Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചൈനീസ്​​ കോൺസൻട്രേഷൻ...

ചൈനീസ്​​ കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഉയ്​ഗൂർ ജീവിതങ്ങൾ

text_fields
bookmark_border
ചൈനീസ്​​ കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഉയ്​ഗൂർ ജീവിതങ്ങൾ
cancel
camera_alt

 Illustration courtesy: pinterest

'ഭയമാണങ്ങയെ,

പുളയുന്ന ചാട്ടമിഴികളിൽ, വിരൽ-
മുനകളിൽ ശിക്ഷാമുറകൾ, ആർദ്രമോ-
ഹൃദയമെങ്കിലുമിതേറ്റു ചൊല്ലുന്നേൻ...
ഭയമാണങ്ങയെ...'

(മൃഗശിക്ഷകൻ-വിജയലക്ഷ്മി)

നിങ്ങളുടെ മതവും വർഗവും വംശവുമൊക്കെ തിരിച്ചറിയാൻ ശേഷിയുള്ള ഒരു മുഖംതിരിച്ചറിയൽ യന്ത്രത്തിന് മുന്നിൽ എപ്പോഴെങ്കിലും നിൽക്കേണ്ടി വന്നിട്ടുണ്ടോ? മതവും ഭാഷയും ആ യന്ത്രം പറഞ്ഞുകൊടുക്കുന്നതനുസരിച്ച് നിങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കും തടവറകളിലേക്കും അയച്ച് അടിമപ്പണി ചെയ്യിക്കുകയും വന്ധ്യംകരിച്ച് നിങ്ങളിലെ പുരുഷന്മാരുടെ ലൈംഗിക ശേഷിയെ ഇല്ലായ്മ ചെയ്യുകയും നിങ്ങളിലെ പെണ്ണുങ്ങളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്ന ഒരു ഭരണകൂടത്തെക്കുറിച്ച് കേട്ടിെട്ടങ്കിലുമുണ്ടോ? ഭയത്തിെൻറ തടങ്കൽ പാളയങ്ങൾ തീർത്ത് ലക്ഷക്കണക്കിന് ജനതയെ കൊടുംക്രൂരതകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്തെ ഒരു ഭീകര ഭരണകൂടത്തിെൻറ ഇനിയും പുറംലോകം അധികം കേട്ടിട്ടില്ലാത്ത ചില ഞെട്ടിക്കുന്ന കഥകൾ, ഇരകൾതന്നെ പറഞ്ഞത്...

''ഒരു സായാഹ്നത്തിൽ വീട്ടിൽ കുഞ്ഞുങ്ങളുമായി കളിച്ചിരിക്കെയാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. അവർ എന്നെയും മക്കളെയും വലിച്ചിഴച്ച് വണ്ടിയിൽ കയറ്റി. പിന്നെ ഞാൻ കുഞ്ഞുങ്ങളെ കണ്ടിട്ടില്ല. എന്നെയും കുഞ്ഞുങ്ങളെയും വെവ്വേറെ ഇടങ്ങളിലേക്കാണ് അവർ കൊണ്ടുപോയത്. പെണ്ണുങ്ങൾ മാത്രമുള്ള ഒരു ക്യാമ്പിലാണ് എന്നെ എത്തിച്ചത്. ചെറിയ ഒരു സെല്ലിൽ ഞാനടക്കം 60 സ്ത്രീകൾ. രാത്രി മയക്കത്തിലേക്ക് കടക്കുേമ്പാൾ ചോദ്യം ചെയ്യാൻ ആളുകൾ വരും. രാത്രി ഒരു പോള കണ്ണടക്കാൻ സമ്മതിക്കില്ല. ചോദ്യവും പീഡനവുമാണ്. ശൗചാലയത്തിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകൾക്ക് മുന്നിലിരുന്ന് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കേണ്ടി വന്നു. ആർത്തവം നിലച്ചുപോകുന്നതിന് ക്യാമ്പിലെ സ്ത്രീകളെ കൊണ്ട് നിർബന്ധിപ്പിച്ച് മരുന്നുകൾ കഴിപ്പിച്ചു. ചെറുത്തുനിൽക്കുന്നവരെ അതിക്രൂരമായി ആക്രമിച്ചു. ഞാൻ ചെന്ന് ഏതാനും ദിവസങ്ങൾക്കകം ഒമ്പത് സ്ത്രീകൾ ആ സെല്ലിൽ കടുത്ത രക്തസ്രാവം താങ്ങാനാവാതെ മരിച്ചുവീണു. പകൽ കൂട്ട ബലാത്സംഗമാണെങ്കിൽ രാത്രിയിൽ നിർത്താത്ത ചോദ്യം ചെയ്യൽ. പീഡനം താങ്ങാനാവാതെയായപ്പോൾ ഒന്ന് കൊന്നുതരാൻ ഞാൻ അവരോട് അഭ്യർഥിച്ചു. ഉയ്ഗൂറുകളെ ഇതൊന്നും ചെയ്താൽ പോരെന്നായിരുന്നു മറുപടി. കുഞ്ഞുങ്ങളെ തിരികെത്തരാൻ കരഞ്ഞുപറഞ്ഞപ്പോൾ ഒരിക്കൽ രണ്ട് മക്കളെ തിരികെ കൊണ്ടുവന്നു. അതിൽ ഒരു കുഞ്ഞിെൻറ മൃതദേഹമാണ് കിട്ടിയത്. രണ്ടാമത്തെ കുഞ്ഞിന് തലക്ക് മാരക മുറിവേറ്റ നിലയിലായിരുന്നു.''

