ഒടുവിൽ നമ്മളെല്ലാം മുഖപടം ധരിക്കേണ്ടിവന്നു
text_fieldsയു.എസിലെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ പരമ്പരയാണ് ‘ഗ്രേയ്സ് അനാട്ടമി’. ഇതിൽ, ശരീരം മുഴുവൻ മറച്ച് കണ്ണുകൾ മാത്രം പുറത്തുകാണിക്കുന്ന ഡോക്ടർമാരും നഴ്സുമാരും കഥാപാത്രങ്ങളായി വരുന്ന നിരവധി രംഗങ്ങളുണ്ട്. സംസാരിക്കുകയും ചിരിക്കുകയും തർക്കിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളിലെല്ലാം അഭിനേതാക്കളുടെ കണ്ണുകളുടെ ക്ലോസപ്പ് ദൃശ്യങ്ങളിലൂടെയാണ് സംവിധായകൻ പ്രേക്ഷകരെ കൈയിലെടുക്കുന്നത്. മുസ്‌ലിം സ്ത്രീകളിൽ ചിലർ നിഖാബ് (മുഖപടം) ധരിക്കുന്നത് ആശയവിനിമയത്തിന് തടസ്സമാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ ഈ രംഗങ്ങൾ ധാരാളം മതി.
കോവിഡ് വ്യാപനത്തിനെതിരെ പോരാടാൻ ഇപ്പോൾ ലോകമെങ്ങും മാസ്കുകൾ ഉപയോഗിക്കുന്നു. ഇത് നിഖാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകളോടുള്ള വിവേചനത്തെക്കുറിച്ച് പുനരാലോചിക്കാൻ ചിലർക്കെങ്കിലും പ്രേരണയാകുന്നുണ്ട്. ഫ്രാൻസിൽ 2011ലും കാനഡയിലെ ക്യുബെക്കിൽ 2017 ഒക്ടോബറിലും പ്രാബല്യത്തിൽ വന്ന മുഖം മറയ്ക്കൽ നിരോധനം പുതിയ സാഹചര്യത്തിൽ എനിക്ക് ആശ്ചര്യകരമായി തോന്നി.
Fashion in the new #COVID19 era, apparently. Just saw this ad in the Globe and Mail and thought of the irony that not so long ago Canadians had very negative reactions to wearing niqab and Quebec passed Bill 21. pic.twitter.com/n3XHBXxEui
— howard ramos (@somardrawoh) April 12, 2020
എല്ലാവരും വ്യാപകമായി ഫേസ് മാസ്ക് ധരിക്കുന്നത് കനേഡിയക്കാരും അമേരിക്കക്കാരും യൂറോപ്പുകാരും ഇപ്പോൾ അംഗീകരിക്കുന്നുണ്ടല്ലോ. അതുപോലെ, ചിലർ നിഖാബ് ധരിക്കുന്നതിനെയും ഉൾക്കൊള്ളാൻ ഇവർക്ക് കഴിയുമോ? ചുരുക്കം ചില സ്ത്രീകൾ ഇത് ധരിക്കുേമ്പാൾ അവരോട് വിവേചനത്തോടെ പെരുമാറുന്നത് പാശ്ചാത്യ നാടുകൾ അവസാനിപ്പിക്കുമോ?
മുഖരാഷ്ട്രീയത്തിെൻറ ചരിത്രം
മുഖപടം യൂറോപ്പ് നിരാകരിക്കുന്നതിന് നീണ്ട ചരിത്രമുണ്ട്. കനേഡിയൻ മുസ്‌ലിം സ്ത്രീകളെയും മുഖപടത്തെയും കുറിച്ചുള്ള പുസ്തക രചനക്ക് വേണ്ടി നടത്തിയ ഗവേഷണത്തിനിടെ ഇക്കാര്യം ഞാൻ മനസ്സിലാക്കിയിരുന്നു.
സാംസ്കാരിക ഭീഷണിയുടെയും മുസ്‌ലിം സ്ത്രീകളെ നിശബ്ദമാക്കുന്നതിെൻറയും പ്രതീകമായാണ് ചിലർ നിഖാബിനെ കാണുന്നത്. പാശ്ചാത്യ സാഹിത്യത്തിൽ മുഖപടത്തെ കുറിച്ചുള്ള ആദ്യ ചർച്ചകളിലൊന്ന് ഡോൺ ക്വിക്സോട്ട് എന്ന നോവലിലാണെന്ന് ‘മുസ്‌ലിം സ്ത്രീയുടെ പാശ്ചാത്യ പ്രാതിനിധ്യം’ എന്ന പുസ്തകത്തിൽ മോജാ കാഫ് രേഖപ്പെടുത്തുന്നുണ്ട്. മിഗ്വെൽ ഡി സെർവാൻറ്സിെൻറ ഈ വിശ്വപ്രസിദ്ധ സ്പാനിഷ് നോവൽ 1605ലാണ് പ്രസിദ്ധീകരിച്ചത്.
