ഒാസ്കർ ഡയറി
text_fieldsഒരു പോത്തിനു പിന്നാലെ ഉന്മാദികളെപ്പോലെ ചീറിപ്പാഞ്ഞ മലയാള സിനിമ ഇപ്പോൾ എത്തിനിൽക്കുന്നത് ലോസ് ആഞ്ജലസിലെ ഡോൾബി തിയറ്ററിലാണ്. ഒരു വിളിപ്പാടകലെ അവിടെനിന്ന് മലയാള നാട്ടിലേക്കൊരു ഒാസ്കറിെൻറ കാറ്റ് വീശിയടിക്കുന്നുണ്ട്. ഏപ്രിൽ 25ന് അറിയാം ഗതിയെന്താകുമെന്ന്. 93ാമത് അക്കാദമി അവാർഡ് പ്രഖ്യാപിക്കുേമ്പാൾ, കണ്ണിമവെട്ടാതെ ആ വേദിയിലേക്ക് ഉറ്റുനോക്കാൻ നമുക്ക് ഒരു കാരണംകൂടിയുണ്ട്. നമ്മെ സംബന്ധിച്ച് ശരിക്കുമൊരു 'ജെല്ലിക്കട്ടു'തന്നെയാണ് അവിടെ നടക്കുക.
ആ പോരിനൊടുവിൽ ലിജോ ജോസ് പല്ലിശ്ശേരി എന്ന പേരു കേട്ടാൽ, സെഞ്ച്വറിയിലേക്ക് കടന്നുകൊണ്ടിരിക്കുന്ന മലയാള ചലച്ചിത്ര ശാഖക്ക് അതൊരു ചരിത്ര മുഹൂർത്തമാകും. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഒാസ്കർ അവാർഡിനായുള്ള ഇന്ത്യയുടെ ഒൗദ്യോഗിക നോമിനേഷൻ പോയിരിക്കുന്നത് ലിജോയുടെ 'ജെല്ലിക്കട്ടി'നാണ്. കയറുെപാട്ടിച്ചോടുന്നൊരു പോത്തും അതിനുപിന്നാെല പായുന്ന ഒരുകൂട്ടം ആളുകളുടെയും കഥപറയുന്ന ഇൗ പടം കണ്ട് സ്വന്തം നാട്ടിലെ ചില നിരൂപക സിംഹങ്ങൾ നെറ്റിചുളിച്ചുവെന്നതു നേര്; എങ്കിലും, അന്താരാഷ്ട്ര മേളകളിൽ നിലക്കാത്ത കൈയടിയായിരുന്നു. തിരുവനന്തപുരം െഎ.എഫ്.എഫ്.കെയും കടന്ന് ടൊറേൻറായും ബൂസാനുമൊക്കെ പിന്നിട്ട് 'ജെല്ലിക്കട്ട്' ലോസ് ആഞ്ജലസിലെത്തുേമ്പാൾ മലയാള സിനിമയെയും ലിജോ ജോസിനെയും കാത്തിരിക്കുന്നതെന്താകും?
ഗബ്രിയേൽ മാർകേസിെൻറ മാജിക്കൽ റിയലിസത്തിെൻറ സൗന്ദര്യം മലയാള സിനിമക്കു പകർന്നുനൽകിയ ആളാണ് ലിജോ. സാമ്പ്രദായിക ചേരുവകളിൽനിന്ന് മലയാള സിനിമ മാറിസഞ്ചരിച്ചു തുടങ്ങി ഇവിടെയൊരു നവതരംഗത്തിെൻറ സൂചനകൾ കണ്ടുതുടങ്ങിയപ്പോൾതന്നെയാണ് ലിജോയും 'മാജിക്കു'മായി അവതരിക്കുന്നത്. പത്തുകൊല്ലത്തിനിടെ ആകെ സംവിധാനം ചെയ്തത് എട്ടു പടങ്ങളാണ്. അതിലൊന്നാണിപ്പോൾ ഒാസ്കർ വേദിക്കരികിൽ എത്തിനിൽക്കുന്നത്. കൂട്ടത്തിൽ, അൽപം പിന്നാക്കം പോയെന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ട സിനിമയായിരുന്നു 'ജെല്ലിക്കട്ട്'. ലിജോയുടെ പതിവ് രസക്കൂട്ടുകൾ അതിൽ കണ്ടില്ലെന്ന് പരിഭവം പറഞ്ഞവരുണ്ട്.