കണ്ണിൽനിന്നും തിളച്ച കടലൊഴുകുന്ന ഇൗ കഥകൾ പറഞ്ഞത് ചൈനയിൽനിന്ന് രക്ഷപ്പെട്ട് അമേരിക്കയിലെത്തിയ മിഹിര്‍ഗുല്‍ ടുര്‍സന്‍ എന്ന ഉയ്ഗൂറുകാരി അമ്മയാണ്. ചൈനയിലെ സിൻജ്യങ് പ്രവിശ്യയിൽ താമസിക്കുന്ന ഉയ്ഗൂർ മുസ്​ലിംകൾ അനുഭവിക്കുന്ന ഭരണകൂട ഭീകരത സമാനതകളില്ലാത്തതാണ്. തടങ്കൽ പാളയങ്ങൾ പണിത് ഒരു വിഭാഗത്തെ അടിമകളാക്കി വന്ധ്യംകരിച്ച് തങ്ങളുടെ ആശയാടിത്തറയിലേക്ക് നിർബന്ധിച്ച് ആട്ടിത്തെളിക്കുന്ന കമ്യൂണിസ്​റ്റ്​ ഭരണകൂട കാഴ്ച കണ്ട് തരിച്ചുനിൽക്കുകയാണ് ലോകം. വംശശുദ്ധീകരണ പ്രക്രിയയിലേക്കുള്ള നടവഴി സുഗമമാക്കാൻ നാസി പട്ടാളം ഒരുക്കിയ കോൺസൻട്രേഷൻ ക്യാമ്പുകളെ വെല്ലുന്ന അത്യാധുനിക തടവറകൾ തീർത്താണ് ഷി ജിൻപിങ്ങിെൻറ കമ്യൂണിസ്​റ്റ്​ ഭരണകൂടം ഉയ്ഗൂർ മുസ്​ലിംകളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ജർമനിയിൽ വംശശുദ്ധീകരണമായിരുന്നെങ്കിൽ ചൈനയിൽ വർഗശുദ്ധീകരണ ലക്ഷ്യമാണെന്നു മാത്രം.

