സൂറത്തിന്റെ ചുമരെഴുത്ത്
text_fieldsഗുജറാത്തിലെ സൂറത്ത് സീറ്റിലേക്കുള്ള എം.പിയെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ദിവസമായി നിശ്ചയിച്ചിരുന്നത് മേയ് ഏഴ് ആയിരുന്നു. പക്ഷേ, അവിടത്തെ ജനങ്ങൾക്ക് ഇക്കുറി വോട്ടില്ല. വോട്ടെടുപ്പിന് ആഴ്ചകൾ മുമ്പുതന്നെ അവർക്ക് എം.പിയെ ലഭിച്ചു. ഏപ്രിൽ 22ന് ബി.ജെ.പിയിലെ മുകേഷ് ദലാളിനെ എതിരില്ലാത്ത വിജയിയായി പ്രഖ്യാപിച്ചു.
കോൺഗ്രസ് ഇവിടെ നിലേഷ് കുംഭാനിയെ സ്ഥാനാർഥിയായി നിർത്തിയിരുന്നു. പിന്തുണച്ചവരുടെ ഒപ്പുകളിലെ പൊരുത്തക്കേട് കാരണം കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തിന്റെ പത്രിക തള്ളപ്പെട്ടു. പത്രികയിൽ കാണുന്ന ഒപ്പുകൾ തങ്ങളുടേതല്ലെന്ന് കാണിച്ച് പിന്താങ്ങിയവർ പോളിങ് ഉദ്യോഗസ്ഥർക്ക് സത്യവാങ്മൂലവും നൽകി. ഇത്തരം സാഹചര്യമുണ്ടായാൽ, രാഷ്ട്രീയ പാർട്ടികൾ സാധാരണ ഗതിയിൽ പകരം സ്ഥാനാർഥികളെ രംഗത്തിറക്കാറുണ്ട്. സുരേഷ് പദ്സലയെയാണ് ഇത്തരത്തിൽ പകരക്കാരനായി കണ്ടുവെച്ചത്. കൗതുകകരമെന്നുപറയട്ടെ, അദ്ദേഹത്തിന്റെ പത്രികയിൽ ഒപ്പിട്ടയാളും അക്കാര്യം നിഷേധിക്കുകയും പത്രിക തള്ളുകയും ചെയ്തു. തിങ്കളാഴ്ചയായപ്പോൾ ദലാൾ ഉൾപ്പെടെ ഒമ്പത് സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. അതിൽ ബി.എസ്.പി സ്ഥാനാർഥി പ്രാരേലാൽ ഭാരതി ഉൾപ്പെടെ എട്ടുപേരും പത്രിക പിൻവലിച്ചു.
ബി.ജെ.പിക്ക് അങ്ങനെ ആദ്യവിജയം സ്വന്തമായി. മോദിക്കുള്ള ആദ്യ താമര ഞങ്ങൾ സമ്മാനിച്ചുവെന്നാണ് ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ ഇതേക്കുറിച്ച് പറഞ്ഞത്. കുംഭാനിയെ പിന്തുണച്ചവർ ബി.ജെ.പിയുമായി ഒത്തുകളിച്ചെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ നീത ‘ആജ്തക്കി’നോട് പറഞ്ഞത്. ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലം നൽകിയ നാലുപേർക്കുമുള്ള മുദ്രപത്രങ്ങൾ ഒരേ സമയം വാങ്ങിയതാണെന്നും ബി.ജെ.പി നേതാവായ അഭിഭാഷകനാണ് രേഖകൾ നോട്ടറൈസ് ചെയ്തതെന്നും ‘ന്യൂസ് ലോൺഡ്രി’ റിപ്പോർട്ട് ചെയ്തു. കുംഭാനിയുടെ ഫോമിലെ ഒപ്പുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സ്ഥാനാർഥി ഉദ്യോഗസ്ഥരെ സമീപിക്കുന്നതിനുമുമ്പേ സത്യവാങ്മൂലം തയാറായിരുന്നു.
മോദിയുടെ ‘അന്യായ കാലത്ത്’ ദുരിതം നേരിടുന്ന ചെറുകിട സംരംഭകരുടെയും വ്യാപാരികളുടെയും രോഷം ഭയന്നാണ് 1984 മുതൽ തുടർച്ചയായി വിജയിച്ചുപോരുന്ന സൂറത്തിൽ ഇത്തരമൊരു ഒത്തുകളിയെന്ന് വിലപിച്ചു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ്.
ഒരു മോശം സ്ഥാനാർഥിയെ രംഗത്തിറക്കിയത് കോൺഗ്രസിന്റെ വീഴ്ചയാണെന്ന് വേണമെങ്കിൽ കുറ്റപ്പെടുത്താം. പ്യാരേലാൽ ഭാരതി തന്റെ പാർട്ടിയെ വിഡ്ഢികളാക്കിയോ അതോ ബി.എസ്.പിയും ബി.ജെ.പിയും ഒത്തുകളിച്ചോ എന്നൊക്കെ നിങ്ങൾക്ക് സംശയിക്കാം. പക്ഷേ, ഇതിൽ നഷ്ടം സംഭവിച്ചത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കല്ല. മത്സരം നടന്നിരുന്നുവെങ്കിൽ കുംഭാനി വിജയിക്കുമായിരുന്നോ എന്നറിഞ്ഞുകൂടാ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 75 ശതമാനവും നേടിയിരുന്നു ബി.ജെ.പി. ചെറുകിട-ഇടത്തരം വ്യവസായികൾക്ക് ബി.ജെ.പിയോട് പ്രശ്നമുണ്ടെന്ന ജയ്റാം രമേശിന്റെ വാദം തെളിയിക്കപ്പെട്ടിട്ടില്ല. സൂറത്ത് ദലാലിനെത്തന്നെ തെരഞ്ഞെടുക്കുമായിരിക്കാം. പക്ഷേ, ആ നഗരത്തിലെ ജനങ്ങൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചില്ല. ഇൻഡ്യ സഖ്യത്തിലെ കോൺഗ്രസിന് വിജയിക്കാൻ ശ്രമിക്കാമായിരുന്ന ഒരു സീറ്റാണ് നഷ്ടപ്പെട്ടതെങ്കിൽ സൂറത്തിലെ 16 ലക്ഷത്തിലധികം വോട്ടർമാർക്ക് പാർലമെന്റിലേക്ക് തങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള ജനാധിപത്യ അവകാശമാണ് കവർന്നെടുക്കപ്പെട്ടത്.
