പൊരുതി പാട്ടുകളാലെ
text_fieldsമലയാളിയുടെ മനസ്സിെൻറ പന്തലിൽ മാപ്പിളപ്പാട്ടിെൻറ മേലാപ്പായി തൂങ്ങിത്തിളങ്ങിയ പലരും, കാലത്തിെൻറ വിധിപ്പകർപ്പുകളാണ്. ചിലർ വിസ്മരിക്കപ്പെട്ടു; ചിലർ ഓർക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. എന്നാൽ നമ്മൾ ഓർക്കുകയും മറക്കുകയും ചെയ്ത മാപ്പിളപ്പാട്ടു രംഗത്തെ സർവരെയും പുനരുജ്ജീവിപ്പിച്ച അപൂർവ കലാകാരനായിരുന്നു അന്തരിച്ച വി.എം കുട്ടി മാസ്റ്റർ. വി.എം കുട്ടി എന്ന് കേൾക്കുേമ്പാൾ പലരുടെയും ചിന്തയിലേക്കു വരുന്നത് കേവലമൊരു മാപ്പിളപ്പാട്ടുകാരന്റെ ചിത്രമാണ്. എന്നാൽ അതിനുമപ്പുറത്താണ് ഈ കലാകാരനെന്നകാര്യം ഏറെ വൈകിയും പരിഗണിക്കപ്പെടാതെ പോയി.
ഏഴു പതിറ്റാണ്ടിലേറെക്കാലം മാപ്പിളപ്പാട്ടുകളുടെ ആപാദചൂഢം ഉൾവഹിച്ചു നിന്ന ചരിത്രകാരനെ, ഗവേഷകനെ, കാമുകനെ പക്ഷെ, സാംസ്‌കാരിക കൈരളിക്കു അംഗീകരിക്കാനായില്ല. ജീവിതത്തിലുടനീളം ഇടതുപക്ഷ സഹയാത്രികനായിരുന്നിട്ടു പോലും അദ്ദേഹം വഹിച്ച ഏറ്റവും വലിയ പദവി ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ സ്ഥാനമാണ്.
അറകളിലും കല്യാണപ്പന്തലുകളിലും മൂളിപ്പാട്ടുകാരന്റെ മൂക്കിൻചൂളയിലും ഒതുങ്ങിക്കിടന്ന മാപ്പിളപ്പാട്ടുകളെ, ജനപ്രിയ സംഗീതവും ജനകീയ കലയുമാക്കി മാറ്റുന്നതിലും ലോക സംഗീതത്തിൽവരെ അനുകരണഭ്രമം വളർത്തുന്നതിലും വി. എം കുട്ടി മാസ്റ്റർ വഹിച്ച പങ്ക് നാളെ ഗവേഷണത്തിനൊരുങ്ങുന്ന വിദ്യാർഥിക്ക് , നാൾ വഴി സഞ്ചാരം വഴി കണ്ടു പിടിക്കാനാവുന്നതാണ്.
എഴുപതു വർഷത്തോളം മാപ്പിളപ്പാട്ടെഴുതിയും പാടിയും പഠിപ്പിച്ചും പുസ്തകമെഴുതിയും ഗവേഷണം നടത്തിയും ജീവിതം വിറ്റുതുലച്ച വ്യക്തിയാണ് വി.എം കുട്ടി എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്കൊക്കെ നിശ്ചയമുണ്ട്. ഒരു ആചാരവെടിയുടെ ശബ്ദത്തിനപ്പുറത്തേക്ക്, ഈ ഭൂമിയിൽ ഒന്നും നൽകാൻ മികച്ച സാംസ്‌കാരിക പാരമ്പര്യമുണ്ടെന്നു പെരുമ്പറയടിക്കുന്ന കേരളത്തിലെ സർക്കാറുകൾക്കൊന്നിനുമായില്ല.