അധിനിവേശ ഉയ്ഗൂർ

ചൈനീസ് തുർക്കിസ്​താൻ എന്നറിയപ്പെടുന്ന ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയാണ് സിൻജ്യങ്. 1949ലാണ് ചൈന കിഴക്കന്‍ തുർക്കിസ്താന്‍ കീഴടക്കി അതിനെ സിന്‍ജ്യങ്​ പ്രവിശ്യ എന്ന് പുനര്‍നാമകരണം ചെയ്യുന്നത്. സ്വയംഭരണ പ്രദേശമായ സിൻജ്യങ്ങിലാണ് ഉയ്ഗൂർ വംശജരായ മുസ്​ലിംകൾ പാർത്തുവരുന്നത്. ചൈനയിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തലിന് വിധേയമാകുന്ന മതവിഭാഗങ്ങളിൽ ഒന്നാമതുള്ളത് ഉയ്ഗൂർ മുസ്​ലിംകളാണ്. 12 ദശലക്ഷം ഉയ്ഗൂർ വിഭാഗങ്ങൾ സിൻജ്യങ്ങിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഉയ്ഗൂറുകൾ കിഴക്കന്‍ തുർക്കിസ്താന്‍ റിപ്പബ്ലിക്ക് സ്ഥാപിക്കാന്‍ രഹസ്യ നീക്കങ്ങൾ നടത്തുന്നുണ്ട് എന്നതാണ് ചൈനയുടെ പ്രധാന വാദം. വിഘടനവാദത്തെ അടിച്ചൊതുക്കുന്നതിെൻറ ഭാഗമായി ഉയ്ഗൂറുകളെ അടിച്ചൊതുക്കി അവരെ കമ്യൂണിസ്​റ്റ്​ ദേശീയതയിലേക്ക് നയിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ചൈന ലോകത്തോട് പറയുന്നത്. ഉയ്ഗൂറുകൾക്കുള്ള സൗജന്യ വൈദ്യസഹായം ഒഴിവാക്കുകയായിരുന്നു ആദ്യ നടപടി. വടക്കു പടിഞ്ഞാറന്‍ സിൻജ്യങ്ങിലെ മുസ്​ലിംകള്‍ ഇതിനെ വിമര്‍ശിച്ചു രംഗത്തെത്തി.


മതസ്വാതന്ത്ര്യ വിഷയത്തിലും ചൈന പക്ഷപാതം കാട്ടിത്തുടങ്ങി. ഇതോടെ സിൻജ്യങ്ങിൽ പ്രതിഷേധവും ഉയർന്നു. തുടർന്നാണ് ചൈനീസ് ഭരണകൂടം നടപടികൾ കടുപ്പിച്ചത്. ഉയ്ഗൂർ മുസ്​ലിംകൾക്കുള്ള 'പുനര്‍ വിദ്യാഭ്യാസ ക്യാമ്പുകള്‍' എന്ന നിലക്കാണ് അവർ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിത്തുടങ്ങിയത്. അങ്ങനെ തടങ്കൽ പാളയങ്ങൾ ഉയർന്നു. റീ എജുക്കേഷൻ ക്യാമ്പുകൾ എന്നാണ് ഇൗ കോൺസൻട്രേഷൻ ക്യാമ്പുകളെ ചൈന വിളിക്കുന്നത്. െഎക്യരാഷ്​ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം സിൻജ്യങ്ങിലെ 15 ലക്ഷം ഉയ്ഗൂറുകളെ ചൈനീസ് ഭരണകൂടം തടങ്കൽ പാളയങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. നാസി ക്യാമ്പുകൾക്ക് സമാനമാണിവയെന്ന് െഎക്യരാഷ്​ട്ര സഭ പറയുന്നു. പ്ര​േത്യകം തയാറാക്കിയ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് ഉയ്ഗൂറുകളെ കൊണ്ടുപോയി വിശ്വാസമാറ്റത്തിനായി നിര്‍ബന്ധിക്കുന്നു. പീഡന കേന്ദ്രങ്ങളില്‍നിന്ന് രക്ഷപ്പെട്ടവരിൽനിന്നാണ് ലോകം കഥകൾ അറിഞ്ഞത്. ഉയ്ഗൂറുകളെ 'തീവ്രവാദത്തില്‍നിന്നും തെറ്റായ വിശ്വാസങ്ങളില്‍നിന്നും രക്ഷിക്കാനുള്ള തൊഴിലധിഷ്ഠിത കേന്ദ്രങ്ങളാ'ണെന്നാണ് ചൈനീസ് അധികൃതർ ഇതിന് ന്യായം പറഞ്ഞത്. ഇൗ പച്ചനുണകളെ ആംനസ്​റ്റി ഇൻറർനാഷനൽ അടക്കമുള്ള അന്താരാഷ്​ട്ര മനുഷ്യാവകാശ സംഘടനകൾ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്. ഏകദേശം 30 ലക്ഷം ആളുകൾ ക്യാമ്പുകളിൽ പീഡിപ്പിക്കപ്പെടുന്നു എന്നാണ് ആംനസ്​റ്റി കണക്ക്. ചൈനീസ് കമ്യൂണിസ്​റ്റ്​ നേതാക്കളുടെ പേരില്‍ സത്യം ചെയ്യിപ്പിക്കുക, മദ്യവും പന്നിയിറച്ചിയും കഴിക്കാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയവ ചൈനീസ് പട്ടാളത്തിെൻറ കേവല വിനോദങ്ങളിൽ ചിലതുമാത്രം. 2009ല്‍ ആരംഭിച്ച ന്യൂനപക്ഷ 'ശുദ്ധീകരണം' രണ്ട് വര്‍ഷം മുമ്പാണ് ചൈന ശക്തമാക്കിയത്. തടങ്കല്‍ കേന്ദ്രങ്ങളിൽനിന്നും രക്ഷപ്പെട്ടവർ പോലും ചൈനീസ് ക്രൂരതകൾ വെളിപ്പെടുത്താൻ മടിക്കും. ക്യാമ്പുകളിൽ ശേഷിക്കുന്ന തങ്ങളുടെ മറ്റ് കുടുംബക്കാർ അതിനുകൂടി പീഡനം ഏൽക്കേണ്ടിവരുമെന്നാണ് അവർ പറയുന്നത്.

