ജലനയവും ജലസാക്ഷരതയും
text_fields1987ലാണ് രാജ്യത്ത് ആദ്യമായി ഒരു ജലനയം രൂപപ്പെടുത്തുന്നത്. 2002 ലും 2012 ലും 2020 ലും അതു പുതുക്കി. 1992 ജനുവരി 26 മുതൽ 31 വരെ അയർലൻഡിലെ ഡബ്ലിനിൽ ചേർന്ന അന്താരാഷ്ട്ര ജലപരിസ്ഥിതി സമ്മേളനത്തിൽ നടന്ന പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് 2012 ലെ ജലനയത്തോടെ ഇന്ത്യയും ജലത്തെ ഒരു സാമ്പത്തിക ചരക്കായി പരിഗണിക്കാൻ തുടങ്ങി. 2020ൽ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കി. ജലവിതരണ പദ്ധതി നടത്തിപ്പിൽ സന്നദ്ധസംഘടനകൾക്കും നിർണായകമായ സ്ഥാനം കൈവന്നു. കുടിവെള്ള പദ്ധതികളുടെ മൂലധന ചെലവിന്റെ നിശ്ചിതശതമാനം ഗുണഭോക്താക്കളും മറ്റൊരു ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കണമെന്ന നയപരമായ മാറ്റങ്ങളും കൊണ്ടുവന്നു.
1992ലാണ് സംസ്ഥാനത്ത് ആദ്യമായി ജലനയം രൂപവത്കരിച്ചത്. എന്നാൽ, ജലനയത്തിൽ സൂചിപ്പിച്ച ഘടകങ്ങളിൽ വേണ്ടത്ര പുരോഗതി ഉണ്ടായില്ല. ഓരോ അഞ്ചുവർഷം കൂടുമ്പോഴും കാലാനുസൃതമായി ജലനയം പുതുക്കുവാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും യഥാസമയങ്ങളിൽ നടന്നില്ല. 2008ൽ ആവിഷ്കരിച്ച സമഗ്ര ജലനയം 13 വർഷത്തിനിപ്പുറവും പുതുക്കിയതുമില്ല. ഈ കാലയളവിലാകട്ടെ സംസ്ഥാനത്തെ ജലമേഖല കൂടുതൽ സങ്കീർണമാവുകയാണ്. 2016ൽ അതിനുമുമ്പുള്ള 142 വർഷങ്ങൾക്കുള്ളിൽ ഏറ്റവും വലിയ വരൾച്ച സംസ്ഥാനത്ത് അനുഭവപ്പെട്ടു. കൃത്രിമമഴയുടെ സാധ്യത പോലും ചർച്ചചെയ്തിട്ടുണ്ട്. 2017ൽ ഓഖി, 2018, 2019 വർഷങ്ങളിൽ പ്രളയം എന്നിവയും അനുഭവപ്പെട്ടു. ഇക്കഴിഞ്ഞ മേയ് മാസത്തിൽ ശരാശരി മഴയേക്കാൾ 50 ശതമാനം കൂടുതൽ ലഭിച്ചു. ജൂൺ 1 മുതൽ ജൂലൈ ഏഴു വരെയുള്ള മൺസൂൺ കാലഘട്ടം കണക്കാക്കിയാൽ 46 ശതമാനം മഴയാണ് കുറഞ്ഞത്.