പക്ഷേ, ശരാശരി പ്രേക്ഷകെൻറ ചിന്തക്കും അപ്പുറമുള്ള ഒരു വെടിക്കെട്ടാണ് 'ജെല്ലിക്കട്ടി'ലൂടെ ലിജോ പുറത്തെടുത്തതെന്ന് നിരൂപിച്ചവരും കുറവല്ല. സിനിമയെ പിന്നെയും മറ്റൊരു തരത്തിൽ അവതരിപ്പിക്കാനുള്ള വിജയകരമായൊരു ശ്രമമായിരുന്നല്ലോ അത്. കശാപ്പിനായി കൊണ്ടുവന്ന പോത്ത് പ്രാണരക്ഷാർഥം ഒാടിപ്പോകുന്നതും ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തുന്നതുമാണ് ജെല്ലിക്കട്ടിെൻറ 'കഥ'.
ഒറ്റവരിയിൽ പറയാവുന്ന ഒരു ത്രെഡിനെ ആകാംക്ഷയുടെയും വിസ്മയത്തിെൻറയും ഒന്നര മണിക്കൂർ ദൃശ്യവിരുന്നൊരുക്കിയയിടത്താണ് ലിജോയുടെ ലെഗസി. മനുഷ്യെൻറയുള്ളിലെ മൃഗത്തെക്കുറിച്ചും ആൾക്കൂട്ട മനശ്ശാസ്ത്രത്തെക്കുറിച്ചും പൊതുശത്രുവിനു മുന്നിലും പരസ്പരം കലഹിക്കുന്ന ആളുകളുടെ മനോഭാവത്തെക്കുറിച്ചുമെല്ലാം മികച്ച സാേങ്കതികത്തികവോടെ സിനിമയൊരുക്കി അയാൾ. എസ്. ഹരീഷിെൻറ 'മാവോയിസ്റ്റി'ന് ഇതിൽപരമൊരു ദൃശ്യാവിഷ്കാരം ലഭിക്കാനുേണ്ടാ?
ഗോവയിൽനിന്നുള്ള രജതമയൂരവും വഹിച്ചാണ് അക്കാദമി വേദിയിലേക്കുള്ള ലിജോയുടെ യാത്ര. കഴിഞ്ഞവർഷം െഎ.എഫ്.എഫ്.െഎയിലെ മികച്ച സംവിധായകനുള്ള രജതമയൂരം ലിജോക്കായിരുന്നു. തുടർച്ചയായ രണ്ടുവർഷം രജതമയൂരം നേടിയ ചലച്ചിത്രകാരൻ എന്ന റെക്കോഡും അതോടെ കൈവന്നു. 2018ൽ, 'ഈ.മ.യൗ'വിലൂടെയായിരുന്നു പുരസ്കാരലബ്ധി. ഇൗ ചിത്രത്തിലെ അഭിനയത്തിന് ചെമ്പൻ വിനോദും ഗോവയിൽ ആദരിക്കപ്പെട്ടു. ശരിക്കും പറഞ്ഞാൽ, അക്കൊല്ലം ലിജോയുടെ വർഷമായിരുന്നു; 'ഈ.മ.യൗ'വിെൻറയും. മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയെന്നു മാത്രമല്ല, എത്രയോ അന്താരാഷ്ട്ര വേദികളിൽ ആ ചിത്രം നിരൂപകപ്രശംസ നേടുകയും ചെയ്തു.