ഭരണകൂടം എന്ന അവയവമാറ്റ മാഫിയ

സിൻജ്യങ്ങിലെ തടവു കേന്ദ്രത്തില്‍നിന്ന്​ രക്ഷപ്പെട്ട് തുര്‍ക്കിയില്‍ കഴിയുന്ന ഒമര്‍ ബെകാലിയാണ് ലോകത്തെ ഞെട്ടിച്ച മറ്റൊരു വെളിപ്പെടുത്തൽ നടത്തിയത്. അവയവക്കടത്തിനായി സിൻജ്യങ് തടങ്കല്‍പ്പാളയത്തില്‍ പ്രതിവര്‍ഷം 25,000 പേരെയെങ്കിലും കമ്യൂണിസ്​റ്റ്​ പട്ടാളം കൊലപ്പെടുത്തുന്നു എന്നാണ് ബെകാലി പറയുന്നത്. ഉയ്ഗൂറുകളെ കൂട്ടത്തോടെ തടവിലാക്കുന്നതും രാജ്യത്തെ അവയവമാറ്റ ശസ്ത്രക്രിയയുടെ എണ്ണം വര്‍ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. അവയവങ്ങളുടെ ആരോഗ്യത്തെ വിലയിരുത്താൻ ആവശ്യമായ രക്തപരിശോധനയും മറ്റ് മെഡിക്കല്‍ പരിശോധനകളും നടത്തിയ ശേഷം തടവിലാക്കിയവരില്‍നിന്ന്​ അവയവങ്ങള്‍ എടുക്കുകയാണ് പതിവ്. കസേരയില്‍ കെട്ടിയിട്ട ശേഷം ​െകെകള്‍ ചുറ്റികകൊണ്ട് അടിച്ച് പൊട്ടിക്കുന്നതാണ് ക്യാമ്പ് ജീവനക്കാരുടെ പ്രധാന വിനോദങ്ങളിലൊ​െന്നന്നും അദ്ദേഹം പറയുന്നു.

