മത ഘോഷയാത്രയിൽ എന്തിനാണ് ആയുധങ്ങൾ?
text_fieldsരാമനവമി ഘോഷയാത്രകൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളിൽ സ്വത്തുവകകൾക്കുണ്ടായ നാശം വിലയിരുത്താനും നഷ്ടബാധിതർക്ക് മതിയായ നഷ്ടപരിഹാരം നൽകാനും ബംഗാൾ, ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഝാർഖണ്ഡ് സർക്കാറുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഒരു ഹരജി സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നു.
വിദ്വേഷകുറ്റങ്ങൾ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന 2018ലെ തെഹ്സീൻ പൂനാവാല കേസിലെ സുപ്രീംകോടതി മാർഗനിർദേശം ഈ സംസ്ഥാനങ്ങൾ പാലിച്ചിട്ടില്ല എന്നും അത് പാലിച്ചിരുന്നുവെങ്കിൽ രാമനവമി വേളയിൽ ഇത്തരം ലജ്ജാകരമായ സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നും ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് എന്ന സംഘടനക്ക് വേണ്ടി ഹരജി നൽകിയ അഭിഭാഷകരായ വിഷ്ണു ശങ്കർ ജെയിൻ, ഹരിശങ്കർ ജയിൻ എന്നിവർ ചൂണ്ടിക്കാട്ടുന്നു.
അക്രമം, കൊള്ളിവെപ്പ്, കല്ലേറ്, മുസ്ലിം വിരുദ്ധ വിദ്വേഷ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ഇത്യാദി കാര്യങ്ങൾ ഇത്തരം ഘോഷയാത്ര വേളയിൽ പതിവ് സംഭവങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. മത ഘോഷയാത്രകളിലെ സായുധ പ്രകടനങ്ങളും അതിക്രമങ്ങളും വഴി മതധ്രുവീകരണത്തിന് ആക്കംകൂട്ടാനും വരുംവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നേട്ടമാക്കി മാറ്റുന്നതിനുമാണ് നീക്കങ്ങൾ.
ബംഗാൾ, ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, യു.പി, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലായി കുറഞ്ഞത് 15 വർഗീയ സംഘട്ടനങ്ങളെങ്കിലും ഈ മാസം മാത്രം നടമാടിയിട്ടുണ്ട്. മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വർഷമായി ബംഗാൾ ഇത്തരം അനിഷ്ടസംഭവങ്ങളുടെ സ്ഥിരംകേന്ദ്രമാണ്.
കഴിഞ്ഞ വർഷം ഹനുമാൻ ജയന്തി ആഘോഷ വേളയിലാണ് ദിവസങ്ങൾ നീണ്ട കലാപ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്തരം അക്രമങ്ങളെക്കുറിച്ച് ‘വിദ്വേഷത്തിന്റെ വഴികൾ’ എന്ന പേരിൽ സിറ്റിസൺസ് ആൻഡ് ലോയേഴ്സ് ഇനീഷ്യേറ്റിവ് പുറത്തിറക്കിയ റിപ്പോർട്ടിന്റെ ആമുഖത്തിൽ സുപ്രീംകോടതി മുൻ ജഡ്ജി റോഹിങ്ടൺ നരിമാൻ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട് - രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള പൊലീസ് സേനയെ ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരജനങ്ങളുടെ മൗലിക കടമകളെക്കുറിച്ചും ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിൽ താമസിക്കുന്ന മുസ്ലിംകളെല്ലാം ഇന്ത്യക്കാരാണ് എന്ന് അവരെ ഉണർത്തിക്കൊണ്ട് വേണം ഇതാരംഭിക്കാൻ. ഈ അടിസ്ഥാനവസ്തുത എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് സേനകളിലേക്ക് ഊട്ടിയുറപ്പിച്ചു കഴിഞ്ഞാൽ കാര്യങ്ങൾ ഏറെ മെച്ചപ്പെട്ടേക്കും. പൊലീസിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കാനും നടപടി വേണം. സാഹോദര്യം സാധ്യമാക്കുന്നതിനുള്ള ദീർഘവും കഠിനവുമായ പാതയുടെ തുടക്കമായി അതു മാറും.
മുസ്ലിം സമുദായത്തെ ഉന്നമിട്ട് വിവിധ സംസ്ഥാനങ്ങളിൽ നടന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം രാജ്യകൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് (ഒ.ഐ.സി) ജനറൽ സെക്രട്ടേറിയറ്റ് ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാക്രമം പുസ്തകങ്ങളോടും
ബിഹാറിലെ നാല് ജില്ലകളിൽ വ്യാപക വർഗീയ അതിക്രമങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നാളന്ദയിലെ ബിഹാർ ശരീഫിലാണ് അതി ഭയാനകമായ സംഭവങ്ങളരങ്ങേറിയത്. ഡസനിലേറെ കടകളും ഗോഡൗണുകളും തീവെക്കപ്പെട്ടതിനു പുറമെ നൂറുവർഷത്തിലേറെ പഴക്കമുള്ള മദ്റസ അസീസിയയും 4500 ലേറെ അപൂർവ പുസ്തകങ്ങളുണ്ടായിരുന്ന അവിടത്തെ ലൈബ്രറിയും തീവെച്ച് ചാരമാക്കിക്കളഞ്ഞു.
