അനുഭവങ്ങൾ, പാളിച്ചകൾ
text_fields''ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു/ ചിരവയെടുത്തതാ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു/ അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു'' - 'നളചരിത'ത്തിൽ സന്ദേശവുമായി പോകുന്ന അരയന്നങ്ങൾ ദേശാന്തരങ്ങളിലെവിടെയോ കണ്ടുമറന്ന വിശന്നുവലഞ്ഞ ഏതോ ഒരു നായരെക്കുറിച്ചല്ല ഇൗ വരികൾ. അഞ്ചാറ് വർഷം മുമ്പ്, ശിവൻകുട്ടി സഭക്കകത്ത് അവതരിപ്പിച്ച പ്രത്യേക കലാഭ്യാസ പരിപാടിയെ പി.ടി. തോമസ് വർണിച്ചതാണിത്. അതിനും സഭ തന്നെസാക്ഷി. സൈബർസ്പേസിൽ 'ശിവതാണ്ഡവം' എന്നൊക്കെ അറിയപ്പെട്ട ഇൗ അഭ്യാസപ്രകടനം പി.ടി. തോമസ് പിന്നെയും ഒാർക്കാനൊരു കാരണമുണ്ട്. ടി കലാപരിപാടിയിൽ ക്രമപ്രശ്നം ഉന്നയിച്ച് അന്ന് സ്പീക്കറുടെ ശിപാർശയിൽ നിയമസഭ സെക്രട്ടറി ഫയൽ ചെയ്ത കേസ് തള്ളിക്കളയാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടിരിക്കുകയാണ്. ശിവൻകുട്ടിയും ജലീലും ഇ.പി. ജയരാജനുമൊക്കെ പ്രതിയായ കേസിൽ വിചാരണ നേരിടാനാണ് പരമോന്നത നീതിപീഠത്തിെൻറ നിർദേശം. പ്രതിപ്പട്ടികയിൽ ഇപ്പോൾ ഒരൊറ്റ മന്ത്രിയേയുള്ളൂ. അത് ശിവൻകുട്ടിയാണ്. അതിനാൽ, പ്രതിപക്ഷത്തിന് തൽക്കാലം അദ്ദേഹത്തിെൻറ രാജി മാത്രമെ ആവശ്യപ്പെടാനാകൂ. ആ രാജിയാവശ്യമാണ് അൽപം കാവ്യചാരുതയോടെ പി.ടി അവതരിപ്പിച്ചത്. ജി. സുധാകരനെപ്പോലെ കവിയല്ലാത്തതിനാൽ, അദ്ദേഹം കുഞ്ചൻനമ്പ്യാരെ ആശ്രയിച്ചുവെന്നു മാത്രം. കവിതയല്ല, ഇനി കഥാപ്രസംഗം നടത്തിയാലും രാജിയില്ലെന്നേ ഇക്കാര്യത്തിൽ ശിവൻകുട്ടിക്ക് പറയാനുള്ളൂ. സഭ തല്ലിപ്പൊളിച്ചില്ലെന്ന് വിചാരണക്കോടതിയിൽ തെളിയിക്കുമെന്നാണ് ശിവണ്ണെൻറ ശപഥം.
'ആന കരിമ്പിൻ കാട്ടിൽ കയറിയപോലെ' എന്ന പ്രയോഗം ഇനിയങ്ങോട്ട് അഹമ്മദ് ദേവർകോവിലിെൻറ മ്യൂസിയം വകുപ്പിന് കൈമാറണമെന്ന സുപ്രധാന നിർദേശവും പി.ടിക്കുണ്ട്. പകരം, 'ശിവൻകുട്ടി നിയമസഭയിൽ കയറിയപോലെ' എന്നാക്കണമത്രേ. പനിപിടിച്ച് വീട്ടിൽ കിടക്കുകയായതിനാൽ ആ നിർദേശത്തിനെതിരെ പോയൻറ് ഒാഫ് ഒാർഡർ ഉന്നയിക്കാൻ ശിവൻകുട്ടിക്കായില്ല. ഇനി അതിലൊരു ക്രമപ്രശ്നം ഉന്നയിച്ചാലും വലിയ കാര്യമുണ്ടെന്ന് േതാന്നുന്നില്ല. അമ്മാതിരി പ്രകടനമായിരുന്നുവല്ലോ. 2015 ജൂൺ 13നാണ് സംഭവം. 13ാം സഭയുടെ 13ാം സമ്മേളനത്തിൽ കെ.എം. മാണി തെൻറ 13ാം ബജറ്റ് അവതരണത്തിനൊരുങ്ങുകയായിരുന്നു. അക്കങ്ങളുടെ കൂട്ടത്തിൽ ഭാഗ്യം ചെയ്തിട്ടില്ലാത്ത 13െൻറ ഇൗ അയ്യരുകളിയിൽ ശകുനപ്പിഴ വന്നുഭവിക്കേണ്ടിയിരുന്നത് കുഞ്ഞുമാണിയിലായിരുന്നു.
