വഖഫ് ആരുടെ സ്വത്ത്?
text_fieldsദൈവിക ആരാധനക്കും സമുദായത്തിനകത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി പ്രായപൂർത്തിയെത്തിയ മുസ്ലിംകൾ ചെയ്യുന്ന വസ്തുദാനങ്ങളാണ് വഖഫ്. ഒരു വ്യക്തി തന്റെ സ്വത്ത് വഖഫ് ചെയ്യുന്നതോടെ അതിന്റെ ഉടമസ്ഥാവകാശം ദൈവത്തിൽ അർപ്പിതമാകുന്നുവെന്നാണ്. ഇവയുടെ കൈകാര്യകർതൃത്വത്തിനും മേൽനോട്ടത്തിനും മാത്രമായി തയാറാക്കിയതാണ് വഖഫ് നിയമം. ഈ നിയമം അട്ടിമറിക്കപ്പെടുന്നുവോ?
യത്തീമിന് അത്താഴമേകാനുണ്ടാക്കിയ ‘കരിംഭായ് ഇബ്രാഹീം ഖോജ യതീംഖാന’ കമ്മിറ്റി 2002ൽ തങ്ങളുടെ കൈവശമുണ്ടായിരുന്ന വഖഫ് പൊതുലേലത്തിന് വെച്ചപ്പോഴാണ് മുകേഷ് അംബാനിയുടെ കൈവശമെത്തുന്നതും അവിടെ പതിനായിരത്തിൽപരം കോടി രൂപ ചെലവിൽ ആഡംബര വസതി ‘അന്റീലിയ’ പണിതതും. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്നതിന് രണ്ടുമാസം മുമ്പാണ്, വഖഫ് ഭൂമി കൈവശപ്പെടുത്തിയ മുകേഷ് അംബാനിക്കും അതിനായി ഒത്തുകളിച്ച മഹാരാഷ്ട്ര വഖഫ് ബോർഡ് ഉദ്യോഗസ്ഥർക്കും കൈമാറ്റ കാലയളവിൽ വഖഫ് ചുമതലയുണ്ടായിരുന്ന സംസ്ഥാന മന്ത്രിമാർക്കുമെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാറേതര സന്നദ്ധ സംഘടനയായ ‘മുസ്ലിമേ ഹിന്ദ്’ പ്രസിഡന്റ് അമീൻ ഇദ്രീസി അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡെക്ക് കത്തയച്ചത്.
എല്ലാ സർക്കാർ ഓഫിസുകളിൽ നിന്നും ‘എല്ലാ രേഖകളും ശരിപ്പെടുത്തി’ മുകേഷ് അംബാനി ഹെലിപ്പാഡ് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീടിന്റെ നിർമാണം തുടങ്ങിയ ശേഷം അത് തടയാൻ മഹാരാഷ്ട്ര വഖഫ് ബോർഡ് ബോംബെ ഹൈകോടതിയിലും സുപ്രീംകോടതിയിലും വൈകി നടത്തിയ നിയമപോരാട്ടം ഇന്നും എങ്ങുമെത്തിയിട്ടില്ല. ഈ 4532 ചതുരശ്ര മീറ്ററിൽ ഒതുങ്ങുന്നില്ല മഹാരാഷ്ട്ര വഖഫ് ബോർഡിൽ നിന്നും കൈവിട്ടുപോയ വഖഫ് സ്വത്തുക്കൾ. സംയുക്ത പാർലമെൻറ് സമിതി റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയിൽ ആകെയുള്ള വഖഫ് സ്വത്തായ 46,339.90 ഹെക്ടറിൽ 70 ശതമാനവും കൈയേറ്റക്കാരുടെ കൈവശമാണ്.
ഹൈദരാബാദിൽ ഐ.എസ്.ബി, മൈക്രോസോഫ്റ്റ്, വിപ്രോ, ലാൻകോ തുടങ്ങിയ കോർപറേറ്റ് കമ്പനി കാര്യാലയങ്ങൾ, കൊൽക്കത്തയിൽ ടോളിഗഞ്ച് ക്ലബ്, റോയൽ കൽക്കട്ട ഗോൾഫ് ക്ലബ്, ബംഗളൂരുവിലെ ഐ.ടി.സി വിൻഡ്സർ ഹോട്ടൽ എന്നിവയെല്ലാം വഖഫ് കൈയേറ്റ കേസുകളിലും പരാതികളിലുംപെട്ടതാണ്. റിപ്പോർട്ട് പ്രകാരം രാജ്യ തലസ്ഥാനമായ ഡൽഹിയിലെ 685 വഖഫ് കൈയേറ്റങ്ങളിൽ 373ഉം സ്വകാര്യ വ്യക്തിളുടേതാണെങ്കിൽ 114 സ്വത്തുക്കൾ ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയും 172 സ്വത്തുക്കൾ പുരാവസ്തു വകുപ്പും 26 സ്വത്തുക്കൾ വിവിധ സർക്കാർ ഏജൻസികളും കൈയേറിയതാണ്.
