നമ്മൾ അതിജീവിക്കുന്ന ജനതയാണ്
text_fieldsആർത്തിരമ്പിയെത്തിയ പേമാരിക്കും പടർന്നുപിടിച്ച മഹാമാരിക്കും മുകളിൽ മനുഷ്യത്വത്തിെൻറ ചിറകുവിരിച്ച കരുത്തിെൻറ പേരാണ് കേരളീയ യുവത്വം. മാനവികതക്കൊപ്പം മനോബലം ചേർത്തുപിടിച്ച് അവർ രചിച്ച ചരിത്രം കോവിഡ് പ്രതിരോധം മുതൽ കരിപ്പൂർ, രാജമല രക്ഷാദൗത്യംവരെ നീളുന്നു. 2018ലെ പ്രളയകാലം മുതൽ മലയാളി ഈ കരുതൽ സ്പർശം വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ദുരന്തത്തിനും തകർക്കാനാകാത്ത ആത്മധൈര്യവും വേർതിരിവുകളില്ലാത്ത കാരുണ്യവുമാണ് പ്രതിസന്ധികൾക്കിടയിലും സാന്ത്വനപ്രവർത്തനങ്ങൾക്ക് ഇവരെ രംഗത്തെത്തിക്കുന്നത്. നമ്മൾ ഒരു പരാജയപ്പെട്ട ജനതയല്ലെന്ന് സമീപകാലത്ത് ഓർമിപ്പിച്ച യുവജനങ്ങളുടെ അനുഭവങ്ങൾ നാടിനെ ശക്തമാക്കുകയാണ്. നമ്മൾ അതിജീവിക്കുന്ന ജനതയാണെന്ന് ഒാരോ നിമിഷവും നമ്മുടെ യുവത തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
സ്നേഹത്തിെൻറ കരങ്ങൾ...
''നമുക്ക് ചുറ്റുമുള്ളവരോടുള്ള കടമ എങ്ങനെ നിറവേറ്റാമെന്നത് മാത്രമായിരുന്നു ഉള്ളിൽ. കോവിഡ് കാലവും മഴയുമൊന്നും അപ്പോൾ ചിന്തയിൽ പോലുമുണ്ടായിരുന്നില്ല'' - കരിപ്പൂർ വിമാനാപകടം നടന്ന സ്ഥലത്തെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് പറയുമ്പോൾ കൂട്ടാലിങ്കൽ സ്വദേശി നൗഫൽ കൂപ്പയിലിെൻറ വാക്കുകൾക്ക് മനുഷ്യസ്നേഹത്തിെൻറ ശബ്ദം.
അത്രയുമധികം ആളുകളെ രക്ഷിക്കാൻ കഴിഞ്ഞത് കൂട്ടായ പ്രവർത്തനംകൊണ്ടു മാത്രമാണ്. പേരുപോലുമറിയാത്ത നൂറുകണക്കിനാളുകളാണ് വിവരമറിഞ്ഞ് ഒത്തുകൂടിയത്. ശബ്ദം കേട്ട് താനും സുഹൃത്തുക്കളായ മഹ്സൂം, മഹ്റൂഫ്, അഭിലാഷ് എന്നിവരും സ്ഥലത്തെത്തുമ്പോൾ കണ്ണുനനയിക്കുന്ന കാഴ്ചയാണ് കണ്ടത്. അതിനകം വിവരം വാട്ട്സാപ്പിലൂടെ പടർന്നിരുന്നു.
നിമിഷ നേരംകൊണ്ട് വാഹനങ്ങളുമായി ആളുകളെത്തി. ചെറുപ്പക്കാരുടെ വൻനിര തന്നെയുണ്ടായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് കൃത്യമായ ആസൂത്രണത്തിലൂടെ രക്ഷാപ്രവർത്തനം പുരോഗമിച്ചത് അങ്ങനെയാണ് -നൗഫൽ 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ വീട്ടുനിരീക്ഷണത്തിലാണ് നൗഫലും കൂട്ടുകാരും.
അവരെ ഞങ്ങൾക്ക് രക്ഷിക്കണം, ജീവനോടെ
''മണ്ണിനടിയിൽ ഇനിയും ജീവെൻറ തുടിപ്പുകൾ അവശേഷിക്കുന്നുണ്ടെങ്കിലോ... മൃതദേഹം കണ്ടെടുക്കാൻ നടക്കുന്ന തിരച്ചിൽ എന്ന് പലരും പറയുമ്പോൾ ഞങ്ങൾ ചെവികൊടുക്കാറില്ല. അവരെ ഇനിയും രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയാണ് ഉള്ളിൽ നിറച്ചിരിക്കുന്നത്''രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്ന അൻവർ അടിമാലി എന്ന ചെറുപ്പക്കാരേൻറതാണ് വാക്കുകൾ.
ബീറ്റ് ഫോറസ്റ്റ് ഓഫിസറായ സഹോദരനിൽനിന്നാണ് ദുരന്തവാർത്ത അറിഞ്ഞത്. അവിടെ എത്താനാവുമോ എന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ലായിരുന്നു. അധികൃതരിൽനിന്ന് വിവരങ്ങൾ മനസ്സിലാക്കിയശേഷം സംഭവസ്ഥലത്തേക്ക് ടീം വെൽഫെയറിെൻറ നേതൃത്വത്തിൽ അൻവർ ഉൾപ്പെടെ ഒരു കൂട്ടം യുവാക്കൾ പുറപ്പെടുകയായിരുന്നു.
