നമ്മൾ വെറുമൊരു വെള്ളരിക്കാപട്ടണത്തിൽ
text_fieldsവഞ്ചന മുറ്റിയ വല്ലാെത്താരു കാലത്താണ് നാം ജീവിക്കുന്നത്. ഇവിടെ ബലാത്സംഗക്കാരും വിനാശകാരികളും മറ്റ് അതിക്രമങ്ങൾ ചെയ്യുന്ന ക്രിമിനലുകളും സ്വച്ഛമായി വിഹരിക്കുന്നു. ദുരന്തം അവിടെയും അവസാനിക്കുന്നില്ല. യു.പിയിൽനിന്നുള്ള ചില വലിയ ബി.ജെ.പി നേതാക്കളുടെ പറച്ചിലുകൾ കേൾക്കൂ- രണ്ടു വലിയ നേതാക്കളെങ്കിലും ഹാഥറസിൽ ബലാത്സംഗത്തിനിരയായി അതിദാരുണമാംവിധം കൊലചെയ്യപ്പെട്ട ആ സാധു ദലിത് പെൺകുട്ടിക്കുമേൽ എല്ലാ പാപഭാരങ്ങളും കെട്ടിയേൽപിച്ച് വിഷംമുറ്റിയ പ്രസ്താവനകളിറക്കിയിരിക്കുന്നു. അതിനു പിന്നാലെ ഭരണതന്ത്രജ്ഞരെന്നു നടിക്കുന്ന അധികാരികൾ പുതിയ ഗൂഢതന്ത്രങ്ങൾ അവതരിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ നടക്കുന്ന അരുതായ്മകൾക്കെല്ലാം പിന്നിൽ വിദേശശക്തികളും സ്ഥാപിതതാൽപര്യക്കാരുമാണുപോലും. ഇതിനെയെല്ലാം തെറ്റിദ്ധരിപ്പിക്കൽ എന്നല്ല, തികച്ചും വിചിത്ര കൽപനകൾ എന്നേ വിളിക്കാനാവൂ.
അല്ല സർ, നമ്മുടെ ആ മകൾ പിച്ചിച്ചീന്തപ്പെട്ടതും അവളുടെ ഉയിരറ്റ ദേഹം ഒരു മാന്യതയും കൽപിക്കാതെ ചുട്ടെരിക്കപ്പെട്ടതും വിദേശശക്തികളുടെ കളികൾ മൂലമല്ല. അവളെ ഉത്തർപ്രദേശുകാരായ നാലു സ്വദേശി പുരുഷന്മാർ ക്രൂരബലാത്സംഗത്തിനിരയാക്കുകയായിരുന്നു, മരണശേഷം അവളെ സംസ്ഥാന ഭരണകൂടം പിടിച്ചെടുത്ത് കത്തിച്ചുകളയുകയായിരുന്നു. അവളുടെ മൃതദേഹസംസ്കരണമാണ് നടന്നതെന്ന് പറയാൻ എനിക്കാവില്ല. കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് മതാചാരങ്ങളും മര്യാദകളും പാലിച്ച് യാത്രാമൊഴി നൽകേണ്ടിടത്ത് ഒരു 19 വയസ്സുകാരിയെ പൊലീസ് അധികാരികൾ ചേർന്ന് ദഹിപ്പിക്കുന്നതിനെ ശവസംസ്കാരമെന്നു വിളിക്കാൻ കഴിയില്ലതന്നെ.
സത്യത്തിൽ, നമ്മുടെ ഭരണാധികാരികളാൽ നമ്മൾ ഭരിക്കപ്പെടുകയാണോ അതോ കബളിപ്പിക്കപ്പെടുകയാണോ? ഒരാളും സുരക്ഷിതരല്ലാത്ത അവസ്ഥയിലേക്കു നീങ്ങിയിരിക്കുന്നു നാട്. മനുഷ്യത്വം ഉള്ളിലുള്ളയാരും ഒന്നുകിൽ തടവിലാക്കപ്പെടാം, അല്ലെങ്കിൽ വേട്ടയാടപ്പെടാം, അതുമല്ലെങ്കിൽ ഭരണകൂടതന്ത്രങ്ങളുടെ ഇരയാവുകയോ തകർക്കപ്പെടുകയോ ചെയ്തേക്കാം. നോക്കൂ, തലസ്ഥാനനഗരമായ ഡൽഹിയിൽ കഴിഞ്ഞ ശീതകാലത്ത് പൗരത്വഭേദഗതി നിയമത്തിനെതിരായ മുന്നേറ്റത്തിൽ പങ്കുേചർന്നവരെ ഒന്നൊന്നായി വേട്ടയാടിക്കൊണ്ടിരിക്കുകയല്ലേ?