ആന്ധ്രയിൽ 81,591.40 ഏക്കർ ഭൂമി, കേരളത്തിൽ 39 സ്വത്തുക്കൾ, കർണാടകയിൽ 135 വഖഫ് സ്വത്തുക്കൾ, ഹരിയാനയിൽ 891 സ്വത്തുക്കൾ, ബിഹാറിൽ 94 സ്വത്തുക്കൾ എന്നിങ്ങനെ സമർപ്പിച്ച സംസ്ഥാനങ്ങളുടെ കണക്ക് ജെ.പി.സി റിപ്പോർട്ടിലുണ്ട്. ഇതെല്ലാം കണക്കിലെടുത്തായിരുന്നു യു.പി.എ സർക്കാർ 2013ലെ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്.
വഖഫ് സംരക്ഷിക്കാൻ ഉണ്ടാക്കിയ ജെ.പി.സി
2006 ജനുവരി രണ്ടിന് രാജ്യസഭാ ചെയർമാൻ ലോക്സഭാ സ്പീക്കറുമായി കൂടിയാലോചിച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ കെ. റഹ്മാൻ ഖാൻ അധ്യക്ഷനും മുൻ എം.പി ടി.കെ. ഹംസ അടക്കമുള്ളവർ അംഗങ്ങളുമായി വഖഫ് പഠിക്കാനുള്ള ജെ.പി.സി ഉണ്ടാക്കുമ്പോൾ നാല് പരിശോധനാ വിഷയങ്ങളാണ് നിർണയിച്ചത്: ഒന്ന്, കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ പാർലമെന്റ് പാസാക്കിയ 1995ലെ വഖഫ് നിയമം സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
രണ്ട്, കൈയേറ്റത്തിനിരയായ വഖഫ് സ്വത്തുക്കൾ നിയമവിധേയമായി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ 1995ലെ വഖഫ് നിയമത്തിൽ ഇനിയും ആവശ്യമായ ഭേദഗതികൾ നിർദേശിക്കുക. മൂന്ന്, കേന്ദ്ര വഖഫ് കൗൺസിലിന്റെ പ്രവർത്തനം പരിശോധിച്ച് ഫലപ്രദമാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുക. നാല്, സംസ്ഥാന വഖഫ് ബോർഡുകളുടെ പ്രവർത്തനം പരിശോധിച്ച് അവയുടെ സുഗമമായ നടത്തിപ്പിന് അനുയോജ്യമായ നടപടികൾ നിർദേശിക്കുക.
ജെ.പി.സി ശിപാർശകളും അനന്തര നടപടികളും
ദേശവ്യാപകമായി സമാഹരിച്ച വഖഫ് രേഖകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ടിലെ മുഖ്യ ശിപാർശ, കൈയേറ്റക്കാരെ ഒഴിപ്പിച്ച് വഖഫ് സംരക്ഷിക്കാവുന്ന വിധം 1995ലെ വഖഫ് നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നതായിരുന്നു. സിവിൽ കോടതിയിയിലും ഹൈകോടതിയിലും പോയി കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള ട്രൈബ്യൂണലുകളുടെ വിധി മറികടക്കുന്നത് തടയുന്നതിനുള്ള നിയമഭേദഗതി അതിൽപ്പെട്ടതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും ഭേദഗതികൾ 2013ൽ കൊണ്ടുവന്നത്.
വഖഫ് കൈയേറ്റങ്ങൾ തീർപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അനുവർത്തിക്കേണ്ട നടപടി ഇതാണെന്ന് വ്യക്തമാക്കി. അവയിങ്ങനെ സംഗ്രഹിക്കാം: കൈയേറിയ വഖഫുകൾ ഒഴിപ്പിച്ച് വഖഫ് ബോർഡിന് കൈമാറുക; കൈയേറിയ വഖഫ് ഭൂമികളിൽ ചെലവേറിയ കെട്ടിടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ മുതവല്ലിയുടെ സമ്മതപ്രകാരം നിയമവിധേയമായി പാട്ടത്തുക നൽകി പാട്ടക്കരാറുണ്ടാക്കുക; അതല്ലെങ്കിൽ സംസ്ഥാന സർക്കാർ വിപണി വില കണക്കാക്കി വഖഫ് ബോർഡിന് ഭൂമിയുടെ വില നൽകുക.
