വെർച്വൽ ബദലല്ല; യാഥാർഥ്യമാണ്
text_fieldsദൂരങ്ങളുടെ അന്ത്യം പ്രഖ്യാപിച്ചുകൊണ്ടാണ് നവസംവേദന സാങ്കേതികവിദ്യയുടെ കടന്നുവരവു തന്നെ. അകലങ്ങളെ സമയവേഗതകൊണ്ട് അതിവർത്തിക്കുന്നതാണ് നവസംവേദന സാങ്കേതികവിദ്യകൾ. തൊണ്ണൂറുകളുടെ പകുതിയോടെ വെബ് പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയായി വികാസം പ്രാപിച്ചെങ്കിലും പലതരത്തിലുള്ള തടസ്സങ്ങൾ ഈ സാങ്കേതികവിദ്യയുടെ സാധ്യതകളെ പൂർണമായും ഉപയോഗപ്പെടുത്തുന്നതിൽ പരിമിതിയുണ്ടാക്കിക്കൊണ്ടിരുന്നു.
രണ്ടായിരാമാണ്ടിെൻറ തുടക്കത്തിലുള്ള ഇൻറർനെറ്റ് സാങ്കേതികവിദ്യയല്ല നമ്മളിന്ന് ഉപയോഗിക്കുന്നത്. ഏറക്കുറെ സയൻസ് ഫിക്ഷെൻറ തലത്തിൽ മാത്രം വ്യാപരിച്ചിരുന്ന പലതും ഇന്ന് യാഥാർഥ്യമായിരിക്കുന്നു. ഓൺലൈൻ വിദ്യാഭ്യാസം, ടെലി മെഡിസിൻ, അകലങ്ങളെ അപ്രസക്തമാക്കിയ ദൃശ്യാധിഷ്ഠിത വിനിമയം, ബാങ്കിങ്, കച്ചവടം, മറ്റിതര സേവനങ്ങൾ വരെ വെർച്വൽവത്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതിെൻറ തുടർച്ചയായാണ് വർക് ഫ്രം ഹോം പോലുള്ള തൊഴിൽ സേവനങ്ങൾ യാഥാർഥ്യമായതും അതിനെ അധികരിച്ചുള്ള നിയമം പ്രാബല്യത്തിൽ വരാൻ പോകുന്നതും.
വെർച്വൽവത്കരണത്തിെൻറ തുടക്ക ഘട്ടം മാത്രമാണിത്. 5 ജി യിലേക്ക് മാറാൻ തുടങ്ങുന്നതേയുള്ളൂ. അതോടെ മൾട്ടിമീഡിയ സംവേദനവും ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നു വിളിക്കുന്ന ശൃംഖലാധിഷ്ഠിത വിനിമയ വ്യവസ്ഥയും പ്രയോഗത്തിൽ വന്നിരിക്കും. രണ്ടായിരാമാണ്ട് ആരംഭത്തിലെ ഇന്റർനെറ്റ് സംവേദനത്തിൽ ലഭ്യമായിരുന്ന സേവനങ്ങളും സമീപകാലത്തു സാധ്യമായ സാങ്കേതിക സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അനുമാനിക്കാനാവുന്നത് സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ത്വരിതഗതി ഉറപ്പായും അപ്രതീക്ഷിത മാറ്റങ്ങളായിരിക്കും അനുഭവവേദ്യമാക്കുക എന്നാണ്.
ടെലിപോർട്ടിങ് പോലുള്ള സാധ്യതകൾ ഇമ്മേഴ്സിവ് (immersive) സാങ്കേതികവിദ്യ പ്രദാനം ചെയ്യുമെന്നതു സയൻസ് ഫിക്ഷെൻറ തലത്തിൽ നിൽക്കുന്ന കാര്യങ്ങളാണെന്ന് വേണമെങ്കിൽ വാദിക്കാം. സയൻസ് ഫിക്ഷനിൽ സങ്കല്പിച്ചത് പലതും പിന്നീട് യാഥാർഥ്യമായിട്ടുണ്ട് എന്നാണ് ഇതിന്റെ മറുവാദം. എന്തായാലും ഒരു കാര്യം വ്യക്തം. സംവേദന സാങ്കേതിക വിദ്യ ഒന്നൊഴിയാതെ എല്ലാ മനുഷ്യ വ്യാപാരങ്ങളെയും പൂർണമായും നവീകരിച്ചുകൊണ്ടിരിക്കുന്നു. ഈ നവീകരണത്തിന്റെ പ്രധാനഘടകം തന്നെ വേഗതയാണ്. വളരെ സമയമെടുത്ത് ചെയ്തിരുന്ന കാര്യങ്ങൾ ചടുലവേഗത്തിൽ ചെയ്യാമെന്നായി. അതായത്, അൽഗോരിതം മനുഷ്യ ഇടപാടുകളിൽ അന്തർഹിതമായ പ്രക്രിയകളെ തിരിച്ചറിയുകയും അതിനെ ലഘൂകരിക്കുകയും ചെയ്തു. േഡറ്റാധിഷ്ഠിതമാകുന്നതോടെ ഓരോ പ്രക്രിയയിലെ വിവരങ്ങൾ തിരിച്ചെടുക്കാനും എപ്പോൾ വേണമെങ്കിൽ പകർത്തപ്പെടാനും സാധ്യമാകുന്ന പ്രവർത്തനങ്ങളാണ് ഓട്ടോമേഷനിലൂടെ നടപ്പിൽ വരുന്നത്. സാങ്കേതികവിദ്യ വാസ്തവിക പ്രവർത്തനങ്ങളെയും പ്രക്രിയകളെയും ഭവധർമകാത്മകമായ (virtual െൻറ ഭാഷാന്തരീകരണത്തിനു പ്രഫ. നിസാർ അഹ്മദിനോട് കടപ്പാട്) തലത്തിലേക്ക് പരിവർത്തിപ്പിച്ചു.