ആഗോളതാപനം, കടലുകളിലെ താപവ്യത്യാസം, കരയിലെ ഭൂവിനിയോഗ രീതികളിലുള്ള മാറ്റം, പ്രകൃതി ഘടകങ്ങളായ വനങ്ങൾ, മലകൾ, കുന്നുകൾ, വയലുകൾ, ജലധാര മേഖലകൾ എന്നിവയിലൊക്കെ ഉണ്ടായ മാറ്റങ്ങൾ എന്നിവ കാരണം സൂക്ഷ്മ കാലാവസ്ഥയിലും വലിയ ഏറ്റക്കുറച്ചിലുകളാണ് അനുഭവപ്പെടുന്നത്. കേരളത്തിൽ വാർഷിക മഴയുടെ 70 ശതമാനം മൺസൂൺ കാലവർഷവും ആയി ജൂൺ മുതൽ സെപ്റ്റംബർ വരെയും 20 ശതമാനം മൺസൂണിെൻറ പിൻവാങ്ങൽ കാലമായ ഒക്ടോബർ മുതൽ ഡിസംബർ വരെയും പിന്നൊരു 10 ശതമാനം മാർച്ച് മുതൽ മേയ് വരെ വേനൽമഴയും ലഭിക്കുന്ന രീതിയിൽ നിയതമായ മഴ കലണ്ടറും മഴക്കാലവും നമുക്ക് ഉണ്ടായിരുന്നു. എന്നാൽ, കാലംമാറി കാലാവസ്ഥയുടെ താളംതെറ്റി, കുറഞ്ഞ കാലയളവിൽ കുറഞ്ഞ സ്ഥലത്ത് കൂടുതൽ ശക്തമായ മഴ എന്ന രീതിയിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. മഴത്തുള്ളികളുടെ കനവും ശക്തിയും വർധിച്ചു. ശക്തമായ മഴ, വേഗത്തിലുള്ള ഉപരിതലനീരൊഴുക്ക് എന്നതാണ് പുതിയ അവസ്ഥ. മഴക്കാലം വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും കെടുതികളുടെ സമയം കൂടിയായി മാറുന്നുവെന്നതാണ് യാഥാർഥ്യം. മഴയൊന്നു മാറിയാൽ വരൾച്ച, ജലക്ഷാമം എന്നതായി സ്ഥിതി. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി വരൾച്ചയും പ്രളയവും ഇടവേളകളിലായി വെല്ലുവിളികൾ ഉയർത്തുന്നു.
സമഗ്രവും ശാസ്ത്രീയവും പ്രാദേശികവുമായ വിവിധ ജല, പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമേ പ്രതിസന്ധികളെ മറികടക്കാൻ ആവുകയുള്ളൂ. പുതിയ കേന്ദ്ര ജലനയത്തിനു അനുബന്ധമായി എല്ലാവർക്കും പൈപ്പുകളിലൂടെ കുടിവെള്ളം നൽകുന്നതിനായി ജലജീവൻ മിഷനും രാജ്യത്ത് ആരംഭിച്ചു. ജലനയത്തിലെ എല്ലാ പരിഷ്കാരങ്ങളും ചേർത്താണ് ജലജീവൻ മിഷൻ മാർഗരേഖ തയാറാക്കിയിട്ടുള്ളത്. പൊതു ജലവിതരണ സംവിധാനങ്ങൾക്കുപകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ഗുണഭോക്തൃ സമിതികൾ എന്നിവർക്ക് വലിയ സ്ഥാനമാണ് പുതിയ രീതിയായി അംഗീകരിച്ചിട്ടുള്ളത്. ജനപങ്കാളിത്തത്തോടൊപ്പം ചിലവിന്റെ വിഹിതവും ജനങ്ങൾ നൽകേണ്ടതുണ്ട്.