അതുപോലെ കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ ഹാഥറസിലേക്ക് ഉന്മൂലനം ചെയ്യപ്പെട്ട പെൺകുട്ടിക്കും കുടുംബത്തിനും നീതി തേടിപ്പോയവരെയെല്ലാം അടിച്ചോടിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡെറിക് ഒബ്രിയൻ തുടങ്ങിയ മുൻനിര നേതാക്കൾപോലും യു.പി പൊലീസിെൻറ ബലപ്രയോഗത്തിൽനിന്ന് ഒഴിവാക്കപ്പെട്ടില്ല. അവരെപ്പോലുള്ള നേതാക്കൾപോലും ഇത്തരത്തിൽ കൈയേറ്റങ്ങൾക്കിരയാക്കപ്പെടുന്നുവെങ്കിൽ അതിദയനീയമാംവിധം അധഃപതിച്ച അവസ്ഥകൾക്കെതിരെ ശബ്ദമുയർത്താനും പ്രതികരിക്കാനും മുന്നോട്ടുവരുന്ന ആക്ടിവിസ്റ്റുകളും വിദ്യാർഥികളും അധ്യാപകസമൂഹവുമെല്ലാം ഏതുവിധത്തിലാവും കൈകാര്യം ചെയ്യപ്പെടുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
നൂറുകണക്കിന് പ്രതിഷേധക്കാർ ലാത്തിയടിയേറ്റുവീണിട്ട് അവരെ വീണ്ടും തല്ലിച്ചതക്കുന്ന കാഴ്ചകൾ... അതിനുശേഷം ഹാഥറസ് കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രക്കിടെ മലയാളിയായ മാധ്യമപ്രവർത്തകൻ അടക്കം നാലു ചെറുപ്പക്കാരെ യു.പി പൊലീസ് പിടികൂടിയിരിക്കുന്നു. അവർ േപാപുലർ ഫ്രണ്ടുകാരാണ് എന്നതാണ് അറസ്റ്റിന് പൊലീസ് പറയുന്ന കാരണം. ആ ചെറുപ്പക്കാർക്ക് പറയാനുള്ളതെന്താണെന്ന് നമുക്കിനിയും കേൾക്കാനായിട്ടില്ല. അവരിൽനിന്ന് ഈ അടുത്ത കാലത്ത് നമുക്കെന്തെങ്കിലും കേൾക്കാൻ കഴിയുമോ എന്നതു മറ്റൊരു കാര്യം- അത്രമാത്രം പ്രതീക്ഷകെട്ടുപോയൊരു കാലത്താണല്ലോ നമ്മളുള്ളത്.
നമ്മുടെ പല ഭരണാധികാരികൾക്കെതിരിലും ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. എന്നിട്ടും അവർ ഉത്തരവാദപ്പെട്ട ഉന്നതസ്ഥാനങ്ങളിൽ ഞെളിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഇതൊക്കെ സംഭവിക്കുന്നത്? അപകടകരമായ അവസ്ഥ എന്നു പറഞ്ഞാൽ പോരാ, നമ്മുടെ രാജ്യവും ഇവിടത്തെ ജനതയും രൂക്ഷമാം വിധം വഞ്ചിക്കപ്പെടുന്നു എന്നുവേണം പറയാൻ.
അക്രമികളും വില്ലന്മാരും നശിപ്പാളികളുമെല്ലാം ഒരു നിയന്ത്രണവുമില്ലാതെ സർവതന്ത്ര സ്വതന്ത്രരായി വിഹരിക്കുന്നു. നശിപ്പിക്കപ്പെട്ടതിനെയും ഇല്ലാതാക്കപ്പെട്ടതിനെയുമെല്ലാംപറ്റി വിചിത്രമാംവിധം വളച്ചൊടിക്കപ്പെട്ട സിന്താദ്ധങ്ങൾ നാം കേൾക്കുന്നു. ആരും കൊല്ലപ്പെട്ടിട്ടില്ല, ഒന്നും ധ്വംസിക്കപ്പെട്ടിട്ടില്ല, മന്ദിരങ്ങൾ പൊളിക്കപ്പെട്ടിട്ടില്ല, ആരും ബലാത്സംഗത്തിനിരയായിട്ടില്ല, ആരും ചുട്ടെരിക്കപ്പെട്ടില്ല...