ദൂരങ്ങളുടെ ലഘൂകരണവും കെ-െറയിലും
ദൂരങ്ങളുടെ ലഘൂകരണമാണ് കേരളം ഇന്ന് വ്യാപകമായി ചർച്ചചെയ്യുന്നത്. അതുമായി ബന്ധപ്പെടുത്തി ഏറ്റവും അനുയോജ്യമായ വികസന മാതൃകയായാണ് കെ -െറയിൽ അവതരിപ്പിക്കപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയത്തിൽ കേരളത്തിെൻറ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാമത്രെ.
വളരെയധികം കാലപ്പഴക്കംവന്ന, തീർത്തും അപ്രസക്തമായ ഭരണനിർവഹണ മാതൃകയാണ് കാസർകോടുകാർ തിരുവനന്തപുരത്തു വ്യക്തിഗതമോ ഔദ്യോഗികമോ ആരോഗ്യപരമോ ആയ കാര്യങ്ങൾക്ക് വരേണ്ടിവരുക എന്നത്. അതതു സ്ഥലങ്ങളിൽനിന്നു തന്നെ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്ന വെർച്വൽ സാധ്യതയാണ് വരാൻ പോകുന്നത്. മീറ്റിങ്ങുകൾ ഇപ്പോൾ തന്നെ വെർച്വൽ ആയിക്കഴിഞ്ഞു. ആരോഗ്യമേഖലയിൽ ശ്രദ്ധാപൂർവം മുതൽമുടക്കു നടത്തിയാൽ അതതു പ്രദേശത്തുള്ളവർക്ക് അവിടങ്ങളിലെ ആശുപത്രികളിൽ തന്നെ ചികിത്സ നടത്താം. ഡോക്ടർമാരുമായി കൺസൾട്ടേഷന് ഓൺലൈൻ സംവിധാനങ്ങൾ നിലവിലുണ്ട്.
കെ- റെയിലിനു ബദലാണ് വെർച്വൽവത്കരണം എന്ന വിവക്ഷയല്ല. കാരണം, ഭൗതികമായ ആവശ്യങ്ങൾക്ക് പകരമാവുകയില്ലല്ലോ വെർച്വൽ. അതേസമയം, അകലങ്ങളുടെ ലഘൂകരണം ഏറ്റവും ഫലപ്രദമാകുന്നത് വെർച്വൽ ഇടപാടുകളിലൂടെയാണ്. െറയിൽനിർമാണത്തിന് ചെലവാക്കുന്നതിെൻറ കാൽഭാഗം പോലും വരില്ല ഇതിനുള്ള മുതൽമുടക്ക്. കെ ഫോൺ പോലുള്ള കേരള സർക്കാറിെൻറ ബൃഹദ് പദ്ധതി ഈ നിലയിൽ വലിയൊരു മാറ്റത്തിനു വഴിവെയ്ക്കുന്നതാണ്. ഇൻറർനെറ്റ് മൗലികാവകാശമാണെന്ന ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ ബജറ്റിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.
വാദപ്രതിവാദങ്ങളിൽ മറയ്ക്കപ്പെടുന്നത്
കെ -െറയിലിന്റെ വിജയ സാക്ഷാത്കാരത്തെപ്പറ്റി വാദിഭാഗവും പ്രതിഭാഗവും അവരവരുടെ വാദം ഉന്നയിക്കുന്നത് ഭാവിയെ മുൻനിർത്തിയാണ്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിക്കുന്നതു തന്നെ ഭാവി തലമുറയ്ക്ക് വേണ്ടി തെൻറ സർക്കാർ നിർവഹിക്കുന്ന ഒരു പ്രധാന കർത്തവ്യം എന്ന നിലയിലാണ്. ഭരണാധികാരി ചരിത്രപുരുഷനാകാൻ ശ്രമിക്കുന്നത് സ്വാഗതാർഹം തന്നെ.
