ഇന്ത്യൻ സ്ത്രീത്വത്തിന്റെ പോരാട്ടവിജയം
text_fieldsന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ഒരു സ്ത്രീയുടെ അന്തസ്സിനായുള്ള പോരാട്ടത്തോട് രാജ്യത്തെ പരമോന്നത കോടതി ചേർന്നുനിന്ന് പുറപ്പെടുവിച്ച വിധിപ്രസ്താവത്തോടെ, പോരാടിയ ബിൽക്കീസ് ബാനുവും വിധി പറഞ്ഞ ജസ്റ്റിസ് നാഗരത്നയും നാരീശക്തിയുടെ ഉദാഹരണങ്ങളായി. ഒരു സ്ത്രീ ഉന്നതങ്ങളിലോ താഴെ തട്ടിലോ ആകട്ടെ, പിന്തുടരുന്ന വിശ്വാസം ഏതാകട്ടെ, ഏതു വർഗത്തിൽ നിന്നാകട്ടെ, അവർ ആദരവർഹിക്കുന്നുണ്ട് എന്നുപറഞ്ഞാണ് ഒരു സ്ത്രീയുടെ അന്തസ്സിനായുള്ള പോരാട്ടത്തിന് ഐക്യദാർഢ്യമായി മാറിയ വിധിപ്രസ്താവം ജസ്റ്റിസ് നാഗരത്ന തുടങ്ങിയത്. നീതി തേടി 21ാം വയസ്സിൽ ബിൽക്കീസ് തുടങ്ങിയ പോരാട്ടത്തിന്റെ ചരിത്രരേഖകൂടിയായി വിധി മാറി.
സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യത്തിലേർപ്പെട്ട കുറ്റവാളികൾക്ക് ശിക്ഷ തീരാതെ മോചനം അനുവദിക്കാമോ എന്ന ചോദ്യമാണ് ബിൽക്കീസ് ബാനു കേസ് ഉയർത്തുന്നതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന തന്റെ വിധിന്യായത്തിൽ വ്യക്തമാക്കി.
ബിൽക്കീസ് ഗുജറാത്ത് ഹൈകോടതിയിലാണ് പോകേണ്ടതെന്നും ബിൽക്കീസിന്റെ നീതിക്കായി വനിത നേതാക്കളായ മഹുവ മൊയ്ത്രക്കും സുഭാഷിണി അലിക്കും പൊതുതാൽപര്യ ഹരജി സമർപ്പിക്കാൻ അധികാരമില്ലെന്നുമുള്ള ഗുജറാത്ത് സർക്കാറിന്റെ വാദങ്ങൾ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് തള്ളിക്കളഞ്ഞു.
ഗർഭിണിയായ ബിൽക്കീസ് കൂട്ടബലാത്സംഗത്തിനിരയായതിനു പുറമെ അവരുടെ മാതാവും ആയിടക്ക് പ്രസവം കഴിഞ്ഞ പിതൃസഹോദരീപുത്രിയും കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസാണിതെന്ന് ജസ്റ്റിസ് നാഗരത്ന തുടർന്നു. കുറ്റവാളികൾ കൊലപ്പെടുത്തിയ കുടുംബത്തിലെ 14 പേരിൽ ബിൽക്കീസ് ബാനുവിന്റെ മകളടക്കം എട്ടുപേരും പ്രായപൂർത്തിയാകാത്തവരാണ്. ബിൽക്കീസിന്റെ മൂന്നു വയസ്സുള്ള മകളെ അവരുടെ മുന്നിൽവെച്ച് തല നിലത്തടിച്ചാണ് കൊന്നതെന്നും അവരുടെ അമ്മാവനും അമ്മായിയും പിതൃവ്യനുമെല്ലാം കൊല്ലപ്പെട്ടതും വിധിപ്രസ്താവത്തിലുണ്ട്. തുടർന്ന് ഗുജറാത്ത് പൊലീസ് അന്വേഷണത്തിന്റെ വഴിയടച്ചതും സി.ബി.ഐ അന്വേഷണത്തിനായി ബിൽക്കീസ് സുപ്രീംകോടതിയെ സമീപിച്ചതും ആ വിചാരണ ഗുജറാത്തിൽനിന്ന് മാറ്റിച്ചതുമടക്കമുള്ള ബിൽക്കീസിന്റെ മുള്ളുനിറഞ്ഞ വഴികളെല്ലാം ജസ്റ്റിസ് നാഗരത്ന രേഖപ്പെടുത്തി.
മനസാക്ഷിയുള്ള ഏതൊരു മനുഷ്യജീവിയേയും നടുക്കിയിരുന്നു ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച നടപടി. മോദിയുടെ ഇന്ത്യയിൽ നിന്ന് നന്മ പ്രതീക്ഷിക്കാനാവില്ലെന്നോർത്ത് അവരിൽ പലരും മടിച്ചു നിൽക്കെ ഇന്ത്യൻ ഭരണഘടനയിലും നീതിപീഠത്തിലും വിശ്വാസമർപ്പിച്ച് മുന്നോ
ട്ടുപോയി ബിൽക്കീസ്. അഡ്വ. ശോഭാ ഗുപ്ത അവർക്കായി കോടതിയിൽ ഉശിരോടെ വാദിച്ചു. എം.പിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മഹുവ മൊയ്ത്ര, മുൻ എം.പിയും സി.പി.എം. നേതാവുമായ സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലോൽ എന്നിവർ നൽകിയ പൊതുതാൽപര്യ ഹരജികളിൽ അഡ്വ.ഇന്ദിര ജയ്സിങ്, അഡ്വ.വൃന്ദ ഗ്രോവർ, അഡ്വ. അപർണ ഭട്ട് എന്നിവർ ഹാജറായി. അഡ്വ. നിസാമുദ്ദീൻ പാഷ, അഡ്വ. പ്രതീക് ആർ. ബോംബാർഡേ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഈ പോരാട്ടത്തിന് ഉജ്വലമായ വിധിന്യായത്തിലൂടെ അടിവരയിട്ടു ജസ്റ്റിസ് നാഗരത്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.