ഒരു സത്രത്തിലൂടെ മുഖപടം ധരിച്ച് നടക്കുന്ന സ്ത്രീയെക്കുറിച്ച്, നോവലിലെ കഥാപാത്രങ്ങളിലൊന്നായ ഡൊറോത്തിയ ചോദിക്കുന്നു: “ഈ സ്ത്രീ ക്രിസ്ത്യാനിയാണോ അതോ മൂർ ആണോ?” ഉത്തരം വന്നു: “അവളുടെ വസ്ത്രധാരണവും നിശബ്ദതയും കണ്ടിട്ട് അവൾ നമ്മൾ കരുതുന്ന പോലെ അല്ലെന്ന് തോന്നുന്നു.” ഡോൺ ക്വിക്സോട്ടിൽ നിന്നുള്ള ഈ രംഗം സൂചിപ്പിക്കുന്നത് പോലെ, അക്കാലത്തും യൂറോപ്യൻ സ്ത്രീകൾ ചിലപ്പോൾ അവരുടെ മുഖമോ തലമുടിയോ മൂടിയിരുന്നു. എന്നാൽ അവർ അങ്ങനെ ചെയ്യുന്നത് ഒരിക്കലും ആരും നിഷേധാർഥത്തിൽ കണ്ടിരുന്നില്ല.
വ്യക്തികൾക്കും മുതലാളിത്തത്തിനും കൺസ്യൂമറിസത്തിനും മുൻഗണന നൽകുന്ന പാശ്ചാത്യ ഉദാരവാദത്തിെൻറ ഉയർച്ച പുതിയ “മുഖരാഷ്ട്രീയത്തിലേക്ക്” നയിച്ചു. മാഞ്ചസ്റ്റർ സർവകലാശാലയിൽ രാഷ്ട്രമീമാംസയിൽ പ്രഫസറായ ജെന്നി എഡ്കിൻസ്, മുഖത്തിെൻറ പുതിയ അർഥത്തെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നുണ്ട്. മുഖം ശരിയായി വായിക്കാൻ കഴിയുമെങ്കിൽ, വ്യക്തിയുടെ സ്വഭാവം പ്രദർശിപ്പിക്കുന്നത് കാണാനാകും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്തെങ്കിലും മറയ്ക്കാനോ യഥാർഥ വിവരം മറ്റുള്ളവർ അറിയാതിരിക്കാനോ ആഗ്രഹിക്കുന്നവരാണ് മുഖം മറച്ചുവെക്കുന്നത് എന്ന മറുവശവും ഈ പുതിയ മുഖരാഷ്ട്രീയം ഉയർത്തിക്കൊണ്ടുവന്നു.
അതേസമയം, ഭാവാഭിനയത്തിലൂടെ പ്രേക്ഷകരെ അഭിനേതാക്കൾ രസിപ്പിക്കുന്നത് പോലെ മുഖം കൈകാര്യം ചെയ്യുന്നത് പഠിച്ചെടുക്കേണ്ട ഒന്നാണെന്ന് നാം മനസ്സിലാക്കി. മുഖത്ത് മേക്കപ്പ് ഇടുന്നതിനെക്കുറിച്ചും നമ്മൾ പഠിക്കുന്നു, വിദ്യാഭ്യാസത്തിലൂടെയും വ്യക്തിപരമായ ചടുലതയിലൂടെയും നമ്മൾ ലോകത്തെ അഭിമുഖീകരിക്കുന്നു, ആളുകളെ കബളിപ്പിക്കുന്നതിനും മാതാപിതാക്കളോടും അധ്യാപകരോടും കള്ളം പറയുന്നതിനും ഭാവഭേദമില്ലാതെ മുഖം ഉപയോഗിക്കാൻ നമ്മൾ ശ്രമിക്കുന്നു, സാഹചര്യങ്ങൾക്ക് അനുചിതമായ വികാരം കാണിക്കാതിരിക്കാൻ മുഖത്തെ എങ്ങനെ ശീലിപ്പിക്കാെമന്നും നമ്മൾ പഠിച്ചെടുക്കുന്നു. അതേ, മുഖം പലപ്പോഴും നമ്മുടെ യഥാർഥ മുഖംമൂടിയാണ്.
