ചരിത്രത്തിെൻറ പ്രതികാരം
text_fieldsഉരുട്ടിക്കൊലയിലൂടെയാണ് ഉദയകുമാറിനെ കൊന്നത്. ഉരുട്ടൽ എന്നത് പൊലീസിൻെറ ഒരു മർദനമുറയാണ്. ആ മർദനമുറ 13 വർഷം മുമ്പ് നടന്ന കൊലയിലൂടെ ആവിഷ്കരിച്ചതല്ല. ഈ മർദനമുറ കേരളത്തിൽ പരക്കെ ഉപയോഗിച്ചത് അടിയന്തരാവസ്ഥ കാലഘട്ടത്തിലെ ജയറാം പടിക്കലിൻെറ പൊലീസാണ്. അന്ന് സർക്കാറിനെ എതിർക്കുന്ന ആരെയും ഈ കിരാത മർദനമുറക്ക് വിധേയമാക്കാൻ ശ്രമിച്ചിരുന്നു.
ഉരുട്ടലിൽ ആദ്യം മരിച്ച ഇര ഉദയകുമാറല്ല. മറിച്ച്, കക്കയം ക്യാമ്പിൽ കൊല്ലപ്പെട്ട ആർ.ഇ.സി വിദ്യാർഥി പി. രാജൻതന്നെ. 1976ൽ നക്സലൈറ്റുകൾ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിൻെറ ഭാഗമായിട്ടാണ് രാജനെ പിടികൂടിയത്. പ്രതിയായ എൻജിനീയറിങ് കോളജിലെ വിദ്യാർഥി മുരളി കണ്ണമ്പള്ളിയെ (ഇപ്പോൾ യു.എ.പി.എ അനുസരിച്ച് ജയിലിലാണ്) തേടിയാണ് പൊലീസ് കോളജ് ഹോസ്റ്റലിലെത്തിയത്. അവിടെവെച്ച് രാജനെ പിടികൂടിയത് മുരളിയാണെന്ന തെറ്റിദ്ധാരണയിലല്ല. മുരളിയെ രാജന് പരിചയമുണ്ടെന്ന അറിവ് മാത്രമായിരുന്നു ആ പിടികൂടലിൻെറ രഹസ്യം.
കിട്ടിയ ഇരയെ ക്രൂരമായി ഉരുട്ടി മുരളിയിലേക്ക് എത്തുകയായിരുന്നു പൊലീസ് ലക്ഷ്യം. പക്ഷേ, മുരുളിയെക്കുറിച്ച് രാജന് വെളിപ്പെടുത്താൻ അറിവുണ്ടായിരുന്നില്ല. രാജൻെറ കൈയിൽ രഹസ്യമുണ്ടായിരുന്നില്ല. അതിനാൽ, ഉരുട്ടൽ കൂടുതൽ ശക്തമായി തുടർന്നു. ഉരുട്ടുേമ്പാൾ തലക്ക് നിൽക്കുന്ന പൊലീസുകാരൻ ശക്തമായി ചെകിടത്ത് അടിക്കുകയും ചെയ്തു. അസഹ്യമായ വേദന അനുഭവപ്പെടുമ്പോൾ ഇര നിലവിളിക്കുക സ്വാഭാവികമാണ്. അപ്പോൾ പൊലീസുകാർ വായ് പൊത്തിപ്പിടിക്കും. അങ്ങനെയാണ് രാജൻ കൊല്ലപ്പെട്ടത്. ജീവിച്ചിരുന്നുവെങ്കിലും രാജന് പറയാൻ രഹസ്യമുണ്ടായിരുന്നില്ല. ഓരോ മരണവും ജയറാം പടിക്കൽ, മുരളി കൃഷ്ണദാസ്, ലക്ഷ്മണ, മധുസൂദനൻ തുടങ്ങിയ പൊലീസ് മേധാവികൾ ആഘോഷിച്ചു.
ഈ പ്രാകൃത മർദനമുറ അടിയന്തരാവസ്ഥക്കു ശേഷം നടന്ന വെളിപ്പെടുത്തലിലൂടെ ലോകം തിരിച്ചറിഞ്ഞു. അതോടെ താൽക്കാലികമായി ശമനമുണ്ടായി. എല്ലാം പെട്ടെന്നു മറക്കുന്ന രീതിയാണ് നമ്മുടേത്. നമ്മുടെ ജാഗ്രതാ ബോധം മറന്നുതുടങ്ങിയപ്പോൾ മർദകരായ പൊലീസുകാർ വീണ്ടും ഉലക്കയും ഇരുമ്പ് കുഴലുകളുമായെത്തി. അവർ ഉദയകുമാറിനെ ഉരുട്ടിക്കൊന്നു.
13 വർഷം കഴിഞ്ഞാണ് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കുന്നത്. ഉരുട്ടൽ എന്ന മർദനമുറ ചരിത്രപരമായിരിക്കുന്നതുപോലെ ഈ ശിക്ഷയും ചരിത്രത്തിലേക്ക് എത്തിനിൽക്കുന്നു. രണ്ട് പൊലീസുകാർക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. കൊന്നവനെ കൊല്ലുമെന്ന നീതിന്യായ രീതിയാണ് ഇതിലൂടെ നടപ്പാക്കിയത്. ഈ വിധി ഇതുവരെ നടന്ന പൊലീസ് മർദന കേസുകളിൽ അനന്യമാണ്. കുറെ വർഷങ്ങൾക്കു മുമ്പ് കേരളത്തിലൊരു ആദിവാസിയെ മർദിച്ച് കൊന്നതിന് പൊലീസുകാരന് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഈ കേസിൽ രണ്ട് പൊലീസുകാർക്കാണ് വധശിക്ഷ.
ചരിത്രം അങ്ങനെയാണ്. അത് അറസ്റ്റിലൂടെ, വിചാരണയിലൂടെ, വിധികളിലൂടെ മുന്നേറും. ചുരുക്കം ചില സന്ദർഭങ്ങളിലത് തടവറയിലെ ഏകാന്ത മർദനങ്ങളിൽ പൊലിഞ്ഞുപോകും. ഇവിടെ 13 വർഷത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെ അടച്ചിട്ട മുറിയുടെ രഹസ്യാത്മകതയിൽ സംഭവിച്ച കൊലപാതകം കൂറുമാറിപ്പോയ ദൃക്സാക്ഷി ഉണ്ടായിട്ടുകൂടി അവിടെ കുഴിച്ചുമൂടിയില്ല.
നാം ഇന്നു കാണുന്ന മാതിരി ചരിത്രം അതിൻെറ പ്രതികാര ധർമം നിർവഹിച്ചിരിക്കുന്നു. ഉദയകുമാറിൻെറ അമ്മ പറഞ്ഞതുപോലെ പ്രതികൾ ശിക്ഷ ലഭിക്കുമ്പോൾ ചരിത്രം നീതീകരിക്കപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.