വൈറസും സർവകലാശാലകളും
text_fieldsകോവിഡ് പശ്ചാത്തലത്തിൽ നമ്മുടെ സാമൂഹികസ്ഥാപനങ്ങളുടെ പ്രവർത്തനമണ്ഡലത്തെ ലാക്കാക്കി സമഗ്രമായ രാഷ്ട്രീയ തീരുമാനങ്ങൾ സാധിക്കുന്നില്ല എന്നാണ് നമ്മുടെ മുന്നിൽ പിടഞ്ഞുകൊണ്ടിരിക്കുന്ന ഉദാഹരണങ്ങൾ ഓർമിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സാമൂഹികസ്ഥാപനമായ വിദ്യാഭ്യാസരംഗത്തെക്കുറിച്ച നിരവധി വിമർശനങ്ങളും പര്യാലോചനകളും വന്നുകൊണ്ടിരിക്കുന്ന സമയമാണിത്.
സ്കൂളുകൾ, ബദൽ പ്രവർത്തനമെന്നോണം സർക്കാറിെൻറ ഒത്താശയോടെ നടപ്പാക്കുന്ന ഓൺലൈൻ ക്ലാസുകൾ ഒരു പരിധിവരെ ധർമം നിറവേറ്റുന്നുവെങ്കിലും, വിദ്യാർഥിസമൂഹം നേരിടുന്ന സാമൂഹിക, സാംസ്കാരിക, മനഃശാസ്ത്ര പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിലും പരിഹരിക്കുന്നതിലും അതിനും പരിമിതികൾ ഏറെയുണ്ടെന്നു വിദഗ്ധർ അനുഭവ പൊതുമണ്ഡലത്തെ ലാക്കാക്കി സമർഥിക്കുന്നു.
വിദ്യാഭ്യാസത്തിലൂടെ ആർജിച്ചെടുക്കേണ്ട ജൈവികമായ സാമൂഹിക, സാംസ്കാരിക രീതികൾ ഒരു പരിധിവരെ വിദ്യാർഥിസമൂഹത്തിന് അന്യമായിക്കൊണ്ടിരിക്കുന്നുവെന്നും കരിക്കുലം എന്ന സാമൂഹിക, സാംസ്കാരിക നിർമിതിയുടെ സാധ്യതകൾ ഈ സമ്പ്രദായത്തിൽ വേണ്ടത്ര ഫലംചെയ്യുന്നിെല്ലന്നും വിമർശനമുയരുന്നു. ഇത്തരം നീക്കങ്ങൾക്കൊന്നും തടയിടാതെ സർക്കാറും പ്രതിപക്ഷവും ഒരുപോലെ നിഷ്ക്രിയരാണ്. കോവിഡ് എന്ന മഹാമാരിയെ ഏറ്റവും ലളിതമായും ഒറ്റമൂലികൾകൊണ്ടും പരിഹരിക്കാൻ കഴിയുമെന്ന കാൽപനികവും ലളിതവുമായ രാഷ്ട്രീയ സമീപനത്തിൽനിന്നു സംഭവിച്ചതാണ് ഇതൊക്കെ.
ഉന്നത വിദ്യാഭ്യാസത്തിെൻറ കാര്യത്തിലേക്കു വന്നാലോ? ഉന്നതവിജ്ഞാനമേഖലപോലുള്ള ബൃഹത്തായ ഒരു സാമൂഹികസ്ഥാപനം കോവിഡ്കാലത്ത് എന്തു ക്രിയാത്മക പദ്ധതികളാണ് കേരളത്തിൽ ആവിഷ്കരിച്ചത് എന്നു പരിശോധിച്ചാൽ ഫലം നിരാശജനകമായിരിക്കും.
