Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുണ്ടക്കൈയിലെ മനുഷ്യരെ...

മുണ്ടക്കൈയിലെ മനുഷ്യരെ പുനരധിവസിപ്പിക്കുമ്പോൾ

text_fields
bookmark_border
Wayanad Landslide
cancel

ഉരുൾപൊട്ടലിൽ സകലതും നഷ്ടപ്പെട്ടുപോയ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാറിന്റേതാണ്, അത് സർക്കാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ആവശ്യത്തിലേക്കായി എത്രയോ മനുഷ്യർ, എത്രയോ കോടികൾ സർക്കാറിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയും നൽകിയിരിക്കുന്നു. പുനരധിവാസ പ്രവർത്തനത്തെ ‘കേരളത്തിന്റെ പുനർനിർമാണം (Rebuild Kerala)’ എന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നത്. പക്ഷേ, പ്രകൃതിക്ഷോഭങ്ങൾ നിർമിതികൾ മാത്രമല്ല, സംസ്കൃതിയെയും പ്രകൃതിയുടെ ഘടനയെയും തകിടം മറിക്കുന്നുണ്ടെന്ന കാര്യം സർക്കാർ ശ്രദ്ധിക്കുന്നുണ്ടോ?

ഉരുൾപൊട്ടലിന് മുമ്പുണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ഇന്ന് ഒരു അർഥത്തിലും നിലനിൽക്കുന്നില്ല. ചെറുതും വലുതുമായ പാറകളും കടപുഴകി ഒലിച്ചെത്തിയ മരങ്ങളും മനുഷ്യനിർമിതികളുടെ അവശിഷ്ടങ്ങളും നിറഞ്ഞ, മേൽമണ്ണ് പൂർണമായും ഒലിച്ചുപോയ ഈ രണ്ടു പ്രദേശങ്ങളിൽ നിന്നും അവശേഷിക്കുന്ന ജനങ്ങൾ പൂർണമായും ഒഴിഞ്ഞുപോയിരിക്കുന്നതിനാൽ അവിടങ്ങളിൽ വളർന്ന സംസ്കൃതിയും ഇനിയൊരിക്കലും പുനർനിർമിക്കാൻ സാധിക്കില്ലെന്ന് തോന്നുമാറ് അസ്തമിച്ചിരിക്കുന്നു.

ഇവിടങ്ങളിലെ മനുഷ്യർക്കിടയിൽ പതിറ്റാണ്ടുകളുടെ കൊടുക്കൽ വാങ്ങലിലൂടെ സ്വാഭാവികമായി വികസിച്ച സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തെയാണ് സംസ്കൃതിയെന്നതുകൊണ്ട് ഉദ്ദേശിച്ചത്. അതിന്റെ ഭാഗമായിരുന്ന മിക്കവരും ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്ന മനുഷ്യർ പലയിടങ്ങളിലേക്ക് ചിതറിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ചിതറിക്കപ്പെട്ടിരിക്കുന്നു എന്ന പ്രയോഗം ബോധപൂർവമാണ്.

ക്യാമ്പുകളിൽ താമസിപ്പിക്കപ്പെട്ടിരുന്ന മനുഷ്യർ ഇന്ന് ജില്ലയിൽ പലയിടങ്ങളിലായി വാടക വീടുകളിലാണ് പാർക്കുന്നത്. ഏകാന്തതയും നഷ്ടങ്ങളെക്കുറിച്ചുള്ള ഓർമകളും സാമ്പത്തിക ക്ലേശങ്ങളും ഇവരെ വേട്ടയാടുന്നുണ്ട്. ഇവരാരും തന്നെ പുതിയ വാടക വീടുകളിലെ ഏകാന്തതയുടെ തടവറകളിൽ കഴിഞ്ഞുകൂടാൻ തയാറല്ല എന്നതാണ് മറ്റൊരു വസ്തുത. അവരെല്ലാം തങ്ങളെപ്പോലെ പലയിടങ്ങളിൽ ചിതറിയ മനുഷ്യരെ കാണാനായി ദിനേന യാത്രചെയ്യുന്നുണ്ട്. പലരും കൽപറ്റയിലും മറ്റുമുള്ള താലക്കാലിക വാസസ്ഥലങ്ങളിൽനിന്ന് പരിചിത മുഖങ്ങൾ തേടി ദിനേന ഉരുൾപൊട്ടൽ ബാധിത പ്രദേശത്തോട് ചേർന്ന മേപ്പാടി വരെയെങ്കിലും വന്നുംപോയുമിരിക്കുന്നു.