സർക്കാർ ബില്ലായി മാറിയ സ്വകാര്യ ബിൽ
ഇത്രയെല്ലാം വഖഫ് കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും സംരക്ഷിക്കാനുമായി കൊണ്ടുവന്നതായിരുന്നുവെന്ന് അവയുണ്ടാക്കിയ അനന്തര ഫലങ്ങളിൽ നിന്ന് തെളിഞ്ഞു. കോർപറേറ്റുകളും സ്വകാര്യ വ്യക്തികളും സർക്കാർ ഏജൻസികളുമായ നിലവിലുള്ള കൈയേറ്റക്കാർക്ക് വഖഫ് ബോർഡുകൾക്കും ട്രൈബ്യൂണലുകൾക്കും മുന്നിൽ പിടിച്ചുനിൽക്കാനാകാത്ത സാഹചര്യം സംജാതമായി. പ്രതികൂലമായ അന്തിമ വിധിയിലേക്ക് കാര്യങ്ങൾ എത്തിക്കാതെ പ്രമാദമായ പല വഖഫ് കേസുകളും പരമാവധി നീട്ടിക്കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ് കൈയേറ്റക്കാർ.
റെയിൽവേയും വ്യേമസേനയും കഴിച്ചാൽ രാജ്യത്ത് ഏറ്റവുമധികം ഭൂസ്വത്ത് വഖഫ് സ്വത്തുക്കളാണെന്നതും അവയിലേറെയും കണ്ണായ സ്ഥലങ്ങളിലാണെന്നതും കോർപറേറ്റുകളെയും ആർ.എസ്.എസിനെയും ബി.ജെ.പിയെയുമാണ് ഏറെ അസൂയപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതും. പള്ളികൾക്കും ഖബർസ്ഥാനുകൾക്കും ദർഗകൾക്കും മേൽ അവകാശവാദമുന്നയിച്ച് നടത്തിയ കൈയേറ്റങ്ങൾക്കും നടത്താനിരിക്കുന്ന കൈയേറ്റങ്ങൾക്കും ഏറ്റവും വലിയ തടസ്സം 1995ലെ വഖഫ് നിയമവും അത് ശക്തിപ്പെടുത്താനായി കൊണ്ടുവന്ന ഭേദഗതികളുമാണെന്നും അവർ മനസ്സിലാക്കി.
വഖഫ് സംരക്ഷണ നിയമത്തിനെതിരായ നീക്കം എന്ത് പ്രതികരണമാണ് പാർലമെന്റിൽ സൃഷ്ടിക്കുക എന്നായിരുന്നു ഈ നീക്കത്തിൽ സംഘ് പരിവാറിന് ആദ്യമറിയേണ്ടിയിരുന്നത്. അതറിയാനാണ് ബി.ജെ.പി നേതാവ് ഹർനാഥ് സിങ് യാദവ് ഈ ലക്ഷ്യത്തോടെ സ്വകാര്യബില്ലുമായി രാജ്യസഭയിലെത്തിയത്. അയോധ്യക്കുശേഷം കാശി, മഥുര അജണ്ടകൾ നടപ്പാക്കാൻ ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന്, ആരാധനാലയ നിയമത്തിൽ ഭേദഗതി വേണമെന്ന സ്വകാര്യ ബില്ലുമായി വിട്ടതും യാദവിനെയായിരുന്നു.
നിരവധി വെള്ളിയാഴ്ചകളിൽ സ്വകാര്യബില്ലുകളിൽ ഒന്നാമതായി രാജ്യസഭാ പട്ടികയിൽ കൊണ്ടുവന്ന് നോക്കിയ ബിൽ ഏതാനും പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവെക്കുകയും പിന്നെയും പട്ടികയിൽപ്പെടുത്തുകയും ചെയ്യുന്നത് പതിവായി. ഒരു വർഷത്തോളം തുടർന്ന കളിക്കൊടുവിൽ കഴിഞ്ഞ വർഷം ഡിസംബറിലെ ഒരു വെള്ളിയാഴ്ച വിവാദ ബിൽ അവതരിപ്പിക്കണമോ എന്ന് വോട്ടിനിട്ടു. അപ്പോൾ ഹാജരുണ്ടായിരുന്നവരിൽ 32 പേർ എതിർത്തുവെങ്കിലും 54 പേരും അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചു.