മുറിഞ്ഞുപോയാലും മനസ്സിനെ ചേർത്തുപിടിക്കുക
ഒക്ടോബർ 10. മറ്റൊരു ലോക മാനസികാരോഗ്യദിനത്തിൽ നിൽക്കുേമ്പാൾ ലോകപ്രശസ്ത ഇന്ത്യൻ എഴുത്തുകാരൻ മുൽക്രാജ് ആനന്ദ് നിനവിലെത്തുന്നു. താൻ അനുഭവിച്ച മാനസിക സ്തംഭനാവസ്ഥകളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു അദ്ദേഹം. എങ്ങനെ അതിനെയെല്ലാം മറികടന്നുവെന്നും.
മുൽക്രാജുമായി അഭിമുഖം നടത്തുേമ്പാഴെല്ലാം അദ്ദേഹം എഴുത്ത് എന്ന തെറപ്പിയെക്കുറിച്ച് വാചാലനാകുമായിരുന്നു. എഴുത്താണ് തെൻറ ഇപ്പോഴത്തെ പരിഹാരചികിത്സയെന്ന് പറയുമായിരുന്നു. എല്ലാ ദിവസവും എഴുതിക്കൊണ്ടിരിക്കണമായിരുന്നു അദ്ദേഹത്തിന്. 1927ലാണ് ആദ്യമായി നാഡീസ്തംഭനമുണ്ടായത്. വിയനയിൽ സിഗ്മണ്ട് ഫ്രോയിഡുമായി അഞ്ചു തവണ നടത്തിയ കൂടിക്കാഴ്ചകൾ പ്രശ്നത്തിന് വലിയ ഒരളവുവരെ പരിഹാരം കാണുന്നതിന് സഹായകമായി. എന്നാൽ, പിന്നീട് രണ്ടു മാനസിക പ്രതിസന്ധിഘട്ടങ്ങളും മറികടന്നത് എഴുത്തിലൂടെ മാത്രമായിരുന്നു.
ഓരോ തവണ ഞരമ്പുകൾ ഉടയുേമ്പാഴും ഒാരോ നോവലുകൾ എഴുതുമായിരുന്നു. 'അേക്രാസ് ദ് ബ്ലാക് വാട്ടേഴ്സ്' എഴുതിയത് 1936ൽ ആക്ടിവിസ്റ്റ് സുഹൃത്ത് ഗെർട്രൂഡ് മിഷെൽ നാസികളാൽ കൊടുംകൊലക്കിരയായ ഘട്ടത്തിലായിരുന്നു. വ്യക്തിജീവിതത്തിൽ ഒരുപാട് സ്ത്രീകളെ സ്നേഹിച്ചിരുന്ന തന്നെ അവരുടെ വേർപാടുകൾ മാനസികമായി തകർത്തുകളയുകയായിരുന്നുവെന്ന് മുൽക്രാജ് പറയും. ആദ്യത്തെ തകർച്ച സംഭവിച്ചത് ആദ്യമായി പ്രണയിച്ച കൂട്ടുകാരി ഐറിെൻറ വിയോഗത്തോടെയായിരുന്നു. ഐറിഷ് ദേശീയ പ്രസ്ഥാനത്തിലെ പോരാളിയായിരുന്ന അവർ 1927ൽ കൊല്ലപ്പെട്ടു. സ്നേഹബന്ധങ്ങളിൽ മാത്രമല്ല, വിവാഹങ്ങളുടെ തകർച്ചയും മനസ്സിനെ അട്ടിമറിക്കുമായിരുന്നു. കാത്ലീൻ വാൻ ഗെൽഡറുമായുള്ള ആദ്യ വിവാഹം അേമ്പ പരാജമായി. രണ്ടാം വിവാഹം ആനിൽ ഡി സിൽവയുമായി തീരുമാനിച്ചുറപ്പിച്ചെങ്കിലും നടക്കാതെ പോയി. അവസാന നിമിഷം അവർ മനസ്സുമാറ്റി, അങ്ങനെ പ്രമുഖ നർത്തകി ഷിറിൻ വാജിഫദറിനെ വിവാഹം കഴിച്ചു.