മുസ്‌ലിംകളിൽ വേരുറച്ചു പോയ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ, സ്ത്രീകളെ കലാവേദികളിൽനിന്ന് ആട്ടിയകറ്റുന്നവർക്കെതിരെ മാപ്പിളപ്പാട്ടിന്റെ മൂർച്ചയുള്ള വരികൾ ആയുധമാക്കി പോരാട്ടമൊരുക്കിയ പരിഷ്കർത്താവായാണ് ബഹുസ്വര സമൂഹത്തിൽ വി.എം കുട്ടി വിലയിരുത്തപ്പെട്ടത്. പാട്ടുകൾ മാത്രമല്ല, സാമൂഹിക വിമർശനാത്മകമായ കഥകളും അദ്ദേഹം എഴുതി.നേർത്ത പനി പിടിപെട്ട്, ഡോക്ടറെ കാണിക്കാതെ ഹോമവും മന്ത്രവുമായി നടന്ന് രോഗം മൂർച്ഛിച്ച് മരണപ്പെട്ട " കുഞ്ഞാൾ "... ഇന്നും രോഗത്തിനു ചികിത്സിക്കാത്ത കപട വിശ്വാസികളുടെ കണ്ണു തുറപ്പിക്കുന്ന കഥയാണ്.
വി.എം. കുട്ടി വരച്ച ചിത്രം
സംഗീത വേദികളിൽ പെൺ ശബ്ദത്തിൽ ആണുങ്ങൾ പാടിയ ഒരു കാലമുണ്ടായിരുന്നു. നൂറ്റാണ്ടുകൾക്കു മുന്പല്ല; ദശാബ് ദങ്ങൾക്കിപ്പുറം. സ്ത്രീകൾക്ക് സ്റ്റേജിൽ വരാൻ പാടില്ലായിരുന്നു അന്ന്. എഴുപതുകളിൽ തിരൂരിൽ നടന്ന കേരള കർഷക സംഘത്തിന്റെ വാർഷിക സമ്മേളനത്തിൽ, വി.എം കുട്ടി മാസ്റ്ററുടെ വേദിയിൽ പാടാം എന്നേറ്റ ആയിഷാ സഹോദരിമാരെ സ്ത്രീ വിരുദ്ധരായ ചില മുസ്‌ലിം പ്രമാണിമാർ രക്ഷിതാക്കളെ സ്വാധീനിച്ച് വിലക്കി. പക്ഷെ മാഷ്, അതിനെ മറി കടന്നു. പിൽക്കാലത്ത് മാപ്പിളപ്പാട്ടിൽ പകരമില്ലാത്ത ശബ്ദമായി വിളങ്ങിയ, വിളയിൽ വത്സലയെ സ്റ്റേജിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു ആ വെല്ലുവിളിയെ അദ്ദേഹം നേരിട്ടത്. ഇ.എം.എസും എ.കെ.ജി യുമൊക്കെയുള്ള വേദിയിൽ വെച്ച് വത്സല ആദ്യ സമ്മാനവും വാങ്ങി. ഇതേ വത്സലയെ അവാർഡ് നൽകി സി.എച്ച് മുഹമ്മദ് കോയ ആദരിച്ചപ്പോഴാണ് പലരുടെയും തലച്ചോറിൽ ഇത്തിരി വെളിച്ചം കയറിയത്.
ഭക്തിഗീതങ്ങൾ പാടിപ്പാടി ഭക്തിയിൽ ആകൃഷ്ടയായ വത്സല, പിന്നീട് സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ചു ഫസീലയായി. പൂർണമായും മുഖവും ശരീരവും മറച്ച് മുസ്‌ലിം വേഷത്തിൽ വേദികളിൽ പ്രത്യക്ഷപ്പെട്ട ആ പെൺകുട്ടിയേയും ചിലർ വിട്ടില്ല; എതിർപ്പുകൾ ബാക്കിനിന്നു. അപ്പോഴും സ്ത്രീവിരുദ്ധർക്ക് വഴങ്ങിയില്ല വി.എം കുട്ടി. ആ കാലങ്ങളിൽ മാസത്തിൽ മുപ്പതിലധികം വേദികളിലാണ് ഫസീലയെക്കൊണ്ട് അദ്ദേഹം പാടിച്ചത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.