ജോ ആൻഡ് ജിൽ
text_fieldsജന്മസിദ്ധമായി കൈവശമുള്ളതും രാഷ്ട്രീയമായി വികസിപ്പിച്ചെടുത്തതുമായ ഒരു അവസ്ഥയാണ് ട്രംപിനെ സംബന്ധിച്ച് 'ട്രംപിസം'. ഫാഷിസത്തിെൻറയും നാസിസത്തിെൻറയും മോദിസത്തിെൻറയുമൊക്കെ അമേരിക്കൻ വേർഷനെന്ന് അതിനെ വിശേഷിപ്പിച്ചാലും തെറ്റു പറയാനാകില്ല. തെരഞ്ഞെടുപ്പ് തോൽവിയോടെ മൂർധന്യത്തിലെത്തിയ ആ അവസ്ഥക്ക് കുറച്ചു ദിവസങ്ങളായി ശമനവുമുണ്ടായിരുന്നു.
ജനുവരി 20നുമുമ്പ് വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങിപ്പോരണം എന്ന യാഥാർഥ്യബോധത്തിലേക്ക് എത്തുകയും ചെയ്തതാണ്. അതിനിടയിലാണ് കോൺഗ്രസ് വിളിച്ചുകൂട്ടിയത്. അതോടെ പിടിവിട്ടു. അതൊരു പിടിവള്ളിയാക്കിയാണ് ട്രംപിസ്റ്റുകൾ കാപിറ്റൽ ഹിൽ ബിൽഡിങ്ങിലേക്ക് ഇരച്ചുകയറിയത്. അവിടെയാണ് ലോകത്തിലെ പഴക്കമേറിയ ജനാധിപത്യത്തിെൻറ ശ്രീകോവിലുള്ളത്. അതങ്ങ് തല്ലിത്തകർത്താൽ കാര്യങ്ങളെല്ലാം ശുഭമായിക്കൊള്ളുമെന്നൊന്നും വിചാരിച്ചല്ല, മോദിഭക്തരായ ഇന്ത്യക്കാരടക്കം അങ്ങോട്ടുെചന്നത്.
വംശീയതക്കും ഇസ്ലാമോഫോബിയക്കും ഫാഷിസത്തിനുമൊക്കെ െഎക്യദാർഢ്യം പ്രഖ്യാപിച്ച് ട്രംപിന് വീരോചിതമായൊരു യാത്രയയപ്പ്. അതായിരുന്നു ലക്ഷ്യം. അതിപ്പോൾ അൽപം പൊല്ലാപ്പായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വീരനായകനിപ്പോൾ അറസ്റ്റിെൻറ വക്കിലാണ്. മറുവശത്താകെട്ട, ജോയും ജില്ലും ഒരുപിടി പ്രതീക്ഷകളോടെ വൈറ്റ്ഹൗസിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്നു.
ജോ ബൈഡെൻറ നേതൃത്വത്തിൽ പുതിയൊരു അമേരിക്കയെ പ്രതീക്ഷിക്കാമോ? ആര് ഭരിച്ചാലും രാജ്യം അമേരിക്കയാണല്ലോ. പാർട്ടി നീലയോ ചുവപ്പോ ആകെട്ട, മുദ്രാവാക്യം 'അമേരിക്ക ഫസ്റ്റ്' എന്നാണ്. തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചശേഷം ബൈഡൻ എഴുതിയൊരു കുറിപ്പും ഇതുതന്നെയാണ് ആവർത്തിക്കുന്നത്. 'നമ്മൾ നീലയും ചുവപ്പുമൊന്നുമല്ല, അമേരിക്കയാണ്' എന്ന് ബൈഡനും കട്ടായം. തീർന്നില്ല, 'അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കാനാ'ണ് താൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും ഉൗന്നിപ്പറഞ്ഞു. അപ്പോൾ കാര്യം വ്യക്തം. അമേരിക്കയുടെ ക്ഷേമവും െഎശ്വര്യവുമൊക്കെയാണ് ലക്ഷ്യം. ലോക പൊലീസ് എന്നൊക്കെ പറയുമെങ്കിലും ഇൗ പൊലീസിങ് പരിപാടി ആത്യന്തികമായി അമേരിക്കക്കുവേണ്ടി മാത്രമാണ്. ഇതുതന്നെയായിരുന്നില്ലേ ട്രംപും പറഞ്ഞിരുന്നത്? അമേരിക്കക്കാരുടെ 'സുരക്ഷ' മുൻനിർത്തിയല്ലേ മുസ്ലിം രാജ്യങ്ങളിലുള്ളവരോട് ഇങ്ങോട്ട് വരേണ്ട എന്നു പറഞ്ഞത്? ചൈനയുമായി ഉടക്കിയതും ഇന്ത്യയുമായി സൗഹൃദം സ്ഥാപിച്ചതും മെക്സികോ അതിർത്തിയിൽ കൂറ്റൻ മതിൽ പണിതതും ഇൽഹാൻ ഉമറിനെപ്പോലുള്ള ആഫ്രിക്കൻ വംശജരോട് രാജ്യം വിട്ടുപോകാൻ പറഞ്ഞതുമെല്ലാം 'അമേരിക്കക്കു വേണ്ടി'യായിരുന്നു.