ഒരു കുടുംബത്തിൽനിന്ന്​ പിടികൂടി കൊണ്ടുവരുന്നവരെ പിന്നീടൊരിക്കലും പരസ്പരം കാണാനാവാത്ത വിധമാണ് പാർപ്പിക്കുക. സ്ത്രീകളോടാണ് ഏറ്റവും ക്രൂരത. നിരന്തരം കൂട്ട ബലാത്സംഗത്തിനാണ് അവർ ഇരയാകുന്നത്. മാസമുറ നിലക്കാനുള്ള ഗുളികകൾ നിരന്തരം നിർബന്ധിച്ച് തീറ്റിക്കും. എല്ലാവരെയും നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കും. ദുർഘടം പിടിച്ച തൊഴിൽ മേഖലകളിലേക്ക് അടിമക്കൂട്ടങ്ങളെ പോലെ പറഞ്ഞയക്കും. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 82 മുന്‍നിര കമ്പനികളുടെ ഫാക്ടറികളിലേക്ക് ഉയ്ഗൂറുകളെ കൂട്ടമായി എത്തിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത് ഇൗയടുത്താണ്. 2017നും '19നുമിടയില്‍ മാത്രം ഇങ്ങനെ 80,000 ഉയ്ഗൂറുകളെ കൊണ്ടുപോയിട്ടുണ്ട്. ജോലിക്കു പുറമെ ഇടുങ്ങിയ താമസ സ്ഥലങ്ങളോടു ചേര്‍ന്ന് ചൈനീസ് ഭാഷ പഠിപ്പിച്ചും ആദര്‍ശ ക്ലാസുകള്‍ എടുത്തും ഇവരെ 'പരിഷ്കരി'ക്കാനുള്ള ശ്രമവും നടക്കുന്നു. സഞ്ചാര സ്വാതന്ത്ര്യം പാടേ നിഷേധിച്ചിരിക്കുന്നു. വിശാലമായ 'മൃഗശാല', ഒറ്റവാക്കിൽ ഉയ്ഗൂർ ക്യാമ്പുകളെ അങ്ങനെ വിശേഷിപ്പിക്കാം. മതകാര്യങ്ങൾ നിർവഹിക്കാൻ അനുവാദം തേടുന്നവരെ കൂട്ടത്തോടെയിരുത്തി അശ്ലീല ദൃശ്യങ്ങൾ കാണിക്കും. ഖുർആൻ അവർക്കുമുന്നിൽ കത്തിക്കും.

ചൈനീസ് കമ്പനിയായ വാവെയ് (HUAWEI) എന്ന മൊബൈൽ കമ്പനിയാണ് ഇൗ വംശീയ ക്രൂരതകൾക്കൊക്കെയുള്ള സാേങ്കതിക സഹായം ഒരുക്കിക്കൊടുത്തിരിക്കുന്നത്. ഉയ്ഗൂർ വംശജരുടെ മുഖം തിരിച്ചറിയാനുള്ള സോഫ്​റ്റ്​വെയർ (facial recognition software) വികസിപ്പിച്ച് അവർ സർക്കാറിന് നൽകി. ഇത് ഭരണകൂട വേട്ടയാടലിന് ഗതിവേഗം പകർന്നു.