പക്ഷെ, അത് നേരെപോയത് പ്രതിപക്ഷനിരയിലേക്കാണ്. അന്ന് ശിവൻകുട്ടിയായിരുന്നുവല്ലോ പ്രതിപക്ഷെത്ത നയിച്ചത്. ഗാർഡുകളെ വകഞ്ഞുമാറ്റിയും അംഗങ്ങളുടെ തലക്കുമുകളിലൂടെ ഉയർന്നുചാടിയും ഒരേ സമയം ഡയസിലും നടുത്തളത്തിലും ഇരിപ്പിടങ്ങളിലുെമല്ലാം ശിവണ്ണൻ പ്രത്യക്ഷപ്പെട്ടു. ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞുവീഴുംവരെ ഉറഞ്ഞുതുള്ളി. അങ്ങനെ, ബില്ലിനുപകരം, ഒരംഗത്തെതന്നെ സഭയുടെ മേശപ്പുറത്തുവെച്ച സംഭവവും അന്ന് ആദ്യമായി അരങ്ങേറി. ശിവൻകുട്ടിയെ സഭയുടെ മേശപ്പുറത്തുവെച്ച വകയിൽ ഖജനാവിന് നഷ്ടമായത് രണ്ടേകാൽ ലക്ഷം രൂപയാണ്. അതിനൊക്കെ കണക്ക് പറയാതെ പോകാനാവുമോ? അപ്പോൾപിന്നെ, വിചാരണ നേരിടുകയല്ലാതെ വഴിയില്ല; രാജിയും മറ്റുമൊക്കെ വഴിയേ കാണാം.
പക്ഷെ, 'അനുഭവങ്ങൾ പാളിച്ചകളിലെ' ചെല്ലപ്പൻ എന്ന സത്യൻ കഥാപാത്രവുമായി ശിവൻകുട്ടിയെ പി.ടി താരതമ്യം ചെയ്തതിെൻറ യുക്തിയാണ് ഇനിയും പിടികിട്ടാത്തത്. കമ്യൂണിസ്റ്റ് അനുഭാവിയും െതാഴിലാളി നേതാവുമായ ചെല്ലപ്പനും ചിലതൊക്കെ തല്ലിപ്പൊളിച്ചിട്ടുണ്ടെന്നത് ശരിതന്നെ. അതുപക്ഷേ, ബൂർഷ്വാസിയായ ചാക്കോ മുതലാളിയുടെയും തൊഴിലാളികളെ തല്ലിച്ചതച്ച ഗുസ്തിക്കാരൻ മമ്മദിെൻറയുമൊക്കെ തലയായിരുന്നുവെന്ന് മാത്രം. മാനവിക മൂല്യങ്ങളിൽ ഒരുതരി വിട്ടുവീഴ്ചയില്ലാത്ത ലക്ഷണമൊത്തൊരു കമ്യൂണിസ്റ്റുകാരനായാണ് ചെല്ലപ്പനെ തകഴിയും തോപ്പിൽഭാസിയും കെ.എസ്. സേതുമാധവനും ചേർന്ന് അവതരിപ്പിച്ചിട്ടുള്ളത്. ഇക്കാര്യം മനസ്സിലാക്കാതെയാണോ ചെല്ലപ്പൻ-ശിവൻകുട്ടി താരതമ്യം. ഏതായാലും, ആ താരതമ്യമിപ്പോൾ നല്ലൊരു ന്യായീകരണ ക്യാപ്സൂളായി മാറിയിട്ടുണ്ട്. ആ ക്യാപ്സ്യൂളിന് പാർട്ടി പത്രത്തിൽ ഭരണഘടന വിദഗ്ധനായ സഹയാത്രികെൻറ വകയായി താത്ത്വികമായൊരു ഗദ്യോപഹാരവുമുണ്ട്.
ശിവൻകുട്ടിയുടെ പാർലമെൻററി പ്രിവിലേജ് നീതിപീഠം അവഗണിച്ചുവെന്നാണ് പരിഭവം. സഭാംഗങ്ങൾക്ക് എന്തും ചെയ്യാമെന്നല്ല; മറിച്ച്, അങ്ങനെ സംഭവിച്ചാൽ ചില ആനുകൂല്യങ്ങൾക്കൊക്കെ അവർക്ക് അവകാശമുണ്ട്. ഇത് വകവെച്ചില്ലെങ്കിൽ ഭാവിയിൽ ജുഡീഷ്യറി-ലെജിസ്ലേച്ചർ പോരിനുതന്നെ സാധ്യതയുണ്ടെന്നാണ് ടി തത്ത്വത്തിെൻറ മർമം. അതിൽപിടിച്ചാണ് പുതിയ ക്യാപ്സൂളുകൾ. പാർലമെൻററി പ്രിവിലേജിനായുള്ള പുതിയ പോരാട്ടമായിരിക്കും ഇനിയങ്ങോട്ട് വിചാരണക്കോടതിയിൽ നടക്കുകയെന്നാണ് സഖാക്കൾ പറയുന്നത്. ബൂർഷ്വാ പാർലമെൻറിനെ അടവുനയമായി സ്വീകരിച്ച കമ്യൂണിസ്റ്റുകാർ തന്നെയാണ് ബൂർഷ്വാ കോടതികളെയും ഇവ്വിധം നവീകരിക്കേണ്ടത്. അതിനാൽ, ശിവൻകുട്ടിയുടേത് വെറും പോരാട്ടമായിരിക്കില്ല; ചെല്ലപ്പൻ സ്വപ്നം കണ്ടതുപോലുള്ള വിപ്ലവ പോരാട്ടം തന്നെയായിരിക്കുമത്.