സാങ്കേതികമല്ലാത്ത കാര്യങ്ങളല്ലാതെ കെ-െറയിലിനെ പാരിസ്ഥിതികപ്രശ്നം ഉന്നയിച്ചു എതിർക്കുന്നവരും ഭാവിയിൽ പരിസ്ഥിതിക്കുണ്ടാകാവുന്ന ആഘാതങ്ങളും തന്നിമിത്തം ജനങ്ങൾക്ക് സംഭവിക്കാൻ പോകുന്ന ദുരിതങ്ങളുമാണ് ഉന്നയിക്കുന്നത്. ഭാവിയാണ് വിഷയമെങ്കിൽ സാങ്കേതികരംഗത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പരിഗണനയർഹിക്കുന്നു. പുതിയ നൂറ്റാണ്ടിെൻറ സവിശേഷതതന്നെ ത്വരിതഗതിയിലുള്ള സാങ്കേതികവിദ്യയുടെ കുതിപ്പാണ്. ഈ മഹാമാരിയുടെ രണ്ടു വർഷംകൊണ്ടുതന്നെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ വന്ന മാറ്റങ്ങൾ മാത്രം പരിഗണിച്ചാൽ അറിയാം സാങ്കേതികരംഗെത്ത മാറ്റങ്ങളും ലോകമെമ്പാടും അത് സ്വീകരിക്കുന്നതിലുള്ള വേഗതയും.
ഇതു കണക്കിലെടുക്കുമ്പോൾ വെർച്വൽവത്കരണം അതിവേഗത്തിൽ ജീവിത വ്യവസ്ഥകളെ മാറ്റിമറിക്കുന്നു എന്ന് കാണാം. മുമ്പ് വിവരസാങ്കേതിക വിദ്യ കേന്ദ്രിതമായ വ്യവസായസ്ഥാപനത്തിന് സർക്കാറുകൾ ഏറ്റവും പ്രാമുഖ്യം നൽകിയിരുന്നത് സ്ഥലമേറ്റെടുപ്പിനും വൻകെട്ടിട സമുച്ചയങ്ങൾ നിർമിക്കാനുമാണ്. ഇഷ്ടികയെയും കുമ്മായത്തെയും ആശ്രയിക്കാത്ത പുത്തൻ വ്യവസായമെന്ന നിലയിലാണ് ഐ.ടി വിഭാവനം ചെയ്യപ്പെട്ടത്. എങ്കിലും മൂലധനതാൽപര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള വികലമായ മുൻഗണനയുടെ അടിസ്ഥാനത്തിൽ സ്മാർട്ട് നഗര കെട്ടിട സമുച്ചയങ്ങൾ നിർമിക്കുക എന്ന നിലയിൽ റിയൽ എസ്റ്റേറ്റ് താല്പര്യമായി അത് ചുരുങ്ങിപ്പോയി. ലോക്ഡൗണാനന്തരം ഈ വൻ കെട്ടിടസമുച്ചയങ്ങളുടെ അനാവശ്യകതയാണ് ഗൗരവമായി ചർച്ച ചെയ്യുന്ന കാര്യം.
സമീപകാലത്താണ് കേന്ദ്രസർക്കാർ ഡ്രോൺ ഉപയോഗത്തിനുള്ള ലൈസൻസ് ഉദാരവല്കരിച്ചത്. ആഭ്യന്തരഗതാഗതം, കൃഷി ആവശ്യങ്ങൾ, അടിയന്തരസാഹചര്യങ്ങളിൽ മരുന്ന്, ഭക്ഷണം, മറ്റു അവശ്യ സാധനങ്ങൾ എന്നിവയുടെ വിതരണം എന്നീ കാര്യങ്ങൾക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അനുമതി കേന്ദ്രം നൽകിയിരിക്കുന്നത്. വാർത്താവിനിമയങ്ങൾക്കും ഡ്രോൺ ഉപകാരപ്രദമാകും. നിലവിൽ 500 കിലോഗ്രാം ഭാരം മാത്രമേ ഡ്രോണിന് വഹിക്കാൻ അനുവാദമുള്ളൂ. പക്ഷേ, ഡ്രോൺ സാങ്കേതികവിദ്യയും അതിന്റെ പ്രാഥമികഘട്ടത്തിലാണ്. കൂടുതൽ വികസ്വരമാകുന്നതോടെ ഡ്രോൺ മറ്റിതര പ്രവർത്തനങ്ങൾക്കു കൂടി ഉപകാരപ്പെടും. ഇങ്ങനെയുള്ള സാങ്കേതികവിദ്യകൾ പഴയ ഗതാഗതവ്യവസ്ഥകളെ മാറ്റിത്തീർക്കുകയാണ്. അതിനാൽ പരിസ്ഥിതിയെ ആഘാതപ്പെടുത്തുന്ന കുന്നും മേടും തുരന്നും ഭൂമിയെ പിളർന്നും പോകുന്ന പഴയ ഗതാഗതസംവിധാനങ്ങളെക്കുറിച്ചു പുനർചിന്തിക്കാനുള്ള അവസരമാണ്. നാം ആദ്യം ഉപേക്ഷിക്കേണ്ടത് മൂലധന സഞ്ചയനത്തെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ തന്നെ അടിസ്ഥാനമായ വളർച്ചാഭിനിവേശിതമായ (growth -obsessed) മാർഗത്തെയാണ്.