പൊലീസ്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് തുടങ്ങിയവയും സജീവമായി. മൃതദേഹം പുറത്തെടുക്കുന്നത് മുതൽ വൃത്തിയാക്കി ബന്ധുക്കളെ കാണിക്കുന്നതും തുടർ നടപടികൾക്ക് എത്തിക്കുന്നതും വരെയുള്ള പ്രവർത്തനങ്ങളിൽ ഈ ചെറുപ്പക്കാരുെട സാന്നിധ്യമുണ്ട്.
സമദ്, അൽത്വാഫ് പത്താംമൈൽ, അസീസ്, അഷ്റഫ് മാങ്കുളം, അഷ്റഫ് കല്ലേലി തുടങ്ങി നിരവധി പേർ തുല്യതയില്ലാത്ത സേവനമാണ് നടത്തുന്നത്. ചുറുചുറുക്കുള്ള ഒരുപറ്റം യുവാക്കളുടെ കൂട്ടായ്മയാണ് ഇവിടെ കാണാനാകുന്നതെന്ന് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.
അഭിമാനത്തോടെ ആതുരശുശ്രൂഷക്ക്
''എന്നായാലും നമ്മൾ മരിക്കും. സമൂഹത്തിനുവേണ്ടി, മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും നന്മ ചെയ്യാൻ കിട്ടുന്ന അവസരം വിനിയോഗിക്കണം. അതിൽ എനിക്കഭിമാനമേയുള്ളു. എെൻറ കുട്ടികൾക്ക് വന്നാൽ ഞാൻ നോക്കില്ലേ? അതുപോലെയാണ് ഇതിനെ കാണുന്നതും'' കേരളത്തിലെ ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച അനുഭവം പറയുകയാണ് തൃശൂർ മെഡിക്കൽ കോളജിലെ നഴ്സ് കളമശ്ശേരി എൻ.എ.ഡി സ്വദേശി സന്ധ്യ ജലേഷ്.
കോവിഡ് ഡ്യൂട്ടിയിലുള്ള ദിവസങ്ങൾ ഒരിക്കലും മറക്കാത്ത സന്ദർഭങ്ങളാണ്. വളരെ സമർപ്പണ മനോഭാവത്തോടെ ജോലി നോക്കുന്ന നഴ്സുമാരാണ് കൂടെയുള്ളത്.
പ്രത്യേക നന്ദി പറയേണ്ടത് 24 മണിക്കൂറും കർത്തവ്യനിർവഹണത്തിലേർപ്പെട്ട ആശുപത്രി അധികാരികൾക്കും ഉറക്കമില്ലാതെ പരിശ്രമിക്കുന്ന ഹെഡ് നഴ്സുമാരായ സിജി ജോസ്, ഷീല കൃഷ്ണൻ, ഷൈനി ആൻറണി എന്നിവർക്കുമാണ്. ദിവസവും ബസിലും ട്രെയിനിലുമായി നാല് മണിക്കൂർ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്താണ് ജോലിക്കു പോകുന്നത്.
എഴുത്തുകാരികൂടിയായ സന്ധ്യ ട്രെയിൻ യാത്രകൾക്കിടയിൽ അതിനും സമയം കണ്ടെത്തുന്നു. ആദ്യഘട്ടത്തിൽ പലർക്കും ഭയമുണ്ടായിരുന്നു. പിന്മാറാൻ ആവശ്യപ്പെട്ടവരുമുണ്ട്. ഭർത്താവ് നല്ല പിന്തുണ നൽകി ഒപ്പം നിന്നത് കരുത്തായി എന്നും അവർ വ്യക്തമാക്കി.
എല്ലാ ജീവനുകളെയും ചേർത്തുപിടിച്ച്...
''തൊട്ടുമുന്നിൽ ആളുകൾ മരണത്തോട് മല്ലിടുന്നത് കാണുമ്പോൾ അതെങ്ങനെയും ഒഴിവാക്കാനുള്ള പരിശ്രമമായിരിക്കും. ഉത്തരവാദിത്തത്തിൽനിന്ന് ഒരിക്കലും മാറി നിൽക്കാൻ മനസ്സില്ലാത്തതുകൊണ്ടാണ് കോവിഡ് ഡ്യൂട്ടി ആത്മാർഥമായി തുടരുന്നത്''. ചികിത്സക്കിടെ കോവിഡ് ബാധിച്ച തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. വി. രോഹിത് 'മാധ്യമ'ത്തോട് പറഞ്ഞു.
ഇതിനകം കേരളത്തിൽ യുവാക്കളായ 80ഓളം പി.ജി ഡോക്ടർമാർക്കാണ് പരിചരണത്തിനിടെ കോവിഡ് ബാധിച്ചത്. വീട്ടിൽ ബന്ധുക്കളടക്കം കോവിഡ് ബാധിതരായ ഡോക്ടർമാരുമുണ്ട്. ഫെബ്രുവരിയിലാണ് താൻ വീട്ടിൽ അവസാനമായി പോയതെന്ന് തൊടുപുഴ സ്വദേശിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് തനിക്ക് കോവിഡ് പോസിറ്റിവായത്. ചെറിയ ക്ഷീണവും തലവേദനയുമാണ് ആദ്യം അനുഭവപ്പെട്ടത്, പിന്നീട് ചുമയും വന്നു.
സഹപ്രവർത്തകർ വലിയ പിന്തുണയാണ് നൽകിയത്. രോഗം മാറി ഇപ്പോൾ ജോലിയിൽ തിരികെ പ്രവേശിച്ചു. ഒരു രോഗിയെയും മരിക്കാൻ വിടില്ലെന്ന ബോധ്യമാണ് ഓരോരുത്തരെയും നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.