'നായകൻ' (2010) ആണ് ആദ്യ ചിത്രം. അതിനുമുമ്പ് 'ദ ഗെയിം' എന്നൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. 'നായകൻ' നിരൂപകശ്രദ്ധ നേടിയെങ്കിലും ബോക്സ് ഒാഫിസിൽ വിജയിച്ചുവെന്ന് പറയാനാകില്ല. തൊട്ടടുത്ത വർഷം, വമ്പൻ താരനിരയെ ഇറക്കി മികച്ച രീതിയിൽതന്നെ 'സിറ്റി ഒാഫ് ഗോഡ്' ഒരുക്കിയെങ്കിലും അതും തിയറ്ററിൽ കാര്യമായി ഒാടിയില്ല. ശുക്രദശ തെളിഞ്ഞത് പിന്നെയും രണ്ടുവർഷം കഴിഞ്ഞാണ്, 'ആമേനി'ലൂടെ. അതുകഴിഞ്ഞ് 'ഡബ്ൾ ബാരൽ', 'അങ്കമാലി ഡയറീസ്', 'ഈ.മ.യൗ', 'ജെല്ലിക്കട്ട്' -എല്ലാം ഒന്നിനൊന്ന് സൂപ്പർഹിറ്റുകൾ. ഇതിനിടെ, ചില പടങ്ങളിൽ മുഖം കാണിക്കുകയും ചെയ്തു. അതിലുമുണ്ടായിരുന്നു ഒരു 'പല്ലിശ്ശേരി സ്റ്റൈൽ'. 'സപ്തമശ്രീ തസ്കര'യിലെ അച്ചൻ, 'സ്വാതന്ത്ര്യം അർധരാത്രിയി'ലെ വക്കീൽ ടോണി മറ്റത്തിൽ തുടങ്ങിയ വേഷങ്ങൾ ലിജോയിലെ അഭിനയ പ്രതിഭയും എടുത്തുകാട്ടി.
ജോസ് പല്ലിശ്ശേരി എന്ന മഹാനടെൻറ സന്തതിയാണ്. പല്ലിശ്ശേരിയുടെ 'സാരഥി' തിയറ്റർ നിർമിച്ച നാടകങ്ങളുടെ റിഹേഴ്സൽ ക്യാമ്പും അരങ്ങുമെല്ലാം കണ്ടാണ് ലിജോയും വളർന്നത്. 'സാരഥി'യുടെ ഒരു ഡസൻ നാടകങ്ങളെങ്കിലും തിലകൻ സംവിധാനം ചെയ്തിട്ടുണ്ട്. തിലകെൻറ 'ഡയറക്ഷൻസ്' ഒരു അഭിനേതാവെന്ന നിലയിലും സംവിധായകെനന്ന നിലയിലും സ്വാധീനിച്ചിട്ടുണ്ടെന്ന് പല തവണ പറഞ്ഞിട്ടുണ്ട്്. എങ്കിലും, ചലനചിത്രങ്ങളുടെ അത്ഭുതലോകത്തേക്ക് ലിജോയെ കൂട്ടിക്കൊണ്ടുപോയത് ഇവരാരുമല്ല; അപ്പാപ്പൻ (മാതാവ് ലില്ലിയുടെ പിതാവ്) ജെയിംസാണ്. കാലടി കൊറ്റമത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. തമിഴ്നാട്ടുകാരനാണ്.
സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കക്ഷി കേരളത്തിൽ വന്നുകൂടിയതാണ്. അദ്ദേഹമാണ് ആദ്യമായി കൊട്ടകയിലേക്ക് കൊണ്ടുപോയത്. മിക്കവാറും എല്ലാ സിനിമകളും കാണിക്കും. അങ്ങനെയാണ് 'ഷോലെ' അടക്കമുള്ള ചിത്രങ്ങൾ കണ്ടത്. സിനിമ കാണിക്കൽ മാത്രമല്ല, പ്രൊജക്ടർ പ്രവർത്തിക്കുന്ന മുറിയിൽ കൊണ്ടുപോയി ഫിലിം ഒാപറേഷനും സ്ഥിരമായി കാണിച്ചുകൊടുക്കുമായിരുന്നു അപ്പാപ്പൻ. അത്തരമൊരു പ്രൊജക്ടർ കക്ഷി ഒരിക്കൽ വീട്ടിലുമുണ്ടാക്കിയത്രേ; കേടുവന്നൊരു ബൾബിൽ വെള്ളമൊഴിച്ച്, ഒരു ഭാഗം തുറന്ന കടലാസുപെട്ടിയിലുള്ളിലാക്കി അതിൽ ഫിലിം വെച്ച് ലൈറ്റടിക്കുന്ന വിദ്യ. പണ്ട് ന്യൂട്ടൺ സ്വന്തം വീട്ടിലുണ്ടാക്കിയതിെൻറ മറ്റൊരു രൂപം. അന്ന് ചുവരിൽ തെളിഞ്ഞ ചിത്രങ്ങളാണ് പിന്നീട് ചലച്ചിത്ര കലയിലേക്ക് എത്തിച്ചത്.
പത്താം ക്ലാസിലെത്തിയപ്പോഴേ, സിനിമയിലെത്തണമെന്നായിരുന്നു മോഹം. ആഗ്രഹം അച്ഛനോട് പറഞ്ഞപ്പോൾ കുറച്ചുകാലംകൂടി പഠിക്കാൻ ഉപദേശിച്ചു. അതിനുമുമ്പ്, കൃത്യമായി പറഞ്ഞാൽ, ഒമ്പതാം ക്ലാസിൽ പഠിക്കുേമ്പാൾ ജീവിതം മടുത്ത് നാടുവിട്ടിട്ടുണ്ട്; തിരുവനന്തപുരത്തേക്ക്. മൂന്നാം പക്കം ആള് വീട്ടിലെത്തി. പിന്നെന്തു സംഭവിച്ചുവെന്ന് ആരു ചോദിച്ചിട്ടും പറഞ്ഞിട്ടില്ല. വരാനിരിക്കുന്നൊരു സിനിമയുടെ ക്ലൈമാക്സിൽ അന്ന് അച്ഛനുമായി നടത്തിയ സംഭാഷണങ്ങളുണ്ടത്രേ. ആ സസ്പെൻസ് അറിയാൻ പടമിറങ്ങുംവരെ കാത്തിരിക്കണം.
ആലുവ യു.സി കോളജിൽനിന്നാണ് ബിരുദം നേടിയത്. അതുകഴിഞ്ഞ് എം.ബി.എയും നേടി ഒരു ടൈൽസ് കമ്പനിയിൽ സെയിൽസ് മാനേജറായി ജോലിയെടുത്തിട്ടുണ്ട്. അതുംകഴിഞ്ഞാണ് പിതാവിെൻറതന്നെ ഉപദേശമനുസരിച്ച് സിനിമയിലെത്തിയത്. ഇപ്പോൾ 42 വയസ്സുണ്ട്. കോവിഡ് കാലത്ത് സിനിമ ഷൂട്ടിങ്ങിനും റിലീസിങ്ങിനുമൊക്കെ സംഘടനയിൽനിന്ന് ചില്ലറ വെല്ലുവിളികളുണ്ടായപ്പോൾ, 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാ, ആരാടാ തടയാൻ' എന്നു ചോദിച്ചത് വിവാദമായിരുന്നു. അതുമൊരു നിലപാടായിരുന്നു. നിലപാടുകളാണ് തെൻറ ജീവിതവും ചിത്രങ്ങളുമെന്ന് തുറന്നുപറഞ്ഞൊരാളാണ്. അപ്പോഴാ പോസ്റ്റിൽ അസ്വാഭാവികതകളൊന്നുമില്ല. ആ നിലപാടുകൾക്ക് ഒാസ്കർ കമ്മിറ്റി ചെവിയോർക്കുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.