‘‘രാമനവമി ഘോഷയാത്രകൾക്ക് നേരെ കല്ലേറുണ്ടാവുകയും അതിന്റെ പരിണിതഫലമായി അക്രമം ഉണ്ടാവുകയും ചെയ്തുവെന്ന കഥയാണ് വലിയൊരു വിഭാഗം മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ഘോഷയാത്രയിൽ ആയുധമേന്തി പങ്കുചേരുന്നവർ, വിദ്വേഷം മുറ്റുന്ന മുദ്രാവാക്യങ്ങൾ, മസ്ജിദുകൾക്ക് മുന്നിൽ നടത്തുന്ന പ്രകോപനപരമായ ചെയ്തികൾ എന്നിവയൊന്നും കണ്ടില്ലെന്ന് നടിക്കുന്നു അവർ’’ -സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകൻ പ്രഫ. രാം പുനിയാനി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഖാർഗോണിൽ നടന്ന സംഭവങ്ങൾ വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഘോഷയാത്രക്ക് കല്ലെറിഞ്ഞു എന്നപേരിൽ ന്യൂനപക്ഷ സമുദായക്കാരുടെ 51 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് അധികൃതർ തകർത്ത് മണ്ണോട് ചേർത്തത്.
രാമനവമി ആഘോഷങ്ങളുടെ രീതിയിൽ കുറച്ചു വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിലേക്കും പ്രഫ. പുനിയാനി ശ്രദ്ധക്ഷണിക്കുന്നു. യുവാക്കൾ വാളുകളുമേന്തിയാണ് ഘോഷയാത്രകളിൽ പങ്കുകൊള്ളുന്നത്. ഇക്കുറി ഒരു ഘോഷയാത്രയിൽ ഉയർത്തിപ്പിടിച്ച തോക്കും കാണാനായി. കാതടപ്പിക്കുന്ന ശബ്ദഘോഷവും മുസ്ലിം അധിക്ഷേപ മുദ്രാവാക്യങ്ങളും സകല അതിരുകളും ലംഘിച്ചു.
അനുമതി ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കാതെ മുസ്ലിം ഭൂരിപക്ഷ മേഖലകളിലൂടെ കടന്നുപോകുന്ന ഘോഷയാത്രക്കിടെ പള്ളികളിലേക്ക് നിറക്കൂട്ടുകളെറിയലും കടന്നുകയറി കാവിക്കൊടി നാട്ടലുമെല്ലാം നിർബന്ധ കർമങ്ങൾ പോലെയായിക്കഴിഞ്ഞിരിക്കുന്നു.
ബംഗാളിലെ കുഴപ്പക്കാർ
ബംഗാളിൽ നടന്ന കുഴപ്പങ്ങൾക്ക് പിന്നിൽ ബി.ജെ.പിയുടെ കലാപപദ്ധതിയാണെന്ന് തുറന്നു പറയുന്നു മുഖ്യമന്ത്രി മമത ബാനർജി. ‘‘രാജ്യത്ത് നൂറിടങ്ങളിലെങ്കിലും അവർ ഇത് തന്നെ ചെയ്തിട്ടുണ്ട്. മതങ്ങൾ ഒരിക്കലും അതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല, അവ സമാധാനമാണ് പ്രഘോഷിക്കുന്നത്. ഹൗറയിൽ ഘോഷയാത്ര ചില വഴികളിലൂടെ പോകരുത് എന്ന് ആവർത്തിച്ചു പറഞ്ഞിട്ടും തോക്കും പെട്രോൾ ബോംബും മറ്റ് ആയുധങ്ങളുമായി ഘോഷയാത്രയിൽ കടന്നുകൂടിയ ക്രിമിനലുകൾ ന്യൂനപക്ഷ സമുദായം താമസിക്കുന്ന ഇടങ്ങളിൽ അതിക്രമം അഴിച്ചുവിടുകയായിരുന്നു. ബി.ജെ.പി, ഹിന്ദു മഹാസഭ, ബജ്രംഗ് ദൾ എന്നിങ്ങനെ എന്തു പേരിൽ അറിയപ്പെട്ടാലും ശരി അവർ നടത്തുന്നത് ബോധപൂർവമായ അക്രമമമാണ്’’. ഇത് പറഞ്ഞതോടെ മമത മുസ്ലിംകളോട് മൃദുസമീപനം പുലർത്തുന്നു എന്ന ആക്ഷേപവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം.
ഏതു മതവിഭാഗത്തിനും ഘോഷയാത്രകളും പ്രാർഥനാ സംഗമങ്ങളും ബഹുജന ആഘോഷങ്ങളും നടത്താൻ രാജ്യത്ത് എല്ലാവിധ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ടെങ്കിലും മറ്റുള്ള ആളുകൾക്ക് ബുദ്ധിമുട്ടും അസൗകര്യവും സൃഷ്ടിക്കുന്നതിനെ ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. അതിക്രമങ്ങൾ ഒരുവിധേനയും അംഗീകരിക്കാനുമാവില്ല- മുതിർന്ന മനുഷ്യാവകാശ-മാധ്യമ പ്രവർത്തകൻ ജോൺ ദയാൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.