സ്കൂൾ വിദ്യാഭ്യാസമേഖലയിൽനിന്നു വേറിട്ട്, ഈ മഹാമാരിയെ ചെറുക്കാനും ബദൽ ജ്ഞാനമാർഗങ്ങൾകൊണ്ട്, സാമൂഹികസ്ഥാപനം എന്ന നിലയിൽ അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിക്കാനും നമ്മുടെ സർവകലാശാലകൾ എന്തുചെയ്തു? സ്കൂൾ അധികൃതർ പറയുേമ്പാലെ, ഞങ്ങൾ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചു എന്നു മാത്രം ഉരുവിട്ട് ആത്മനിർവൃതി അടയേണ്ടവയാണോ സ്വയംഭരണ സ്ഥാപനങ്ങൾ എന്നു പേർകൊണ്ട സർവകലാശാലകളും അവക്കു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും? ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് സവിസ്തരവും വിമർശനാത്മകവുമായ ഗൗരവപ്പെട്ട ചർച്ചകൾ നടക്കേണ്ടത് സർവകലാശാലകളിലാണ്. ചില സർവകലാശാല അധ്യാപകസംഘടനകൾ ചില മെലിഞ്ഞ സ്വരങ്ങൾ കേൾപ്പിച്ചു എന്നതൊഴിച്ചാൽ, വിദ്യാർഥി പ്രസ്ഥാനങ്ങളിൽനിന്നു ശ്രദ്ധേയമായ ഇളക്കങ്ങൾ ഉണ്ടായില്ല. കോവിഡിെൻറ മറവിൽ പുതിയൊരു അധികാരവ്യവസ്ഥ രൂപപ്പെടുമ്പോൾ നിശ്ശബ്ദത അവക്ക് മറുമരുന്നായി മാറുന്ന സാഹചര്യം കലാലയങ്ങളിലും വളരുന്നതിെൻറ ലക്ഷണങ്ങൾ കാണാതിരുന്നുകൂടാ.
കുട്ടികൾക്ക് വിദ്യാഭ്യാസത്തുടർച്ച നടത്തുന്നതിലും പരീക്ഷകൾ നടത്തുന്നതിലും സമൂഹത്തിെൻറ ആരോഗ്യപരിരക്ഷയിൽ താത്ത്വികമായ നിലപാടുകൾ രൂപവത്കരിക്കുന്നതിലും സർവകലാശാലകൾക്ക് റോൾ വേണ്ടേ? ഞങ്ങളും മറ്റുള്ളവരെപ്പോലെ അടച്ചിടാൻ നിർബന്ധിതരാണ് എന്ന് വരട്ടുനയത്തിന്മേൽ അള്ളിപ്പിടിച്ചിരിക്കുന്ന നയമാണോ സർവകലാശാലകൾ സ്വീകരിക്കേണ്ടത്? കോവിഡ് രോഗികൾക്ക് അതിെൻറ ചിട്ടവട്ടങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന അതേ ഗൗരവത്തിലോ, അതിനേക്കാളേറെയോ ജ്ഞാനോൽപാദനകേന്ദ്രങ്ങളായ സർവകലാശാലകളും അവയെ ഭരിക്കുന്ന ഉന്നത വിദ്യാഭ്യാസസമിതികളും വേണ്ട ഗൈഡ്ലൈൻ രൂപവത്കരിച്ചു പ്രവർത്തിക്കേണ്ടതുണ്ട്.
എെൻറ അറിവിൽ കേരളത്തിലെ എല്ലാ സർവകലാശാലകളും ഭാഗികമായോ പൂർണമായോ ഇന്ന് ആരോഗ്യവകുപ്പിെൻറ കീഴിലാണ്. അവയിൽ പലതും കോവിഡ് നിവാരണകേന്ദ്രങ്ങളാണ്. വിദ്യാർഥികൾക്ക് അവിടെ പ്രവേശനമില്ല. ലൈബ്രറികൾ പോലും ഉപയോഗയോഗ്യമല്ല. കോവിഡിനെ ഒറ്റമൂലികൾകൊണ്ട് തുരത്താൻ കഴിയില്ലെന്നും സമൂഹത്തിെൻറ കൂട്ടുപ്രവർത്തനത്തിലൂടെ അതിജീവിക്കേണ്ട ഒന്നാണ് അതെന്നുമുള്ള അറിവ് ഇന്ന് നമുക്കുണ്ട്. അതിനുവേണ്ട ശാസ്ത്രീയസമീപനങ്ങളാണ് ആവശ്യവും.
ഈ സമയത്താണ്, സർവകലാശാലകൾ ഉണർന്നുപ്രവർത്തിക്കേണ്ടത്. കുട്ടികൾക്ക് ചില ഓൺലൈൻ ക്ലാസുകൾ കിട്ടുന്നു എന്നതൊഴിച്ചാൽ പരീക്ഷകളെക്കുറിച്ചോ മറ്റു പാഠ്യ-പാേഠ്യതര പ്രവർത്തനങ്ങളെക്കുറിച്ചോ മിക്ക സർവകലാശാലകളും മൗനത്തിലാണ്. അതുകൊണ്ടുതന്നെ കാമ്പസ് കമ്യൂണിറ്റി എന്നത് ഭാവിയിൽ ഒരു മിഥ്യാധാരണയായി മാറാനും കൂടുതൽ ചിതറിയ അവസ്ഥയിലാകാനും സാധ്യത ഏറെയാണ്.