നിഖാബ് വിരുദ്ധതയും വിദ്വേഷപ്രചരണവും
വിദ്വേഷപ്രസ്താവനകളിലൂടെ നിരവധി നേതാക്കൾ തങ്ങളുടെ നിഖാബ് വിരുദ്ധ മനോഭാവം പ്രകടമാക്കിയിരുന്നു. കാനഡയിൽ നിഖാബ് നിരോധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മുൻ പൗരത്വ, സാംസ്കാരിക മന്ത്രി ജേസൺ കെന്നിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. “പഴയ ഗോത്ര സാംസ്കാരമാണ് നിഖാബ്. അവർ സ്ത്രീകളെ മനുഷ്യരെപ്പോലെയല്ല, സ്വത്തായിട്ടാണ് കണക്കാക്കുന്നത്” എന്നായിരുന്നു 2015ൽ അദ്ദേഹം പറഞ്ഞത്. “സ്ത്രീവിരുദ്ധ സംസ്കാരത്തിൽ വേരൂന്നിയ വസ്ത്രമാണത്. അവരവരുടെ വ്യക്തിത്വം മറച്ചുവെക്കുന്നത് കുറ്റകരമാണ്.” എന്നായിരുന്നു മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ അതേ വർഷം നടത്തിയ പ്രസ്താവന.
കാനഡയിൽ വിദ്വേഷ പ്രചാരണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഒൻററിയോയിലും ക്യുബെക്കിലുമാണ് ഏറ്റവും കൂടുതൽ. ഒൻററിയോയിൽ മുസ്ലിംകൾക്കും കറുത്തവർക്കും ജൂതന്മാർക്കുമെതിരെയാണെങ്കിൽ, ക്യുബെക്കിൽ മുസ്‌ലിംകൾക്കെതിരായ വിദ്വേഷപ്രചരണമാണ് വർധിച്ചത്.
കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയായവരിൽ ഏറ്റവും കൂടുതൽ മുസ്ലിംകളാണെന്നാണ് ടൊറേൻറാ സർവകലാശാലയിലെ ഗവേഷകയായ സിദ്റ അഹ്മദ് വ്യക്തമാക്കുന്നത്. അതിൽ അധികവും സ്ത്രീകളാണെന്നും കാനഡയിലെ വിദ്വേഷ കുറ്റകൃത്യങ്ങളുടെ കണക്കുകൾ വിശകലനം ചെയ്ത് സിദ്റ ചൂണ്ടിക്കാട്ടുന്നു. 2018ലെ ആംഗസ് റീഡ് വോട്ടെടുപ്പിൽ ഭൂരിപക്ഷം കാനഡ പൗരന്മാരും ജീവനക്കാർക്ക് നിഖാബ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. മുസ്‌ലിം സ്ത്രീകളെ അനാവരണം ചെയ്യാനുള്ള സമകാലിക ശ്രമങ്ങൾ കൊളോണിയൽ കാലഘട്ടത്തിലെ ബ്രിട്ടീഷ്, ഫ്രഞ്ച് ചെയ്തികളെയാണ് പ്രതിധ്വനിപ്പിക്കുന്നത്.
മെഡിക്കൽ മാസ്കും നിഖാബും
അടുത്തിടെ ടൊറേൻറാ സ്റ്റാർ സംഘടിപ്പിച്ച ചർച്ചയിൽ വിൻഡ്‌സർ സർവകലാശാലയിലെ നിയമ വിദ്യാർത്ഥി താഷാ സ്റ്റാൻസ്ബറി, അധികൃതർ നിഖാബിനോട് കാണിക്കുന്ന വിവേചനത്തിെൻറ പൊള്ളത്തരം ഉദാഹരണസഹിതം വ്യക്തമാക്കിയിരുന്നു. ‘‘മോൺട്രിയൽ ആശുപത്രിയിൽ ഇപ്പോൾ ശസ്ത്രക്രിയാ മാസ്‌ക് ധരിക്കൽ നിർബന്ധമാണ്. ആളെ തിരിച്ചറിയാനോ സുരക്ഷാ ആവശ്യങ്ങൾക്കോ മാസ്ക് നീക്കംചെയ്യാൻ ആരും ആവശ്യപ്പെടുന്നില്ല. മാസ്ക് ധരിച്ചുതന്നെ അവർ മെഡിക്കൽ സ്റ്റാഫുകളുമായി സംവദിക്കുന്നു. എന്നാൽ, അതേ ആശുപത്രിയിലേക്ക് നിഖാബ് ധരിച്ച ഒരു സ്ത്രീ വന്നാൽ അത് നീക്കംചെയ്യാൻ നിയമപ്രകാരം നിർബന്ധിതയാകും’’ -താഷാ ചൂണ്ടിക്കാണിച്ചു.