വഖഫ് കൈയേറ്റത്തിന് ഉണ്ടാക്കുന്ന ജെ.പി.സി
വഖഫ് സംരക്ഷണ കാര്യത്തിൽ വഖഫ് ബോർഡുകൾക്കും ട്രൈബ്യൂണലുകൾക്കും കിട്ടിയ അമിതാധികാരം ഇല്ലാതാക്കുകയാണ് അന്ന് അവതരിപ്പിച്ച സ്വകാര്യബില്ലിന്റെ ലക്ഷ്യമായി പറഞ്ഞതെങ്കിൽ അതേ ലക്ഷ്യപൂർത്തീകരണത്തിനുള്ള വ്യവസ്ഥകളാണ് രണ്ടിന്റെയും ചിറകുകളരിഞ്ഞ വ്യവസ്ഥയോടെ കേന്ദ്ര ബില്ലിൽ സാധ്യമാക്കി കൊടുത്തത്. നിരവധി അവലോകനങ്ങൾക്കും പഠനങ്ങൾക്കും പരിശോധനകൾക്കും ഒരു ജെ.പി.സി റിപ്പോർട്ടിനും ശേഷം കാലാനുസൃതമായി വികസിച്ചുവന്ന വഖഫ് സംരക്ഷണ സംവിധാനങ്ങളുടെ കടക്കൽ കത്തിവെക്കാൻ കൈയേറ്റക്കാരുടെ അനുഗ്രഹാശിസുകളോടെയുള്ള നീക്കമാണിത്.
അതിനായി തങ്ങൾ പാർലമെന്റിന്റെ അംഗീകാരം വാങ്ങിയെന്ന് വരുത്താനുള്ള തന്ത്രം മാത്രമാണ് പുതിയ ജെ.പി.സി. മുമ്പൊരു ജെ.പി.സി വഴിയാണ് വഖഫ് ബോർഡുകൾക്കും ട്രൈബ്യൂണലുകൾക്കും വഖഫ് സംരക്ഷിക്കാനുള്ള അധികാരം നൽകിയതെങ്കിൽ മറ്റൊരു ജെ.പി.സി വഴി തന്നെ ആ അധികാരങ്ങൾ തങ്ങൾ എടുത്തുമാറ്റുന്നുവെന്നും പറയാൻ കഴിയണം. അതിൽ കവിഞ്ഞ് വഖഫിനെതിരായ ആർ.എസ്.എസ് അജണ്ട ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള പുതിയ ജെ.പി.സി തടുക്കുമെന്ന് കരുതുന്നത് വെറുതെയാണ്. ഇനിയൊരിക്കൽ കൂടി അധികാരത്തിലെത്തിയില്ലെങ്കിലോ എന്ന ഭീതിയിൽ നിന്നാണ് സഖ്യകക്ഷികൾ താങ്ങിനിർത്തുന്ന ബി.ജെ.പി സർക്കാറിനെ കൊണ്ടുതന്നെ വഖഫിനുമേൽ കൈവെപ്പിക്കുന്നതും.
വഖഫ് സ്വത്തുക്കളുടെ നിയന്ത്രണമില്ലാത്ത ക്രയവിക്രയവും വിൽപനയും ആഗ്രഹിക്കുന്ന മുസ്ലിം സമുദായത്തിലുള്ളവരെയും അതിന് കൂടെ കിട്ടും. വഖഫ് ബോർഡിന്റെ നിയന്ത്രണത്തിൽ നിന്ന് ദർഗകളെയും അവയുമായി ബന്ധപ്പെട്ട സ്വത്തുക്കളെയും ഒഴിവാക്കി ഓരോ വഖഫ് ബോർഡിനുപകരം ദർഗ ബോർഡ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്ന അജ്മീറിൽ നിന്നുള്ള സംഘം അതിലൊരു കൂട്ടർ മാത്രമാണ്.
വഖഫ് ഭരണം
മുസ്ലിം വഖഫ് നിയമം 1913ലാണ് ആദ്യമായി നിലവിൽ വരുന്നത്. 10 വർഷം കഴിഞ്ഞ് ഇത് മുസൽമാൻ വഖഫ് നിയമമായി. സ്വാതന്ത്ര്യത്തിനുശേഷം വഖഫ് നിയന്ത്രണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുൻകൈയെടുത്ത് കേന്ദ്ര വഖഫ് നിയമം 1954ൽ നിലവിൽവന്നു. സമ്പൂർണ നിയമമായി 1995ലെ വഖഫ് നിയമം നിലവിൽവന്നു.