പക്ഷേ, ബൈഡെൻറ അമേരിക്ക അൽപംകൂടി ഭേദമായിരിക്കും. ബൈഡൻ തിരിച്ചുപിടിക്കാനിരിക്കുന്ന അമേരിക്കൻ ആത്മാവിൽ ഇൽഹാൻ ഉമറിനും അഭയാർഥികൾക്കും മുസ്ലിംകൾക്കുമെല്ലാം ചെറിയ ഇടമെങ്കിലും കാണും. യുദ്ധവെറിയിൽ ചില്ലറ വിട്ടുവീഴ്ചകളും പ്രതീക്ഷിക്കാം. കാലാവസ്ഥ വ്യതിയാനം പോലുള്ള വിഷയങ്ങളിൽ അൽപംകൂടി ജനാധിപത്യ നിലപാടും പ്രതീക്ഷിക്കാം. കോവിഡ് കാലത്ത് ഗൂഢാലോചന സിദ്ധാന്തത്തിെൻറ പേരിൽ ലക്ഷക്കണക്കിന് ആളുകളെ ട്രംപ് മരണത്തിലേക്ക് തള്ളിവിട്ടത് നാം കണ്ടതാണ്. മഹാമാരിയെ ഇവ്വിധമായിരിക്കില്ല ബൈഡൻ നേരിടുക എന്നും ഉറപ്പ്. അൽപസ്വൽപം ശാസ്ത്രബോധമൊക്കെയുള്ള കൂട്ടത്തിലാണ്.
ട്രംപും ബൈഡനും ആദ്യമായി അമേരിക്കൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ഏതാണ്ട് ഒരേ കാലത്താണ്. 1970കളുടെ തുടക്കത്തിലാണ് അത്. നിക്സൻ ആണ് അന്ന് പ്രസിഡൻറ്. 'ട്രംപ് മാനേജ്മെൻറ് കോർപറേഷൻ' എന്ന സ്ഥാപനത്തിനെതിരെ യു.എസ് നീതിന്യായ വകുപ്പ് വംശവിവേചനത്തിന് നിയമനടപടി സ്വീകരിച്ചപ്പോഴാണ് അതിെൻറ തലപ്പത്തുണ്ടായിരുന്ന ഡോണൾഡ് ട്രംപിെൻറ പേരും പടവും അക്കാലത്ത് സ്ഥിരമായി പത്രത്തിൽ വന്നുകൊണ്ടിരുന്നത്.
ആ സമയം, ബൈഡൻ ഡെലവേർ സംസ്ഥാനത്തുനിന്നുള്ള സെനറ്ററാണ്. 29ാം വയസ്സിൽ, കന്നി മത്സരത്തിൽതന്നെ സെനറ്റിലെത്തിയ ഡെമോക്രാറ്റിക് പാർട്ടിയുടെ യുവതുർക്കി എന്ന നിലയിലാണ് ബൈഡൻ പത്രത്താളുകളിൽ ഇടംപിടിച്ചത്. കേസ് വിധിയായതോടെ, ട്രംപിനെ മാധ്യമങ്ങൾ കൈവിട്ടുവെങ്കിലും ബൈഡൻ പിന്നീടങ്ങോട്ട് തുടർച്ചയായി വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. സെനറ്റർ എന്ന നിലയിൽ നടത്തിയ ഇടപെടലുകളിൽ തുടങ്ങി അത്. പിന്നീടത്, അമേരിക്കൻ രാഷ്ട്രീയത്തിെൻറയും ഭരണകൂടത്തിെൻറയും മറ്റൊരു പേരായി മാറുകയും ചെയ്തു.
ഒരു നിയമ ബിരുദധാരിയുടെ അഭിഭാഷക ജീവിതത്തിൽ ഒടുങ്ങേണ്ടതായിരുന്നു ജോ ബൈഡെൻറ ചരിത്രം. രാഷ്ട്രീയത്തിൽ കാലെടുത്തുവെച്ച് ഏതാനും നാൾ കഴിയുംമുമ്പ് തന്നെ പൊതുജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതാണ്. അതിെൻറ പിന്നിലൊരു കഥയുണ്ട്. കന്നിയങ്കത്തിൽ വിജയിച്ച് സത്യപ്രതിജ്ഞക്കായി കാത്തിരിക്കുന്ന സമയമായിരുന്നു അത്; 1972ലെ ക്രിസ്മസ് കാലം. ഷോപ്പിങ്ങിന് പോയ ഭാര്യ നെലിയ ഹൻഡറും മൂന്നു മക്കളും അപകടത്തിൽപെട്ട വാർത്തയാണ് ഒരു വൈകുന്നേരം ബൈഡനെ തേടിയെത്തിയത്.
