗിച്ച നിലയിൽ കസ്റ്റഡിയിലെടുക്കാനുള്ള ദുർവിധി എനിക്കുണ്ടായി. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ആ വിദ്യാർഥി എങ്ങനെ മയക്കുമരുന്നിന് അടിമയായി എന്ന ചോദ്യത്തിന് ഉറക്കമില്ലാതെ ഉന്മേഷത്തോടെ പഠിക്കാൻ സഹായിക്കുമെന്ന് പറഞ്ഞ് ഏതോ പെഡ് ലർ നൽകിയത് എം.ഡി.എം.എ ആയിരുന്നു എന്നാണ്.
പലപ്പോഴും കുട്ടികളെ വലയിൽ വീഴ്ത്താൻ മയക്കുമരുന്ന് മാഫിയ ഉപയോഗിക്കുന്ന തന്ത്രമാണിത്. പാർട്ടികളിലും മറ്റും തളർച്ചയില്ലാതെ ഡാൻസ് ചെയ്യാനും ദീർഘദൂരം ഡ്രൈവ് ചെയ്യാനുമെല്ലാം ഇവ സഹായിക്കുമെന്ന ധാരണയിലും പലരും ഇത് പരീക്ഷിക്കാറുണ്ട്. .
ചെറുത്തുനിൽപ് വീട്ടിൽനിന്ന് തുടങ്ങണം
കുടുംബത്തിലെ മുതിർന്നവരുമായോ തന്നെക്കാൾ പ്രായമുള്ളവരുമായോ കുട്ടികൾ കൂട്ടുകൂടുന്നത് രക്ഷാകർത്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ഇത്തരം കൂട്ടുകെട്ടുകളാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും, മയക്കുമരുന്നിന്റെ അടിമയാക്കുന്നതിനും ഇടയാക്കുന്നത്. രക്ഷാകർത്താക്കളുടെ പുകവലി, മദ്യപാനം പോലുള്ള ദുശ്ശീലങ്ങൾ പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്.
കോളജുകളിലും ഹോസ്റ്റലുകളിലും വ്യത്യസ്ത സാമൂഹിക അന്തരീക്ഷങ്ങളിൽ നിന്ന് വരുന്ന, പല സ്വഭാവക്കാരായ കുട്ടികളുണ്ടാവാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ഫങ്ഷനുകളിൽ ആരെങ്കിലും ലഹരി ഉപയോഗത്തിന് തങ്ങളെ പ്രേരിപ്പിച്ചാൽ കുട്ടികൾ അക്കാര്യം എത്രയും പെട്ടെന്ന് സ്ഥാപന അധികാരികളെയും രക്ഷാകർത്താക്കളെയും അറിയിക്കേണ്ടത് അനിവാര്യമാണ്.
ലഹരിവിപത്ത് നമ്മുടെ വീട്ടുമുറ്റങ്ങളിലെത്തി നിൽക്കുന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. അതിനെ ഇല്ലാതാക്കുന്നതിൽ എക്സൈസ്- പൊലീസ് സംവിധാനങ്ങൾക്കും ഭരണകൂടത്തിനും മാത്രമല്ല, രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും സമൂഹത്തിലെ ഓരോ വ്യക്തിക്കും പങ്കുവഹിക്കാനുണ്ട്. നമ്മുടെ മക്കളെ, അതുവഴി വരുംതലമുറകളെ നശിപ്പിച്ച് ഇല്ലാതാക്കാൻ നാം അനുവദിക്കില്ലെന്ന് മനസ്സിലുറപ്പിക്കുക, അതിനായി പടപൊരുതാനിറങ്ങുക. അതുമാത്രമാണ് മാർഗം.
(മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.