നാടിനുവേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ നാം തയാറാണ്
text_fieldsവാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് അനുകൂലി ചേക്കുട്ടിയുടെ വധശിക്ഷ നടപ്പാക്കി മഞ്ചേരിയിൽ ചെയ്ത പ്രസംഗം
ഏറനാട്ടുകാരെ, നമ്മൾ കഷ്ടപ്പെട്ടിരിക്കുന്നു. അന്യരുടെ ചൊൽപടിക്ക് നിൽക്കുന്നവരായി തീർന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവൺമെന്റാണതിനു കാരണം. അതിനെ നമുക്ക് ഒടുക്കണം. എല്ലാ കഷ്ടപ്പാടുകളും നീക്കണം. ആയുധമെടുത്ത് പോരാടേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു (വധശിക്ഷ നടപ്പിലാക്കപ്പെട്ട ചേക്കുട്ടി സാഹിബിന്റെ തല ചൂണ്ടിക്കൊണ്ട്). ആനക്കയത്തെ പൊലീസ്, ബ്രിട്ടന്റെ ഏറനാട്ടിലെ പ്രതിനിധി ചേക്കുട്ടിയുടെ തലയാണിത്. ബ്രിട്ടീഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്നും മറ്റും പറഞ്ഞ് ഇവർ നമ്മളെ ഭീഷണിപ്പെടുത്തി.
നമുക്കെതിരായി പ്രവർത്തിക്കുമെന്ന് ശപഥം ചെയ്തു. അതിനാണിത് അനുഭവിച്ചത്. നിങ്ങൾ എന്ത് പറയുന്നു എന്ന് എനിക്കറിയണം. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്നെ ഇവിടെയിട്ട് കൊല്ലണം. (ഇല്ല നിങ്ങൾ ചെയ്തത് ശരിയാണ്! ജനക്കൂട്ടം ആർത്തുവിളിച്ചു!!)ഞാൻ ഇന്നലെ ഒരു വിവരമറിഞ്ഞു; ഇത് ഹിന്ദുക്കളും മുസൽമാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറം രാജ്യങ്ങളിൽ പറഞ്ഞുപരത്തുന്നുണ്ടത്രെ. വെള്ളക്കാരും അവരുടെ സിൽബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടികളെ നാലു ജാതിയാക്കിത്തിരിച്ചത് ദൈവം ചെയ്തതാണെന്ന് കള്ളംപറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരെയും അടിമകളാക്കിയ ജന്മിമാരും ചേർന്നാണ് ഇങ്ങനെ പറഞ്ഞുപരത്തുന്നത്.
നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റിനെ സഹായിക്കുകയോ, ദേശത്തെ ഒറ്റുകൊടുക്കുകയോ ചെയ്യുന്നവര് ആരായിരുന്നാലും നിർദയമായി അവരെ ശിക്ഷിക്കും. ഹിന്ദുക്കൾ നമ്മുടെ നാട്ടുകാരാണ്. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താൽ ഞാൻ അവരെ ശിക്ഷിക്കും. ഇത് മുസൽമാന്മാരുടെ രാജ്യമാക്കാൻ ഉദ്ദേശ്യമില്ല. എനിക്കു മറ്റൊന്നു പറയാനുണ്ട്. ഹിന്ദുക്കളെ ഭയപ്പെടുത്തരുത്. അവരുടെ അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്.
അവരുടെ സ്വത്തുക്കൾ അന്യായമായി നശിപ്പിക്കരുത്. അവരും നമ്മെപ്പോലെ കഷ്ടപ്പെടുന്നവരാണ്. ആരും പട്ടിണികിടക്കരുത്. പരസ്പരം സഹായിക്കുക. തൽക്കാലം കൈയിലില്ലാത്തവർ ചോദിച്ചാൽ, ഉള്ളവർ കൊടുക്കണം. കൊടുക്കാതിരുന്നാൽ ശിക്ഷിക്കപ്പെടും. കൃഷി നടത്തണം. അതുകൊണ്ട് കുടിയാന്മാരെ ദ്രോഹിക്കരുത്. പണിയെടുക്കുന്നവർക്ക് ആഹാരം നല്കണം. വേണ്ടിവന്നാൽ നാടിനുവേണ്ടി യുദ്ധംചെയ്ത് മരിക്കാൻ നാം തയാറാണ്, ഇൻശാ അല്ലാഹ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.