കുറച്ചു വർഷമായി, തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകളെ തകിടം മറിച്ച് ജനവിധി ആവർത്തിച്ച് അട്ടിമറിക്കപ്പെടുന്നത് നാം കാണുന്നു. ഈ വർഷമാദ്യം, ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കുവേണ്ടി പോളിങ് ഉദ്യോഗസ്ഥൻ വോട്ട് മോഷ്ടിക്കുന്നത് നമ്മൾ കണ്ടു. ഇപ്പോൾ സൂറത്തിൽ വോട്ടിങ് പോലും നടക്കുന്നില്ല. പടിപടിയായി തെരഞ്ഞെടുപ്പുകൾ ഇല്ലാതാവുന്നു.
ബി.ജെ.പിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ 2024ലേത് രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് ‘ഇൻഡ്യ’ പാർട്ടിക്കാർ പറയുന്നത് വെറുതെ ഭീതി പടർത്താനാണെന്ന് കരുതുന്നവരുണ്ടെങ്കിൽ ദലാലിന്റെ ഏകപക്ഷീയ വിജയം അവരുടെ കണ്ണു തുറപ്പിക്കട്ടെ. ഇന്ന് സൂറത്തിലെ വോട്ടർമാർക്ക് സംഭവിച്ചത് നാളെ ഇന്ത്യയുടെ മറ്റ് ഭാഗത്താവാം. ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ സൂറത്ത് ഒരു സൂചന മാത്രമാണ്.
വെറുതെയല്ല ശരദ് പവാർ വ്ലാദിമിർ പുടിനെ കുറിച്ച് വോട്ടർമാരെ ഓർമിപ്പിച്ചത്. 1999ലാണ് പുടിൻ ആദ്യമായി പ്രസിഡന്റായത്. ഒരാൾക്ക് തുടർച്ചയായി പ്രസിഡന്റ് പദം രണ്ട് തവണയാക്കി റഷ്യൻ ഭരണഘടന പരിമിതപ്പെടുത്തിയിരുന്നു. 2008ൽ തന്റെ രണ്ടാമൂഴം അവസാനിച്ച ശേഷം, 2012ൽ വീണ്ടും പ്രസിഡന്റാകുന്നതിനു മുമ്പ് അദ്ദേഹം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2020ൽ, രണ്ട് തവണ കൂടി അധികാരത്തിൽ തുടരാൻ അനുവദിക്കുന്നതിനായി ഭരണഘടനയും ഭേദഗതി ചെയ്തു.
റഷ്യയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും ഓരോ തവണയും പുടിന്റെ വിജയം മുൻകൂട്ടി ഉറപ്പാക്കപ്പെടുന്നു. പ്രതിപക്ഷ നേതാക്കളിൽ മിക്കപേരെയും ജയിലിലടക്കുകയോ നാടുകടത്തുകയോ മത്സരത്തിൽനിന്ന് വിലക്കുകയോ ചെയ്തിരിക്കുന്നു, അല്ലെങ്കിൽ മരിക്കുന്നു. മാർച്ചിൽ പ്രഖ്യാപിക്കപ്പെട്ട അവസാന ഫലമനുസരിച്ച് ആകെ പോൾ ചെയ്ത വോട്ടിന്റെ 87 ശതമാനത്തിലധികമാണ് പുടിന് ലഭിച്ചത്. അദ്ദേഹത്തിന്റെ നിശിത വിമർശകനായ അലക്സി നവൽനി ഫെബ്രുവരിയിൽ റഷ്യൻ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. പുടിൻ അങ്ങനെ ആജീവനാന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണെങ്കിൽ, നരേന്ദ്ര മോദി 2047ലേക്കുള്ള സ്വപ്നങ്ങൾ വിൽക്കുകയാണ്.
സൂറത്ത് വഞ്ചിക്കപ്പെട്ടു. 35 വർഷമായി ബി.ജെ.പിക്ക് വോട്ടുചെയ്ത ഒരു മണ്ഡലത്തിന്റെ വോട്ടവകാശം നിഷേധിക്കപ്പെട്ടു. എന്നാൽ, ഇന്ത്യയുടെ ബാക്കി ഭാഗങ്ങൾക്ക് ബുദ്ധിപൂർവം തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഗുജറാത്തിൽ നിന്നുള്ള ചുവരെഴുത്ത് കൃത്യമാണ്: ഇത് നമ്മുടെ വോട്ട് സംരക്ഷിക്കാനുള്ള അവസാന അവസരമാണ്.
(മാധ്യമ പ്രവർത്തകയും രാഷ്ട്രീയ നിരീക്ഷകയുമായ ലേഖിക thewire.inൽ എഴുതിയ ദീർഘ കുറിപ്പിൽനിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.