സത്യത്തിൽ, മുൽക്രാജ് പലതരം തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. അദ്ദേഹം കുറച്ചുകാലം സബർമതി ആശ്രമത്തിൽ അന്തേവാസിയായിരുന്ന കാര്യം അധികപേർ അറിയണമെന്നില്ല. ആശ്രമ നിയമങ്ങളിലൊന്ന് ലംഘിച്ചതിെൻറ പേരിൽ മഹാത്മ ഗാന്ധി അദ്ദേഹത്തോട് അവിടംവിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
''എെൻറ ആദ്യത്തെ മാനസികത്തകർച്ചയിൽനിന്ന് കരകയറിവരുന്ന സമയമായിരുന്നു അത്. ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്കു വന്ന് സബർമതി ആശ്രമത്തിൽ ചെന്ന് ഗാന്ധിജിയെ കണ്ടു, അവിടെ തങ്ങാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. ഏറെനേരത്തെ ആലോചനകൾക്കൊടുവിൽ ഉപാധികൾക്കു വിധേയമായി അദ്ദേഹം അതിനു സമ്മതിച്ചു. ശുചിമുറികൾ വൃത്തിയാക്കണം, മദ്യം ഉപയോഗിക്കരുത്, സ്ത്രീകളെ ആസക്തിയോടെ നോക്കരുത് എന്നിങ്ങനെ മൂന്ന് ഉറപ്പുകൾ ഞാനവിടെ പാലിക്കണമായിരുന്നു. ആദ്യമാദ്യമൊക്കെ അത് നല്ലരീതിയിൽ പാലിച്ചുപോന്നിരുന്നു. ആശ്രമത്തിലെ അന്തേവാസിയായിരുന്ന ടൈപിസ്റ്റുമായി ഞാൻ ശൃംഗരിക്കുന്നുണ്ടെന്ന് പിന്നെയാരോ അദ്ദേഹത്തോട് ചൊല്ലിക്കൊടുത്തു. അവർ വിവാഹമോചിതയായ ഒരു അമേരിക്കക്കാരിയായിരുന്നു, മകനുമൊത്ത് അവിടെ താമസിക്കാൻ വന്നതാണ്. ആ ആരോപണത്തിൽ തരിമ്പ് കഴമ്പില്ലായിരുന്നുവെങ്കിലും എനിക്ക് അവിടംവിടേണ്ടിവന്നു. വളരെ ചെറിയൊരു കാലമാണ് അവിടെ തങ്ങിയതെങ്കിലും മഹാത്മ ഗാന്ധിയൊന്നിച്ചുള്ള ഇടപെടലുകൾ എെൻറ ജീവിതരീതിയിലും കാഴ്ചപ്പാടുകളിലും ജനസമൂഹങ്ങളുമായുള്ള ബന്ധങ്ങളിലുമെല്ലാം നല്ല സ്വാധീനമുണ്ടാക്കി. രാജ്യമൊട്ടുക്ക് സഞ്ചരിച്ച് ഗ്രാമീണജനതയുമായി സഹവർത്തിക്കാനും അവനവനെ തിരിച്ചറിയാനും ഗാന്ധിജി എന്നോടു പറഞ്ഞിരുന്നു.''
കടുത്ത മാനസികവ്യഥകൾക്കിടയിലും തലമുറകളെ സ്വാധീനിക്കുന്ന രചനകൾ സാധ്യമാക്കാൻ മുൽക്രാജിനു കഴിഞ്ഞു. മുറിവുപറ്റിയാലും ചേർത്തുപിടിക്കുകതന്നെയാണ് മനസ്സിനെ ആരോഗ്യത്തോടെ നിലനിർത്താൻ ഉചിതമായ മാർഗം. അത് ഏതെങ്കിലും വ്യക്തികളുടെ മാത്രമല്ല, നാം ഓരോരുത്തരുടെയും കടമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.