തുല്യതയില്ലാത്ത കൂട്ടക്കുരുതി
text_fieldsചരിത്രത്തിൽ ബ്രിട്ടീഷ് അധികാരികൾ നടപ്പാക്കിയ നിഷ്ഠുരമായ കൂട്ടക്കൊലകളിൽ ഒന്നാണ് 1921 നവംബറിൽ നടന്ന വാഗൺ കൂട്ടക്കൊല (Wagon Massacre). മലബാറിലെ ജനമുന്നേറ്റത്തിൽ പിടിയിലായവരെ പാർപ്പിക്കാൻ തിരൂർ സബ്ജയിലിലും മലബാറിലെ മറ്റു ജയിലുകളിലും സ്ഥലമില്ലാത്തതിനാൽ 100 പേർ വീതമുള്ള സംഘങ്ങളായി ബെല്ലാരിയിലേക്ക് ട്രെയിനിൽ അയക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു.
സർജൻറ് ആൻഡ്രൂസിനായിരുന്നു ഇതിന്റെ ചുമതല. മദ്രാസ്- ദക്ഷിണ മറാത്ത റെയിൽവേയുടെ എൽ.വി. 1711 എന്ന വായുസഞ്ചാരമില്ലാത്ത ചരക്കു വാഗണാണ് തടവുകാരെ കൊണ്ടുപോകാൻ ഉപയോഗിച്ചത്. തുറന്ന വാഗണുകളിൽ കൊണ്ടുപോയാൽ തടവുകാർ രക്ഷപ്പെടാൻ ശ്രമിക്കുമെന്നു പറഞ്ഞ് വാതിൽ അടച്ചിട്ടു കൊണ്ടുപോകാൻ ബ്രിട്ടീഷ് പട്ടാള ഓഫിസർ ഹിച്കോക്ക് നിർദേശിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന 77ാം നമ്പർ ട്രെയിൻ നവംബർ 19ന് സന്ധ്യക്ക് 7.15ന് തിരൂരിൽ എത്തി. അതിൽ വാഗൺ ഘടിപ്പിച്ച് 100 പേരെ കുത്തിനിറച്ചു.
ട്രെയിൻ 8.40ന് ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴേ തടവുകാർ അവശരായിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ ഗൗനിച്ചില്ല. രാത്രി 12.30ന് ട്രെയിൻ പോത്തന്നൂരിൽ എത്തിയപ്പോഴേക്കും 56 പേർ മരിച്ചിരുന്നു. മൃതദേഹങ്ങൾ അതേ വാഗണിൽ തന്നെ തിരൂരിലേക്ക് അയച്ചു. സർജൻറ് ആൻഡ്രൂസിനായിരുന്നു അതിന്റെയും മേൽനോട്ടം. ബാക്കി 44 തടവുകാരെ ഡോ. കോണറുടെ നേതൃത്വത്തിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോഴേക്കും ഇതിൽ ആറുപേർ മരിച്ചു. മറ്റു ചിലർ ആശുപത്രികളിൽ വെച്ചും-മൊത്തം 70 മരണം. വാഗണിലെ ഇളകിപ്പോയ ആണിപ്പഴുതിലൂടെ ശ്വാസമെടുത്താണ് ബാക്കിയുള്ളവർ ജീവൻ നിലനിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.