ഹല്‍മുറാത് ഇദ്‌രീസ് ഒരു ഉയിഗൂര്‍ മുസ്​ലിം ചെറുപ്പക്കാരനാണ്. പെട്രോളിയം എൻജിനീയര്‍. ചൈനയിലെ കമ്യൂണിസ്​റ്റ്​ ഗവൺമെൻറിെൻറ ന്യൂനപക്ഷ വേട്ടയാടലുകളില്‍നിന്നും ഒളിച്ചോടി പ്രവാസജീവിതം നയിക്കുന്നു. ഇപ്പോൾ ഇസ്തംബൂളിലാണുള്ളത്. സിൻജ്യങ്ങിലുള്ള വീട്ടുകാരുമായി ഇടക്ക് ബന്ധപ്പെടാറുണ്ട്. അടുത്ത് വീട്ടിൽ വിളിച്ചപ്പോഴാണ് രണ്ട് പെങ്ങന്മാർക്ക് കൂട്ടായി സർക്കാർ നിയമിച്ച ഒരു സ്ത്രീകൂടി വീട്ടിലുണ്ടെന്ന് ഇദ്​രീസ് അറിഞ്ഞത്. അവൻ കൂടുതൽ അന്വേഷിച്ചപ്പോഴാണ് കൗതുകം നിറഞ്ഞ മറ്റൊരു കാര്യം; 'വീട്ടിൽ ഒരു ചാരൻ, കുടുംബമാവൽ' എന്ന സർക്കാർ പദ്ധതിയിൽ നിയമിതയായതാണത്രേ ആ വനിത. കുടുംബത്തിലെ അംഗങ്ങളുടെ ഒാരോ ചലനങ്ങളും അവർ ഒപ്പിയെടുത്ത് അധികാരികളെ അറിയിക്കുന്നു. എങ്ങ​െനയെങ്കിലും ബന്ധുക്കളെ നാട്ടിൽനിന്നും രക്ഷപ്പെടുത്തണമെന്നുണ്ട് ഇദ്​രീസിന്. പക്ഷേ, അതൊന്നും അത്ര എളുപ്പമല്ല. ചൈനയിലെതന്നെ മറ്റൊരു മുസ്​ലിം ജനവിഭാഗമായ ഹാൻ വംശജരെക്കൊണ്ട്​ വർഗസങ്കരം സൃഷ്​ടിക്കാനായി ഉയ്ഗൂറുകളെ വിവാഹം കഴിപ്പിക്കുന്നതും പതിവാണ്. ഇങ്ങനെ മിശ്രവിവാഹത്തിൽ ഏർപ്പെടുന്നവർക്ക് ചില ഇളവുകളൊക്കെയുണ്ട്. 'ഞങ്ങളുടെ വംശത്തെ അവരുടേതിലേക്ക് അലിയിച്ചു ചേര്‍ക്കുകയാണ് അവരുടെ അന്തിമ ലക്ഷ്യം. അവരെപ്പോലെ ഞങ്ങള്‍ ഉണ്ണണം, ഉറങ്ങണം, ഉടുക്കണം...' ഇദ്​രീസ് വികാരാധീനനാകുന്നു. തുറന്ന ഒരു ജയിലിൽ എല്ലാത്തിനാലും ഒറ്റപ്പെട്ട് ഒരു ജനവിഭാഗം ലോകത്തിലെ ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഒരു രാജ്യത്തിെൻറ കരുണക്കായി കേഴുന്ന കാഴ്ച. അമേരിക്കയടക്കം മറ്റുള്ളവർക്ക് ചൈനയിലെ ഇടപെടൽ അത്ര എളുപ്പമല്ല. പണ്ടെങ്ങോ തൂത്തെറിഞ്ഞ അടിമജീവിതങ്ങൾ നാം ജീവിച്ചിരിക്കുന്ന നൂറ്റാണ്ടിലും നിലനിൽക്കുന്നു എന്നത് ഇന്ന് ഭൂമുഖത്തുള്ള എല്ലാവർക്കും ലജ്ജയുണ്ടാക്കേണ്ട കാര്യംതന്നെ. പീഡക​െൻറ ചാട്ടയെയും തീചക്രങ്ങളെയും തെല്ലും ഭയക്കാതെ സ്വാതന്ത്ര്യത്തിെൻറ കാട്ടുദൂരങ്ങളെ കൈയേല്‍ക്കുന്നതിന് എത്രകാലം അവർക്ക് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നറിയില്ല. തീർത്തും പറയാതെ വയ്യ, ചങ്കിലെ ചൈനയല്ല, ചങ്കിടിപ്പാണ് ചൈന...

വിജയലക്ഷ്മി 'മൃഗശിക്ഷകൻ' അവസാനിപ്പിക്കുന്നതിങ്ങനെയാണ്.

'അതിനും വയ്യല്ലോ! ഭയം, ഭയം മാത്ര-

മടിമ ഞാൻ, തോറ്റൂ, കുനിഞ്ഞിരിക്കുന്നു

മുതുകിൽ നിൻ ചാട്ടയുലച്ചു കൊള്ളുക

വലയത്തിൽ ചാടാനുണർന്നിരിപ്പു ഞാൻ.'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChineseUyghurcampsconcentration
News Summary - Uyghur lives in Chinese concentration camps
Next Story