അല്ലെങ്കിലും ശിവൻകുട്ടിയുടെ രാഷ്ട്രീയ ജീവിതംതന്നെ എന്നും ഇതുപോലുള്ള പോരാട്ടങ്ങളുടേതായിരുന്നുവല്ലോ. തലസ്ഥാനത്ത് പാർട്ടിക്ക് നല്ലൊരു സമരം നടത്തണമെങ്കിൽ ശിവണ്ണൻതന്നെ വേണം. വിദ്യാർഥികളെയും തൊഴിലാളികളെയുമെല്ലാം സംഘടിപ്പിച്ച് ചെെങ്കാടിയുമായി മുന്നിൽനിൽക്കുന്ന സഖാവ് മൂന്ന് പതിറ്റാണ്ടെങ്കിലുമായി തിരുവനന്തപുരത്തെ സ്ഥിരം കാഴ്ചയാണ്. വടിവൊത്ത ഭാഷയിലൊന്നും സംസാരിക്കാനറിയില്ലായിരിക്കാം; പക്ഷെ, പരാതിയുമായി മുന്നിലെത്തുന്നവർക്ക് പരിഹാരം അദ്ദേഹത്തിെൻറ കൈയിലുണ്ടാകും. എം.എൽ.എയും മന്ത്രിയുമൊക്കെ ആയെങ്കിലും മലയാളിക്ക് സഖാവ് ഇപ്പോഴും മേയർ ശിവൻകുട്ടിയാണ്. മേയർ കസേരയിലിരിക്കെ, അനന്തപുരിയുടെ മുഖച്ഛായതന്നെ മാറ്റിയതുകൊണ്ടാണീ വിശേഷണം. സ്വകാര്യവ്യക്തി കൈയേറിയ ശംഖുമുഖം തെക്കേ കൊട്ടാരം തിരിച്ചുപിടിച്ചതടക്കം ഒേട്ടറെ അനധികൃത നിർമാണങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരെ സ്വീകരിച്ച കർശന നടപടികൾ കാരണം ഗുണ്ട ആക്രമണ ഭീഷണിവരെ നേരിടേണ്ടിവന്നു. രാജ്യത്ത് ഒരു നഗരസഭ ആദ്യമായി സ്കൂൾ കുട്ടികൾക്ക് സൗജന്യ പാൽ വിതരണ പദ്ധതി ആരംഭിച്ചതും ശിവൻകുട്ടിയുടെ കാലത്താണ്. ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദത്തിലിരുന്നശേഷമാണ് നഗരപാലകനായത്. 2006ൽ തിരുവനന്തപുരം ഇൗസ്റ്റിൽനിന്നും 2011ൽ നേമത്തുനിന്നും നിയമസഭയിലെത്തി. 2016ൽ, നേമത്ത് ഒ. രാജഗോപാലിനോട് തോറ്റു. ഇക്കുറി നേമത്തെ 'എൽ ക്ലാസിക്കോ' വിജയിച്ചാണ് സഭയിലെത്തിയിരിക്കുന്നത്. പിണറായി മന്ത്രിസഭയിൽ െതാഴിലും വിദ്യാഭ്യാസവും കൈകാര്യം ചെയ്യുന്നു.
സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റുമായിരുന്ന എം. വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായി 1954 നവംബർ 10ന് തിരുവനന്തപുരത്തെ ചെറുവക്കലിൽ ജനനം. ചെമ്പഴന്തി എസ്.എൻ കോളജിലും തിരുവനന്തപുരം ലോ അക്കാദമിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. എസ്.എഫ്.െഎ സംസ്ഥാന പ്രസിഡൻറും അഖിലേന്ത്യ ജോയൻറ് സെക്രട്ടറിയുമൊക്കെയായിട്ടുണ്ട്. വർഷങ്ങളോളം കേരള സർവകലാശാല സെനറ്റംഗമായിരുന്നു. നിലവിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവുമാണ്. സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ തലപ്പത്തും ഇരുന്നിട്ടുണ്ട്. നല്ലൊരു ഫുട്ബാൾ കളിക്കാരനും റഫറിയുമായിരുന്നു. മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ളയുടെ മകളും പി.എസ്.സി അംഗവുമായ ആർ. പാർവതി ദേവിയാണ് ജീവിതപങ്കാളി. ഏകമകൻ: പി. ഗോവിന്ദ് ശിവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.