യു.എസ് ഫിലോസഫി പ്രഫസർ മാർത്ത നസ്ബാം ന്യൂയോർക്ക് ടൈംസിലെഴുതിയ ലേഖനത്തിലും സുരക്ഷയുടെ പേരിലുള്ള മുഖപട നിരോധനത്തിെൻറ കാപട്യം തുറന്നുകാട്ടിയിരുന്നു. തണുപ്പ് കാലത്ത് മുഖവും ശരീരവും മൂടിപ്പുതച്ച് ആളുകൾ പുറത്തിറങ്ങുന്നത് സുരക്ഷാപ്രശ്നമുണ്ടാക്കുന്നില്ലെങ്കിൽ നിഖാബ് എങ്ങിനെയാണ് അതിന് ഹേതുവാകുന്നതെന്നായിരുന്നു അവരുടെ ചോദ്യം. മുഖവും തലയും മറക്കുന്ന കമ്പിളി സ്കാർഫുകളെ പൗരന്മാർ തമ്മിലുള്ള ആശയവിനിമയത്തിന് തടസ്സമായി ലിബറൽ ജനാധിപത്യ രാജ്യങ്ങൾ കാണാത്തത് എന്തുകൊണ്ടാണെന്നും മാർത്ത ചോദിച്ചു.
ശസ്ത്രക്രിയാ വിദഗ്ധർ, ദന്തരോഗവിദഗ്ദ്ധർ, അമേരിക്കൻ ഫുട്ബാൾ കളിക്കാർ, സ്കീയർമാർ, സ്കേറ്റിങ് താരങ്ങൾ… തുടങ്ങി വിശ്വസ്തരായ നിരവധി പ്രഫഷനലുകൾ വർഷം മുഴുവനും മുഖം മൂടുന്നു. ഇതിനെയൊന്നും യൂറോപ്പ് ഭയക്കുകയോ തടയുകയോ ചെയ്യുന്നില്ല. അപ്പോൾ, മുഖംമറക്കുന്നതല്ല, മുസ്‌ലിം വേഷമായതാണ് ഭയത്തിനും അവിശ്വാസത്തിനും പ്രചോദനം എന്നതുവ്യക്തമാണ്.
കൊറോണയെ തടയാൻ ധരിക്കുന്ന മുഖംമൂടിയും നിഖാബും തമ്മിൽ എന്താണ് വ്യത്യാസം?. രണ്ടും ഒരു നിർദിഷ്ട ആവശ്യത്തിന്, ഒരു നിർദിഷ്ട സ്ഥലത്ത്, ഒരു നിശ്ചിത സമയത്തേക്ക് മാത്രം ധരിക്കുന്ന വസ്ത്രങ്ങളാണ്. ഇത് ആരും 24 മണിക്കൂറും ധരിക്കില്ല. ആവശ്യം അവസാനിച്ചാൽ രണ്ടും അഴിച്ചുവെക്കും. സ്രഷ്ടാവിെൻറ ആഹ്വാനം ചിലരെ നിഖാബ് ധരിക്കാൻ പ്രേരിപ്പിക്കുന്നു; പകർച്ചവ്യാധി ഭീഷണി പലരെയും മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കുന്നു എന്നതുമാത്രമാണ് വ്യത്യാസം.
നാമെല്ലാവരും മാസ്ക് ധരിച്ചാൽ അതിനർഥം നമ്മളെല്ലാം അടിച്ചമർത്തലിന് വഴങ്ങി എന്നാണോ? നാം അതിന് വിധേയരാണോ? മാസ്ക്കിട്ടാൽ നമുക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയില്ലേ? ക്യുബെക്കിൽ മാസ്ക് ധരിച്ചവർക്ക് ഡേകെയറിൽ ജോലി നിഷേധിക്കപ്പെടുമോ? സർക്കാർ സേവനം നിരസിക്കുമോ? ബസ് യാത്ര അനുവദനീയമല്ലേ?
(ദി കോൺവർസേഷൻ ഡോട് കോമിൽ പ്രസിദ്ധീകരിച്ച ലേഖനത്തിെൻറ സ്വതന്ത്ര പരിഭാഷ.
ടൊറേൻറാ സർവകലാശാലയിൽ ഇസ്ലാമിക് പൊളിറ്റിക്സ് ലക്ചററാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.