വെർച്വൽ മാറ്റങ്ങളെ കണ്ടുവേണം പരിഷ്കാരങ്ങൾ
ദൈനംദിന സഞ്ചാരങ്ങൾ പരമാവധി ലഘൂകരിച്ചു സ്വസ്ഥമായി ഒരിടത്തുനിന്നുതന്നെ തൊഴിൽ ചെയ്യാൻ പറ്റുന്നതും അതുകൊണ്ടുതന്നെ, കൂടുതൽ വിശ്രമസമയം അനുവദിക്കുന്നതും ഒരുവരുടെ സ്വകാര്യ ഇഷ്ടങ്ങൾ പരിപോഷിപ്പിക്കാൻ പറ്റുന്നതുമായ വെർച്വൽവത്കരണമായിരിക്കും ഭാവിയിൽ സാധ്യമാവുക. വേഗതയുള്ള സഞ്ചാരം തന്നെ മുതലാളിത്ത വികസനത്തിെൻറ ആവശ്യമായിരുന്നു. വെർച്വൽവത്കരണം മൂലധന നിർമുക്തമാണെന്ന വാദമില്ല. കാരണം, വെർച്വലിലൂടെ തൊഴിലിൽ സമർപ്പിതമായ ഒരു വർഗത്തെയും മുതലാളിത്തം വിഭാവനം ചെയ്തിട്ടുണ്ട്.
അതുകൊണ്ടാണ് വർക് ഫ്രം ഹോം ആശയം പെട്ടെന്നുതന്നെ കോർപറേറ്റുകൾ പരിരംഭണം ചെയ്തതും ഇപ്പോൾ നിയമമാകാൻ പോകുന്നതും. വെർച്വൽവത്കരണം ഭൗതികസഞ്ചാരത്തെ ഇല്ലാതെയാക്കുകയല്ല. പകരം സഞ്ചാരത്തെ പുതിയ രീതിയിൽ വിഭാവനം ചെയ്യുകയാണ്. സഞ്ചാരം കൂടുതൽ വിനോദപ്രദമാകും. സമയമെടുത്ത് ആസ്വദിച്ചു പതുക്കെ യാത്ര ചെയ്യുന്ന വിധം സഞ്ചാര സങ്കൽപം മാറാനിടയുണ്ട്. വെർച്വലായ തൊഴിലുകൾക്ക് മാത്രമല്ലേ ഇത് ബാധകമാവുകയുള്ളൂ എന്ന ചോദ്യത്തിന് ഉത്തരം ശാരീരിക പ്രയത്നം വരുന്ന തൊഴിലുകൾക്കും ഈ മാറ്റം അനുഗുണമായിരിക്കും എന്നതാണ്. ഓരോ തൊഴിലിന്റെയും സവിശേഷ സന്ദർഭത്തിൽ വെർച്വൽവത്കരണം എങ്ങനെ സഹായകമാകുമെന്ന് വിശദമായി വിഭാവനം ചെയ്യേണ്ടതുണ്ട്. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. ഇതാണ് ഭാവിയുടെ സാങ്കേതിക വിദ്യ. മെറ്റാവേഴ്സ് (metaverse) പോലുള്ള വെർച്വൽ സാങ്കേതികവിദ്യ യാഥാർഥ്യമായിക്കഴിഞ്ഞിരിക്കുന്നു. ഭാവിതലമുറയ്ക്കുവേണ്ടിയുള്ള വികസന സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്നവർ ഈ മാറ്റങ്ങളെകൂടി മുൻകൂട്ടി കാണാൻ ബാധ്യസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.