കേരളത്തെ മദ്യാലയമാക്കരുത്
text_fieldsപാതയോരങ്ങളിലെ മദ്യശാലകൾ നിരോധിച്ച സുപ്രീംകോടതി വിധി തകിടംമറിച്ച സുപ്രീംകോടതിയുടെതന്നെ പിന്നീട് വന്ന വിധികളുടെ മറവിൽ കേരളത്തിലെമ്പാടും മദ്യം ഒഴുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മദ്യശാലകൾ അനുവദിക്കുന്നതിന് പതിനായിരത്തിലധികം ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ദൂരപരിധി ബാധകമല്ലെന്നും വിനോദസഞ്ചാരമേഖലകൾക്ക് നിശ്ചിത ജനസംഖ്യ ഇല്ലെങ്കിലും ഇളവ് അനുവദിക്കാമെന്നുമുള്ള സർക്കാർ നയം അനിയന്ത്രിതമായ മദ്യവ്യാപനത്തിന് ഇടവരുത്തുകയും കേരളത്തെ മദ്യാലയമാക്കുകയും ചെയ്യും.ആപൽക്കരമായ ഈ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. ഈ ജനദ്രോഹനയത്തിൽനിന്ന് സർക്കാർ പിന്തിരിഞ്ഞേ മതിയാകൂ.
സുപ്രീംകോടതി വിധിയിലൂടെയും തുടർന്നുള്ള സർക്കാർ നടപടികളിലൂടെയും ജനങ്ങൾ ചതിക്കപ്പെട്ടിരിക്കുകയാണ്.ഒരു വർഷത്തിനുള്ളിൽതന്നെ എന്തുകൊണ്ട് പരസ്പരവിരുദ്ധമായ വിധികൾ ഉണ്ടായി എന്നതിനെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ഒരു വിശദീകരണവും വിധിയിലുണ്ടായിട്ടില്ല.
സുപ്രീംകോടതി വിധി മുതലെടുത്ത് മദ്യപ്രവാഹത്തിന് കളമൊരുക്കുന്ന സംസ്ഥാന സർക്കാർ കേരളത്തെ വലിയൊരു സാമൂഹിക ദുരന്തത്തിലേക്കാണ് നയിക്കുന്നത്. സുപ്രീംകോടതി വിധി വ്യാപകമായി മദ്യം ഒഴുക്കുന്നതിനുള്ള ഒരു അവസരമായി കണ്ട് സംസ്ഥാന സർക്കാർ വൻതോതിൽ ദുരുപയോഗപ്പെടുത്തുകയാണ്.
കേരളത്തിൽ വർധിച്ചുവരുന്ന അക്രമങ്ങളും സംഘർഷങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങളും ഗാർഹികപീഡനങ്ങളും റോഡപകടങ്ങളും ആരോഗ്യത്തകർച്ചയുമെല്ലാം ഉണ്ടാകുന്നതിെൻറ മൂലകാരണം ലഹരിയാണെന്ന് അറിയുന്ന സർക്കാർതന്നെയാണ് അനിയന്ത്രിതമായ മദ്യവ്യാപനത്തിന് വഴിയൊരുക്കുന്നത്.2017ൽ പുതിയ മദ്യനയം വന്നതിനുശേഷം മദ്യശാലകൾ തുറന്നിട്ടും മയക്കുമരുന്ന് ഉപയോഗത്തിലുണ്ടായ വൻവർധന ഇക്കാര്യത്തില് സർക്കാർ ഉന്നയിച്ച വാദങ്ങളെയെല്ലാം നിരർഥകമാക്കിയിരിക്കുകയാണ്. മദ്യശാലകൾ അടച്ചതുകൊണ്ടാണ് മയക്കുമരുന്ന് ഉപയോഗം വർധിച്ചതെന്നതായിരുന്നു പുതിയ മദ്യശാലകൾ തുറക്കുന്നതിന് ആധാരമായി സർക്കാർ പറഞ്ഞിരുന്നത്. പക്ഷേ, മദ്യശാലകൾ തുറന്നിട്ടും മയക്കുമരുന്ന് വിൽപനയും ഉപയോഗവും വൻതോതിൽ വർധിക്കുകയാണുണ്ടായത്.
ഓരോ വർഷവും കേരളത്തിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ എണ്ണം കൂടിവരുകയും ടൂറിസവരുമാനം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം തമസ്കരിച്ചുകൊണ്ട് മദ്യശാലകൾ തുറന്നില്ലെങ്കിൽ ടൂറിസമാകെ തകർന്നുപോകുമെന്ന് വിലപിക്കുന്ന സർക്കാർ വാദത്തിെൻറ പൊള്ളത്തരം വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്.
മദ്യശാലകൾ പൂട്ടിയത് ടൂറിസം രംഗത്തും വൻ തകർച്ചക്ക് ഇടവരുത്തി എന്ന സർക്കാറിെൻറ വാദത്തിൽ ഒരു അടിസ്ഥാനവുമില്ല എന്ന് ടൂറിസം വകുപ്പിെൻറതന്നെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
2014ൽ 1,26,18,777 ടൂറിസ്റ്റുകൾ വന്ന സ്ഥാനത്ത് 2016ൽ 1,42,10,954 ടൂറിസ്റ്റുകൾ വന്നു എന്നത് സർക്കാറിെൻറ പ്രചാരണം തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ്. ടൂറിസത്തിൽനിന്നുള്ള ആകെ വരുമാനമാകട്ടെ 2014ൽ 24,885.44 കോടി രൂപയായിരുന്നത് 2016 ആയപ്പോഴേക്കും 29,658.56 കോടിയായി വർധിക്കുകയും ചെയ്തു. ടൂറിസം വകുപ്പിെൻറ കണക്കുകളാണ് മേലുദ്ധരിച്ചത്. തുടർന്നുള്ള വർഷങ്ങളിലും ടൂറിസ്റ്റുകളുടെ എണ്ണത്തിലും വരുമാനത്തിലും വർധന തന്നെയാണുണ്ടായതെന്നത് അനിഷേധ്യമാണ്.മദ്യശാലകൾ അടച്ചാൽ മദ്യ ഉപയോഗം വൻതോതിൽ കുറയുമെന്നത് പാതയോര മദ്യശാല നിരോധനം നിലവിൽ വന്നതിനുശേഷമുള്ള സ്ഥിതി വിലയിരുത്തിയാൽ മനസ്സിലാകും. വസ്തുതകൾ ഇതായിരിക്കെ യഥാർഥ കണക്കുകൾ മറച്ചുവെച്ച് വ്യാജ പ്രചാരണങ്ങളുമായി മദ്യശാലകൾ വ്യാപകമാക്കുന്നതിന് ന്യായീകരണം കണ്ടെത്തുന്നതിന് വിഫലശ്രമം നടത്തുന്ന സർക്കാർ വലിയൊരു അരക്ഷിതാവസ്ഥയിലേക്കാണ് കേരളത്തെ കൊണ്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.