ഓൺലൈൻ ക്ലാസെടുക്കുന്ന അധ്യാപകർക്കറിയാം, കുട്ടികൾ പങ്കുവെക്കുന്ന സംശയങ്ങൾ വളരെ വലുതാണ്. അക്കാദമിക ഭാവിയിൽ ഏറെ ആശങ്കകൾ അവർക്കുണ്ട്. യു.ജി.സിയുടെയോ സർവകലാശാലയുടെയോ ഔദ്യോഗിക തീരുമാനങ്ങൾ ഇല്ലാതെ, അധ്യാപകർക്ക് ഇത്തരം ആശങ്കകൾക്ക് മറുപടി കൊടുക്കാൻ പരിമിതികളുണ്ട്. നേരെമറിച്ച്, അവരുന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ശരിയായ ഗൈഡ്ലൈൻ കൊടുക്കാൻ കഴിയുമായിരുന്നെങ്കിൽ ഇന്നത്തെ കാമ്പസ് വിദ്യാർഥികൾ അനുഭവിക്കുന്ന മാനസികസംത്രാസങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.
ഓട്ടോണമസ് (സ്വയംഭരണാവകാശം ) ആയ സർവകലാശാലകൾക്ക് എന്തുകൊണ്ട് സ്വതന്ത്ര അക്കാദമികതീരുമാനങ്ങൾ എടുത്ത് നടപ്പാക്കാൻ കഴിയുന്നില്ല? കോവിഡ് പോലുള്ള ഒരു മഹാമാരിയുണ്ടാകുമ്പോൾ രോഗബാധിതർക്കായി പലതരത്തിലുള്ള പ്രവർത്തനങ്ങളും അവയെ സഹായിക്കുന്ന ഇൻഫ്രാസ്ട്രക്ചറും ആവശ്യമുണ്ട്. അത് പരിഹരിക്കാൻ പല മാർഗവുമുണ്ട്. സർവകലാശാലകൾക്കും അതിൽ പങ്കുവഹിക്കേണ്ടിവരും. ഇത്തരമൊരു അവസ്ഥയിൽ പഠനപ്രവർത്തനങ്ങളാണോ സ്വയംരക്ഷയാണോ പ്രധാനം എന്നു ചോദിക്കുന്നവരുണ്ടാവാം. അത്, വിദ്യാഭ്യാസവ്യവസ്ഥയുടെ സാമൂഹികമാനം വേണ്ടത്ര മനസ്സിലാക്കായ്ക കൊണ്ടുള്ളതാണ്.
എന്നാൽ, സർവകലാശാല മുഴുവനും അതിനുവേണ്ടി പിടിച്ചെടുക്കുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്തുകൊണ്ടല്ല ഇത്തരം സന്ദർഭത്തെ മറികടക്കേണ്ടത്. അങ്ങനെ സംഭവിക്കുമ്പോൾ ഉന്നതജ്ഞാനോൽപാദനകേന്ദ്രങ്ങൾ എന്ന നിലക്ക് സർവകലാശാലകളുടെ ധർമം പെട്ടെന്ന് കൂച്ചുവിലങ്ങിടപ്പെടുന്നു. രണ്ടാമത്തേത്, സ്വയംഭരണ വ്യവസ്ഥയിലൂന്നി പ്രവർത്തിക്കുന്ന സാമൂഹികസ്ഥാപനം എന്ന നിലക്ക്, സർവകലാശാലയുടെ പ്രവർത്തങ്ങളെ അത് താൽക്കാലികമായി സ്വയം റദ്ദുചെയ്യുന്നു.
പരീക്ഷയടക്കമുള്ള കാര്യങ്ങളിൽ, അധികൃതർക്ക് പോസിറ്റിവായ ഒരു സമീപനമുണ്ടെങ്കിൽ, ഒരു ഓട്ടോണമി സമ്പ്രദായത്തിൽ അത്ര ഞെരുക്കമില്ലാതെ (ഏതു സാങ്കേതിക മാനം ഉപയോഗിച്ചും) അവ നടത്തിയെടുക്കാനും പരീക്ഷഫലം പുറത്തുകൊണ്ടുവരാനുമാവും. കൂടുതൽ കേന്ദ്രീകരണത്തെ ആശ്രയിക്കുന്നതുകൊണ്ടാണ് നമ്മുടെ പല സർവകലാശാലകൾക്കും അതിനു കഴിയാതെപോകുന്നത്.