നെലിയയും ഒരു വയസ്സു മാത്രമുള്ള നവോമിയും തൽക്ഷണം മരിച്ചു. ബ്യൂവും ഹൻഡറും പരിക്കുകളോടെ രക്ഷപ്പെട്ടു. ഒറ്റപ്പെട്ടുപോയ ആ നിമിഷങ്ങളിൽ രാഷ്ട്രീയം മതിയാക്കി ഇനിയുള്ള കാലം കുട്ടികൾക്കൊപ്പം കഴിയാൻ തീരുമാനിച്ചതായിരുന്നു. പക്ഷേ, പലരുടെയും നിർബന്ധംകൊണ്ടു മാത്രം സത്യപ്രതിജ്ഞ ചെയ്തു. എന്നാലും, എല്ലാ ദിവസവും മക്കളോടൊപ്പം അന്തിയുറങ്ങാൻ വാഷിങ്ടൺ ഡി.സിയിൽനിന്ന് അദ്ദേഹം ഡെലവേറിലെത്തി.
പിന്നീട് അഞ്ചു വർഷത്തിനു ശേഷമാണ് ജിൽ ട്രേസി ജേക്കബ് ജീവിതത്തിലേക്ക് കടന്നുവന്നത്. അധ്യാപികയായിരുന്ന ജിൽ ബൈഡെൻറ രാഷ്ട്രീയ നിലപാടുകളെ കാര്യമായി സ്വാധീനിച്ചുവെന്നാണ് പറയപ്പെടുന്നത്. അക്കാര്യം ബൈഡനും മറച്ചുവെക്കുന്നില്ല. അതുകൊണ്ടാണ് നന്ദിപ്രസംഗത്തിൽ ഞാൻ ജില്ലിെൻറ ഭർത്താവാണെന്ന് അഭിമാനപൂർവം പറഞ്ഞത്. ജില്ലിനെ ഫസ്റ്റ് ലേഡി എന്നു മാത്രമല്ല, 'ഗ്രേറ്റ് ലേഡി' എന്നുകൂടിയാണ് ബൈഡൻ വിശേഷിപ്പിച്ചത്. അതിനാൽ, ജോ മാത്രമല്ല വൈറ്റ്ഹൗസ് നിയന്ത്രിക്കുക. ഇനിയങ്ങോട്ട് അത് ജോയുടെയും ജില്ലിെൻറയും വൈറ്റ്ഹൗസാണ്.
പ്രായം 78. രാഷ്ട്രീയ ജീവിതത്തിെൻറ സുവർണ ജൂബിലിയിലേക്ക് കടക്കുേമ്പാഴാണ് പ്രസിഡൻറ് പദത്തിലെത്തിയിരിക്കുന്നത്. ഇതിനു മുേമ്പ, രണ്ടുതവണ പ്രസിഡൻറ് പദത്തിലെത്താൻ ശ്രമിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിൽ നടന്ന സ്ഥാനാർഥിത്വമത്സരം വിനയായതുകൊണ്ടു മാത്രം ആ മോഹം പൂവണിഞ്ഞില്ല. 1988ലായിരുന്നു അതിൽ ആദ്യത്തേത്. കാമ്പയിനിനിടെ നടത്തിയ ചില പ്രസംഗങ്ങൾ കോപ്പിയടിച്ചതും ചില സംഘിനേതാക്കളെപ്പോലെ ഇല്ലാത്ത ഡിഗ്രി സർട്ടിഫിക്കറ്റുകൾ പൊക്കിപ്പിടിച്ചതും കൈയോടെ പിടികൂടിയതോടെ മത്സരരംഗത്തുനിന്ന് സ്വയം പിന്മാറേണ്ടിവന്നു.
2008ൽ, ഒബാമക്കെതിരെയായിരുന്നു രണ്ടാമത് മത്സരിച്ചത്. അന്ന് തോറ്റെങ്കിലും, ഒബാമ ബൈഡനെ വൈസ് പ്രസിഡൻറാക്കി. എട്ടു വർഷം ആ പദവിയിൽ ഇരുന്നു. ഒബാമയുടെ വലംകൈയായി തന്നെ പ്രവർത്തിച്ചുവെന്ന് പറഞ്ഞാൽ ഒട്ടും കുറഞ്ഞുപോവില്ല. അഞ്ചു പതിറ്റാണ്ടിനിടെ, പ്രമാദമായ പല വിഷയങ്ങളിലും ഇടപെട്ടിട്ടുണ്ട്. സെനറ്റർ എന്ന നിലയിൽ പരിസ്ഥിതിവിരുദ്ധ വികസനങ്ങൾക്കെതിരെ വാദിച്ചു, കാലാവസ്ഥ വ്യതിയാനത്തിനെതിരെ മുന്നറിയിപ്പു നൽകി. പൊതുവിൽ അധിനിവേശങ്ങൾക്കും ആണവപ്രയോഗങ്ങൾക്കും എതിരാണ്. എന്നിട്ടും, ഇറാഖ് അധിനിവേശത്തിൽ തെറ്റു കണ്ടില്ല. സ്വവർഗവിവാഹത്തോടും എതിർപ്പില്ല. എങ്കിലും, വിശ്വാസിയാണ്. ഇതിനെല്ലാമപ്പുറം അമേരിക്കയാണ് സർവതും. അതിനപ്പുറം ഒന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.