സംസ്ഥാനത്തെ ജനസംഖ്യയിൽ 70 ശതമാനവും തുറന്ന കിണറുകളെയാണ് കുടിവെള്ളത്തിനുൾപ്പെടെയുള്ള വിവിധ ജലാവശ്യങ്ങൾക്കുള്ള വെള്ളത്തിനായി ഇപ്പോഴും ആശ്രയിക്കുന്നത്. വേനൽക്കാലങ്ങളിൽ കിണറുകളിൽ വെള്ളം വറ്റുന്ന സ്ഥിതിയാണുള്ളത്. അതുപോലെ, ജലമലിനീകരണവും പ്രധാന പ്രശ്നമാണ്. മഴയുടെ സ്വന്തം നാടായ കേരളത്തിൽ 3000 മി. മീറ്റർ വാർഷികമഴയായി ലഭിക്കുന്നുണ്ട്. അവ 900 മുതൽ 5000 മി. മീറ്റർ വരെയുള്ള രീതിയിലാണ് കിട്ടുന്നത്. തീരദേശങ്ങളെക്കാൾ മലനാടുകളിലും തെക്കൻപ്രദേശങ്ങളെക്കാൾ വടക്കൻമേഖലകളിലുമാണ് കൂടുതൽ മഴ ലഭിക്കുന്നത്. 44 നദികൾ 142 ൽ അധികമുള്ള ഉപതോടുകൾ 960 ഓളം വരുന്ന ചെറുതോടുകൾ, 23,000ത്തിലധികം വരുന്ന ചാലുകൾ, ഒരുലക്ഷത്തിലധികം വരുന്ന കുളങ്ങൾ, 80 ലക്ഷത്തോളം തുറന്നകിണറുകൾ എന്നിവയെല്ലാം നിലനിൽക്കുന്ന കേരളത്തിലാണ് ജലക്ഷാമവും വരൾച്ചയുമെല്ലാമെന്നുള്ളത് ഗൗരവതരമായി ചർച്ചചെയ്യേണ്ട കാര്യമാണ്. ഒരു ഹെക്ടർ വനപ്രദേശത്ത് 32,000 ഘനകി.മീറ്ററും പത്തുസെൻറ് വയൽപ്രദേശത്ത് 1,60,000 ലിറ്ററും ആയിരം ചതുരശ്ര അടി വിസ്തീർണവുമുള്ള പുരപ്പുറത്ത് മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം മീറ്ററും മഴവെള്ളമാണ് വീഴുന്നത് എന്നറിയുമ്പോഴാണ് മഴവെള്ളത്തിന്റെ വർധിച്ച ജലലഭ്യതയുടെ തോതും പ്രാധാന്യവും വെളിവാക്കുന്നത്. ഒരു സമയത്ത് ഉപരിതലനീരൊഴുക്ക് വർധിക്കുന്നു. തുടർന്ന് വെള്ളപ്പൊക്കവും പ്രളയവുമൊക്കെയുണ്ടാകുന്നു. മറുവശത്ത് ഭൂഗർഭത്തിലേക്ക് ധാരാളമായി ജലമിറങ്ങാത്തതിനാൽ ഭൂജലനിരപ്പിൽ കുറവുണ്ടാകുന്നു. നമുക്ക് ലഭിക്കുന്ന മഴവെള്ളത്തെ നാമിനിയും ഗൗരവമായി മനസ്സിലാക്കി കൈകാര്യം ചെയ്യുന്നില്ലയെന്നത് ചർച്ചചെയ്യേണ്ട വിഷയമാണ്. വിപുലമായ മഴ സാക്ഷരത നമുക്കാവശ്യമാണ്.
ഈ കാലയളവിൽ തന്നെ ആഗോളതലത്തിൽ ജലമേഖലയിൽ വലിയമാറ്റമാണുണ്ടാകുന്നത്. വെർച്വൽ വാട്ടർ സങ്കൽപമനുസരിച്ചുള്ള നയങ്ങളും ചട്ടങ്ങളും അതനുസരിച്ചുള്ള പരിഷ്കാരങ്ങളും ഉണ്ടായിവരുകയാണ്. ഒരു വസ്തുവോ ഉൽപന്നമോ ഉണ്ടാക്കുന്നതിനും ജന്തുജാലങ്ങൾ ജീവിക്കുന്നതിനും ഓരോയിനങ്ങളിലായി എത്ര വെള്ളം വേണമെന്ന് കണക്കാക്കുന്നതാണ് വെർച്വൽ വാട്ടർ എന്ന കാഴ്ചപ്പാട് കൊണ്ടുദ്ദേശിക്കുന്നത്. വാട്ടർ ഫുട്ട് പ്രിൻറും വെർച്വൽ വാട്ടറും കണക്കാക്കിയിട്ടുള്ള കയറ്റിറക്കുമതി നിയമങ്ങളാണ് വരാനിരിക്കുന്നത്. ഓരോ രാജ്യവും ഏറ്റവും ജലക്കുറവ് ആവശ്യമുള്ളവ ഉൽപാദിപ്പിക്കുകയും മറ്റുള്ളവ ഇറക്കുമതി ചെയ്യുകയും വേണമെന്നതാണ് പുതിയകാഴ്ചപ്പാട്. വാട്ടാർതാരിഫും വാട്ടർ ടാക്സുമൊക്കെ ചേർത്ത് ജലമേഖല വളരെ സങ്കീർണമാവുന്ന വർത്തമാനലോക കാഴ്ചയാണ് മുന്നിലുള്ളത്.