ഉന്നതവിദ്യാഭ്യാസത്തിൽ ഏറ്റവും ഊന്നൽ ഗവേഷണത്തിനാണ്. എല്ലാ കലകളും/വിജ്ഞാനീയങ്ങളും ഒത്തുചേരുന്നതുകൊണ്ടാണ് അവയെ സർവകലാശാല എന്നു വിളിക്കുന്നത്. പല മേഖലകളിലും ഗവേഷണങ്ങൾ നടക്കേണ്ട സ്ഥലമാണിത്. ഇപ്പോൾ അടച്ചിടപ്പെട്ടിരിക്കുന്ന ഈ സാരസ്വതക്ഷേത്രങ്ങളിൽ, ഗവേഷകർക്ക് പുസ്തകംപോലും കിട്ടാൻ നിർവാഹമില്ലെങ്കിലോ? അതാണ് മിക്ക സർവകലാശാലകളുടെയും സ്ഥിതി.
കെണ്ടയ്ൻമെൻറ് സോൺ ആയിരിക്കുന്ന പ്രദേശത്തുപോലും ശാസ്ത്രീയമായ പ്രോട്ടോകോൾ ഉപയോഗിച്ച് ഇതൊക്കെ നടപ്പാക്കാവുന്നതേയുള്ളൂ. യു.ജി.സി ആറു മാസത്തേക്ക്, ഗവേഷകർക്ക് കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട് എന്നത് താൽക്കാലികന്യായം മാത്രമാണ്. ഗവേഷണം നിരന്തര വൈജ്ഞാനിക പ്രക്രിയയാണ്. ലൈബ്രറിയുടെ കാര്യത്തിൽ മാത്രമല്ല, പി.ജി ആയാലും ഗവേഷണ കോഴ്സുകൾ ആയാലും അവയുടെ തുടർച്ചയെ സംഗതമാക്കുന്ന തരത്തിലുള്ള, സുരക്ഷിതവും ആരോഗ്യകരവുമായ തീരുമാനങ്ങൾ എടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർവകലാശാലകൾക്ക് ഉണ്ടാകണം. അതാണ് മുഖ്യം.
സർവകലാശാല ഭരണസമിതികൾക്ക് ഇക്കാര്യത്തിൽ കാര്യമായി ഇടപെടാൻ കഴിയണം. കോവിഡ്കാലത്തെ കരിക്കുലത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും പരീക്ഷയുടെ രീതികൾ ലഘൂകരിച്ചും തുടർപഠനപ്രവർത്തങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നൂതനവും സാന്ദർഭികമായ പ്രായോഗികനിർദേശങ്ങൾ ആവിഷ്കരിച്ചും പ്രതീക്ഷയോടെ ലോകത്തെ ഉറ്റുനോക്കുന്ന വരുംതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ട ചുമതല അക്കാദമിക സമൂഹത്തിനുണ്ട്. ഒന്നിനും പറ്റുന്നില്ലെങ്കിൽ സീറോ ഇയർ ആയി പ്രഖ്യാപിച്ച് വിദ്യാർഥിസമൂഹത്തെ തൽക്കാലം അവരുടെ പാട്ടിനു വിടാനെങ്കിലും കഴിയണം.
അടച്ചിരിപ്പ് വേണം. എന്നാൽ, അടച്ചിരിപ്പ് ഭാവിയുടെ വളർച്ചക്കും സമൂഹത്തിെൻറ ചലനാത്മകതക്കും ഭീഷണിയാകുംപോലുള്ള അക്കാദമിക രാഷ്ട്രീയം ഉപേക്ഷിച്ചേ തീരൂ. കുറച്ചുകാലം കഴിയുേമ്പാൾ കോവിഡ് പോകും. സ്വയംനിർണയാവകാശത്തിെൻറ അഭാവത്തിൽ സംഭവിച്ച ഭവിഷ്യത്തുകൾക്ക് അപ്പോൾ കുട്ടികളോട് ആരു മറുപടിപറയും?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.