മരണമില്ലാത്ത ഇശലുകൾ
text_fieldsമാപ്പിളപ്പാട്ടിെൻറ ചക്രവർത്തിെയന്ന് വിളിക്കപ്പെടാൻ അർഹതയുള്ള കലാകാരനാണ് വി.എം. കുട്ടി. മാപ്പിളപ്പാട്ടിനെ വലിയ ജനകീയ പ്രസ്ഥാനമാക്കി വളർത്തിക്കൊണ്ടുവന്ന ഈ മഹാരഥൻ എനിക്ക് ഗുരുവും പ്രചോദകനും വഴികാട്ടിയുമായിരുന്നു.
1966ൽ വിദ്യാർഥിയായിരിക്കെ മലപ്പുറം സ്കൂൾ കലോത്സവത്തിനിടെയാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. കലോത്സവത്തിൽ ഞാൻ അഭിനയിച്ച നാടകം കണ്ട അദ്ദേഹം നാടകം കഴിയും വരെ കാത്തുനിന്ന് വന്ന് പരിചയപ്പെടുകയായിരുന്നു. കൂടെ എം.കെ. നാലകത്ത് എന്ന് പേരുള്ള എഴുത്തുകാരനുമുണ്ടായിരുന്നു. മാഷ് എന്നെ പുളിക്കൽ ബാലകലാസമിതിയിലേക്ക് ക്ഷണിച്ചു. അക്കാലത്ത് ആകാശവാണിയിലെ ബാലലോകം പരിപാടിയിൽ പുളിക്കൽ ബാല കലാസമിതിയുടെ സജീവപങ്കാളിത്തമുണ്ടായിരുന്നു. അതിൽ നടനായും പാട്ടുകാരനായുമൊക്കെ ഞാനും പങ്കെടുത്തു. നാടകമായിരുന്നു എനിക്കു പ്രധാനം. എല്ലാം മാഷ് സംവിധാനം ചെയ്തു.
വിളയിൽ വത്സലയും (ഇന്നത്തെ വിളയിൽ ഫസീല) മറ്റ് കുട്ടികളും അന്ന് സമിതിയിലെ മികച്ച ഗായകർ ആയിരുന്നു. പുളിക്കൽ ബാലകലാസമിതി ഒരിക്കൽ വസന്തോത്സവം എന്ന കാവ്യസമാഹാരം അവതരിപ്പിച്ചു. അതെനിക്കിഷ്ടമായി. രചയിതാവിനെ കാണാൻ ആഗ്രഹിച്ചു. മാഷ് എന്നെ അതിനായി കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിലേക്ക് കൊണ്ടുപോയി. നവജീവൻ പത്രേമാഫിസിലെ ആളൂർ പ്രഭാകരനെ പരിചയപ്പെടുത്തി. അതുവരെ വെറും വിദ്യാർഥി മാത്രമായിരുന്ന എനിക്ക് രാഷ്ട്രീയം അറിയില്ലായിരുന്നു. ഇടതു ചിന്താഗതിയുള്ള പത്രപ്രവർത്തകനെ ബന്ധപ്പെടുത്തിയ മാഷ് അറിയാതെ രാഷ്ട്രീയ കളരിയിലേക്ക് എന്നെ കൈപിടിച്ചു കൊടുക്കുകയായിരുന്നു. ഇന്നുവരെയുള്ള ആ യാത്രക്ക് നിമിത്തമായത് വി.എം. കുട്ടി മാഷാണെന്നു കരുതുന്നു. ആളൂർ പ്രഭാകരൻ രൂപവത്കരിച്ച നാടകവേദിയിലൂടെ എത്രയോ നാടകങ്ങൾ അരങ്ങേറി. പിന്നീട് പാർട്ടി വേദികളിലും അഭിനയിച്ചു. അറിഞ്ഞോ അറിയാതെയൊ കമ്യൂണിസ്റ്റായി. 17 വർഷം കഴിഞ്ഞ് മുസ്ലിം ലീഗായി.
എല്ലാത്തിനും കാരണം മാഷാണ്. പിന്നെ ഞങ്ങൾ ഒരുമിച്ചു, വൈദ്യർ സ്മാരകത്തിെൻറ പ്രവർത്തനങ്ങളിലൂടെ. കലാസപര്യയിൽ അവസാന നിമിഷം വരെ ചെലവഴിച്ച്,എണ്ണമറ്റ സദസ്സുകൾ പിന്നിലാക്കി അദ്ദേഹം കടന്നുപോയിരിക്കുന്നു. മാപ്പിളപ്പാട്ട് എന്ന പേരിൽ അലിഞ്ഞു ചേർന്ന നാമമാണ് വി.എം. കുട്ടി. മരണമില്ലാത്ത ഇശലുകളായി സംഗീതാസ്വാദകരുടെ ഹൃദയത്തിൽ അദ്ദേഹം ജീവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.