കേരളത്തിൽ കുടിവെള്ളം ജലസേചനം, കൃഷി, വ്യവസായം, ജലവൈദ്യുതി, ജലടൂറിസം, ആരോഗ്യം, പരിസ്ഥിതിസംരക്ഷണം, മണ്ണിനെയും പ്രകൃതിയെയും അന്തരീക്ഷത്തെയും വൃത്തിയാക്കൽ, ആവാസവ്യവസ്ഥകളുടെ നിലനിൽപ് എന്നിവക്കെല്ലാം ജലമല്ലാതെ മറ്റൊരു ഘടകവും മുന്നിലില്ല. പ്രകൃതിയുടെ ഭാഗമായിരുന്ന ജലത്തെ ഘടകമാക്കിയും വിഭവമാക്കിയും ആസ്തിയാക്കിയും തുടർന്ന് സാമ്പത്തിക ചരക്കുമൊക്കെയാക്കി മാറ്റുമ്പോഴും ജലത്തിനുപകരം ജലം മാത്രമേയുള്ളൂ. ലാബിലിരിക്കുന്ന ഹൈഡ്രജനും ഓക്സിജനും ചേർത്ത് കൃത്രിമമായി ജലം നിർമിക്കാം. പക്ഷേ, ഇങ്ങനെ സൃഷ്ടിക്കുന്ന ജലംകൊണ്ട് നാടിന്റെയും നാട്ടുകാരുടെയും ദാഹം തീർക്കാനാവില്ല. അതിന് പ്രകൃതിയുടെ താളക്രമങ്ങൾ അനുസരിച്ച് ജലചക്രവും കാർബൺ ചക്രവും ഹൈഡ്രജൻ ചക്രവുമെല്ലാം പ്രധാനമാണ്. ഒരുപാട് വസ്തുക്കളുടെ പ്രവർത്തന പ്രതിപ്രവർത്തനങ്ങളാവശ്യമാണ്. പർവതജന്യമായ മഴ ലഭിക്കുന്ന കേരളത്തിൽ പശ്ചിമഘട്ടത്തിനും വനങ്ങൾക്കും മഴയുടെ ഗതിയിൽ നിർണായകമായ സ്ഥാനമാണുള്ളത്. സമഗ്രവും ശാസ്ത്രീയവുമായ മണ്ണ്, ജല, ജൈവസംരക്ഷണത്തിലൂടെ മാത്രമേ ജലപ്രതിസന്ധിയെ മറികടക്കാവുകയുള്ളൂ.
ഓരോ മേഖലക്കുമാവശ്യമായ ജലമുൻഗണനകൾ നിശ്ചയിക്കപ്പെടണം. കുടിവെള്ളവിതരണമുൾപ്പെടെയുള്ള മേഖലകളുടെ പൊതു സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തതയുണ്ടാകേണ്ടതും ആവശ്യമാണ്. സംസ്ഥാനത്ത് ലഭിക്കുന്ന മഴയെങ്ങനെ കൂടുതൽ പ്രയോജനപ്പെടുത്തുമെന്നും ജലസ്രോതസ്സുകൾ സംരക്ഷിക്കുമെന്നതും പ്രധാനമാണ്. വാട്ടർ എ.ടി.എമ്മും കുപ്പിവെള്ളവുമൊക്കെ മുന്നിലുണ്ട്. വായുവിൽ നിന്നും കുടിവെള്ളം വികസിപ്പിക്കുന്ന രീതിയും വന്നുകഴിഞ്ഞു. കടൽവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ചർച്ചയും സജീവമാണ്. അതേസമയം, ലഭിക്കുന്ന മഴയുടെ പത്തുശതമാനം കൂടി സംരക്ഷിക്കുവാനായാൽ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനാവുന്നതാണ്. ഇവിടെയാണ് മഴവെള്ള സംഭരണത്തിന്റെയും കൃത്രിമ ഭൂജലപരിപോഷണ രീതികളുടെയും നീർത്തടാധിഷ്ഠിത വികസന പരിപാടികളുടെയും പ്രാധാന്യം കൂടുതൽ പ്രസക്തമാവുന്നത്.
ജലമേഖലയിൽ ആഗോള, ദേശീയ സാഹചര്യങ്ങൾ ഒരുപാട് മാറിക്കഴിഞ്ഞു. പുത്തൻനയങ്ങൾ, പരിഷ്കാരങ്ങൾ, ചട്ടങ്ങൾ, നിയമങ്ങൾ, കരാറുകൾ എന്നിവയെല്ലാം വരുകയാണ്. കൂടുതൽ സങ്കീർണമാവുന്ന ജലവിഷയം ചർച്ച ചെയ്ത് കൃത്യമായ നയങ്ങളും പരിപാടികളും ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമഗ്രമായ ജലനയവും ജലസാക്ഷരതയും അനിവാര്യമാണ്. ജലസംരക്ഷണം പ്രധാന അജണ്ടയായി മാറേണ്ടതുണ്ട്.
(ജലവിഭവ വകുപ്പ് മുൻ ഡയറക്ടറും 2008ലെ സംസ്ഥാന ജല നയരൂപവത്കരണ സമിതി കൺവീനറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.