ഇവരുടെ സാമ്പത്തിക നിലനിൽപിനെ തെല്ലും പരിഗണിക്കാത്ത സർക്കാറിന്റെ സമീപനം നഷ്ടങ്ങളുടെ കണക്കുകൾ മാത്രം ഓർക്കാനും പറയാനുമുള്ള മനുഷ്യരെ നിസ്സഹായരാക്കുന്നു. ഉരുൾപൊട്ടലിന് ഇരയായവരിൽ പലരും അതത് പ്രദേശങ്ങളിൽ എസ്റ്റേറ്റുകളിലെ തൊഴിലാളികളായിരുന്നു, പ്രത്യേകിച്ചും പഴയ തലമുറ. പതിറ്റാണ്ടുകളുടെ അധ്വാനത്തിന്റെ ശേഷിപ്പുകളായിരുന്നു അവരുടെ കൂരകൾ.

മറ്റൊരു നീക്കിവെപ്പും ഇല്ലാത്തതിനാൽ പെൻഷനായതിന് ശേഷവും പലതരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് പലരും. ആ തൊഴിലും തൊഴിലിടങ്ങളും ഇന്നില്ല, എല്ലാവരും തങ്ങൾക്ക് ഒരു ബന്ധവുമില്ലാത്ത ചുറ്റുപാടുകളിൽ ജീവിക്കാൻ നിർബന്ധിതരുമായിരിക്കുന്നു. ദുരന്തം നൽകിയ ഓർമകളും കവർന്ന ജീവനും ജീവിതങ്ങളും സൃഷ്ടിക്കുന്ന ഉറക്കമില്ലായ്മക്കും ആധിക്കും മാനസിക സംഘർഷങ്ങൾക്കും പുറമെയാണ് ദുരന്താനന്തര ജീവിതം നൽകുന്ന ദുരിതങ്ങൾ.

ജീവിച്ച പരിസ്ഥിതിയിൽനിന്നും സാമൂഹിക - സാമ്പത്തിക പരിതസ്ഥിതിയിൽനിന്നും വ്യത്യസ്തമായ അപരിചിത ചുറ്റുപാടുകളിലേക്ക് പറിച്ചുനടപ്പെട്ട മനുഷ്യരുടെ ഇത്തരം സംഘർഷങ്ങളും ഭരണകൂടം കാണേണ്ടതുണ്ട്. ആ മനുഷ്യർ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങൾ ലഘൂകരിക്കാൻ അവരെ കേൾക്കുകയെന്ന പ്രക്രിയയാണ് അതിൽ പ്രഥമം. ഈ ഉദ്ദേശ്യം മുൻനിർത്തി വലിയ ഉദ്യോഗസ്ഥർ ഒരു യോഗം വിളിച്ചുചേർത്താൽ അവർ ഉടനടി മനസ്സ് തുറക്കുമെന്ന് അതിനർഥമില്ല. സാമൂഹിക പ്രതിബദ്ധതയുള്ള മനഃശാസ്ത്രജ്ഞരുടെയും സോഷ്യൽ വർക്കർമാരുടെയും ക്ഷമയോടുകൂടിയ ഇടപെടലുകളിലൂടെയേ അതുണ്ടാവൂ.

ഇരകളെ കേൾക്കാതെ, അവരുടെ അഭിലാഷങ്ങളറിയാതെ ഒരു ടൗൺഷിപ്പിൽ കുറെ വീടുകൾ പണിതുനൽകുന്നതുകൊണ്ട് സർക്കാറിന്റെ ഉത്തരവാദിത്തം കഴിയില്ല. അതുമാത്രമല്ല ഈ ജനത ആഗ്രഹിക്കുന്നതും. വിയോജിപ്പ് പ്രകടിപ്പിച്ചാൽ ഇതുകൂടി ഇല്ലാതാവുമോ എന്ന ഭയം കാരണമാണ് അവർ നിശ്ശബ്ദത പാലിക്കുന്നത്, പുനരധിവാസമെന്നാൽ ​കെട്ടിട-റോഡ് നിർമാണം മാത്രമാണെന്ന മിഥ്യാധാരണ ഇല്ലാതാക്കിയാലേ ജനങ്ങളുടെ യഥാർഥ ആവശ്യങ്ങൾ മനസ്സിലാക്കാൻ സർക്കാറിന് സാധിക്കുള്ളൂ. അല്ലാത്തപക്ഷം പുനരധിവാസവും മറ്റൊരു ദുരന്തമായിത്തീരും.

(ദുരിതബാധിതർക്കായി നടത്തുന്ന മെഡിക്കൽ-മനഃശാസ്ത്ര ക്യാമ്പിൽ പ്രവർത്തിച്ചതിന്റെ പശ്ചാത്തലത്തിൽ എഴുതിയത്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideRebuild Kerala
News Summary - Wayanad Landslide
Next Story