സംസ്ഥാന വഖഫ് ബോർഡുകൾക്ക് രൂപം നൽകിയും വഖഫ് സ്വത്തുക്കളുടെ കൈമാറ്റം തടഞ്ഞും വഖഫ് ട്രൈബ്യൂണലുകൾ സ്ഥാപിച്ചുമുള്ള ഈ നിയമത്തിലെ പോരായ്മകൾ പരിഹരിച്ചാണ് 2013ലെ ഭേദഗതി നിയമം നിലവിൽവരുന്നത്. വഖഫ് ബോർഡിന് കൂടുതൽ അധികാരം നൽകുന്നതടക്കം സുപ്രധാനമായ നിരവധി നിർദേശങ്ങളടങ്ങിയതായിരുന്നു ഇത്. പുതുതായി കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നത് വഖഫ് ബോർഡുകളുടെ അധികാരം നാമമാത്രമാക്കി അവ സർക്കാറിന്റെ കീഴിലാക്കുകയെന്നതാണ്.
നഷ്ടപ്പെട്ട സ്വത്തുവകകൾ
ഇന്ത്യയൊട്ടുക്കും എളുപ്പം മൂല്യം തിട്ടപ്പെടുത്താനാവാത്തത്രയുണ്ട് വഖഫ് സ്വത്തുക്കൾ. രാജ്യത്ത് പ്രതിരോധ മന്ത്രാലയവും റെയിൽവേയും കഴിച്ചാൽ ഏറ്റവും കൂടുതലുള്ളത് വഖഫ് ഭൂമിയാണ്. മസ്ജിദുകളും ഖബർസ്ഥാനുകളും തുടങ്ങി പൂന്തോട്ടങ്ങൾ വരെ പലതായി 8.72 ലക്ഷം വഖഫ് സ്വത്തുക്കൾ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനുകീഴിലെ വഖഫ് നിയന്ത്രണ സംവിധാന പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെട്ടതായുണ്ട്.
നാലുലക്ഷം ഏക്കറിലേറെ വരും ഈ ഭൂമി. ഇവയുടെ നിയന്ത്രണവും ഭരണവും നിർവഹിച്ചുപോരുന്നത് 32 വഖഫ് ബോർഡുകൾ വഴിയും. എന്നാൽ, പലവട്ടം നിയമനിർമാണം നടക്കുകയും ബോർഡുകൾ കാലങ്ങളായി പരിഷ്കരിച്ചുപോരുകയും ചെയ്തിട്ടും രാജ്യത്ത് ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ നടന്ന ഭൂമിയാണ് വഖഫ് എന്നതിൽ തർക്കമുണ്ടാകാനിടയില്ല. വ്യക്തികളെന്ന പോലെ ഭരണകൂടങ്ങളും മത്സരിച്ച് വഖഫ് കൈയേറ്റത്തിന് മുന്നിൽനിൽക്കുന്നതാണ് കണ്ടുപോരുന്ന ചരിത്രം.
ഇന്ത്യൻ പാർലമെന്റ്, രാഷ്ട്രപതി ഭവൻ, ന്യൂഡൽഹി ജി.ബി പന്ത് ഹോസ്പിറ്റൽ, ഗാന്ധി പീസ് ഫൗണ്ടേഷൻ തുടങ്ങി തലസ്ഥാന നഗരത്തിൽത്തന്നെ വഖഫ് കൈയേറ്റങ്ങളുടെ വലിയനിര മുന്നിലുണ്ട്. ഡൽഹി ജുമാമസ്ജിദുവരെ പുതുതായി കൈയേറ്റ ഭീഷണിയിൽ കഴിയുന്നുമുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വഖഫ് ഭൂമി രജിസ്റ്റർ ചെയ്ത ആന്ധ്രപ്രദേശിൽ ഹൈദരാബാദിലെ ഹൈടെക് സിറ്റിയടക്കം സർക്കാർ പദ്ധതികൾ പ്രവർത്തിക്കുന്നത് വഖഫ് ഭൂമിയിലാണ്.
ഒരുകാലത്ത് ഇസ്ലാമിക ഭരണകൂടങ്ങളുടെ ഈറ്റില്ലമായിരുന്ന ബംഗാളിൽ നഷ്ടപ്പെട്ട പള്ളികൾ മാത്രം 60,000ത്തോളം വരും. വിദ്യാഭ്യാസരംഗത്തടക്കം ഏറെ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യയിൽ യഥേഷ്ടം വാങ്ങിക്കൂട്ടുകയോ ലീസിനെടുത്ത് സ്വന്തമാക്കുകയോ ചെയ്യാവുന്നതാണ് വഖഫ് ഭൂമിയെന്ന് സ്വകാര്യ വ്യക്തികൾ മാത്രമല്ല, സർക്കാറുകളും തിരിച്ചറിഞ്ഞുകഴിഞ്ഞ യാഥാർഥ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.